Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് പദ്ധതിക്ക് 2019 ജൂണിൽ നൽകിയത് 13 കോടിയുടെ ഭരണാനുമതി; ലൈഫ് മിഷന് കീഴിലെ പദ്ധതിയിൽ യുഎഇ സന്നദ്ധ സംഘടനയായ എമിറേറ്റസ് റെഡ് ക്രസന്റ് സഹകരണം പ്രഖ്യാപിച്ചതോടെ 13 കോടിയുടെ ഫ്ളാറ്റ് പദ്ധതി 20 കോടിയായി; പിന്നാലെ യുണിടാക്കും; കമ്മീഷനായി സ്വപ്നയ്ക്ക് ഒരു കോടിയും; പണമെത്തിയ വഴി തേടി കേന്ദ്ര ഏജൻസികൾ; വടക്കാഞ്ചേരി ഫ്ളാറ്റിലേത് പണാപഹരണത്തിന്റെ കോൺസുലേറ്റ് മോഡൽ

വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് പദ്ധതിക്ക് 2019 ജൂണിൽ നൽകിയത് 13 കോടിയുടെ ഭരണാനുമതി; ലൈഫ് മിഷന് കീഴിലെ പദ്ധതിയിൽ യുഎഇ സന്നദ്ധ സംഘടനയായ എമിറേറ്റസ് റെഡ് ക്രസന്റ് സഹകരണം പ്രഖ്യാപിച്ചതോടെ 13 കോടിയുടെ ഫ്ളാറ്റ് പദ്ധതി 20 കോടിയായി; പിന്നാലെ യുണിടാക്കും; കമ്മീഷനായി സ്വപ്നയ്ക്ക് ഒരു കോടിയും; പണമെത്തിയ വഴി തേടി കേന്ദ്ര ഏജൻസികൾ; വടക്കാഞ്ചേരി ഫ്ളാറ്റിലേത് പണാപഹരണത്തിന്റെ കോൺസുലേറ്റ് മോഡൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: വടക്കാഞ്ചേരി ലൈഫ്മിഷൻ ഫ്‌ളാറ്റ് നിർമ്മാണത്തിൽ സർക്കാർ വമ്പൻ പ്രതിസന്ധിയിലേക്ക്. ലൈഫ് മിഷൻ പദ്ധതിയിലെ നിർമ്മാണ പ്രവർത്തിത്തിക്ക് സഹായം നൽകിയത് യുഎഇയിലെ സംഘടനയാണ്. നിർമ്മാണത്തിനുള്ള സഹായം ഏത് വഴിയാണ് കേരളത്തിൽ എത്തിയതെന്നതാണ് നിർണ്ണായകം. പണമെത്തിയ വഴി കണ്ടെത്താൻ കേന്ദ്ര ഏജൻസികൾ ശ്രമം തുടങ്ങിയിട്ടുണ്ട്.

വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര നൽകിയ പരാതിയെ ഗൗരവത്തോടെയാണ് കേന്ദ്ര വിദേശകാര്യ വകുപ്പ് എടുത്തിട്ടുള്ളത്. വിദേശ പണം ഇടപാടുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിക്കപ്പെട്ടുവെന്നാണ് സൂചന. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരി നഗരസഭാ അതിർത്തിയിൽ നിർമ്മിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിനുള്ള തുക എമിറേറ്റ്‌സ് റെഡ് ക്രസന്റ് എന്ന ഏജൻസി യു.എ.ഇ കോൺസുലേറ്റ് വഴിയാണ് കണ്ടെത്തിയിരിക്കുന്നത്. ഈ പണം ആരുടെ അക്കൗണ്ടിലൂടെയാണ് എത്തിയതെന്നതാണ് കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നത്.

റെഡ്ക്രസ്ന്റ് 20 കോടി നൽകിയ വിവാദ പദ്ധതിക്ക് നേരത്തെ സർക്കാർ 13കോടിക്ക് ഭരണാനുമതി നൽകിയെന്ന രേഖ പുറത്തുവന്നു. വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് പദ്ധതിക്ക് 2019 ജൂണിലാണ് സർക്കാർ ഭരണാനുമതി നൽകിയത്. ലൈഫ് മിഷന് കീഴിലെ പദ്ധതിയിൽ പിന്നീട് യുഎഇ സന്നദ്ധ സംഘടനയായ എമിറേറ്റസ് റെഡ് ക്രസന്റ് സഹകരണം പ്രഖ്യാപിച്ചു. ഇതോടെ 13 കോടിയുടെ ഫ്‌ളാറ്റ് പദ്ധതി 20 കോടിയായി. പിന്നാലെ യുണിടെക്ക് എന്ന സ്ഥാപനത്തിന് നിർമ്മാണ ചുമതലയും നൽകി. ഇതുവഴിയാണ് സ്വപ്നക്ക് ഒരുകോടി രൂപ കമ്മീഷൻ കിട്ടുന്നത്. സർക്കാർ ഭൂമിയിലെ പദ്ധതിക്ക് ടെൻഡർ വിളിച്ചാണോ യുണിടെക്കിന് റെഡ്ക്രസന്റ് കരാർ നൽകിയതെന്നതും ദുരൂഹം. ഇത് സംബന്ധിച്ച ഉഭയകക്ഷി കരാറും ഇതുവരെ പുറത്തുവിട്ടിട്ടില്ല. കമ്മീഷനും മറ്റ് പ്രശ്‌നങ്ങളും ഉയർന്നപ്പോൾ അന്വേഷിക്കുമെന്നായിരുന്നു മുഖ്യമന്ത്രി ശനിയാഴ്ച വ്യക്തമാക്കിയത്. എന്നാൽ മൂന്നാം ദിവസവും മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ കൃത്യമായ മറുപടി നൽകിയില്ല.

സർക്കാരിന്റെ പദ്ധതിയിൽ പൊതുഭൂമിയിൽ സ്വകാര്യ സ്ഥാപനം ഭാഗമാകുമ്പോൾ കമ്മീഷൻ ഇടപാടുകളിൽ സർക്കാരിന് ഉത്തരവാദിത്തമില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ നിലപാട്. മുഖ്യമന്ത്രിയുടെ വാദത്തെ ചോദ്യം ചെയ്ത് അനിൽ അക്കരെ എംഎൽഎ രംഗത്തെത്തി. സർക്കാരിന് ബാധ്യത ഇല്ലെന്ന് പറയുമ്പോഴും റെഡ് ക്രസന്റ് ഭവനങ്ങളുടെ കെട്ടിടനിർമ്മാണ പെർമിറ്റ് ലൈഫ് മിഷന്റെ പേരിലാണെന്നത് സർക്കാരിനും തിരിച്ചടിയാകും. വലിയ അഴിമതി ഇതിന് പിന്നിലുണ്ടെന്നാണ് സൂചന. അനിൽ അക്കരെ ആരോപണങ്ങൾ ഉന്നയിച്ചിട്ടും അന്വേഷണത്തിന് സർക്കാർ തയ്യാറായിട്ടില്ല.

സ്വർണക്കടത്തു കേസിൽ വിവാദമായ വടക്കാഞ്ചേരി ഫ്‌ളാറ്റ് നിർമ്മാണവുമായി സർക്കാരിനു ബന്ധമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നുണ പറയുന്നതാണെന്നു രേഖകൾ വ്യക്തമാക്കുന്നതായി അനിൽ അക്കര എംഎൽഎ ആരോപിക്കുന്നു. പദ്ധതിയിൽ ലൈഫ് മിഷനോ സർക്കാരിനോ പങ്കില്ലെന്നും റെഡ് ക്രസന്റിനാണ് എല്ലാ അനുമതിയെന്നും മുഖ്യമന്ത്രി പറയുമ്പോൾ കെട്ടിട നിർമ്മാണാനുമതി നൽകിയിരിക്കുന്നത് ലൈഫ് മിഷനാണെന്നു രേഖകൾ വ്യക്തമാക്കുന്നതായി അനിൽ പറഞ്ഞു. ഇതിന്റെ രേഖകളും അദ്ദേഹം പുറത്തു വിട്ടു. ഇതോടെ സർക്കാരിനും ഈ പദ്ധതിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല. സ്വപ്‌നാ സുരേഷ് തനിക്ക് ഈ പ്രോജക്ടിൽ നിന്ന് ഒരു കോടി രൂപ കമ്മീഷൻ കിട്ടിയെന്ന് വെളിപ്പെടുത്തിയിരുന്നു.

വടക്കാഞ്ചേരിയിൽ മന്ത്രി എ.സി.മൊയ്തീന്റെ പ്രദേശത്താണ് ഇത് നടക്കുന്നത്. അതുകൊണ്ടു സർക്കാർ അറിഞ്ഞില്ലെന്നും പറയാനാകില്ലെന്നും അനിൽ അക്കരെ പറയുന്നു. സംസ്ഥാന സർക്കാർ വിദേശ ഏജൻസിയായ റഡ് ക്രസന്റിനു ഫ്‌ളാറ്റ് നിർമ്മാണാനുമതി നൽകിയപ്പോൾ 1 കോടി രൂപ കമ്മിഷൻ കിട്ടിയെന്നു സ്വപ്ന മൊഴി നൽകിയതോടെയാണു നിർമ്മാണം വിവാദമായത്. സിപിഐ ലോക്കൽ സെക്രട്ടറിയിൽനിന്നും വാങ്ങിയ ഭൂമിയിൽ കെട്ടിടം പണിയുന്നതിനു ലൈഫ് മിഷനാണു നിർമ്മാണാനുമതി കരസ്ഥമാക്കിയത്. ഒരിടത്തും റെഡ് ക്രസന്റിന്റെ പേരില്ല. ഇതാണ് സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നത്.

മുഖ്യമന്ത്രി പറയുന്നതനുസരിച്ചാണെങ്കിൽ റവന്യൂ വകുപ്പും കൈവശക്കാരനായ വടക്കാഞ്ചേരി നഗരസഭയും റെഡ് ക്രസന്റിനു കേന്ദ്രാനുമതിയോടെ അനുമതി പത്രം നൽകണം. വിദേശ ഏജൻസിക്കു സംസ്ഥാന സർക്കാർ അനുമതിയോടെ രാജ്യത്തു കെട്ടിടം നിർമ്മിക്കാനാകില്ലെന്നു അനിൽ ചൂണ്ടിക്കാട്ടി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന മുഖ്യമന്ത്രി നുണയനാണ്. ഫ്‌ളാറ്റ് നിർമ്മാണത്തിന്റെ പെർമിറ്റ് ലൈഫ് മിഷന്റെ പേരിലാണ്. മുഖ്യമന്ത്രി പറഞ്ഞത് ലൈഫ് മിഷന് പങ്കില്ലെന്നാണ്. റെഡ് ക്രസന്റുമായുള്ള സർക്കാരിന്റെ കരാർ വെളിപ്പെടുത്തണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു.

റെഡ് ക്രസന്റ് വഴി ലൈഫ് മിഷൻ പദ്ധതി നടപ്പാക്കിയതു സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അനിൽ അക്കര എംഎൽഎ കഴിഞ്ഞ ദിവസം ഗവർണർക്ക് കത്ത് നൽകിയിരുന്നു. പദ്ധതിക്കു വേണ്ടി വടക്കാഞ്ചേരി മണ്ഡലത്തിൽ ഭൂമി വാങ്ങിയതിലും നിർമ്മാണത്തിലും കടുത്ത നിയമലംഘനം നടന്നിട്ടുണ്ട്. റെഡ് ക്രസന്റ് പണം ചെലവഴിക്കേണ്ടത് ഇന്ത്യയിലെ റെഡ്‌ക്രോസ് വഴിയാണ്. കേന്ദ്രസർക്കാർ അറിയാതെ എങ്ങനെ റെഡ്ക്രസന്റിന്റെ പണം ചെലവാക്കിയെന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പിട്ട ഈ പദ്ധതി നിയമവിരുദ്ധമാണെന്നും അനിൽ അക്കര കത്തിൽ ആരോപിക്കുന്നു.

അതിനിടെ വടക്കാഞ്ചേരിയിലെ ഫ്ളാറ്റിനെച്ചൊല്ലി കുപ്രചാരണം നടത്തി ലൈഫ് പദ്ധതിയെ തകർക്കാനാണ് കോൺഗ്രസ് ശ്രമമെന്ന് മന്ത്രി എ സി മൊയ്തീൻ ആരോപിച്ചു. റെഡ്ക്രസന്റ് നേരിട്ട് ഫ്ളാറ്റ് നിർമ്മിച്ച് കൈമാറുകയാണ്. സർക്കാരുമായി പണമിടപാടില്ല. മറ്റു സ്ഥാപനങ്ങളും ഇത്തരത്തിൽ നിർമ്മിക്കുന്നുണ്ട്. ഇത്തരം സ്പോൺസർമാരെ ഇല്ലാതാക്കുകയെന്ന ദുഷ്ടലാക്കാണ് ഇതിനുപിന്നിൽ. പാവങ്ങളുടെ വീടെന്ന സ്വപ്നത്തെയും തകർക്കുകയാണെന്നും മന്ത്രി ദേശാഭിമാനിയോട് പറഞ്ഞു. വടക്കാഞ്ചേരി നഗരസഭയുടെ കൈവശമുള്ള 217.88 സെന്റിൽ യുഎഇ റെഡ് ക്രസന്റ് സ്പോൺസർ ചെയ്ത ഭവനസമുച്ചയം പൂർത്തിയാകുകയാണ്. 500 ചതുരശ്രഅടി വിസ്തീർണമുള്ള 140 വീടുകളാണ് പൂർത്തിയാവുന്നത്. റെഡ്ക്രസന്റ് ജനറൽ സെക്രട്ടറി മുഹമ്മദ് അറ്റീഫ് അൽ ഹലാഹി, എം എ യൂസഫലി എന്നിവരടക്കം പങ്കെടുത്ത യോഗത്തിലാണ് ധനസഹായത്തിന് പകരം ഫ്‌ളാറ്റ് നിർമ്മിക്കാൻ തീരുമാനിച്ചത്. നിർമ്മാണഘട്ടങ്ങളിലെല്ലാം അനിൽ അക്കര എംഎൽഎ സ്ഥലം സന്ദർശിച്ചതാണ്. അന്നൊന്നും ആക്ഷേപമുന്നയിച്ചില്ല.

വടക്കാഞ്ചേരിയിലെ സ്ഥലം അനുയോജ്യമാണെന്ന് കലക്ടർ റിപ്പോർട്ട് നൽകി. ഉടമസ്ഥാവകാശം റവന്യൂവകുപ്പിൽ നിലനിർത്തി, ഭൂമി നഗരസഭയ്ക്ക് കൈമാറി. ഒരു വർഷത്തിനുള്ളിൽ നിർമ്മാണവും ആരംഭിക്കണമെന്നായിരുന്നു ഉത്തരവ്. ഇതുപ്രകാരം സുതാര്യമായാണ് വീടുനിർമ്മാണം തുടങ്ങിയതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി പൂർണമായും സ്പോൺസർഷിപ്പിൽ നിർമ്മിക്കുന്ന വടക്കാഞ്ചേരിയിലെ പാർപ്പിട സമുച്ചയം ഡിസംബറിൽ നാടിന് സമർപ്പിക്കും. സെപ്റ്റംബറിൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. എന്നാൽ, കോവിഡ് ലോക്ഡൗൺമൂലം വൈകി. 140 ഭൂരഹിതരുടെ സ്വപ്നം സഫലമാകുമെന്നും മന്ത്രി പറയുന്നു.

മുഖ്യമന്ത്രി ചെയർമാനായ പദ്ധതിയുടെ നടത്തിപ്പിലെ ക്രമക്കേട് വിശദമായി പരിശോധിക്കണമെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ലയ്ക്ക് അയച്ച കത്തിൽ അനിൽ അക്കര പറയുന്നു. കേന്ദ്ര സർക്കാരിനെ അറിയിക്കാതെയും ചട്ടങ്ങൾ പാലിക്കാതെയുമാണ് യുഎഇ റെഡ് ക്രെസന്റ് അഥോറിറ്റിയുടെ 20 കോടി രൂപയുടെ സഹായം സ്വീകരിച്ചത്. സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറിൽ നിന്നും കണ്ടെടുത്ത കോടിക്കണക്കിന് രൂപയിൽ ഒരു കോടി രൂപ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ലഭിച്ച കമ്മീഷനാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്കും അനിൽ അക്കര കത്ത് നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP