Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം ഏറ്റുവാങ്ങി അമിതാഭ് ബച്ചൻ; രാഷ്ട്രപതിയിൽ നിന്നും സുവർണ കമലം വാങ്ങുന്നതിന് സാക്ഷിയാകാൻ ഒപ്പമെത്തിയത് ഭാര്യയും മകനും; സിനിമയിൽ അരങ്ങേറ്റം കുറിച്ച അതേ വർഷം തന്നെ ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് ബച്ചൻ അർഹനായത് അഭിനയ ജീവിതത്തിൽ അമ്പത് വർഷം പൂർത്തിയാക്കുന്ന വേളയിൽ; വിരമിക്കാനുള്ള സൂചനയാണോ എന്ന് ബിഗ് ബി

ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം ഏറ്റുവാങ്ങി അമിതാഭ് ബച്ചൻ; രാഷ്ട്രപതിയിൽ നിന്നും സുവർണ കമലം വാങ്ങുന്നതിന് സാക്ഷിയാകാൻ ഒപ്പമെത്തിയത് ഭാര്യയും മകനും; സിനിമയിൽ അരങ്ങേറ്റം കുറിച്ച അതേ വർഷം തന്നെ ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് ബച്ചൻ അർഹനായത് അഭിനയ ജീവിതത്തിൽ അമ്പത് വർഷം പൂർത്തിയാക്കുന്ന വേളയിൽ; വിരമിക്കാനുള്ള സൂചനയാണോ എന്ന് ബിഗ് ബി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഈ വർഷത്തെ ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം ബോളിവുഡ് നടൻ അമിതാഭ് ബച്ചന് സമ്മാനിച്ചു. രാഷ്ടപതി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരദാനം നിർവഹിച്ചു. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരം നൽകുന്നത്. സ്വർണ താമരയും പത്തുലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. സിനിമാജീവിതത്തിൽ അമ്പത് വർഷം പൂർത്തിയാക്കുന്ന വേളയിലാണ് ഫാൽക്കെ പുരസ്‌കാരം ബച്ചനെ തേടിയെത്തുന്നത് എന്നത് അദ്ദേഹത്തിന് ഇരട്ടി മധുരമായി. ഭാര്യ ജയാ ബച്ചനും മകൻ അഭിഷേക് ബച്ചനും ഒപ്പമാണ് പുരസ്‌കാരം ഏറ്റുവാങ്ങാൻ അമിതാഭ് ബച്ചനെത്തിയത്.

1969-ലാണ് ഇന്ത്യൻ സിനിമയുടെ പിതാവായ ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെ എന്ന ദാദാസാഹിബ് ഫാൽക്കെയുടെ സ്മരണാർഥം പുരസ്‌കാരം ഏർപ്പെടുത്തിയത്. ഹിന്ദി സിനിമയായ 'സാഥ് ഹിന്ദുസ്ഥാനി' എന്ന സിനിമയിലൂടെ അമിതാഭ് ബച്ചൻ അരങ്ങേറ്റം കുറിച്ചതും അതേ വർഷമാണ്. ക്ഷുഭിതയൗവനത്തിന്റെ പ്രതീകമായി വെള്ളിത്തിരയിൽ നിറഞ്ഞ ബച്ചൻ 76-ാം വയസ്സിലും ബോളിവുഡിൽ സജീവമാണ്. 1969-ൽ 'സാത് ഹിന്ദുസ്ഥാനി'യിൽ വേഷമിട്ടുകൊണ്ടായിരുന്നു ബിഗ് ബിയുടെ സിനിമാ അരങ്ങേറ്റം. 1973-ൽ നായകനായ 'സഞ്ജീർ' സിനിമാജീവിതത്തിലെ നാഴികക്കല്ലായി.

അഞ്ചുപതിറ്റാണ്ടു പിന്നിട്ട സിനിമാജീവിതത്തിൽ നാലുതവണ ദേശീയപുരസ്‌കാരം നേടി. രാജ്യം പത്മശ്രീയും പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ചു. ഫ്രഞ്ച് പരമോന്നത ബഹുമതിയായ ലീജിയൺ ഓഫ് ഓണർ 2007-ൽ ബച്ചനെ തേടിയെത്തി. പ്രശസ്ത ഹിന്ദികവി ഡോ. ഹരിവംശറായ് ബച്ചന്റെയും തേജിയുടെയും മകനാണ്. നടി ജയഭാദുരിയാണ് ഭാര്യ. മക്കൾ: ശ്വേതനന്ദ, നടൻ അഭിഷേക് ബച്ചൻ. നടി ഐശ്വര്യ റായിയാണ് മരുമകൾ.

നർമം നിറഞ്ഞ വാക്കുകളോടെയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ബച്ചൻ പ്രസംഗിച്ചത്. ''ദാദാസാഹെബ് ഫാൽക്കേ അവാർഡ് എനിക്കാണെന്ന് പ്രഖ്യാപിക്കപ്പെട്ടപ്പോൾ ആദ്യം എന്റെ മനസ്സിലുയർന്ന സംശയമിതാണ്. ഇനി വിരമിക്കാനൊക്കെ സമയമായി- ഇനി വീട്ടിലിരുന്നോളൂ എന്ന് പറയുകയാണോ എന്ന് എനിക്ക് സൂചന തരികയാണോ ഇതിലൂടെ എന്ന്. എന്നാൽ എനിക്കിനിയും ജോലി ചെയ്യേണ്ടതുണ്ട്. പൂർത്തിയാക്കേണ്ട ജോലികൾ പലതുണ്ട്. അത് തീർക്കണം. അപ്പോഴേക്ക് ഭാവിയിലും എന്നെത്തേടി സിനിമകൾ വരുമെന്നാണ് എന്റെ പ്രതീക്ഷ. ഒന്നുമില്ല, ഇവിടെ ഇത് പറയുന്നു എന്ന് മാത്രം''-ബച്ചൻ പറഞ്ഞു നിർത്തി.

പ്രശസ്ത ഹിന്ദി കവിയായിരുന്ന ഡോ. ഹരിവംശ്റായ് ബച്ചന്റെയും തേജി ബച്ചന്റെയും പുത്രനായി 1942 ഒക്ടോബർ 11-ന് ഉത്തർപ്രദേശിലെ അലഹബാദിലാണ് ബച്ചന്റെ ജനനം. 1968-ൽ മുംബൈയിൽ എത്തിയ ബച്ചൻ 1969-ൽ ഖ്വാജാ അഹ്മദ് അബ്ബാസ് സംവിധാനം ചെയ്ത സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. വാണിജ്യപരമായി വിജയിച്ചില്ലെങ്കിലും ഈ ചിത്രത്തിലെ അഭിനയം മികച്ച പുതുമുഖത്തിനുള്ള ദേശീയ പുരസ്‌കാരം ബച്ചനു നേടിക്കൊടുത്തു. 1971-ൽ സുനിൽദത്ത് സംവിധാനം ചെയ്ത രേഷ്മ ഓർ ഷേറ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ബച്ചൻ ബോളിവുഡ് സിനിമാലോകത്ത് ശ്രദ്ധേയനായി. 1971-ൽ തന്നെ പുറത്തിറങ്ങിയ, ഹൃഷികേശ് മുഖർജി സംവിധാനം ചെയ്ത ആനന്ദ് എന്ന ചലച്ചിത്രത്തിലെ ഡോക്ടറുടെ വേഷം ബച്ചന് ആ വർഷത്തെ മികച്ച സഹനടനുള്ള ഫിലിംഫെയർ പുരസ്‌കാരം നേടിക്കൊടുത്തു.

പരമ്പരാഗത നായകവേഷങ്ങളെ തിരസ്‌കരിച്ച് ക്ഷുഭിതയുവാവിന്റെ വേഷം അവതരിപ്പിച്ച 1973-ലെ സഞ്ജീർ എന്ന ചിത്രം അമിതാബ് ബച്ചനെ സൂപ്പർ സ്റ്റാറാക്കി. ആയുധംകൊണ്ട് അനീതികളെ ചെറുക്കുന്ന ഒരു കഥാപാത്രത്തെയാണ് ഇദ്ദേഹം ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. 1975-ൽ അടിയന്തരാവസ്ഥകാലത്തെ സുപ്രസിദ്ധ ഹിറ്റ് ചിത്രമായ ഷോലെ വൻജനപ്രീതി നേടി. അമർ അക്‌ബർ ആന്റണി, ദോസ്തി, കൂലി എന്നീ ചിത്രങ്ങളും അമിതാബ് ബച്ചന്റെ അഭിനയ പാടവം തുറന്നു കാട്ടുന്നു. 1990-ൽ അഗ്നിപഥ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഭരത് അവാർഡ് ലഭിച്ചു. അധോലോകത്ത് അകപ്പെട്ട മാനസിക വിഭ്രാന്തിയുള്ള ഒരു കഥാപാത്രത്തെയാണ് ബച്ചൻ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. 2010-ൽ മേജർ രവിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായ കാണ്ഡഹാർ എന്ന മലയാളചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP