Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

സൂക്ഷിക്കുക..തലച്ചോർ തിന്നുന്ന അമീബ കേരളത്തിലുമുണ്ട്; കുളങ്ങളിലും ഒഴുക്കുകുറഞ്ഞ തോടുകളിലും ദീർഘനേരം കളിക്കുന്ന കുട്ടികൾ സൂക്ഷിക്കുക; കോവിഡ്കാലത്ത് അത്യപൂർവ്വ രോഗമായ 'അമീബിക് മെനിഞ്ചൈറ്റിസ്' ബാധിച്ച് മലപ്പുറത്ത് പന്ത്രണ്ടുകാരൻ മരിച്ചത് ആരോഗ്യപ്രവർത്തകരെ ഞെട്ടിച്ചു; രോഗം കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് നാലാം തവണ; ക്ലോറിനേഷനിൽ ജാഗ്രത വേണമെന്നും അധികൃതർ

സൂക്ഷിക്കുക..തലച്ചോർ തിന്നുന്ന അമീബ കേരളത്തിലുമുണ്ട്; കുളങ്ങളിലും ഒഴുക്കുകുറഞ്ഞ തോടുകളിലും ദീർഘനേരം കളിക്കുന്ന കുട്ടികൾ സൂക്ഷിക്കുക; കോവിഡ്കാലത്ത് അത്യപൂർവ്വ രോഗമായ 'അമീബിക് മെനിഞ്ചൈറ്റിസ്' ബാധിച്ച് മലപ്പുറത്ത് പന്ത്രണ്ടുകാരൻ മരിച്ചത് ആരോഗ്യപ്രവർത്തകരെ ഞെട്ടിച്ചു; രോഗം കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് നാലാം തവണ; ക്ലോറിനേഷനിൽ ജാഗ്രത വേണമെന്നും അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കോവിഡ്കാലത്ത് അത്യപൂർവ്വ രോഗമായ 'അമീബിക് മെനിഞ്ചൈറ്റിസ്' മലപ്പുറത്ത് പന്ത്രണ്ടുകാരൻ മരിച്ചതും അരോഗ്യപ്രവർത്തകരെ ഞെട്ടിച്ചിരിക്കയാണ്. കോട്ടയ്ക്കൽ സ്വദേശിയായ മിഷാൽ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. അപുർവങ്ങളിൽ അപൂർവ രോഗമാണെങ്കിലും കേരളത്തിലിത് റിപ്പോർട്ട് ചെയ്യുന്നത് നാലാം തവണയാണെന്നതിനാൽ ജാഗ്രതവേണമെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.

വെള്ളത്തിൽ കാണപ്പെടുന്ന നീഗ്ലേറിയ ഫൗളേറി ഒരിനം അമീബയാണ് ഈ രോഗത്തിന് കാരണമാകുന്നത്. 'തലച്ചോർ തിന്നുന്ന അമീബ' എന്നാണിത് അറിയപ്പെടുന്നത്. വെള്ളത്തിൽ സാധാരണനിലയിൽ ഇതുണ്ടാകാറില്ല. ഉപ്പുവെള്ളത്തിലും കാണപ്പെടാറില്ല. ഒഴുക്ക് കുറഞ്ഞ് കെട്ടിക്കിടക്കുന്നതോ, മലിനമായതോ ആയ ജലാശയങ്ങളിൽ കാണപ്പെട്ടേക്കാം. അതല്ലെങ്കിൽ ശുദ്ധീകരിക്കാത്ത വാട്ടർ ഹീറ്ററുകളിലും ഇത് കാണാം.

നാൽപത് ഡിഗ്രി സെൽഷ്യസ് വരെ അതിജീവിക്കാൻ കഴിവുള്ള ഈ അമീബ മൂക്കിലൂടെ കയറുന്ന വെള്ളത്തിലൂടെ ശരീരത്തിലെത്തുന്നു. നേരിട്ട് മസ്തിഷ്‌കത്തിലേക്കാണ് ഇത് പോവുക. തലച്ചോറിനകത്തെ ചില രാസപദാർത്ഥങ്ങളെ ഭക്ഷണമാക്കി, ഇവർ അവിടെത്തന്നെ കൂടും. ഇതുതന്നെയാണ് മിഷാലിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. നീന്തൽക്കുളത്തിൽ അധികനേരം കളിച്ച മിഷാലിന്റെ ശരീരത്തിലേക്ക് അതുവഴി കയറിയ അമീബ പിന്നീട് തലച്ചോറിനെ ബാധിക്കുകയായിരുന്നു. മറ്റ് മസ്തിഷ്‌കജ്വരങ്ങളിൽ നിന്ന് വ്യത്യസ്തമായി വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഗുരുതരമാകുന്ന അവസ്ഥയാണ് 'അമീബിക് മെനിഞ്ചൈറ്റിസ്'. 5 ദിവസങ്ങൾക്കകം രോഗം മൂർച്ഛിക്കും. 97 ശതമാനം മരണനിരക്കുള്ള രോഗത്തിൽ നിന്ന് രക്ഷപ്പെടാനുള്ള സാധ്യതകളും വളരെ കുറവാണ്.

മണ്ണിലും ഈ ഏകകോശ ജീവിയുടെ സാന്നിധ്യമുണ്ടെങ്കിൽ അവിടെ നിർജീവമായിരിക്കും. എന്നാൽ മലിനപ്പെട്ടതും അൽപം ചൂടുള്ളതുമായ വെള്ളം ലഭിച്ചാൽ ഈ ഏകകോശ ജീവി വളരെ വേഗം പെറ്റുപെരുകും. തടാകങ്ങൾ, പുഴകൾ, തോടുകൾ, നീന്തൽകുളങ്ങൾ എന്നിവയിൽ ഇവ കാണപ്പെടാം.മൂക്കിലൂടെ വെള്ളം ശക്തിയായി കടന്നു പോകുന്നതാണു രോഗബാധക്ക് കാരണം. വേനലും ജലാശയ മലിനീകരണവും ഒന്നിച്ചായാൽ ഇത്തരം രോഗാണു ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ദ്ധർ പറയുന്നു. 46 ഡിഗ്രീ വരെ താപനിലയുള്ള വെള്ളത്തെ അതിജീവിക്കാൻ ഈ കോശജീവികൾക്കാവും എന്നാൽ തീരെ തണ്ണുത്ത വെള്ളത്തിലും ഉപ്പ് വെള്ളത്തിലും ഇവയ്ക്ക് അതിജീവനം സാധ്യമല്ല.

കടുത്ത പനി, തലവേദന, വയറുവേദന എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് കഴുത്തുവേദനയും മാനസികാസ്വാസ്ഥ്യവും അപസ്മാര ലക്ഷണങ്ങളും കാണിക്കാം. കുളങ്ങളിലോ മറ്റ് ജലാശയങ്ങളിലോ കുട്ടികൾ പോകുമ്പോൾ അവിടങ്ങളിലെ വെള്ളത്തിന്റെ ശുദ്ധി കൂടി ഉറപ്പുവരുത്തിയാൽ ഇത്തരം അപകടകരമായ രോഗങ്ങളിൽ നിന്ന് അവരെ നമുക്ക് രക്ഷിക്കാം. ക്ലോറിനേഷൻ ചെയ്ത കുളങ്ങൾ മാത്രം ഉപയോഗിക്കുന്നതാണ് ഏറ്റവും സുരക്ഷിതമെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പും നൽകുന്നു.

2018 മെയ്17മലപ്പുറം പെരിന്തൽമണ്ണയിൽ രണ്ട് ദിവസം മുൻപ് പത്ത് വയസ്സുകാരി മരിച്ചത് അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജിൽ പരിശോധിച്ച സാംപിളുകളിലാണ് അപൂർവ മസ്തിഷ്‌കജ്വരം ബാധിച്ചതായി കണ്ടെത്തിയത്. കുട്ടി കായലിൽ കുളിച്ചിരുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് അമീബിക് മെനിഞ്ചൈറ്റിസിന്റെ സാധ്യത പരിശോധിച്ചത്. പരിശോധനയിൽ ഈ നിഗമനം ശരിയാണെന്ന് തെളിഞ്ഞു. കണ്ടെത്തിയിട്ടുള്ളുവെന്നാണ് വിവരം. 2016 മാർച്ചിൽ ആലപ്പുഴയിലാണ് ഇത്തരത്തിലുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നത്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP