Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മമ്മൂട്ടിയുടെ വീട്ടിൽ ചെന്ന് ദിലീപിനെ പുറത്താക്കണം എന്നവശ്യപ്പെട്ട പൃഥ്വിരാജ് എന്തേ ഇപ്പോൾ ഒന്നും മിണ്ടുന്നില്ല? ഒന്നും തുറന്നു പറയുന്നില്ലെങ്കിലും ബിജു മേനോനും കുഞ്ചാക്കോ ബോബനും നിവിൻ പോളിയും അടക്കം അനേകം നടന്മാർ തികച്ചും അസ്വസ്ഥരെന്ന് സൂചന; അമ്മ പിളർത്തി പുതിയ സംഘടന ഉണ്ടാക്കാൻ സമ്മർദ്ദം ശക്തമാണെങ്കിലും റിസ്‌ക് എടുക്കാൻ മടിച്ച് യുവതാരങ്ങൾ; പിളർപ്പിന്റെ സാധ്യത വളരെ കുറവെങ്കിലും വിമതരുടെ എണ്ണം പെരുകുന്നതിൽ ആശങ്കപ്പെട്ട് 'അമ്മ'

മമ്മൂട്ടിയുടെ വീട്ടിൽ ചെന്ന് ദിലീപിനെ പുറത്താക്കണം എന്നവശ്യപ്പെട്ട പൃഥ്വിരാജ് എന്തേ ഇപ്പോൾ ഒന്നും മിണ്ടുന്നില്ല? ഒന്നും തുറന്നു പറയുന്നില്ലെങ്കിലും ബിജു മേനോനും കുഞ്ചാക്കോ ബോബനും നിവിൻ പോളിയും അടക്കം അനേകം നടന്മാർ തികച്ചും അസ്വസ്ഥരെന്ന് സൂചന; അമ്മ പിളർത്തി പുതിയ സംഘടന ഉണ്ടാക്കാൻ സമ്മർദ്ദം ശക്തമാണെങ്കിലും റിസ്‌ക് എടുക്കാൻ മടിച്ച് യുവതാരങ്ങൾ; പിളർപ്പിന്റെ സാധ്യത വളരെ കുറവെങ്കിലും വിമതരുടെ എണ്ണം പെരുകുന്നതിൽ ആശങ്കപ്പെട്ട് 'അമ്മ'

ആവണി ഗോപാൽ

കൊച്ചി: ദിലീപിനെ തിരിച്ചെടുത്തതിനെ കുറിച്ച് പൃഥ്വിരാജ് ഒന്നും പറയുന്നില്ല. എന്നാൽ മനസ്സ് തീരുമാനത്തിന് എതിരാണ്. അമ്മയുടെ അധ്യക്ഷ സ്ഥാനത്ത് മോഹൻലാൽ ഉള്ളതുകൊണ്ട് മാത്രമാണ് പൃഥ്വിരാജ് കരുതലെടുക്കുന്നത്. എന്നാൽ അതിശക്തമായ ഭാഷയിൽ തന്നെ തീരുമാനം തെറ്റാണെന്ന് മോഹൻലാൽ അടക്കമുള്ളവരോട് പൃഥ്വിരാജ് പറഞ്ഞു കഴിഞ്ഞു. തീരുമാനത്തെ മമ്മൂട്ടി പോലും അംഗീകരിക്കുന്നില്ല. ദുൽഖർ സൽമാനെ പോലുള്ളവരും തെറ്റായ തീരുമാനമെന്ന് വിശദീകരിക്കുന്നു. ബിജു മേനോനും നിവിൻ പോളിയും കുഞ്ചാക്കോ ബോബനും അസംതൃപ്തരാണ്. വിഷയത്തിൽ എല്ലാവരും മൗനം തുടരാനാണ് ഈ നടന്മാരുടെ തീരുമാനം. എന്നാൽ വമ്പൻ പൊട്ടിത്തെറിയിലേക്ക് എപ്പോൾ വേണമെങ്കിലും കാര്യങ്ങളെത്താം. ഇത് ' അമ്മ'യുടെ നേതൃത്വത്തെ ഏറെ ആശങ്കയിലാക്കുന്നുണ്ട്.

അമ്മയുടെ പ്രസിഡന്റ് മോഹൻലാലാണ്. ജനറൽ സെക്രട്ടറി ഇടവേള ബാബുവും. ഇടവേള ബാബുവിന് ഈ സ്ഥാനം നൽകാനുള്ള കാരണമാണ് ഏവരും തിരക്കുന്നത്. മോഹൻലാലും മമ്മൂട്ടിയും മാറി മാറി ജനറൽ സെക്രട്ടറിയാവുകയായിരുന്നു പതിവ്. സെക്രട്ടറിയായിരുന്ന ഇടവേള ബാബു സ്റ്റേജ് ഷോകളുടെ സംഘാടകനെന്ന നിലയിലാണ് 'അമ്മ'യിൽ പിടിമുറുക്കുന്നത്. ദിലീപിന്റെ വിശ്വസ്ത കൂടി കിട്ടിയതോടെ അമ്മയുടെ ദൈനംദിന ഭരണം ഇവേള ബാബുവിലായി. സിനിമകളിൽ വളരെ കുറച്ചു മാത്രമേ ഇടവേള ബാബു മത്സരിക്കാറുള്ളൂ. അതുകൊണ്ട് സിനിമാ-രാഷ്ട്രീയ തിരക്കുള്ള ഇന്നെസന്റിനോളം 'അമ്മ'യിൽ കരുത്താനാകാൻ ഇടവേള ബാബുവിനായി. ഇതാണ് ദിലീപിന്റെ തിരിച്ചുവരവിന് സാഹചര്യമൊരുക്കിയത്. ദിലീപ് പോലും സംഘടനയിലേക്ക് വരാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ അമ്മയെ ഇത്തരമൊരു വിവാദത്തിലേക്ക് തള്ളിവിട്ടത് എന്തിനാണെന്ന് ആർക്കും മനസ്സിലാകുന്നില്ല.

മലയാളസിനിമയിലെ ക്ഷുഭിതയൗവ്വനത്തിന്റെ പ്രതീകമായിരുന്ന നടൻ സുകുമാരൻ. മോഹൻലാലിനെ പോലുള്ളവർക്ക് തുടക്കകാലത്ത് താങ്ങും തണലുമായ വല്ല്യേട്ടൻ. ഗണേശ് കുമാറിനെ നടനാക്കിയ ഗോഡ് ഫാദർ. പക്ഷേ താരങ്ങളുടെ സംഘടന എത്തിയപ്പോൾ ഈ അതുല്യ പ്രതിഭയ്ക്ക് കിട്ടിയത് വിലക്കായിരുന്നു. സിനിമാരംഗത്തെ ചില പരാമർശങ്ങളുടെ പേരിൽ മൂന്നുവർഷത്തിലേറെക്കാലമാണ് സുകുമാരൻ സിനിമയില്ലാതെ വീട്ടിലിരുന്നത്. സുകുമാരനെ ഏറെ വേദനിപ്പിച്ച നാളുകളായിരുന്നു അത്. സ്വന്തമെന്ന് കരുതിയവർ പോലും തിരിഞ്ഞു നോക്കാത്ത വിലക്കിന്റെ കാലം. വിലക്കിന്റെ സമയത്താണ് ബൈജു കൊട്ടാരക്കര 'ബോക്‌സർ' എന്ന സിനിമയിലേക്ക് സുകുമാരനെ ക്ഷണിക്കുന്നത്. സംഘടനയുടെ വിലക്കുള്ളതിനാൽ തന്നെ വെച്ച് സിനിമ ചെയ്യുന്നത് റിസ്‌ക്കാകുമെന്ന് സുകുമാരൻ ബൈജുവിനോട് പറഞ്ഞു. സുകുമാരനെ വെച്ച് സിനിമയെടുത്താൽ റിലീസിന് തിയേറ്റർ കിട്ടില്ലെന്നൊക്കെ ചിലർ ബൈജുവിനെ ഭീഷണിപ്പെടുത്തിയതുമാണ്. പക്ഷേ, അതൊന്നും കേൾക്കാതെ ബൈജു ധൈര്യത്തോടെ മുന്നോട്ടുപോയി. എന്നാൽ ഷൂട്ടിങ് തുടങ്ങിയ ദിവസം ബൈജു സംഘടനയുടെ 'ശക്തി'യെന്താണെന്നറിഞ്ഞു. ത

ാരങ്ങളെയെല്ലാം 'അമ്മ' പിൻവലിച്ചതോടെ ആരും ലൊക്കേഷനിലെത്തിയില്ല. മൂന്ന്നാലു ദിവസം കാത്തിരുന്നിട്ടും ഫലമില്ലാതായതോടെ നിർമ്മാതാവ് ഉൾപ്പെടെ എല്ലാവരും അങ്കലാപ്പിലായി. ലക്ഷങ്ങളുടെ നഷ്ടം സംഭവിക്കുമെന്ന് ഉറപ്പായതോടെ ബൈജു സംഘടനയുടെ പ്രസിഡന്റിനെ സമീപിച്ച് ഒരുവിധം പ്രശ്‌നം പരിഹരിച്ചു. അച്ഛന്റെ വേദന കണ്ടായിരുന്നു പൃഥ്വി രാജെന്ന മകൻ അന്ന് ദിനങ്ങൾ തള്ളി നീക്കിയത്. അതുകൊണ്ട് കൂടിയാണ് നടിയെ ആക്രമിച്ച സംഭവത്തിൽ പൃഥ്വി ഉറച്ച നിലപാട് എടുത്ത്. അന്ന് തന്റെ അച്ഛനെ പുറത്താക്കിയ സംഘടന താൻ പിടിച്ചെടുക്കുമെന്ന നിലപാടിലായിരുന്നു താരം. ഈ വാശിയും വൈരാഗ്യവും മോഹൻലാലിനും മമ്മൂട്ടിക്കും അറിയാം. അതുകൊണ്ട് തന്നെയാണ് ദിലീപിന്റെ അറസ്റ്റിനെ തുടർന്ന് പൃഥ്വിയുടെ ഉറച്ച നിലപാടിനെ ഇരുവരും മറ്റ് നിവർത്തിയില്ലാതെ അംഗീകരിച്ചത്.

അമ്മയിലെ ദുഷിപ്പിനെ മാറ്റുമെന്ന് ഈ യോഗത്തിന് ശേഷം പൃഥ്വി തന്നെ പലരോടും പറഞ്ഞിരുന്നു. അമ്മയിലെ തെറ്റുകൾ തിരുത്താൻ ഉചിതമായ സമയമാണിത്. സിനിമയിലെ മാഫിയാ വൽക്കരണം തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഉറച്ച നിലപാടുകൾ താനെടുക്കുമെന്ന് പൃഥ്വി മുതിർന്ന താരങ്ങളേയും സംവിധായകരേയും നിർമ്മാതാക്കളേയും അന്ന് അറിയിച്ചിരുന്നു. എന്നാൽ ദിലീപിനെ തിരിച്ചെടുക്കുമ്പോൾ പൃഥ്വി മൗനത്തിലാണ്. മോഹൻലാൽ നായകനായ ലൂസിഫറിന്റെ സംവിധായകനാകാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വി. സിനിമയിൽ മഞ്ജു വാര്യരാണ് നായിക. ഈ സാഹചര്യത്തിൽ മോഹൻലാലിനെ പിണക്കാൻ പൃഥ്വിക്ക് കഴിയില്ല. ഇതാണ് പൃഥ്വിയെ മൗനത്തിലാക്കുന്നതെന്ന വിലയിരുത്തലാണ് സജീവമാകുന്നത്.

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായ ശേഷം അടുത്ത ദിവസം മമ്മൂട്ടിയുടെ വീട്ടിൽ ചേർന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിൽ താരമായത് പൃഥ്വിരാജായിരുന്നു. ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയില്ലെങ്കിൽ താര സംഘടന പിളരുമെന്ന സൂചനയാണ് നടൻ നൽകിയത്. ചർച്ച തുടങ്ങിയപ്പോൾ ദിലീപിനെ പുറത്താക്കാനാവില്ലെന്ന് തന്നെയായിരുന്നു ജനറൽ സെക്രട്ടറിയായ മമ്മൂട്ടിയുടെ നിലപാട്. സംഘടനയുടെ ബൈലോ ഉയർത്തിപ്പിടിച്ചാണ് മമ്മൂട്ടി ന്യായീകരിച്ചത്. ഇതോടെ തനിക്കു പറയാനുള്ള കാര്യങ്ങൾ പുറത്തു മാധ്യമങ്ങളോട് പറയുമെന്ന നിലപാട് പൃഥ്വി സ്വീകരിച്ചു. ആസിഫ് അലിയും രമ്യാ നമ്പീശനും പൃഥ്വിക്കൊപ്പം നിന്നു. എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞ് മമ്മൂട്ടിയാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. ദിലീപിനെ പുറത്താക്കണമെന്ന് ആസിഫ് അലി തുറന്നടിച്ചു. ഭരണഘടന പ്രകാരം അതിന് കഴിയില്ലെന്ന് മമ്മൂട്ടി പറഞ്ഞു.

അങ്ങനെയാണെങ്കിൽ ഭരണഘടനയനുസിരിച്ച് പല പരാതികൾ നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും തന്റെ സിനിമകൾ കൂവി തോൽപ്പിച്ചതും ഡിസ്ട്രിബ്യൂട്ടർമാരെ സ്വാധീനിച്ച വിഷയങ്ങളും പൃഥ്വി ഉയർത്തി. നിങ്ങൾ ഭരണഘടന പ്രകാരം തീരുമാനമെടുത്തോളൂവെന്നും ഞാൻ കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പറയാമെന്നും പൃഥ്വി തുറന്നടിച്ചു. ഇതോടെ തർക്കത്തിൽ ഇടപ്പെട്ട മോഹൻലാൽ, പൃഥ്വിയുടെ കൈപിടിച്ച് ഇരിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് വേഗത്തിൽ പ്രസ്താവന ഇറക്കാനും തീരുമാനിച്ചു. നടിക്കുള്ള പിന്തുണ മാധ്യമങ്ങളോട് നേരിട്ട് അറിയിക്കണമെന്ന ആവശ്യവും മമ്മൂട്ടി അംഗീകരിച്ചു. അമ്മയിലെ പിളർപ്പ് ഒഴിവാക്കാനായിരുന്നു ഈ ഒത്തുതീർപ്പുകളുണ്ടാക്കിയത്. ഇത്തരത്തിൽ സംഘടനയെ സമ്മർദ്ദത്തിലാക്കിയ പൃഥ്വിയുടെ മൗനം അതുകൊണ്ട് കൂടിയാണ് ചർച്ചയാകുന്നത്. പൃഥ്വി നിശബ്ദനാണെങ്കിലും സിനിമയിലെ നിരവധി പേർ ദിലീപിനെ തിരിച്ചെടുത്തതിനെ എതിർക്കുന്നു. ബിജു മേനോനും നിവിൻ പോളിയും ഫഹദ് ഫാസിലിനും ഇതേ അഭിപ്രായമാണുള്ളത്. ദിലീപിനെ സസ്‌പെൻഷനിൽ നിർത്തണമായിരുന്നുവെന്നായിരുന്നു ഇവരുടെ പക്ഷം. സംഘടനയെ വിമർശിക്കാൻ എതിരാളികൾക്ക് അവസരം ഉണ്ടാക്കി കൊടുത്തുവെന്നതാണ് ഉയരുന്ന പ്രധാന വിമർശനം.

ഏതായാലും അധിക കാലം അമ്മയിൽ ഏകാധിപത്യ സ്വഭാവത്തോടെയുള്ള പ്രവർത്തനം ആർക്കും നടത്താനാകില്ലെന്നാണ് അമ്മയിലെ പൊതു വികാരം. ദിലീപിനായി ഇടവേള ബാബു നിലകൊണ്ടത് ഇതേ രീതിയിലാണ്. ഇതാണ് പ്രശ്‌നത്തിന കാരണമെന്നാണ് ഉയരുന്ന വിലയിരുത്തൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP