Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇത് നഷ്ടപ്പെടുത്താൻ വേണ്ടിയുള്ള പോരാട്ടമല്ല; നിങ്ങളെപ്പോലെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പേര് പറഞ്ഞ് നടത്തുന്ന തട്ടിപ്പിനെതിരായ പോരാട്ടമാണ്; ഇരുപതു കോടിയുടെ പദ്ധതിയിൽ നിന്ന് 4.5കോടി പോയാൽ പിന്നെ അവിടെ എന്ത് നിർമ്മിതി നടക്കും? എന്തായാലും മോൾക്ക് ചേട്ടൻ ഒരു ഉറപ്പ് നൽകുന്നു; ഞാൻ ഇനി ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുൻപ് നിങ്ങൾക്ക് സ്വന്തമായി ഒരു വീടുണ്ടാക്കിത്തരും; സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് വിദ്യാർത്ഥിനിക്ക് മറുപടിയുമായി അനിൽ അക്കര എംഎൽഎ

ഇത് നഷ്ടപ്പെടുത്താൻ വേണ്ടിയുള്ള പോരാട്ടമല്ല; നിങ്ങളെപ്പോലെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പേര് പറഞ്ഞ് നടത്തുന്ന തട്ടിപ്പിനെതിരായ പോരാട്ടമാണ്; ഇരുപതു കോടിയുടെ പദ്ധതിയിൽ നിന്ന് 4.5കോടി പോയാൽ പിന്നെ അവിടെ എന്ത് നിർമ്മിതി നടക്കും? എന്തായാലും മോൾക്ക് ചേട്ടൻ ഒരു ഉറപ്പ് നൽകുന്നു; ഞാൻ ഇനി ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുൻപ് നിങ്ങൾക്ക് സ്വന്തമായി ഒരു വീടുണ്ടാക്കിത്തരും; സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് വിദ്യാർത്ഥിനിക്ക് മറുപടിയുമായി അനിൽ അക്കര എംഎൽഎ

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: ലൈഫ് മിഷൻ ഫ്‌ളാറ്റിനെതിരെയുള്ള സമരം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ഒരു വിദ്യാർത്ഥിനി വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരയ്ക്ക് എഴുതി കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിദ്യാർത്ഥിനി കത്തിൽ ആശങ്കപ്പെട്ടത് ഈ വിവാദങ്ങളും സമരങ്ങളും മൂലം പദ്ധതി നഷ്ടമാകുമോ എന്നതായിരുന്നു. കോൺഗ്രസിന്റെ അനുഭാവികളാണെന്ന കാര്യം അടക്കം ചൂണ്ടക്കിട്ടി കൊണ്ടായിരുന്നു കത്ത്. ഈ കത്തിന് മറുപടിയുമായി അനിൽ അക്കര തന്നെ രംഗത്തെത്തി. ഫേസ്‌ബുക്ക് പോസ്റ്റിലൂടയാണ് അനിൽ തന്റെ മറുപടി നൽകിയത്.

സർ എന്തു രാഷ്ട്രീയം വേണമെങ്കിലും കളിച്ചുകൊള്ളൂ, പക്ഷേ അത് ഞങ്ങളെപ്പോലുള്ള പാവങ്ങളുടെ വീടെന്ന സ്വപ്നം ചവിട്ടിയരച്ചുകൊണ്ടാകരുത്. ഞങ്ങളെ പോലുള്ള പാവങ്ങളുടെ നിസഹായതയും ഒരു വീടിനോടുള്ള അതിയായ ആഗ്രഹവും മനസിലാക്കി ഫ്‌ളാറ്റ് പണി മുടക്കുന്നതിൽനിന്നും പിന്മാറണമെന്നാണ് വടക്കാഞ്ചേരി മങ്കട സ്വദേശിനിയായ നീതു ജോൺസൺ ആവശ്യപ്പെടുന്നത്.

ഇതിന് മറുപടിയായി, മകളെ ഇത് നിങ്ങളുടെ വീട് നഷ്ടപെടുത്താൻ വേണ്ടിയുള്ള പോരാട്ടമല്ല. നിങ്ങളെപ്പോലെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പേര് പറഞ്ഞ് നടത്തുന്ന തട്ടിപ്പിനെതിരായ പോരാട്ടമാണ്. എന്തായാലും മോൾക്ക് ചേട്ടൻ ഒരു ഉറപ്പ് നൽകുന്നു. ഞാൻ ഇനി ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുൻപ് നിങ്ങൾക്ക് സ്വന്തമായി ഒരു വീടുണ്ടാക്കിത്തരും എന്ന് ഫേസ്‌ബുക്ക് പോസ്റ്റിൽ അദ്ദേഹം കുറിച്ചത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ബഹുമാനപ്പെട്ട അനിൽ അക്കര സർ, ഞാൻ നീതു ജോൺസൺ, വടക്കഞ്ചേരി നഗരസഭയിൽ മങ്കര എന്ന സ്ഥലത്താണെന്റെ വീട്. ഇപ്പോൾ വടക്കഞ്ചേരി ഗവൺമന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. എനിക്ക് വീട്ടിൽ അമ്മയും ഒരനിയത്തിയുമാണുള്ളത്. പപ്പ കുറച്ചു കാലം മുന്നേ മരിച്ചു പോയി.ഞങ്ങൾ ഇപ്പോൾ താമസിക്കുന്നത്, നഗരസഭാ പുറമ്പോക്കിൽ വെച്ചുകെട്ടിയ ഒരു ഒറ്റമുറി വീട്ടിലാണ്. ടെക്‌സ്‌റ്റൈൽ ഷോപ്പിലെ അമ്മയുടെ ജോലിയാണു ഞങ്ങൾക്ക് ആകെയുള്ള വരുമാനം. അതിൽ നിന്നാണു ഞങ്ങളുടെ നിത്യജീവിതവും എന്റെയും അനിയത്തിയുടെയും പഠനച്ചിലവും നടന്നു പോകുന്നത്. രണ്ട് പെണ്മക്കളുമായി അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിയേണ്ടി വരുന്നതിൽ അമ്മ ഒത്തിരി പ്രയാസപ്പെടുന്നുണ്ട്.

പക്ഷേ ഇങ്ങനെ ജീവിക്കുന്ന ഞങ്ങൾക്ക് അടച്ചുറപ്പുള്ള ഒരു വീട് സ്വന്തമാക്കുക എന്നത് എത്രത്തോളം സാധിക്കുന്ന കാര്യമാണെന്ന് സാറിനും അറിയാമല്ലോ.ഇപ്പോഴുള്ളതു പോലൊരു വീട്ടിൽ താമസിച്ചുകൊണ്ട് എനിക്കും അനിയത്തിക്കും പഠനത്തിലൊക്കെ എത്രത്തോളം ശ്രദ്ധിക്കാൻ സാധിക്കുമെന്ന് സാറിനും മനസിലാകുമല്ലോ. എനിക്ക് ഡിഗ്രി മലയാളം ലിറ്ററേച്ചർ എടുത്ത്, പിന്നീട് സിവിൽ സർവീസിനു ശ്രമിക്കണമെന്നാണാഗ്രഹം, മലയാളം ഐശ്ചീക വിഷയമായി പഠിച്ച് സിവിൽ സർവ്വീസ് ഒന്നാം റാങ്ക് നേടിയ ഹരിതാ മാഡം ആണെന്റെ റോൾ മോഡൽ. ഇങ്ങനെയുള്ളപ്പോളാണു, ഞങ്ങളുടെ കാര്യങ്ങളെല്ലാം അറിയാവുന്ന ഞങ്ങളുടെ കൗൺസിലർ സൈറാബാനുത്ത ഇടപെട്ട് ലൈഫ് മിഷനിൽ നിർമ്മിക്കുന്ന ഫ്‌ളാറ്റിൽ ഞങ്ങളെയും ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തി തന്നത്. അങ്ങനെ ഞങ്ങൾക്കും അടച്ചുറപ്പുള്ള ഒരു വീട്ടിൽ കിടക്കാമെന്ന് സ്വപ്നം കണ്ടു തുടങ്ങിയിരുന്നു.

എത്രയും വേഗം അങ്ങേട്ടേക്ക് മാറാൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ഞങ്ങൾക്ക്.പക്ഷേ, ഇപ്പോൾ വരുന്ന വാർത്തകൾ വലിയ നിരാശയാണു സമ്മാനിക്കുന്നത്. സാർ അടക്കമുള്ള ആളുകൾ ആ ഫ്‌ളാറ്റിനെതിരെ സമരം ചെയ്യുകയും അങ്ങനെ അതിന്റെ പണി നിന്നു പോവുകയും ചെയ്യുമെന്നാണു ഇപ്പോൾ എല്ലവരും പറയുന്നത്. വലിയ തോതിൽ രാഷ്ട്രീയ ധാരണയൊന്നും ഉള്ള ഒരാളല്ല ഞാൻ, എങ്കിലും ഒരു കോൺഗ്രസ് അനുഭാവമുണ്ട്. എന്റെ അമ്മ എപ്പോളും കോൺഗ്രസിനാണു വോട്ട് ചെയ്യാറ്. കഴിഞ്ഞ പ്രാവശ്യം സർ 53 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിൽ ജയിച്ചപ്പോൾ, സാറിനു കിട്ടിയ ഒരു വോട്ട് എന്റെ അമ്മയുടേതായിരുന്നു. ഞങ്ങളെപ്പോലെ വീടില്ലാത്ത നിരവധി വിദ്യാർത്ഥികളുടെ, വീട്ടമ്മമാരുടെ, പാവപ്പെട്ട കുടുംബങ്ങളുടെ സ്വപ്നമാണു സർ, ഇപ്പോൾ അവിടെ ആ ഫ്‌ളാറ്റ് പണി നടക്കുമ്പോൾ പൂവണിഞ്ഞുകൊണ്ടിരിക്കുന്നത്. ഇപ്പോൾ വരുന്ന വാർത്തകളിൽ വലിയ ആശങ്കയുണ്ട് സർ.

ഞങ്ങൾക്ക് ഒരു അഭ്യർത്ഥനയുണ്ട്, സർ എന്തു രാഷ്ട്രീയം വേണമെങ്കിലും കളിച്ചുകൊള്ളൂ, പക്ഷേ അത് ഞങ്ങളെ പോലുള്ള പാവങ്ങളുടെ വീടെന്ന സ്വപ്നം ചവിട്ടിയരച്ചുകൊണ്ടാകരുത്. ഞങ്ങളെ പോലുള്ള പാവങ്ങളുടെ നിസഹായതയും ഒരു വീടിനോടുള്ള അതിയായ ആഗ്രഹവും മനസിലാക്കി സർ, ആ ഫ്‌ളാറ്റ് പണി മുടക്കുന്നതിൽനിന്നും പിന്മാറുമെന്ന പ്രതീക്ഷയോടെ,

നീതു ജോൺസൺ മങ്കര, വടക്കഞ്ചേരി

#മകളെ മോൾക്ക് സ്വന്തംവീട് ഈസഹോദരൻ ഉറപ്പാക്കും. മകളെ ഇത് നിങ്ങളുടെ വീട് നഷ്ടപെടുത്താൻ വേണ്ടിയുള്ള പോരാട്ടമല്ല.നിങ്ങളെപ്പോലെലക്ഷക്കണക്കിന് കുടുംബങ്ങളുടെ പേര് പറഞ്ഞ് നടത്തുന്നതട്ടിപ്പിനെതിരായ പോരാട്ടമാണ്. ഈ പോരാട്ടത്തിൽ നിങ്ങളുടെ വീട് നഷ്ടപെടില്ല, പക്ഷെ അതിന്റെ സുരക്ഷ ഒരു പ്രശ്‌നമാണ്. ഇരുപതു കോടിയുടെ പദ്ധതിയിൽ നിന്ന് 4.5കോടി പോയാൽ പിന്നെ അവിടെ എന്ത് നിർമ്മിതി നടക്കും. എന്തായാലും മോൾക്ക് ചേട്ടൻ ഒരു ഉറപ്പ് നൽകുന്നു.

ഞാൻ ഇനി ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുൻപ് നിങ്ങൾക്ക് സ്വന്തമായി ഒരു വീടുണ്ടാക്കിത്തരും. അതിന് മുൻപ് ഒരു കാര്യം ഞാൻ ഇതേ വരെ നിങ്ങളെ നേരിൽ കണ്ടിട്ടില്ല. ഒന്ന് വിളിക്കണം എന്റെ ഫോൺ 9387103701,9387103702 ഇതാണ് എന്റെ നമ്പർ നിങ്ങൾ എവിടെയാണെന്ന് ഞാൻ മോളുടെ കത്തിലുള്ള ഷഹറാഭാനു ടീച്ചറുമായി സംസാരിച്ചു എന്നാൽ നിങ്ങളെ ബന്ധപെടാൻ ശ്രമിച്ചിട്ടും കിട്ടിയില്ലായെന്നുപ്പറഞ്ഞു. അതുകൊണ്ടാണ് ഒന്ന് വിളിക്കാൻ പറഞ്ഞത്. വിളിക്കണം. സ്നേഹപൂർവ്വം അനിൽ അക്കര എം എൽ എ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP