Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇല്ലാത്ത സമ്പർക്കത്തിന്റെ പേരിൽ തന്നെ ക്വാറന്റൈനിലാക്കിയത് തടങ്കലിലാക്കിയതിനു തുല്യമാണ്; മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവാസികളുടെ ക്വാറന്റൈൻ ക്യാമ്പ് സന്ദർശിച്ച മന്ത്രി എ സി മൊയ്തീന് നിയന്ത്രണങ്ങൾ ഒന്നും ബാധകമല്ല; തൃശ്ശൂർ മെഡിക്കൽ ബോർഡിന്റെ തീരുമാനങ്ങൾ രാഷ്ട്രീയ പ്രേരിതമെന്നും അനിൽ അക്കര എംഎൽഎ; മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി കോൺ​ഗ്രസ് നേതാവ്

ഇല്ലാത്ത സമ്പർക്കത്തിന്റെ പേരിൽ തന്നെ ക്വാറന്റൈനിലാക്കിയത് തടങ്കലിലാക്കിയതിനു തുല്യമാണ്; മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവാസികളുടെ ക്വാറന്റൈൻ ക്യാമ്പ് സന്ദർശിച്ച മന്ത്രി എ സി മൊയ്തീന് നിയന്ത്രണങ്ങൾ ഒന്നും ബാധകമല്ല; തൃശ്ശൂർ മെഡിക്കൽ ബോർഡിന്റെ തീരുമാനങ്ങൾ രാഷ്ട്രീയ പ്രേരിതമെന്നും അനിൽ അക്കര എംഎൽഎ; മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി കോൺ​ഗ്രസ് നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തന്നെ ക്വാറന്റൈൻ ചെയ്തത് രാഷ്ട്രീയ പ്രേരിതമാണെന്ന് കാട്ടി അനിൽ അക്കര എംഎൽഎ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. വാളയാറിൽ താൻ ഒരു ഘട്ടത്തിലും കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കത്തിലായിട്ടില്ലെന്നും ക്വാറന്റൈൻ നിർദ്ദേശിച്ച താനടക്കമുള്ള കോൺ​ഗ്രസ് നേതാക്കളുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവാണെന്നും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അതേ സമയം, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഗുരുവായൂരിലെ പ്രവാസികളുടെ ക്വാറന്റൈൻ ക്യാമ്പ് സന്ദർശിച്ച മന്ത്രി എ സി മൊയ്തീന് കോവിഡ് മാനദണ്ഡങ്ങൾ പ്രകാമുള്ള നിയന്ത്രണങ്ങൾ ഒന്നും ചുമത്താതെ പൂർണ്ണമായും സ്വതന്ത്രനാക്കി വിട്ടിരിക്കുകയാണെന്നും അനിൽ അക്കര ചൂണ്ടിക്കാട്ടുന്നു.

ഇല്ലാത്ത സമ്പർക്കത്തിന്റെ പേരിൽ തന്നെ ക്വാറന്റൈനിലാക്കിയത് തടങ്കലിലാക്കിയതിനു തുല്യമാണ് എന്ന് അനിൽ അക്കര പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ചെയർമാനായുള്ള മെഡിക്കൽ‌ ബോർഡ് ഈ വിഷയത്തിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ രാഷ്ട്രീയ പ്രേരിതമാണ്. തനിക്കും കുടുംബത്തിനും ഉണ്ടായിട്ടുള്ള കഷ്ട നഷ്ടങ്ങൾ പരിഗണിച്ച് മനുഷ്യാവകാശ ലംഘനത്തിന് തൃശ്ശൂർ മെഡിക്കൽ ബോർഡിനെതിരെ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് അനിൽ അക്കര പരാതിയിൽ ആവശ്യപ്പെടുന്നത്.

നേരത്തേ, രാഷ്ട്രീയ പ്രേരിതമായി കോൺഗ്രസ് ജനപ്രതിനിധികൾക്ക് ക്വാറന്റൈൻ നിർദ്ദേശിച്ചുവെന്നും മന്ത്രി എ.സി.മൊയ്തീനെ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കിയെന്നും ആരോപിച്ച് ടി.എൻ.പ്രതാപൻ എംപിയും അനിൽ അക്കര എംഎ‍ൽഎയും ഹോം ക്വാറന്റൈനിൽ ഇരുന്ന് 24 മണിക്കൂർ ഉപവാസം നടത്തിയിരുന്നു. പ്രതിപക്ഷ ജനപ്രതിനിധികൾക്ക് ക്വാറന്റൈൻ നിർദ്ദേശിച്ച ജില്ലാ ഭരണകൂടത്തിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാരോപിച്ച് കോൺഗ്രസും രംഗത്തെത്തിയിരുന്നു. ക്വാറന്റൈനിൽ കഴിയുന്ന ടി.എൻ. പ്രതാപൻ എംപിയും അനിൽ അക്കര എംഎ‍ൽഎയും വീട്ടിലും ഓഫീസിലുമായാണ് നിരാഹാര സമരം നടത്തിയത്. അതേസമയം ഇരുവരെയും സർക്കാർ ആശുപത്രികളിൽ കൊവിഡ് പരിശോധനാ നടത്തിയതിൽ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

പരാതിയുടെ പൂർണരൂപം

ബഹു. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുമ്പാകെ അനിൽ അക്കര എംഎ‍ൽഎ സമർപ്പിക്കുന്ന ഹർജി.

സംസ്ഥാന അതിർത്തിയായ വാളയാറിൽ സഹോദര സംസ്ഥാനങ്ങളിൽ നിന്നും എത്തിയ മലയാളികളെ ചെക്ക് പോസ്റ്റിൽ തടഞ്ഞതിനെ തുടർന്ന് അവർക്കുണ്ടായ കഷ്ടപ്പാട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഞാൻ 09.05.2020 ന് വൈകുന്നേരം അഞ്ച് മണിയോടുകൂടി വാളയാർ ചെക്ക്പോസ്റ്റ് സന്ദർശിച്ചിരുന്നു. തുടർന്ന് പാലക്കാട് മെഡിക്കൽ ബോർഡിന്റെ നിർദ്ദേശം തൃശ്ശൂർ ഡി.എം.ഒ അറിയിച്ചതനുസരിച്ച് ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശ പ്രകാരം ഞാൻ വടക്കാഞ്ചേരിയിൽ ക്വാറന്റൈനിലാണ്. എന്നോടൊപ്പം വാളയാർ സന്ദർശിച്ച എംപി മാരായ കുമാരി രമ്യാ ഹരിദാസ്, ശ്രീ. ടി.എൻ. പ്രതാപൻ എന്നിവരെയും ലോ പ്രൈമറി കോൺടാക്ടിൽ ഉൾപ്പെടുത്തി ക്വാറന്റൈനിലാക്കിയിരിക്കുയാണ്.

വാളയാറിൽ ചെന്നൈയിൽ നിന്നും രാവിലെ പത്ത് മണിക്ക് വന്ന എട്ടോളം പേർ അടങ്ങുന്ന ഒരു സംഘത്തിലെ മലപ്പുറം സ്വദേശിയായ വ്യക്തിക്ക് തലകറക്കം ഉണ്ടാകുകയും ആയതിനെ തുടർന്ന് ടിയാനെ ആമ്പുലൻസിൽ പാലക്കാട് ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. ടി വ്യക്തിയുടെ സ്രവ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി ചികിത്സയിലാണ്. ഇതിനെ തുടർന്ന് ഇദ്ദേഹവുമായി സമ്പർക്കത്തിലായ ആളുകൾ ഞങ്ങളുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ടാകാം എന്നതിനാലാണ് പാലക്കാട് മെഡിക്കൽ ബോർഡ് ഞങ്ങളെ ലോ റിസ്ക് കോൺടാക്ടിൽ ഉൾപ്പെടുത്തി ക്വാറന്റൈനിലാക്കിയിട്ടുള്ളത്. 08.05.2020 ന് പുലർച്ചെ ഗുരുവായൂരിലെ പ്രവാസികളുടെ ക്വാറന്റൈൻ ക്യാമ്പ് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി ശ്രീ. എ.സി. മൊയ്തീൻ സന്ദർശിച്ചുിരുന്നു. ടി ക്യാമ്പിലെ അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും ടി സ്ഥിരീകരിച്ച വ്യക്തികളുമായി മന്ത്രിക്ക് നേരിട്ട് സമ്പർക്കമുണ്ടായിട്ടില്ല എന്ന കാരണത്താൽ ഞാൻ തൃശ്ശൂർ ഡി.എം.ഒ യ്ക്ക് നൽകിയ പരാതി മെഡിക്കൽ ബോർഡ് നിരസിച്ചു.

തൃശ്ശൂർ മെഡിക്കൽ ബോർഡ് എടുത്ത തീരുമാനവും പാലക്കാട് മെഡിക്കൽ ബോർഡ് എടുത്ത തീരുമാനം പരസ്പരവിരുദ്ധമായതിനാൽ ഈ വിവരം അപ്പലറ്റ് അഥോറിറ്റിയായ തൃശ്ശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസിനെ അറിയിച്ചു. അദ്ദേഹം ആവശ്യപ്പെട്ടതു പ്രകാരം നൽകിയ കത്ത് 19.05.2020 ന് തൃശ്ശൂർ മെഡിക്കൽ ബോർഡ് പരിഗണിച്ചെങ്കിലും ആയത് തീർപ്പ് കൽപ്പിക്കാതെ സംസ്ഥാന സമിതിക്ക് വിടുകയാണുണ്ടായത്. തൃശ്ശൂർ മെഡിക്കൽ ബോർഡിന്റെ തീരുമാനങ്ങൾ പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണ്. ഒരു പൊതു പ്രവർത്തകൻ എന്ന നിലയിലും തെരഞ്ഞെടുത്ത ഒരു നിയമസഭാംഗം എന്ന നിലയിലും ഒരു പൗരൻ എന്ന നിലയിലും എന്റെ മനുഷ്യാവകാശങ്ങൾ ലംഘിച്ചിരിക്കുകയാണ്. വാളയാറിൽ ഞാൻ ഒരു ഘട്ടത്തിലും കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കത്തിലായിട്ടില്ല. ക്വാറന്റൈൻ നിർദ്ദേശിച്ച ഞാനടക്കമുള്ളവരുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവുമാണ്. അതേ സമയം മന്ത്രി ശ്രീ. എ.സി. മൊയ്തീന് എന്റെ മേൽ ചുമത്തിയ കോവിഡ് മാനദണ്ഡങ്ങൾ പ്രകാമുള്ള നിയന്ത്രണങ്ങൾ ഒന്നും ചുമത്താതെ പൂർണ്ണമായും സ്വതന്ത്രനാക്കി വിട്ടു. അദ്ദേഹത്തിനും എനിക്കും രണ്ട് നീതിയാണ് തൃശ്ശൂർ മെഡിക്കൽ ബോർഡ് നടപ്പിലാക്കിയത്. ഇല്ലാത്ത സമ്പർക്കത്തിന്റെ പേരിൽ എന്നെ ക്വാറന്റൈനിലാക്കിയത് എന്നെ തടങ്കലിലാക്കിയതിനു തുല്യമാണ്. ആയതിനാൽ തൃശ്ശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ചെയർമാനായുള്ള മെഡിക്കൽ‌ ബോർഡ് ഈ വിഷയത്തിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ തെളിവായി സ്വീകരിച്ച് ഈ ഹർജി ഫയലിൽ സ്വീകരിക്കണമെന്നും എനിക്കും എന്റെ കുടുംബത്തിനും ഉണ്ടായിട്ടുള്ള കഷ്ട നഷ്ടങ്ങൾ പരിഗണിച്ച് എനിക്കെതിരെ ഉണ്ടായിട്ടുള്ള മനുഷ്യാവകാശ ലംഘനത്തിന് നിയമപരമായ രീതിയിൽ തൃശ്ശൂർ മെഡിക്കൽ ബോർഡിനെതിരെ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
വിശ്വസ്തതയോടെ, അനിൽ അക്കര.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP