Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'മാന്യമായ പരിഗണന ഞങ്ങൾക്കും കിട്ടണം; തൊഴിലാളികളായി അംഗീകരിക്കണം'; മിനിമം ശമ്പളവും പെൻഷനും വർധിപ്പിക്കണം എന്ന ആവശ്യവുമായി കുരുന്നുകളെ പരിപാലിക്കുന്ന അംഗനവാടി ഹെൽപ്പർമാരുടെ ഒപ്പുശേഖരണം

'മാന്യമായ പരിഗണന ഞങ്ങൾക്കും കിട്ടണം; തൊഴിലാളികളായി അംഗീകരിക്കണം'; മിനിമം ശമ്പളവും പെൻഷനും വർധിപ്പിക്കണം എന്ന ആവശ്യവുമായി കുരുന്നുകളെ പരിപാലിക്കുന്ന അംഗനവാടി ഹെൽപ്പർമാരുടെ ഒപ്പുശേഖരണം

അരുൺ ജയകുമാർ

തിരുവനന്തപുരം: ഐസിഡിഎസ് പദ്ധതികൾ നല്ല രീതിയിൽ നടത്തിക്കൊണ്ട് പോകാൻ കേന്ദ്രം കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അംഗനവാടി വർക്കേഴ്സ് ഹെൽപ്പേഴ്സ് തസ്തികകളിൽ ജോലി ചെയ്യുന്ന വനിതകൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ അവകാശ ദിനം വേറിട്ടതായി. തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകാത്തതിനാൽ പ്രധാനമന്ത്രിക്ക് നിവേദനം സമർപ്പിക്കുന്നതിനുള്ള ഒപ്പ് ശേഖരണം നടത്തുകയായിരുന്നു ഇടത് അനുകൂല സംഘടനകൾ.

എഐടിയുസിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കേന്ദ്ര സർക്കാർ മാന്യമായി തങ്ങളേയും പരിഗണിക്കണമെന്നും തൊഴിലാളികളായി കാണുകയും വേണം എന്നതാണ് ഇവരുടെ പ്രധാന ആവശ്യം. അംഗനവാടികളിൽ ജോലി ചെയ്തവർക്ക് പെൻഷനായി നൽകുന്നത് വെറും 500 രൂപ മാത്രമാണ്. ഇത് വർധിപ്പിച്ച് നൽകണമെന്നും മിനിമം ശമ്പളം 18,000 രൂപയെങ്കിലും ആക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ഇഎസ്ഐ പരിധിയിൽ ഉൾപ്പെടുത്തണമെന്നും താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നുമാണു ഞങ്ങളുടെ ആവശ്യമെന്ന് അംഗൻവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് യൂണിയൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി വിജയമ്മ പറഞ്ഞു.

കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകിക്കൊണ്ടും അവർക്ക് നല്ല പോഷകാഹാരം ലഭ്യമാകുന്നതിനുമായി 1975ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി നടപ്പിലാക്കിയ പദ്ധതിയാണ് ഐസിഡിഎസ്. ഇതിന്റ ഭാഗമായാണ് രാജ്യത്ത് നിരവധി അംഗനവാടികൾ നിർമ്മിച്ചത്. ഗ്രാമ നഗര വ്യത്യാസമില്ലാതെ നിരവധി അംഗനവാടികൾ നമ്മുടെ നാട്ടിൽ പ്രവർത്തിക്കുന്നു. എന്നാൽ ഇവിടെ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങൾ നിരവധിയാണ്. കേന്ദ്രത്തിൽ നിന്നും ഇവർക്ക് അനുവദിച്ചിരിക്കുന്ന ശമ്പളം ഇങ്ങനെയാണ്: വർക്കേഴ്സിന് 3000, ഹെൽപ്പേഴ്സിന് 1500.

എന്നാൽ പിന്നീട് സംസ്ഥാന സർക്കാർ ഇടപെട്ട് ഇവർക്ക് ഓണറേറിയം കൂട്ടികൊടുക്കാൻ തീരുമാനിച്ചു. കഴിഞ്ഞ യുഡിഎഫ് സർക്കാറിലെ സാമൂഹ്യക്ഷേമമന്ത്രി എം കെ മുനീറാണ് ഇത് വർധിപ്പിച്ചത്. അതിന് മുൻപത്തെ വി എസ് സർക്കാറും ഇത് വർധിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിരുന്നു.

കേന്ദ്രത്തിൽ നിന്നുള്ള വിഹിതമുൾപ്പടെ വർക്കർമാർക്ക് 10,000 രൂപയും ഹെൽപ്പർമാർക്ക് 7000 രൂപയുമാണ് ലഭിക്കേണ്ടത്. എന്നാൽ സ്വന്തമായി കെട്ടിടങ്ങൾ പോലുമില്ലാത്ത അംഗനവാടികളിലെ ജീവനക്കാരുടെ കാര്യമാണ് വലിയ ബുദ്ധിമുട്ടിലായിരിക്കുന്നത്. ഇവിടെ അംഗനവാടികൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വാടകയും കറന്റ് ബില്ലും വാട്ടർ ബില്ലും എല്ലാം തന്നെ അടയ്ക്കേണ്ടത് തുച്ഛ ശമ്പളക്കാരായ ജീവനക്കാർ തന്നെയാണ്. അതിനാലാണ് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വർധിപ്പിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടത്. സ്വന്തമായി കെട്ടിടങ്ങൾ ഇല്ലാത്തവർക്ക് 750 രൂപ മാത്രമാണ് ഐസിഡിഎസിൽ നിന്നും ലഭിക്കുന്നത് ബാക്കി തുക പഞ്ചായത്തിലെ ഓവർസിയർ വന്ന് കെട്ടിടം പരിശോധിച്ച ശേഷം നിശ്ചയിക്കുന്ന ഒരു തുക നൽകുകയാണു പതിവ്. എന്നാൽ ഇങ്ങനെ നൽകുന്ന തുകയ്ക്ക് പുറമേയാണ് തങ്ങളുടെ തുച്ഛ ശമ്പളത്തിൽ നിന്നും ഇതിനായി പണം ചെലവാക്കേണ്ടി വരുന്നതെന്നും ജീവനക്കാർ പറയുന്നു.

സ്ഥിര ജീവനക്കാർ ചെയ്യുന്നത് പോലെ തന്നെയാണ് താൽക്കാലിക ജീവനക്കാരും ജോലി ചെയ്യുന്നത്. എന്നിട്ടും അവർക്ക് നൽകുന്ന ആനുകൂല്യത്തിന്റെ ഒരംശം പോലും തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് പലരും പരാതി പറയുന്നു. നാട്ടിൽ എന്ത് സർവ്വേ വന്നാലും ചുമതല നൽകുന്നതും വീടുകൾ തോറും കയറി ഇറങ്ങ് വിവര ശേഖരണം നടത്തുന്നവരുമായ തങ്ങൾക്ക് ഒരു അനുകമ്പയ്ക്കും അർഹതയില്ലേ എന്ന ചോദ്യമാണ് ജീവനക്കാർ ചോദിക്കുന്നത്.

ജീവനക്കാരുടെ ഓണറേറിയം ഇനത്തിൽ വർധിപ്പിച്ച തുക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നൽകണമെന്നാണ് കഴിഞ്ഞ സർക്കാർ നിർദേശിച്ചത്. വർക്കർമാരുടേത് 6500ൽ നിന്ന് പതിനായിരം രൂപയായും ഹെൽപ്പർമാരുടേത് 4100ൽ നിന്ന് 7000 രൂപയായും കൂട്ടി. വർധിപ്പിച്ച തുക തദ്ദേശ സ്ഥാപനങ്ങൾ നൽകണമെന്ന നിർദേശമാണ് കഴിഞ്ഞ സർക്കാർ നൽകിയത്. ഇത് പ്രായോഗികമല്ലാത്തതിനാൽ നടപ്പാക്കാനാവില്ലെന്ന് ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും നിലപാടെടുത്തു. വർധിപ്പിച്ച ഓണറേറിയം വിതരണം ചെയ്യാൻ പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന് ഇടതു സംഘടനകൾ ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നത് പതിനായിരക്കണക്കിന് അംഗൻവാടി ജീവനക്കാരെ വലയ്ക്കുകയാണ്. വർധിപ്പിച്ച അംഗനവാടി ജീവനക്കാരുടെ ഓണറേറിയം യുഡിഎഫ് സർക്കാരാണ് വർധിപ്പിച്ചത്. ഏപ്രിൽ മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും പറഞ്ഞിരുന്നു.

അംഗൻവാടി ജീവനക്കാർക്ക് സംസ്ഥാന സർക്കാർ നൽകുന്ന നാമമാത്രമായ ക്ഷേമനിധി പെൻഷന് പകരം കേന്ദ്ര സർക്കാർ പെൻഷൻ ഏർപ്പെടുത്തണമെന്ന് അംഗൻവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് പെൻഷനേഴ്‌സ് ഫോറം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. അംഗനവാടി വർക്കർക്കും ഹെൽപ്പർക്കും യഥാക്രമം 500 രൂപയും 300 രൂപയുമാണ് ക്ഷേമനിധിയിൽനിന്നും സംസ്ഥാന സർക്കാർ പെൻഷനായി നൽകുന്നത്. ബജറ്റ് പ്രഖ്യാപനം ഉടൻ നടപ്പാക്കണമെന്നും വിരമിച്ച ജീവനക്കാരുടെ ആശ്രിതർക്ക് നിയമനങ്ങളിൽ മുൻഗണന നൽകണമെന്നും നേരത്തെ തന്നെ ആവശ്യമുയർന്നിരുന്നു. ഐസിഡിഎസ് പദ്ധതികൾ നടപ്പിലാക്കുന്നതിന് 30000 കോടി രൂപയെങ്കിലും അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിൽ കേന്ദ്ര സാമൂഹ്യ ക്ഷേമ വകുപ്പ് ശുപാർശ ചെയ്തെങ്കിലും ഇത് 15000 കോടിയായി വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP