Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

പൊട്ടിത്തെറിക്കണമെങ്കിൽ പെട്രോളോ ഡീസലോ അടക്കമുള്ള ഇന്ധനവുമായി സമ്പർക്കത്തിൽ വരണം; മറ്റ് സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചാലും അത്യുഗ്രസ്‌ഫോടനം; ബെയ്‌റൂട്ടിനെ തകർത്ത അമോണിയെ നൈട്രേറ്റ് കേരളത്തിന്റെ വിവിധ ജില്ലകളിലുള്ളത് 5000 മുതൽ 35,000 വരെ കിലോഗ്രാം വരെ അളവിൽ; വിനാശകാരിയായ കെമിക്കൽ വീണ്ടും ദുരന്തം വിതയ്ക്കുമ്പോൾ

പൊട്ടിത്തെറിക്കണമെങ്കിൽ പെട്രോളോ ഡീസലോ അടക്കമുള്ള ഇന്ധനവുമായി സമ്പർക്കത്തിൽ വരണം; മറ്റ് സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചാലും അത്യുഗ്രസ്‌ഫോടനം; ബെയ്‌റൂട്ടിനെ തകർത്ത അമോണിയെ നൈട്രേറ്റ് കേരളത്തിന്റെ വിവിധ ജില്ലകളിലുള്ളത് 5000 മുതൽ 35,000 വരെ കിലോഗ്രാം വരെ അളവിൽ; വിനാശകാരിയായ കെമിക്കൽ വീണ്ടും ദുരന്തം വിതയ്ക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലെബനനിലെ ബെയ്റുട്ടിലെ ദുരന്തം കേരളത്തിലും സംഭവിക്കാൻ സാധ്യതകൾ ഏറെ. ലെബനനിൽ വമ്പൻ സ്‌ഫോടനത്തിനു കാരണമായ അമോണിയം നൈട്രേറ്റിന്റെ ശേഖരം കേരളത്തിലുമുണ്ട്. 5000 മുതൽ 35,000 വരെ കിലോഗ്രാമാണ് വിവിധ ജില്ലകളിലുള്ളത്. ഇവ പൊട്ടിത്തെറിക്കണമെങ്കിൽ ഇന്ധനവുമായി, അഥവാ പെട്രോളോ ഡീസലോ ആയി സമ്പർക്കത്തിൽ വരണം. അല്ലെങ്കിൽ മറ്റു സ്‌ഫോടകവസ്തുക്കൾ അമോണിയം നൈട്രേറ്റിനൊപ്പം ഉപയോഗിക്കണം. അതുകൊണ്ട് തന്നെ സുരക്ഷിതമായി ഉപയോഗിച്ചാൽ അപകടം ഒഴിവാക്കാം. അതുകൊണ്ട് തന്നെ സുരക്ഷാ മാനദണ്ഡങ്ങൾ ഈ സംഭരണ കേന്ദ്രങ്ങളിൽ ഉറപ്പാക്കേണ്ടതുണ്ട്.

സ്‌ഫോടനങ്ങൾക്കായി ക്വാറികളിലേക്കും അനസ്‌തേഷ്യയ്ക്കായുള്ള നൈട്രസ് ഓക്‌സൈഡ് നിർമ്മിക്കാനുമാണ് ഇത് ഉപയോഗിക്കുന്നത്. ഇത്തരത്തിൽ 17 ലൈസൻസുകൾ കേന്ദ്ര ഏജൻസിയായ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) നൽകിയിട്ടുണ്ട്. ലെബനനിലെ തുറമുഖത്ത് സൂക്ഷിച്ചിരുന്ന 2750 ടൺ അമോണിയം നൈട്രേറ്റ് ശേഖരമാണ് പൊട്ടിത്തെറിച്ചത്. ഈ സാഹചര്യത്തിലാണ് കേരളവും കണക്കെടുപ്പ് നടത്തിയത്. വലിയ ഭീതി വേണ്ടെന്നാണ് വിലയിരുത്തൽ.

Stories you may Like

കേരളത്തിൽ തൃശ്ശൂരും എറണാകുളത്തുമുള്ള ഓരോ ലൈസൻസുകൾ അനസ്‌തേഷ്യയ്ക്കായുള്ള നൈട്രസ് ഓക്സൈഡ് നിർമ്മിക്കാനാണ്. ബാക്കിയുള്ളവ മുഴുവൻ ക്വാറികളിൽ സ്‌ഫോടനം നടത്താനും. ഇന്ത്യയിൽ അമോണിയം നൈട്രേറ്റ് ഉത്പാദിപ്പിക്കുന്നത് പുണെയിലുള്ള ദീപക് ഫെർട്ടിലൈസേഴ്സ് ആൻഡ് പെട്രോകെമിക്കൽസ് കോർപറേഷനാണ്. റഷ്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്നുമുണ്ട്. മുംബൈ, വിശാഖപട്ടണം തുറമുഖങ്ങളിലൂടെ മാത്രമേ അമോണിയം നൈട്രേറ്റ് ഇറക്കുമതി ചെയ്യാൻ അനുമതിയുള്ളൂ.

അമോണിയം നൈട്രേറ്റ് മൂലം ഇന്ത്യയിൽ ഇതുവരെ അപകടമുണ്ടായിട്ടില്ലെന്നതും ആശ്വാസമാണ്. ഇവ കോൺക്രീറ്റ് കെട്ടിടത്തിൽ ചാക്കുകളിലാക്കി വേണം സൂക്ഷിക്കാൻ. രണ്ടരമീറ്റർ കൂടുതൽ ഉയരത്തിൽ വെക്കരുത്. സംഭരണശേഷിയനുസരിച്ച് ഭിത്തിയിലേക്കുള്ള അകലം നാലരമുതൽ ഒമ്പതുവരെ മീറ്ററാണ്. മിന്നൽ രക്ഷാചാലകം വേണം. സബ് ഇൻസ്പെക്ടർ റാങ്കിനു മുകളിലേക്കുള്ള പൊലീസ് ഉദ്യോഗസ്ഥർ ആറുമാസം കൂടുമ്പോൾ സംഭരണകേന്ദ്രത്തിൽ പരിശോധന നടത്തണമെന്നും നിബന്ധനയുണ്ട്.

അമോണിയം നൈട്രേറ്റ് എന്ന സ്‌ഫോടകവസ്തു പലപ്പോഴും വൻ സ്‌ഫോടനങ്ങൾക്ക് കാരണമായിട്ടുണ്ട്. 1947-ൽ ടെക്‌സാസിൽ അമോണിയം നൈട്രേറ്റുമായി വന്ന കപ്പലിന് തീപിടിച്ച് സ്‌ഫോടനമുണ്ടായി. 581 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 1921-ൽ ജർമനിയിലെ ഒപ്പാവിലെ ഒരു ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ 4500 ടൺ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചത്. 500-ലേറെ പേർ കൊല്ലപ്പെട്ടു. 2015-ൽ ചൈനയിലെ ടിയാജിനിലുണ്ടായ സ്‌ഫോടനത്തിൽ 173 പേർക്കാണ് ജീവൻ നഷ്ടമായത്.

ലെബനനിലെ തുറമുഖത്തിന് സമീപത്തുള്ള വെയർഹൗസിൽ കഴിഞ്ഞ ആറ് വർഷമായി വലിയ അളവിൽ അമോണിയം നൈട്രേറ്റ് സൂക്ഷിച്ചുവച്ചിരുന്നതായാണ് റിപ്പോർട്ട്. എങ്ങനെയാണ് ഇത് പൊട്ടിത്തെറിച്ചതെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഉദ്യോഗസ്ഥർ. വെയർഹൗസ് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പ്രധാനമന്ത്രിയും വ്യക്തമാക്കിയിരുന്നു. സംഭവത്തിന് തീവ്രവാദ ബന്ധങ്ങളില്ലെന്നാണ് ഇതുവരെയുള്ള കണ്ടെത്തലെന്ന് ലെബനൻ ജനറൽ സെക്യൂരിറ്റി സർവീസ് മേധാവി മേജർ ജനറൽ അബ്ബാസ് ഇബ്രാഹിമും പ്രതികരിച്ചു. സത്യാവസ്ഥ അറിയുന്നതിന് മുമ്പ് സംഭവത്തിന് തീവ്രവാദബന്ധമുണ്ടെന്ന ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അഞ്ച് ബില്യൺ ഡോളറിന്റെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് ഇതുവരെയുള്ള വിലയിരുത്തൽ. മൂന്ന് ലക്ഷത്തോളം പേർക്ക് കിടപ്പാടം നഷ്ടമായെന്നും അവർക്ക് വേണ്ട അടിയന്തര സൗകര്യങ്ങൾ ഒരുക്കാനുള്ള കഠിനശ്രമത്തിലാണെന്നും ബെയ്‌റുത്ത് സിറ്റി ഗവർണർ മർവാൻ അബൗദും പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ട് പ്രാദേശിക സമയം ആറ് മണിയോടെയാണ് ബെയ്‌റുട്ടിനെ നടുക്കിയ സ്‌ഫോടനങ്ങളുണ്ടായത്. ആദ്യം ചെറിയ പൊട്ടിത്തെറിയാണുണ്ടായത്. ഇതിനെത്തുടർന്ന് അന്തരീക്ഷത്തിലാകെ പുകനിറഞ്ഞു. പിന്നാലെ ഉഗ്രശബ്ദത്തോടെ അതിഭീകരമായ സ്‌ഫോടനമുണ്ടായി. 240 കിലോമീറ്റർ അകലെയുള്ള സൈപ്രസിൽ വരെ സ്‌ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

ഇതുവരെ നൂറിലധികം പേർ സ്‌ഫോടനങ്ങളെത്തുടർന്ന് കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. നാലായിരത്തിലേറെ പേർക്ക് പരിക്കേറ്റു. സ്‌ഫോടനം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും നഗരത്തിന്റെ പലയിടത്തും രക്ഷാപ്രവർത്തനം തുടരുകയാണ്.

ആശുപത്രികളടക്കം തകർന്നതിനാൽ വിവിധയിടങ്ങളിൽ തുറസായ സ്ഥലത്താണ് രോഗികളെ ചികിത്സിക്കുന്നതെന്നാണ് റിപ്പോർട്ട്. ലെബനിനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് റെഡ്‌ക്രോസ് അടക്കമുള്ള സംഘടനകൾ എല്ലാവിധ സഹായവും ഉറപ്പുനൽകിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP