Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രതിക്കായി ഇരയ്ക്കൊപ്പം! തന്നെ അമ്മ ചതിച്ചെന്ന് വെളിപ്പെടുത്തി ഹണി റോസും ആക്രമിക്കപ്പെട്ട നടിയുടെ പക്ഷത്തേക്ക്; വനിതാ ജഡ്ജിയെ വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യത്തെ അനുകൂലിക്കാൻ വേണ്ടി ഹർജി നൽകുവെന്ന് പറഞ്ഞ് തെറ്റധരിപ്പിച്ചാണ് ഒപ്പിട്ടതെന്ന് വെളിപ്പെടുത്തി നടി; ദിലീപിന് വേണ്ടി ഒത്തുകളിച്ച് വീണ്ടും നാണക്കേടിലായി താരസംഘടന

പ്രതിക്കായി ഇരയ്ക്കൊപ്പം! തന്നെ അമ്മ ചതിച്ചെന്ന് വെളിപ്പെടുത്തി ഹണി റോസും ആക്രമിക്കപ്പെട്ട നടിയുടെ പക്ഷത്തേക്ക്; വനിതാ ജഡ്ജിയെ വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യത്തെ അനുകൂലിക്കാൻ വേണ്ടി ഹർജി നൽകുവെന്ന് പറഞ്ഞ് തെറ്റധരിപ്പിച്ചാണ് ഒപ്പിട്ടതെന്ന് വെളിപ്പെടുത്തി നടി; ദിലീപിന് വേണ്ടി ഒത്തുകളിച്ച് വീണ്ടും നാണക്കേടിലായി താരസംഘടന

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അക്രമത്തിനിരയായ നടിയ്‌ക്കൊപ്പം നിന്ന് പ്രതിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന സംഘടനയാണ് അമ്മയെന്ന എഎംഎംഎ. ഇത് അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുകയാണ് ഹണി റോസിന്റെ വെളിപ്പെടുത്തലും. ഒറ്റ നോട്ടത്തിൽ ഇരയ്ക്ക് വേണ്ടിയാണ് അമ്മയുടെ ഭാരവാഹികളായ ഹണി റോസും രചനാ നാരായണൻ കുട്ടിയും ഹൈക്കോടതിയിൽ എത്തിയതെന്ന് ഏവരും പ്രത്യക്ഷത്തിൽ കരുതി. നടിയുടെ അറിവോടെയാണെന്ന് പോലും വരുത്തി. പിന്നിൽ മഞ്ജു വാര്യരും പൃഥ്വിരാജുമെന്നൊക്കെ തോന്നലുണ്ടാക്കി. എന്നാൽ ഇത് തോന്നിൽ മാത്രമായിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതികൾക്കായുള്ള പാർത്ഥനായിരുന്നു ആ ഹർജിയും. ദിലീപിനെ രക്ഷിച്ചെടുക്കാനുള്ള പുതിയ തന്ത്രം.

ഇതാണ് ഹണി റോസ് തുറന്നു പറയുന്നത്. ഇതോടെ മോഹൻലാൽ പ്രസിഡന്റായ അമ്മ കൂടുതൽ നാണക്കേടിലേക്ക് തള്ളി വീഴുകയാണ്. പ്രതികൾക്കായി ഇരയ്‌ക്കൊപ്പം നിന്ന് നൽകിയ ഹർജിയാണ് ഇതെന്നാണ് തെളിയുന്നത്. നടിയെ ആക്രമിച്ച കേസിൽ കക്ഷി ചേരാനുള്ള ഹർജിയിൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം ആദ്യം ഉണ്ടായിരുന്നില്ല എന്നും ഈ ആവശ്യം പിന്നീടു കൂട്ടിച്ചേർത്തതാണെന്നും ഹണി റോസ് മാധ്യമങ്ങളോടു വെളിപ്പെടുത്തി. അതായത് ദിലീപിന് കേസ് അനുകൂലമാക്കണമെങ്കിൽ പ്രോസിക്യൂട്ടർ മാറണം. ഇതിന് വേണ്ടി നടത്തിയ കള്ളക്കളിയായിരുന്നു ഹർജിയെന്നാണ് ഹണി റോസിന്റെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നത്. ഇത് മനസ്സിലായതോടെ ഹണി റോസും നടിയുടെ പക്ഷത്തേക്ക് മാറുകയാണ്.

ആക്രമിക്കപ്പെട്ട നടിക്കൊപ്പം എന്ന പ്രതീതി സൃഷ്ടിക്കാനായിരുന്നു നടിമാരായ രചന നാരായണൻകുട്ടിയേയും ഹണി റോസിനേയും രംഗത്തിറക്കിയുള്ള അമ്മയുടെ നീക്കം. എന്നാൽ, വനിതാ ജഡ്ജിയും തൃശൂരിൽ വിചാരണക്കോടതിയും വേണമെന്ന ആവശ്യമാണു ഹർജിയിലെന്നായിരുന്നു അമ്മ ഭാരവാഹികൾ തന്നെ ധരിപ്പിച്ചിരുന്നതെന്നും അതുകൊണ്ടാണു ഹർജിയിൽ ഒപ്പിട്ടതെന്നും ഹണി റോസ് വ്യക്തമാക്കി. ഇതിന് പിന്നാലെ ഹർജിയുമായെത്തിയ നടിമാരോട് എതിർപ്പു പ്രകടിപ്പിച്ച് ആക്രമിക്കപ്പെട്ട നടിയും രംഗത്തു വന്നു. താരസംഘടന തനിക്കുവേണ്ടി രംഗത്ത് വരേണ്ടതില്ലെന്ന് ആക്രമിക്കപ്പെട്ട നടി തന്നെ വ്യക്തമാക്കിയിരുന്നു. താൻ അമ്മയിലെ അംഗമല്ല, അതുകൊണ്ടുതന്നെ തന്റെ ഹർജിയിൽ ആരുംതന്നെ കക്ഷി ചേരേണ്ടതില്ലെന്നും നടി പറഞ്ഞു. ഇത് അമ്മയുടെ നീക്കത്തിന് ആദ്യ തിരിച്ചടിയായി.

കാൽ നൂറ്റാണ്ടെങ്കിലും പരിചയസമ്പത്തുള്ള പ്രശസ്ത ക്രിമിനൽ അഭിഭാഷകനെ കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നു രചനയും ഹണിയും അപേക്ഷയിൽ പറഞ്ഞിരുന്നു. എന്നാൽ, നടിയുമായി കൂടിയാലോചിച്ച് മൂന്നു പതിറ്റാണ്ട് പ്രവർത്തന പരിചയമുള്ള അഭിഭാഷകനെയാണു പ്രോസിക്യൂട്ടറാക്കിയതെന്നു ചൂണ്ടിക്കാട്ടി നടിമാരുടെ കക്ഷിചേരൽ നീക്കത്തെ സർക്കാർ എതിർത്തു. പ്രോസിക്യൂട്ടർ നല്ല രീതിയിലാണു പ്രവർത്തിക്കുന്നതെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെയാണ് ഹർജിയിലെ കള്ളക്കളി പുറംലോകത്ത് എത്തിയത്. നടിമാരെ ഹർജിയുമായി അയച്ചതിനു പിന്നിൽ ദിലീപാണെന്ന ആരോപണം ശക്തമായി. ഇതോടെയാണ് ഹണി റോസ് കാര്യങ്ങൾ വിശദീകരിച്ചത്. ഇതോടെ അമ്മയിലെ പ്രധാനിയാണ് ഹർജിയിൽ കള്ളക്കളി നടത്തിയതെന്നാണ് വ്യക്തമാകുന്നത്.

ഹർജി നൽകിയാൽ നടി അനുകൂലമാകുമെന്നു പ്രസിഡന്റടക്കമുള്ള അമ്മ ഭാരവാഹികളെ ചിലർ തെറ്റിദ്ധരിപ്പിച്ചതായും സൂചനയുണ്ട്. മോഹൻലാലിനെ ഇത്തരത്തിൽ തെറ്റിധരിപ്പിച്ചാണ് പുതിയ നീക്കം നടത്തിയത്. ഇതിന് പിന്നിലുള്ള ഗൂഢാലോചനയിൽ ലാലും അതൃപ്തനാണ്. ഇക്കാര്യം ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ മോഹൻലാൽ അറിയിച്ചിട്ടുണ്ട്. ഇടവേള ബാബുവിന്റെ അറിവോടെയാണ് ഹർജി തയ്യാറാക്കിയതെന്നാണ് സൂചന. സിനിമയിലെ വനിതാ സംഘടനയിലെ പ്രതിനിധികളുമായി വിഷയം ചർച്ച ചെയ്യാൻ അമ്മ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ദിലീപിന് വേണ്ടി ഇരയ്‌ക്കൊപ്പമെന്ന തോന്നിക്കുന്ന തരത്തിലെ ഹർജി പുലിവാലാകുന്നത്.

ഈ ഹർജിയും യോഗത്തിൽ രേവതിയും പത്മപ്രിയയും പാർവ്വതിയും ഉയർത്തും. ഹണി റോസിന്റെ വെളിപ്പെടുത്തലോടെ ഇതിന് വ്യക്തമായ മറുപടി നൽകാൻ മോഹൻലാൽ പാടുപെടും. അങ്ങനെ വലിയ പ്രതിസന്ധിയിലേക്കാണ് ലാൽ എത്തുന്നത്. കേസിൽ കുടുങ്ങിയതോടെ വിറളിപിടിച്ച ദിലീപ് പല കാര്യങ്ങളും ചെയ്തു. താര സംഘടനയായ അമ്മയിൽ വീണ്ടും കയറിക്കൂടാൻ ശ്രമിച്ചു. ഇതോടെ പീഡനക്കേസ് വീണ്ടും ചർച്ചയായി. നടി ആരോപണങ്ങളുമായെത്തി. അമ്മയിൽ നിന്ന് നാലു പേർ രാജിവെച്ചു. ഇത്തരം മണ്ടത്തരങ്ങളുടെ അവസാന പടിയായിരുന്നു നടിയെ ഉപദ്രവിച്ച കേസിൽ താരസംഘടനയായ 'അമ്മ' ഭാരവാഹികളുടെ ഇടപെടലിനു ഹൈക്കോടതിയിൽ ലഭിച്ച തിരിച്ചടി. ഹണി റോസും രചനാ നാരായണൻ കുട്ടിയുമായിരുന്നു ഹർജിയുമായി എത്തിയത്.

അതുകൊണ്ട് തന്നെ ഇവരുടെ ആവശ്യത്തെ ആക്രമത്തിനിരയായ നടി സംശയിച്ചു. ഇതോടെ കോടതിയും തള്ളി. വിചാരണ തൃശൂരിലാക്കണമെന്നും വനിതാ ജഡ്ജി വേണമെന്നും ആവശ്യപ്പെട്ടു നടി നൽകിയ ഹർജിയിൽ കക്ഷിചേർക്കണമെന്ന 'അമ്മ' ഭാരവാഹികളുടെ ആവശ്യം നടി ശക്തമായി എതിർത്തു. താൻ 'അമ്മ'യുടെ ഭാഗമല്ലെന്നും സഹായം വേണ്ടെന്നും നടി അറിയിച്ചു. നടിയുടെ നിലപാടിനെ പിന്തുണച്ചു സർക്കാരും രംഗത്തെത്തി. നടിയുടെ ഹർജിയിലെ ആവശ്യങ്ങൾക്കു സർക്കാരിന്റെ പിന്തുണയുണ്ടെന്നും അറിയിച്ചു. 32 വർഷം പരിചയമുള്ള അഭിഭാഷകനുള്ളപ്പോൾ 25 വർഷം പരിചയമുള്ള ആളെ വേണമെന്നു പറയുന്നത്, 'ഒന്നുമറിയാത്തതുകൊണ്ടോ, കൂടുതൽ അറിയുന്നതുകൊണ്ടോ' ആണെന്നു നടിയുടെ അഭിഭാഷകനും പറഞ്ഞു. സർക്കാർ നിയമിച്ച പ്രോസിക്യൂട്ടറുടെ കാര്യത്തിൽ വിയോജിപ്പില്ലെന്നും കൂട്ടിച്ചേർത്തു. ഇതോടെ കക്ഷിചേരാനെത്തിയവർക്ക് ഈ കേസിലുള്ള താൽപര്യം എന്താണെന്നു കോടതി വാദത്തിനിടെ ചോദിച്ചു. തുറന്നുകാട്ടാൻ മറ്റൊരുപാടു കാര്യങ്ങളുണ്ടല്ലോ എന്നും വാക്കാൽ പരാമർശിച്ചു. ഇത് അമ്മയുടെ ഭാരവാഹികൾക്ക് തിരിച്ചടിയായി. ദിലീപിന് വേണ്ടിയാണോ കേസ് എന്ന സംശയമാണ് കോടതി ഉയർത്തിയത്.

അമ്മ ഭാരവാഹികൾ കക്ഷിചേരാൻ നൽകിയ അപേക്ഷയ്ക്കു രേഖാമൂലം മറുപടി സമർപ്പിക്കാൻ നടിക്ക് അവസരം അനുവദിച്ചിട്ടുണ്ട്. വനിതാ ജഡ്ജിയെ നിയമിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതി രജിസ്റ്റ്രാർക്കു നൽകിയ കത്തിനു കിട്ടിയ മറുപടി അറിയിക്കാൻ സർക്കാരിനോടും പറഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP