Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭാര്യയുടെ വിവാദ പോസ്റ്റ് അടിസ്ഥാന രഹിതവും അവജ്ഞയോടെ തള്ളികളയേണ്ടതെന്നും സിപിഎം എംഎൽഎ; ജെസി പോസ്റ്റു ചെയ്തത് ഒരു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരൻ ടെലിഫോണിൽ സംസാരിച്ച കാര്യങ്ങൾ; അഭിമന്യുവിന്റെ കൊലയാളികൾക്ക് പാർട്ടി സംരക്ഷണമെന്ന ഭാര്യയുടെ പോസ്റ്റ് എസ്ഡിപിഐക്കാർക്ക് പിടിവള്ളിയായപ്പോൾ ജോൺ ഫെർണാണ്ടസ് എംഎൽഎ പ്രതിരോധവുമായി രംഗത്ത്

ഭാര്യയുടെ വിവാദ പോസ്റ്റ് അടിസ്ഥാന രഹിതവും അവജ്ഞയോടെ തള്ളികളയേണ്ടതെന്നും സിപിഎം എംഎൽഎ; ജെസി പോസ്റ്റു ചെയ്തത് ഒരു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരൻ ടെലിഫോണിൽ സംസാരിച്ച കാര്യങ്ങൾ; അഭിമന്യുവിന്റെ കൊലയാളികൾക്ക് പാർട്ടി സംരക്ഷണമെന്ന ഭാര്യയുടെ പോസ്റ്റ് എസ്ഡിപിഐക്കാർക്ക് പിടിവള്ളിയായപ്പോൾ ജോൺ ഫെർണാണ്ടസ് എംഎൽഎ പ്രതിരോധവുമായി രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലയാളികൾക്കു ചില സിപിഎമ്മുകാരുടെ സംരക്ഷണം കിട്ടിയെന്ന സൂചനയുമായി എൻ പി ജെസി ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമായതോടെ പോസ്റ്റിന് മറുപടിയുമായി ഭർത്താവും എംഎൽഎയുമായ ജോൺ ഫെർണാണ്ടസ്. ഭാര്യയുടെ പോസ്റ്റ് വിവാദമായ സാഹചര്യത്തിലാണ് ജോൺ ഫെർണാണ്ടസ് വിശദീകരണവുമായി രംഗത്തെത്തിയത്. ഭാര്യ എൻ.പി. ജെസി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കാര്യങ്ങൾ അടിസ്ഥാനരഹിതവും അവജ്ഞയോടെ തള്ളികളയേണ്ടതുമാണെന്ന് സിപിഎം നോമിനിയായ ആംഗ്ലോ ഇന്ത്യൻ എംഎ‍ൽഎ വ്യക്തമാക്കി. സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ് ജോൺ ഫെർണാണ്ടസ്.


വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരൻ ഭാര്യയോട് ടെലിഫോണിൽ സംസാരിച്ച കാര്യങ്ങളാണ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നതെന്നാണ് എംഎൽഎയുടെ വിശദീകരണം. അടിസ്ഥാന രഹിത ആരോപണങ്ങളാണ് പോസ്റ്റിൽ പറഞ്ഞിട്ടുള്ളത്. വർഗീയ വാദത്തിനും തീവ്രവാദത്തിനും എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പ്രസ്ഥാനമാണ് സിപിഎം. അത്തരമൊരു പാർട്ടിയെയും അതിന്റെ പ്രവർത്തനങ്ങളെയും ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ശക്തികൾക്ക് ഒരു വിധത്തിലും സഹായകരമായ ഒരു വാക്കോ പ്രവർത്തിയോ പാർട്ടി പ്രവർത്തകരുടെയോ അനുഭാവികളുടെയോ ഭാഗത്ത് നിന്ന് ഉണ്ടാവാൻ പാടില്ലെന്ന് ജോൺ ഫെർണാണ്ടസ് വ്യക്തമാക്കി.

നമ്മുടെ നാടൊന്നാകെ അഭിമന്യൂവിന്റെ കൊലപാതകത്തിൽ പ്രതിഷേധിക്കുകയാണ്. അഭിമന്യുവിനെ കൊലപ്പെടുത്തിയ മതതീവ്രവാദ പ്രസ്ഥാനമായ എസ്.ഡി.പി.ഐക്കെതിരെ അതിശക്തമായ ജനവികാരമാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ പ്രതിരോധത്തിനായി എസ്.ഡി.പി.ഐ പലവിധ തന്ത്രങ്ങളും സ്വീകരിക്കുകയാണ്. അതിന്റെ ഭാഗമായാണ് സിപിഎം സഹായമെന്ന വ്യാജ വാർത്ത പ്രചരിക്കുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിൽ ഇതിനെ സാധൂകരിക്കും വിധം നടത്തിയ അഭിപ്രായം വാസ്തവവിരുദ്ധമാണെന്നും വിശദീകരണ കുറിപ്പിൽ ജോൺ ഫെർണാണ്ടസ് വ്യക്തമാക്കുന്നു.

ഡിവൈഎഫ്ഐ സംസ്ഥാന സമിതി മുൻ അംഗം കൂടിയായ ജെസിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് എസ്ഡിപിഐക്ക് പിടിവള്ളിയായി മാറിയപ്പോഴാണ് വിശദീകരണവുമായി എംഎൽഎ രംഗത്തെത്തിയത്. അഭിമന്യുവിന്റെ കൊലയാളികളെ സംരക്ഷിക്കുന്നത് ആരെന്ന് സിപിഎം അന്വേഷിക്കണമെന്നതടക്കം പരാമർശങ്ങളടങ്ങിയ ജോൺ ഫെർണാണ്ടസിന്റെ ഭാര്യ എൻ.പി. ജെസിയുടെ ഫേസ്‌ബുക്ക് പോസ്റ്റാണ് വിവാദമായത്. ആർ.എസ്.എസിനെയും എസ്.ഡി.പി.ഐയെയും പ്രാദേശിക സിപിഎം നേതൃത്വം സഹായിക്കുന്നത് സംബന്ധിച്ച സൂചനകളുള്ള പോസ്റ്റ് സിപിഎമ്മിനെയും കുറ്റപ്പെടുത്തുന്ന വിധത്തിലായിരുന്നു. സുഹൃത്തായ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ ഫോൺ സംഭാഷണത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങളാണ് എംഎ‍ൽഎയുടെ ഭാര്യ പങ്കുവെച്ചത്. വിവാദമായതോടെ ജെസി പോസ്റ്റ് പിൻവലിച്ചിരുന്നു.

ജോൺ ഫെർണാണ്ടസിന്റെ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന മുഖവുരയോടെയാണ് ഉദ്യോഗസ്ഥൻ കാര്യങ്ങൾ വിശദീകരിച്ചതെന്ന് സ്‌കൂൾ ജീവനക്കാരി കൂടിയായ ജെസിയുടെ കുറിപ്പിൽ പറഞ്ഞിരുന്നത്. പശ്ചിമ കൊച്ചിയിലെ വർഗീയ പ്രീണനം അവസാനിപ്പിക്കാൻ സിപിഎം ജില്ല സെക്രട്ടേറിയറ്റംഗമായ ജോൺ ഫെർണാണ്ടസ് എന്തുകൊണ്ട് തയാറാകുന്നില്ല എന്നായിരുന്നു ഉദ്യോഗസ്ഥന്റെ ചോദ്യം. കൊച്ചിയിലെ അമരാവതി ഗവ. യു.പി. സ്‌കൂളിന്റെ സ്ഥലം കൈയേറി ഗേറ്റും ബോർഡും വെക്കാൻ ഹിന്ദു വർഗീയ വാദികൾക്ക് സിപിഎം നേതൃത്വം ഒത്താശ ചെയ്തു. കൗൺസിലർമാർ ഇതിന് മൗനാനുവാദം നൽകി. ഒത്താശ ചെയ്തവരുടെ പോക്കറ്റിൽ ലക്ഷങ്ങൾ വീണു. ഫോർട്ട്‌കൊച്ചി ലോക്കൽ കമ്മിറ്റിയുടെ മൗനം എന്തൊക്കെയോ കളികൾ നടന്നതിന്റെ ലക്ഷണമാണ്.

എസ്.ഡി.പി.ഐയെ സഹായിക്കുന്നത് മുഖ്യധാരാ രാഷ്ട്രീയക്കാരാണ്. എല്ലാ പാർട്ടിയിലും ഇവർ നുഴഞ്ഞു കയറിയിട്ടുണ്ട്. അവരിൽ നിന്ന് ലക്ഷങ്ങളുടെ സാമ്പത്തിക സഹായമടക്കം ലഭിക്കുന്നു. പകൽ സിപിഎമ്മും കോൺഗ്രസുമായി നടക്കുന്ന ഇവർ രാത്രിയിൽ ആർ.എസ്.എസും എസ്.ഡി.പി.ഐയും ആകുന്നു. ഇവരാണ് അഭിമന്യുവിനെ കൊന്നവർക്ക് എല്ലാ സംരക്ഷണവും നൽകിയത്. തോപ്പുംപടിയിൽ വന്നിറങ്ങിയ കൊലയാളികൾക്ക് ആരുടെ സംരക്ഷണമാണ് കിട്ടിയതെന്ന് പാർട്ടി അന്വേഷിക്കണം.

ഇവരുടെ ഓശാരം പറ്റാത്ത ജോൺ ഫെർണാണ്ടസ് ഇത് അവസാനിപ്പിക്കാൻ മുൻകൈയെടുക്കണമെന്നും ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതായി ജെസിയുടെ പോസ്റ്റിലുണ്ട്. ഇദ്ദേഹം ചൂണ്ടിക്കാട്ടിയ വിഷയങ്ങളിൽ ഇടപെടൽ അനിവാര്യമാണെന്നും സ്‌കൂൾ ഗ്രൗണ്ട് ഹിന്ദു വർഗീയവാദികൾക്ക് വിട്ടുകൊടുക്കേണ്ട സ്ഥലമല്ലെന്നും പറഞ്ഞാണ് ജെസി കുറിപ്പ് അവസാനിപ്പിക്കുന്നത്.

വിവാദമായ പോസ്റ്റ് പിൻവലിക്കുന്നതിന് വിശദീകരിച്ച് മറ്റൊരു കുറിപ്പും ജെസി പോസ്റ്റ് ചെയ്തിരുന്നു. 'ഞാൻ ഇന്നലെ ഫോർട്ട്‌കൊച്ചി അമരാവതി ഗവ. യു.പി സ്‌കൂളിന്റെ ഗ്രൗണ്ട് ഹിന്ദു തീവ്രവാദിസംഘം കൈയേറിയതിന് എതിരെ ഒരു പോസ്റ്റ് ഇട്ടിരുന്നു. കൊച്ചിയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്ന എന്റെ ഉദ്യോഗസ്ഥതല സുഹൃത്തുക്കളിൽ ഒരാളുടെ ആവലാതിയാണ് ഞാൻ ഇട്ടത്. അദ്ദേഹം പറഞ്ഞതിൽ ശരിയുണ്ടെങ്കിൽ തെറ്റുകൾ തിരുത്തപ്പെടണം.

അഭിമന്യുവിനെ നിഷ്ഠുരം കൊലപ്പെടുത്തിയ എസ്.ഡി.പി.ഐ സംഘത്തിന് സിപിഎമ്മുമായി ബന്ധമുണ്ടെന്ന് ഞാൻ പറഞ്ഞിട്ടില്ല. കൊലപാതകികളെ സംരക്ഷിച്ചവർ ആരാണെന്ന് പാർട്ടി കണ്ടെത്തണമെന്നാണ് അദ്ദേഹം പറഞ്ഞത്. കൊച്ചിയിൽ സിപിഎം ശക്തമാണ്. ആ ശക്തി കൊലയാളി സംഘത്തെ കണ്ടെത്തുന്നതിൽ ഇടപെടണം. എസ്.ഡി.പി.ഐ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നുഴഞ്ഞ് കയറിയിട്ടുണ്ടെങ്കിൽ ഇല്ലായ്മ ചെയ്യേണ്ടത് അതത് രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. ഈ പോസ്റ്റിനെ അഭിമന്യുവിനെ കൊന്നവരെ സംരക്ഷിച്ചത് സിപിഎം എന്ന് വ്യാഖ്യാനിച്ച് മുതലെടുപ്പ് വേണ്ട. എന്റെ എഫ്.ബി പോസ്റ്റ് സിപിഎമ്മിനെതിരെ പ്രചാരണായുധമായി എസ്.ഡി.പി.ഐ സംഘം ഉപയോഗിക്കേണ്ട. ആ പോസ്റ്റ് ഞാൻ പിൻവലിക്കുന്നു.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP