Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

ഉംപുൻ കര തൊട്ടപ്പോൾ വിറകൊണ്ട് ബംഗാളും ഒഡീഷയും; കനത്തമഴയിലും കാറ്റിലും മരങ്ങൾ കടപുഴകി; ഇരുസംസ്ഥാനങ്ങളിലുമായി 5 മരണം; കൊൽക്കത്തയിലെ തെരുവുകളിൽ വെള്ളക്കെട്ട്; വൈദ്യുതി പോസ്റ്റുകൾ വീണതോടെ പലയിടവും ഇരുട്ടിൽ; ബംഗാളിൽ 5500 ലേറെ വീടുകൾ തകർന്നു; ചുഴലിക്കാറ്റ് ശൗര്യം കാട്ടിയത് മണിക്കൂറിൽ 185 കി.മീ വേഗത്തിൽ ; നാളെ ഉച്ചയോടെ വേഗം കുറയും; വെള്ളിയാഴ്‌ച്ചയോടെ ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേയ്ക്ക് നീങ്ങും; കേരളത്തിലും ജാഗ്രത

ഉംപുൻ കര തൊട്ടപ്പോൾ വിറകൊണ്ട് ബംഗാളും ഒഡീഷയും; കനത്തമഴയിലും കാറ്റിലും മരങ്ങൾ കടപുഴകി; ഇരുസംസ്ഥാനങ്ങളിലുമായി 5 മരണം; കൊൽക്കത്തയിലെ തെരുവുകളിൽ വെള്ളക്കെട്ട്; വൈദ്യുതി പോസ്റ്റുകൾ വീണതോടെ പലയിടവും ഇരുട്ടിൽ; ബംഗാളിൽ 5500 ലേറെ വീടുകൾ തകർന്നു; ചുഴലിക്കാറ്റ് ശൗര്യം കാട്ടിയത് മണിക്കൂറിൽ 185 കി.മീ വേഗത്തിൽ ; നാളെ ഉച്ചയോടെ വേഗം കുറയും; വെള്ളിയാഴ്‌ച്ചയോടെ ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേയ്ക്ക് നീങ്ങും; കേരളത്തിലും ജാഗ്രത

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പശ്ചിമബംഗാളിലും ഒഡീഷയും ആഞ്ഞടിച്ച് ഉംപുൻ ചുഴലിക്കാറ്റ്. ബംഗാളിൽ മൂന്നുപേരും ഒഡിഷയിൽ രണ്ടുപേരും മരിച്ചു. മരം ദേഹത്തേക്ക് വീണാണ് കൊൽക്കത്തയിൽ സ്ത്രീ മരിച്ചത്. കൊൽക്കത്തയിൽ പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു. തെരുവുകളിൽ വെള്ളക്കെട്ടുണ്ടായി. നിരവധി വ്യാപാരസ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ചുഴലിക്കാറ്റിന്റെ ആദ്യ ഭാഗം ഉച്ചയ്ക്കു രണ്ടരയോടെ ബംഗാളിൽ പ്രവേശിച്ചിരുന്നു. ചുഴലിക്കാറ്റിന്റെ ഏറ്റവും കൂടിയ വേഗം കൊൽക്കത്തയിലാണ് രേഖപ്പെടുത്തിയത്. വൈകിട്ട് 7.30 ന് മണിക്കൂറിൽ 133 കി.മീ.വേഗത.ഹൗറയിലും ഹൂഗ്ലിയിലും 130 കി.മീ.

മരങ്ങൾ കടപുഴകിയതോടെ പലയിടത്തും വൈദ്യുതി മുടങ്ങി. കൊൽക്കത്തയിലെ ചില പഴയ കെട്ടിടങ്ങളിൽ താമസിച്ചിരുന്നവരെ താൽക്കാലിക റസ്‌ക്യൂ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ, ചിലർ വീട് വിട്ടിറങ്ങാൻ വിസമ്മതിച്ചതായി കൊൽക്കത്ത മുൻസിപ്പൽ കോർപറേഷൻ അഡ്‌മിനിസ്‌ട്രേറ്റർ ഫിർഹദ് ഹക്കീം പറഞ്ഞു. 190 കിലോമീറ്റർ വരെ വേഗം പ്രാപിക്കാൻ ശേഷിയുള്ള ചുഴലിക്കാറ്റാണ് ഉംപുൻ. പശ്ചിമബംഗാളിലെ ദിഗയ്ക്കും ബംഗ്ലാദേശിലെ ഹതിയ ദ്വീപിനും ഇടയിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്. ഒഡീഷയുടെയു ബംഗാളിന്റെയും തീരമേഖലയിൽ നാശം വിതചച് കൊണ്ട് പ്രയാണം, സൗത്ത് 24 പർഗനസ് ജില്ലയിലെ മിനാഖൻ മേഖലയിലും ഹൗറ ജില്ലയിവും രണ്ടു സ്ത്രീകൾ മരം വീണ് മരിച്ചു. ബംഗാളിലും ഒഡീഷയിലും കനത്ത മഴയും കാറ്റുമാണ്.അയ്യായിരത്തോളം വീടുകൾ തകർന്നു. 6.58 ലക്ഷം പേരെയാണ് ബംഗാളിലും ഒഡീഷയിലുമായി ചുഴലിക്കാറ്റിന് മുമ്പ് ഒഴിപ്പിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയുടെ 20 ടീമുകൾ ഒഡീഷയിൽ റോഡിലെ തടസ്സങ്ങൾ നീക്കി വരികയാണ്. ബംഗാളിലെ 10 യൂണിറ്റുകൾ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണ്.

ബുധനാഴ്ച വൈകുന്നേരമാണ് ചുഴലിക്കാറ്റ് കരതൊട്ടത്. പശ്ചിമബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴയാണ് ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളുടെ തീരത്ത്. ബുധനാഴ്ച രാവിലെയായപ്പോൾ ചുഴലിക്കാറ്റിന്റെ വേഗം അൽപം കുറഞ്ഞത് ആശ്വാസമാണെങ്കിലും തീവ്രതയിൽ കുറവു വന്നിട്ടില്ലെന്നത് ആശങ്കയുളവാക്കുന്നു.

ഒഡീഷയിലെ പുരി, ഖുർദ, ജഗത്സിങ്പുർ, കട്ടക്, കേന്ദ്രപ്പാറ, ജജ്പുർ, ഗൻജം, ഭന്ദ്രക്, ബാലസോർ ജില്ലകളിൽ അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നു രാവിലെ മുതൽ ബംഗാളിന്റെ തലസ്ഥാനമായ കൊൽക്കത്തയിലും മഴ പെയ്യുന്നുണ്ട്. ഏതു സാഹചര്യത്തെ നേരിടാനുമായി ദേശീയ ദുരന്ത നിവാരണസേന രണ്ടു സംസ്ഥാനങ്ങളിലുമായി 45 പേരടങ്ങുന്ന 41 സംഘത്തെ തയാറാക്കി നിർത്തിയിരിക്കുകയാണ്. അഗ്നിരക്ഷാ സേനയും പൂർണസജ്ജരാണ്. നാവികസേനയുടെ ഡൈവർമാർ പ്രത്യേക സുരക്ഷാ ഉപകരണങ്ങളുമായി ഒഡീഷയിലെ സൗത്ത് പർഗാനാസിലെ ഡയമണ്ട് ഹാർബറിൽ തയാറാണ്. വിശാഖപട്ടണത്തും പാരദീപിലും ഗോലാപുരിലുമുള്ള ഡോപ്ലർ വെതർ റഡാർ (ഡിഡബ്ല്യുആർ) ഉപയോഗിച്ച് ചുഴലിക്കാറ്റിനെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്.

1999ൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റിനു ശേഷം വരുന്ന ഏറ്റവും മാരകമായ കാറ്റാണ് ഉംപൂൺ എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മേധാവി മൃത്യുഞ്ജയ് മൊഹാപത്ര വ്യക്തമാക്കി.കൊൽക്കത്ത നഗരം അതീവ ജാഗ്രതയിലാണ്. മേൽപ്പാലങ്ങൾ ഇതിനോടകം അടച്ചു കഴിഞ്ഞു. ആളുകൾ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. നാളെ രാവിലെ 5 വരെ കൊൽക്കത്ത വിമാനത്താവളത്തിൽ നിന്നുള്ള അവശ്യ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങൾ ഇരു സംസ്ഥാനങ്ങളിലുമായുണ്ട്. രക്ഷാ പ്രവർത്തനത്തിനായി നാവിക സേനയുടെ 20 സംഘങ്ങളും തയാറാണ്.

കരതൊട്ടശേഷം കാറ്റിന്റെ വേഗം കുറയുമെങ്കിലും കനത്ത മഴ തുടരും.കഴിഞ്ഞ ദിവസങ്ങളിൽ 265 കീമീ വേഗത്തിൽ വരെ വീശിയ ചുഴലിക്കാറ്റ് കഴിഞ്ഞ 24 മണിക്കൂറിൽ ദുർബലമായി തുടങ്ങിയിട്ടുണ്ട്. അസം, മേഘാലയ ഉൾപ്പടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. നാളെ ഉച്ചയോടെ കാറ്റിന്റെ ശക്തി കുറയും. വെള്ളിയാഴ്‌ച്ചയോടെ ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേയ്ക്ക് നീങ്ങും. കേരളത്തിലും ഉംപുനിന്റെ പ്രഭാവം മൂലം നാളെവരെ മഴയും കാറ്റുമുണ്ടാകും. ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങുന്തോറും കേരളം അടക്കമുള്ള പടിഞ്ഞാറൻ തീരത്ത് മഴ കുറയും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP