Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവസാന നിമിഷം വരെ യാത്രക്കാർ അറിഞ്ഞില്ല; ലാൻഡിങ് നടക്കില്ലെന്ന് അറിഞ്ഞ് വീണ്ടും പറന്നുയർന്ന ശേഷം ക്രാഷ് ലാൻഡ് ചെയ്യും മുമ്പ് പുക അകത്തുകയറി; വീലുകൾ ജാമായിട്ടും പൊട്ടിത്തെറിക്കാതെ ഇടിച്ചിറക്കിയത് പൈലറ്റിന്റെ മനസാന്നിദ്ധ്യം

അവസാന നിമിഷം വരെ യാത്രക്കാർ അറിഞ്ഞില്ല; ലാൻഡിങ് നടക്കില്ലെന്ന് അറിഞ്ഞ് വീണ്ടും പറന്നുയർന്ന ശേഷം ക്രാഷ് ലാൻഡ് ചെയ്യും മുമ്പ് പുക അകത്തുകയറി; വീലുകൾ ജാമായിട്ടും പൊട്ടിത്തെറിക്കാതെ ഇടിച്ചിറക്കിയത് പൈലറ്റിന്റെ മനസാന്നിദ്ധ്യം

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാരുടേത് അൽഭുതകരമായ രക്ഷപ്പെടൽ തന്നെയാണ്. വിമാനം വീണു കത്തിയത് ദുബായ് വിമാനത്താവളത്തിലെ 12എൽ റൺവേയുടെ അറ്റത്തായിരുന്നുവെന്ന് ഏവിയേഷൻ ഹെറാൾഡ് വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തു. ബെല്ലി ലാൻഡിംഗിൽ വിമാനം പൊട്ടിത്തറിക്കുകയാണ് പതിവ്. ഇത് തന്നെയാണ് ദുബായിലും സംഭവിച്ചത്. എന്നിട്ടും എല്ലാ യാത്രക്കാരും രക്ഷപ്പെട്ടു. രക്ഷാപ്രവർത്തനത്തിനെത്തിയ ഒരാളിൽ മാത്രമായി മരണം ഒതുങ്ങി. ബെല്ലി ലാൻഡിങ് നടന്നാൽ എൻജിൻ തറയിൽ തട്ടാനുള്ള സാധ്യതയുണ്ട്. ഇത്തരം ഘട്ടങ്ങളിൽ എൻജിനിൽ തീ പിടിക്കാം. ഈ സാഹചര്യമെല്ലാം ഉണ്ടായിട്ടും പൈലറ്റിന്റെ മനോധൈര്യം യാത്രക്കാർക്ക് തുണയായി. ജീവനക്കാരുടെ അതിവേഗ രക്ഷാപ്രവർത്തനത്തിന്റെ കരുത്തിൽ എല്ലാവരും രക്ഷപ്പെട്ടു. അവസാന നിമിഷം വരെ യാത്രക്കാരെ അറിയിക്കാതെയായിരുന്നു പൈലറ്റ് തന്റെ കടമകളെല്ലാം നിറവേറ്റിയത്.

വിമാനത്തിന്റെ വിങ്‌സിലാണ് ഇന്ധനടാങ്കുകളുള്ളത്. എൻജിനിൽ തീ പിടിച്ചാൽ അതു ടാങ്കിലേക്കു പടരാനുള്ള സാധ്യതയുമുണ്ട്. ബെല്ലി ലാൻഡിങ്ങാണെങ്കിൽ പൈലറ്റ് മുൻകൂട്ടി അറിയുകയും അടിയന്തര സന്ദേശം അയയ്ക്കുകയും ചെയ്യാറുണ്ട്. ഇവിടേയും ഇതെല്ലാം സംഭവിച്ചു. എന്നാൽ രക്ഷപ്പെടാനുള്ള സമയം അതിനിടയിൽ കിട്ടി. അതുകൊണ്ട് മാത്രം യാത്രക്കാരും ജീവനക്കാരും രക്ഷപ്പെട്ടു. തിരുവനന്തപുരത്ത് നിന്നു ഇന്ത്യൻ സമയം 10.19ന് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം ബോയിങ് 777 ഇന്ന് ഉച്ചയ്ക്ക് യുഎഇ സമയം 12.45നായിരുന്നു അടിയന്തരമായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയത്. യാത്രക്കാരെ പുറത്തിറക്കിയ ശേഷം വിമാനത്തിന്റെ മുൻ ഭാഗത്ത് നിന്ന് വലിയ പൊട്ടിത്തെറിയുണ്ടാവുകയും തീ പിടിക്കുകയുമായിരുന്നു.

സാധാരണ രീതിയിലായിരുന്നു വിമാനം ഇറങ്ങാൻ എത്തിയതെന്ന് എയർ ട്രാഫിക് കൺട്രോൾ (എ.ടി.സി.) അറിയിച്ചു. പ്രത്യേകിച്ച് മുന്നറിയിപ്പിനുള്ള സാഹചര്യം ഒന്നുമുണ്ടായിരുന്നില്ല. വിമാനത്തിൽ നിന്ന് ലാൻഡിങ്ങിനുള്ള സന്ദേശം ലഭിച്ചയുടൻ വിമാനത്തിന് ഗിയർ മാറ്റി വേഗം കുറയ്ക്കാനും തുടർന്ന് നിലത്തിറക്കാനും നിർദ്ദേശം നൽകി. എന്നാൽ, എ.ടി.സിയുമായി ബന്ധപ്പെട്ടതിനു രണ്ടു മിനിറ്റിനു ശേഷം വീണ്ടും വട്ടമിട്ടു പറക്കാൻ പോവുകയാണെന്ന് വിമാനത്തിൽ നിന്നു സന്ദേശമെത്തി. ഇതേത്തുടർന്ന് 4000 അടിയിലേക്ക് ഉയർത്താൻ എ.ടി.സി. നിർദ്ദേശം നൽകി. വിമാനം 4000 അടിയിലേക്ക് ഉയർത്തുകയാണെന്ന് തിരിച്ചും സന്ദേശമെത്തി. ഏതാനും സെക്കൻഡിനു ശേഷമാണ് ഒരിക്കൽ കൂടി വട്ടമിടാൻ എ.ടി.സിയിൽ നിന്ന് നിർദ്ദേശമെത്തിയത്. എന്നാൽ, ഉടൻ തന്നെ സുരക്ഷാ സന്നാഹങ്ങളോടെല്ലാം വേഗം തയാറാകാൻ എ.ടി.സിയിൽ നിന്ന് നിർദ്ദേശം പോയി. അപ്പോൾ തന്നെ വിമാനം വീഴുകയും ചെയ്തു. റൺവേയുടെ അറ്റത്തായിരുന്നു വിമാനം അപ്പോൾ.

എമിറേറ്റ്‌സ് വിമാനത്തിന്റെ ലാൻഡിങ് ഗിയർ തകരാറിലായെന്നാണു പ്രാഥമിക നിഗമനം. വിമാനം ഇറങ്ങാനൊരുങ്ങുമ്പോഴാണു ലാൻഡിങ് ഗിയർ ഇടുക. അതുകാരണം ലാൻഡിങ് ഗിയർ (ചക്രങ്ങൾ പിടിപ്പിച്ചിട്ടുള്ളത് ലാൻഡിങ് ഗിയറിലാണ്) പുറത്തേക്കു വന്നില്ല. ഇത്തരം സാഹചര്യത്തിൽ വിമാനം വെള്ളത്തിലിറക്കുക മാത്രമാണു ചെയ്യാവുന്നതിൽ ഏറ്റവും സുരക്ഷിതം. പക്ഷേ, അതിനു കഴിയാത്തവിധം ഭൂമിയിലേക്ക് അടുത്തുപോയിരിക്കാം. ഇതോടെ വിമാനം 'ഉടലുരച്ച്' ലാൻഡ് ചെയ്യുന്ന സാഹചര്യമുണ്ടാകും. വീലുകൾ റൺവേയിൽ തൊടുന്നതിനു പകരം വിമാനത്തിന്റെ അടിഭാഗം റൺവേയിൽ തൊടും. ഇതിനു 'ബെല്ലി ലാൻഡിങ്' എന്നാണു പറയുക.

ലാൻഡിങ് ഘട്ടത്തിൽ വിമാനം റൺവേയിൽ നിന്ന് 12 - 15 കിലോമീറ്റർ അകലെയാകുമ്പോഴാണു ലാൻഡിങ് ഗിയറിനുള്ള ലിവർ പ്രവർത്തിപ്പിക്കുക. വിമാനങ്ങളുടെ ചിറകുകൾക്കു താഴെയായി രണ്ടു വശങ്ങളിലായാണു പ്രധാന ലാൻഡിങ് ഗിയർ. കൂടാതെ മുൻവശത്തും ഒരെണ്ണമുണ്ട്. ലാൻഡിങ് ഗിയർ താഴെ വന്നു ലോക്ക് ചെയ്തു കഴിഞ്ഞാൽ പൈലറ്റിനു കൃത്യമായി അറിയാനുള്ള സാങ്കേതിക വിദ്യയുണ്ട്. ഗിയർ പുറത്തെത്തി ലോക്കായാൽ പച്ച ലൈറ്റ് തെളിയും. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ ചുവന്ന ലൈറ്റ് തെളിയും. ഇലക്ട്രിക്, ഹൈഡ്രോളിക് സംവിധാനങ്ങൾ പ്രവർത്തിച്ചില്ലെങ്കിൽ മാനുവൽ എക്റ്റൻഷൻ ലിവർ ഉപയോഗിച്ചും ഗിയർ താഴെയിറക്കാം.

ഗിയർ പുറത്തെത്തി ലോക്കായശേഷം അതിന് എന്തെങ്കിലും സംഭവിക്കാനുള്ള സാധ്യത വളരെക്കുറവാണ്. ആദ്യം പിന്നിലെ ഗിയറുകളാകും റൺവേയിൽ സ്പർശിക്കുക. അതിനു ശേഷം മുന്നിലെ ലാൻഡിങ് ഗിയർ റൺവേ തൊടും. സാധാരണ ലാൻഡിങ്ങുകളിൽ ഇങ്ങനെയാണു സംഭവിക്കുന്നത്. ലാൻഡിങ് ഗിയർ പ്രവർത്തിക്കാതിരിക്കാൻ രണ്ടു സാധ്യതയാണുള്ളത്. ഗിയർ പുറത്തേക്കു വരാതിരിക്കുകയാണ് ആദ്യത്തേത് - ഗിയറുകളിൽ ഒരെണ്ണം പുറത്തു വരാത്തതാകാം, ഒന്നും പ്രവർത്തിക്കാത്തതാകാം. ഗിയർ പുറത്തു വന്നെങ്കിലും ലോക്ക് വീഴാതെ വരുന്നതാണു മറ്റൊരു സാധ്യത. അതായതു റൺവേയിൽ തൊട്ടശേഷം തിരികെ വീൽബേയിലേക്കു ഗിയർ മടങ്ങും. ഇങ്ങനെ സംഭവിച്ചാൽ 'ബെല്ലി ലാൻഡിങ്' സംഭവിക്കും.

വേലനലവധി കഴിഞ്ഞ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബങ്ങളായിരുന്നു വിമാനത്തിലെ പ്രധാന യാത്രക്കാർ. ് വിമാനം തീപിടിച്ചുണ്ടായ അപകടത്തെ തുടർന്ന് അടച്ചിട്ട ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിൽ സർവീസുകൾ അറ്റകുറ്റപണികൾക്ക് ശേഷം പുനരാരംഭിച്ചു. അപകടത്തെ തുടർന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ യു.എ.ഇയിലെ മറ്റു വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP