Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നടിമാർ പുതിയ സംഘടന പ്രഖ്യാപിച്ചത് 'അമ്മ' അറിയാതെ; സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് നടപടി എടുക്കണമെന്ന് താര നേതാക്കൾ; മഞ്ജുവും കൂട്ടരും മുഖ്യമന്ത്രിയെ സന്ദർശിച്ചത് ടിവിയിൽക്കണ്ട് ഞെട്ടി ഇടത് എംപി ഇന്നസെന്റ് ഉൾപ്പെടെയുള്ള താരങ്ങൾ; 'വുമൺ കളക്ടീവി'ന് ഒപ്പമെന്ന സന്ദേശം നൽകി പൃത്ഥ്വിരാജും ന്യൂജെൻ താരങ്ങളും; പിളർപ്പിന്റെ വക്കിൽ താരസംഘന

നടിമാർ പുതിയ സംഘടന പ്രഖ്യാപിച്ചത് 'അമ്മ' അറിയാതെ; സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് നടപടി എടുക്കണമെന്ന് താര നേതാക്കൾ; മഞ്ജുവും കൂട്ടരും മുഖ്യമന്ത്രിയെ സന്ദർശിച്ചത് ടിവിയിൽക്കണ്ട് ഞെട്ടി ഇടത് എംപി ഇന്നസെന്റ് ഉൾപ്പെടെയുള്ള താരങ്ങൾ; 'വുമൺ കളക്ടീവി'ന് ഒപ്പമെന്ന സന്ദേശം നൽകി പൃത്ഥ്വിരാജും ന്യൂജെൻ താരങ്ങളും; പിളർപ്പിന്റെ വക്കിൽ താരസംഘന

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനായായ 'അമ്മ' പിളർപ്പിന്റെ വക്കിൽ. മഞ്ജു വാര്യരുടെ നേതൃത്വത്തിൽ നടിമാർ പുതിയ സംഘടന രൂപീകരിച്ചതാണ് പിളർപ്പിലേക്ക് നയിച്ചേക്കാവുന്ന തരത്തിലുള്ള പ്രതിസന്ധി 'അമ്മ' യിൽ ഉണ്ടാക്കിയിരിക്കുന്നത്.

ചലച്ചിത്രമേഖലയിൽ നടിമാർക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമവും സാമ്പത്തിക തട്ടിപ്പുകളും ക്രമിനലുകളുടെ അതിപ്രസരവും രൂക്ഷമായതിനെ തുടർന്നാണ് പുതിയ സംഘടനയുമായി നടിമാർ രംഗത്തെത്തിയത്. കൊച്ചിയിൽവച്ച് പ്രമുഖ നടി ആക്രമണത്തിന് ഇരയായിട്ടും അമ്മയുടെ നേതാക്കൾ ഫലപ്രദമായ നടപടികളെടുക്കുകയോ ക്രിമിനലുകളെ അകറ്റാൻ ശ്രമിക്കുകയോ ചെയ്യാത്തതിനെ തുടർന്നാണ് 'വുമൺ കളക്ടീവ് ഇൻ സിനിമ' എന്ന പേരിലുള്ള സംഘടനയ്ക്ക് മഞ്ജുവിന്റെ നേതൃത്വത്തിൽ വനിതാ ചലച്ചിത്ര പ്രവർത്തകർ രൂപം നൽകിയത്.

അതേസമയം 'അമ്മ'യിലെ അംഗങ്ങളായവർ സമാനമായ മറ്റൊരു സംഘടനയ്ക്ക് രൂപം നൽകിയത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് താരസംഘടനയുടെ നേതാക്കൾ ഉൾപ്പെടെയുള്ള മറ്റ് താരങ്ങൾ. പുതിയ സംഘടന രൂപീകരിക്കുന്നതിന് മുൻപ് ഭരവാഹികളെ അറിയിക്കുകയോ മുതിർന്ന സംഘടന പ്രവർത്തകരുമായി സംസാരിക്കുകയോ ചെയ്തില്ലെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നടിമാർ സന്ദർശിച്ചതിന് തൊട്ടുപിന്നാലെയാണ് മാധ്യമങ്ങൾക്ക് മുന്നിൽ മഞ്ജുവാര്യർ, പാർവതി, റീമ ക്ലലിംങ്കൽ എന്നിവർ പുതിയ സംഘടന പ്രഖ്യാപിച്ചത്. സംഘടനാ രൂപീകരണത്തിൽ സർക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റേയും പിന്തുണ തേടിയാണ് നടിമാർ സെക്രട്ടേറിയറ്റിലെത്തിയത്.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവർക്ക് ചലച്ചിത്രരംഗത്തെ പല പ്രമുഖരുമായും ഉറ്റ ബന്ധമുണ്ടെന്ന് ആക്ഷേപമുയർന്നിരുന്നു. എന്നാൽ പൊലീസ് അന്വേഷണം സിനിമാ താരങ്ങളുടെ ഡ്രൈവറായ പൾസർ സുനിയിലും കൂട്ടാളികളിലും അവസാനിക്കുകയായിരുന്നു. സൂപ്പർ താരത്തിലേക്കും നടിയുമായി സാമ്പത്തിക ഇടപാടുള്ള രാഷ്ട്രീയപ്രവർത്തനായ നടനിലേക്കും അന്വേഷണമെത്തുമെന്ന പ്രതീതി ഇടയ്ക്ക് ഉണ്ടായെങ്കിലും പതിവു പോലെ ഒന്നും സംഭവിച്ചില്ല. ഇതേത്തുടർന്ന് നടിമാർക്കിടയിൽ കടുത്ത അസംതൃപ്തി ഉടലെടുത്തിരുന്നു.

താരസംഘടനയുടെ തലപ്പത്ത് എംഎൽഎമാരും എംപി മാരും ഉൾപ്പെടെ സർക്കാരുമായി അടുത്ത ബന്ധമുള്ളവരും ഉണ്ടെങ്കിലും സിനിമാ ലോകത്തെ ക്രമിനൽവത്ക്കരണത്തിന് തടയിടാനോ നടിമാർക്ക് സുരക്ഷിതത്വം നൽകാനോ ആരും മിനക്കെട്ടില്ലെന്നാണ് നടിമാരുടെ പരാതി. ഇതേത്തുടർന്ന് നടിമാർ തമ്മിൽ നടത്തിയ ഫോൺ സംഭാഷണങ്ങൾക്കും ചാറ്റുകൾക്കുമിടയിലാണ് വനിതകൾക്കായി പുതുയൊരു ഫോറമെന്ന ആശയം രൂപമെടുക്കുന്നത്. പുതിയ സംഘടനയെന്ന ആശയത്തോട് 'അമ്മ'യുടെ ഭാരവാഹികൾ അനുകൂലമായി പ്രതികരിക്കില്ലെന്ന് ഉറപ്പായതോടെയാണ് സംഘടനാ പ്രഖ്യാപനം രഹസ്യമാക്കിവയ്ക്കാനും സർക്കാരിന്റെ പൂർണ പിന്തുണ ഉറപ്പാക്കാനും തീരുമാനിച്ചത്.

പുതിയ സംഘടന പ്രഖ്യാപിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ കൊച്ചി കേന്ദ്രീകരിച്ചുള്ള യുവ സംവിധായകന്റെ നേതൃത്വത്തിലാണ് നടന്നത്. സിപിഎമ്മുമായി ഏറെ ബന്ധമുള്ള ഇദ്ദേഹം വിഷയത്തിൽ സർക്കാരിന്റെ പിന്തുണ ഉറപ്പാക്കുന്നതിനാവശ്യമായ ചരടുവലികൾ നടത്തി. സൂപ്പർ താരങ്ങൾക്കുൾപ്പെടെ സർക്കാരിലും സി.പി.എം നേതാക്കളിലുമുള്ള സ്വാധീനവും പുതിയ സംഘടന രൂപീകരണത്തിന് വെല്ലുവിളിയായി. ഇതേത്തുടർന്ന് മഞ്ജുവാര്യർ തന്നെ നേരിട്ടാണ് മുഖ്യമന്ത്രിയോട് കൂടിക്കാഴ്ചയ്ക്കുള്ള അനുവാദം തേടിയത്.

'അമ്മ'യുടെ ഭാരവാഹികൾ ഉൾപ്പെടെയുള്ള പ്രമുഖതാരങ്ങൾ മാധ്യമങ്ങളിലൂടെയാണ് പുതിയ സംഘടനയുടെ പ്രഖ്യാപനം അറിഞ്ഞത്. സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടാറുള്ള ഭാഗ്യലക്ഷ്മി, മാല പാർവതി എന്നിവരെ ഒഴിവാക്കിയതും വിമത നീക്കത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ഉറപ്പാക്കുകയെന്ന ലക്ഷ്യമായിരുന്നു. വടക്കാഞ്ചേരി പീഡനകേസ് ഉയർത്തിക്കൊണ്ടുവന്ന് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ഇരവരും പിണറായിക്ക് അനഭിമതരായതരായതാണ് ഇതിനു കാരണം.

അതേസമയം പുതിയ സംഘടനാ രൂപീകരണത്തോടെ ചലച്ചിത്രമേഖലയിലെ വിവിധ സംഘടനകളിലുള്ളവർ നടിമാർക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്. അമ്മ അറിയാതെ പുതിയ സംഘടന രൂപീകരിച്ചവർക്കെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഇത് സംബന്ധിച്ച് ചർച്ച ചെയ്യാൻ അമ്മ ഉടൻ യോഗം ചേരുമെന്നാണ് സൂചന. അത്തരമൊരു അച്ചടക്ക നടപടിയുണ്ടായാൽ കൂട്ടരാജിയിലും പിളർപ്പിലേക്കും കാര്യങ്ങളെത്തുമെന്നതിൽ തർക്കമില്ല. ഇതിനിടെ വനിതകളുടെ നീക്കത്തിന് പൂർണ പിന്തുണനൽകി പൃഥിരാജ് ഉൾപ്പെടെ ന്യൂജെൻ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP