Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

കൂടുതൽ കർഷകരെത്തുന്നു; ഡൽഹിയുടെ അഞ്ച് അതിർത്തികളും വളയും; ഡൽഹി സാക്ഷ്യം വഹിക്കുന്നത് സമാനതകളില്ലാത്ത പോരാട്ടത്തിന്; ഡിസംബർ ഒന്നിന് രാജ്യവ്യാപക പ്രതിഷേധങ്ങൾ; കർഷക വീര്യത്തിന് മുന്നിൽ മുട്ടുവിറച്ച് കേന്ദ്ര സർക്കാർ; സമരത്തെ വരുതിയിലാക്കാൻ അമിത് ഷായുടെ തന്ത്രമൊരുക്കൽ ചർച്ചയും സജീവം

കൂടുതൽ കർഷകരെത്തുന്നു; ഡൽഹിയുടെ അഞ്ച് അതിർത്തികളും വളയും; ഡൽഹി സാക്ഷ്യം വഹിക്കുന്നത് സമാനതകളില്ലാത്ത പോരാട്ടത്തിന്; ഡിസംബർ ഒന്നിന് രാജ്യവ്യാപക പ്രതിഷേധങ്ങൾ; കർഷക വീര്യത്തിന് മുന്നിൽ മുട്ടുവിറച്ച് കേന്ദ്ര സർക്കാർ; സമരത്തെ വരുതിയിലാക്കാൻ അമിത് ഷായുടെ തന്ത്രമൊരുക്കൽ ചർച്ചയും സജീവം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തിന്റെ സമരചരിത്രത്തിൽ പുത്തൻ അദ്ധ്യായങ്ങൾ രചിച്ച് കർഷക സമരം അഞ്ചാംനാളിൽ കൂടൂതൽ ഊർജ്ജിതമാകുന്നു. കേന്ദ്രസർക്കാറിന്റെ മുഴുവൻ നിർദ്ദേശങ്ങളും തള്ളിക്കളഞ്ഞ് കൂടുതൽ കർഷകരെ എത്തിച്ച് ഡൽഹിയെ വരുതിയിലാക്കാനാണ് സമരസമിതിയുടെ തീരുമാനം.

രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും കൂടുതൽ കർഷകർ തലസ്ഥാനത്തേക്ക് എത്തും. പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും കർഷകർ ഡൽഹിയുടെ അതിർത്തികളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഡൽഹിയിലേക്കെത്താൻ സമിതി ആഹ്വാനം ചെയ്തു.കർഷകപ്രക്ഷോഭം ഡൽഹിയിലെ അഞ്ച് അതിർത്തികളിലേക്ക് വ്യാപിക്കുവാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്. വിഷയത്തിൽ പരിഹാരമാകാത്ത പക്ഷം ഡിസംബർ ഒന്നിന് രാജ്യവ്യാപക പ്രതിഷേധങ്ങൾ ആരംഭിക്കാനാണ് ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം.

ഹരിയാന, യുപി അതിർത്തികളിൽ ആയിരക്കണക്കിനു കൃഷിക്കാരാണ് തമ്പടിച്ചിരിക്കുന്നത്. ഇവരിൽ ചിലർ ബുറാഡിയിലുമുണ്ട്. അതിർത്തികളിലെ ഹൈവേയിൽ തുടരാനുള്ള തീരുമാനത്തെത്തുടർന്ന് ചിലർ ഇന്നലെ വൈകിട്ട് സിംഘു, തിക്രി അതിർത്തികളിലേക്കു മടങ്ങി. യുപിയിൽ നിന്നുള്ളവർ നിലവിൽ ഗസ്സിപ്പുരിലാണ് തങ്ങുന്നത്.

ഇപ്പോൾ കർഷകർ തമ്പടിച്ചിട്ടുള്ള ഡൽഹി-ഹരിയാണ അതിർത്തികളായ സിംഘുവിലും തിഗ്രിയിലും ഞായറാഴ്ച കൂടുതൽ സമരക്കാരെത്തി. യു.പി.യിലെയും ഉത്തരാഖണ്ഡിലെയും കർഷകരും ഡൽഹിയിലേക്കു നീങ്ങിയിട്ടുണ്ടെന്ന് നേതാക്കൾ പറഞ്ഞു. ബുറാഡി എന്ന തുറന്ന ജയിലിലേക്ക് പോകുന്നതിനുപകരം ഡൽഹിയിലേക്കുള്ള അഞ്ചു പ്രവേശനപാതകൾ ഉപരോധിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് ഭാരതീയ കിസാൻ യൂണിയൻ (ക്രാന്തികാരി) അധ്യക്ഷൻ സുർജിത് എസ്. ഫൂൽ അറിയിച്ചു. നാലുമാസത്തേക്കുള്ള ഭക്ഷണസാമഗ്രികളുമായാണ് സമരക്കാർ എത്തിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതികൂല കാലാവസ്ഥയുൾപ്പടെ ഏത് പ്രതിസന്ധിയും തരണം ചെയ്ത് തങ്ങളുടെ ലക്ഷ്യം നേടിയിട്ടെ തിരിച്ച് മടങ്ങു എന്നാണ് സമരസമിതിയുടെ നിലപാട്.കടുത്ത തണുപ്പിനെ അതിജീവിക്കാൻ വാഹനങ്ങൾക്കുള്ളിൽ വൈക്കോലും അതിനു മുകളിൽ കമ്പിളിയും വിരിച്ചാണു കർഷകർ രാത്രിയിൽ ഉറങ്ങുന്നത്. ആവശ്യത്തിന് ധാന്യങ്ങളും ഭക്ഷ്യവസ്തുക്കളും ട്രാക്ടറുകളിൽ സംഭരിച്ചിട്ടുണ്ട്. ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരം തുടരുന്നുമെന്ന് അവർ പറയുന്നു.

നിവലിൽ സമാധാനപരമായാണ് സമരം മുന്നോട്ട് പോകുന്നത്. റോഡിൽ കുത്തിയിരുന്ന കർഷകർ നിയമത്തിനെതിരെയും കേന്ദ്ര സർക്കാരിനെതിരെയും മുദ്രാവാക്യങ്ങളുയർത്തി. ഡൽഹി സിഖ് ഗുരുദ്വാര മാനേജിങ് കമ്മിറ്റി അവർക്ക് ഭക്ഷണവും വെള്ളവും നൽകി.രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് വൻ പിന്തുണയാണ് കർഷകരുടെ സമരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കർഷകരുടെ ആവശ്യങ്ങൾ പരിഗണിച്ച് സമരം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാൻ ഇടപെടണമെന്ന വാദങ്ങൾ ശക്തമായിക്കഴിഞ്ഞു. 3 നിയമങ്ങളും ഉടൻ പിൻവലിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

1200 കിലോമീറ്റർ അപ്പുറത്തുള്ള ഹൈദരാബാദിൽ റാലിക്കു പോയ അമിത് ഷായ്ക്ക് 15 കിലോമീറ്റർ അകലെ സമരം ചെയ്യുന്ന കർഷകരെ കാണാൻ സമയമില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. ബിജെപി, കർഷകരെ ഭീകരർ എന്നു വിളിച്ചതു പോലൊരു അപമാനം വേറെയില്ലെന്നു ശിവസേന നേതാവ് സഞ്ജയ് റാവത്തും എസ്‌പി നേതാവ് അഖിലേഷ് തുറന്നടിച്ചു.കോർപറേറ്റുകൾക്കെതിരെ പോരാടുന്ന എല്ലാവരും കർഷക സമരത്തെ പിന്തുണയ്ക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാക്കളായ ഭൂട്ടാസിങ് ബുർജ്ഗിൽ, ഹർമീത് സിങ് കാദിയാൻ എന്നിവർ പറഞ്ഞു. ഇതുവരെ പ്രതികരിക്കാതിരുന്ന ബിഎസ്‌പി നേതാവ് മായാവതി, ആവശ്യങ്ങൾ പരിഗണിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തി.

അതേസമയം കേന്ദ്രസർക്കാർ നിർദ്ദേശിച്ച സ്ഥലത്തേക്ക് സമരക്കാർ മാറണമെന്ന് കേന്ദ്രസർക്കാർ വീണ്ടും ആവശ്യപ്പെട്ടു.കോവിഡും കടുത്ത തണുപ്പും കണക്കിലെടുത്ത് കർഷകർ ബുറാഡിയിലെ മൈതാനത്തേക്കു മാറണമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.മാറിയാൽ അടുത്തദിവസം വിജ്ഞാൻഭവനിൽ ഉന്നതതല മന്ത്രിസംഘം ചർച്ചയ്ക്കു തയാറാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്കുമാർ ഭല്ല 32 കർഷക സംഘടനകൾക്ക് അയച്ച കത്തിൽ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യങ്ങളിൽ ഹൈവേ ഉപരോധിക്കുന്നതു ബുദ്ധിമുട്ടുകളുണ്ടാക്കും. ഈ പ്രശ്‌നങ്ങൾ മൂലം സമരക്കാർക്കായി ബുരാഡി മൈതാനം തയ്യാറാക്കിയിട്ടുണ്ട്. അവിടെ സമരക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ഇവിടെ കർഷകർക്ക് സമാധാനപരമായി പ്രതിഷേധ സമരം തുടരാമെന്നും കത്തിൽ പറയുന്നു.കർഷകരുടെ പ്രശ്നങ്ങൾ മന്ത്രിതലത്തിൽ ചർച്ച ചെയ്തു കഴിഞ്ഞതായും സെക്രട്ടറി വ്യക്തമാക്കി.കഴിഞ്ഞ ദിവസം ഇതേ കാര്യം ആവശ്യപ്പെട്ട് ഭല്ല അയച്ച കത്തിലെ നിർദ്ദേശങ്ങൾ കർഷകർ തള്ളിയിരുന്നു.കൃഷിയുമായോ കർഷകരുമായോ ബന്ധപ്പെട്ടതല്ല ആഭ്യന്തരമന്ത്രാലയമെന്ന് ക്രാന്തികാരി കിസാൻ യൂണിയൻ നേതാവ് ദർശൻ പാൽ സിങ് പറഞ്ഞു.ഇനിയുള്ള ചർച്ചകൾക്ക് കേന്ദ്രസർക്കാർ അധികാരപ്പെടുത്തിയ മന്ത്രിതലസമിതിയോ കാബിനറ്റ് കമ്മിറ്റിയോ വേണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.വിഷയത്തെ സർക്കാർ ഗൗരവമായി കാണുന്നെങ്കിൽ ഉപാധികൾ ഉപേക്ഷിക്കണം. പ്രശ്നപരിഹാരത്തിനുള്ള വ്യക്തമായ നിർദ്ദേശങ്ങളുണ്ടാക്കി നേരായ ചർച്ചയ്ക്കു വഴിയൊരുക്കണമെന്നതാണ് കർഷകരുടെ ആവശ്യം.ഡിസംബർ മൂന്നിന് വിശദമായ ചർച്ചയ്ക്ക് കർഷക സംഘടനാ പ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ട്. ഇതിനു മുൻപുതന്നെ ചർച്ച വേണമെന്ന് ചില സംഘടനകൾ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

കർഷകർ സമരം കടുപ്പിക്കാൻ തീരുമാനിച്ചതോടെ പ്രശനപരിഹാരത്തിനായി കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ തിരക്കിട്ട ചർച്ചകൾ തുടങ്ങി.ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡയുടെ വസതിയിൽ ഞായറാഴ്ച രാത്രിയായിരുന്നു തിരക്കിട്ട ചർച്ചകൾ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവർ ചർച്ചയിൽ പങ്കെടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. കർഷകരുടെ സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അമിത് ഷാ ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതിനിടെ, പുതിയ കാർഷിക നിയമങ്ങൾ കർഷകർക്ക് ഗുണകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിൽ ആവർത്തിച്ചിരുന്നു. പുതിയ നിയമങ്ങൾ കർഷകർക്ക് പുതിയ വാതിലുകളും അവസരങ്ങളും തുറന്നു നൽകും. പുതിയ അവകാശങ്ങൾ കർഷകർക്ക് നൽകുകയണ് പുതിയ കാർഷിക നിയമങ്ങൾ ചെയ്തതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP