Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ജോ ബൈഡൻ ജയിച്ചാൽ രാജ്യത്ത് കമ്മ്യൂണിസം പടർത്തുമെന്ന് ട്രംപ്; മാസ്ക് ധരിച്ചും കൈകൾ കഴുകിയും ട്രംപിനെ വോട്ട് ചെയ്ത് പുറത്താക്കൂ എന്ന് ബൈഡൻ; അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൊറോണയുടെ റോൾ ഇങ്ങനെ

ജോ ബൈഡൻ ജയിച്ചാൽ രാജ്യത്ത് കമ്മ്യൂണിസം പടർത്തുമെന്ന് ട്രംപ്; മാസ്ക് ധരിച്ചും കൈകൾ കഴുകിയും ട്രംപിനെ വോട്ട് ചെയ്ത് പുറത്താക്കൂ എന്ന് ബൈഡൻ; അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൊറോണയുടെ റോൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രധാന പ്രചരണായുധമായി കോവിഡ് മാറുന്നു. ഒരു വശത്ത് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൻ. " മാസ്‌ക് ധരിക്കൂ, കൈകൾ കഴുകൂ, ട്രംപിനെ വോട്ട് ചെയ്ത് പുറത്താക്കൂ" എന്ന് ആഹ്വാനം ചെയ്യുമ്പോൾ മറുവശത്ത്, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപിന്റെ പ്രചാരണ റാലികളിൽ മാസ്കോ സാമൂഹിക അകലമോ പാലിക്കപ്പെടുന്നില്ല. ലോകത്ത് ഏറ്റവുമധികം കോവിഡ് ബാധിതരും കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്ത അമേരിക്കയിൽ രോ​ഗവ്യാപനം വർദ്ധിക്കുന്നതിന് നിലവിലെ പ്രസിഡന്റ് തന്നെ വഴിയൊരുക്കുന്നു എന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. അതേസമയം, കോവിഡ് വ്യാപനം തടയാൻ കഴിയാത്ത പ്രസിഡന്റിനെതിരായി വലിയ ജനരോഷം രാജ്യത്ത് രൂപപ്പെടുന്നു എന്നാണ് റിപ്പോർട്ടുകൾ.

പ്രസിഡന്റ് പദത്തിലേക്കുള്ള ട്രംപിന്റെ രണ്ടാം വരവിനെപ്പോലും ബാധിക്കുന്ന വിധത്തിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായിരിക്കുകയാണ്. എന്നിട്ടും ആളകലമോ മാസ്‌കോ കോവിഡ് നിയന്ത്രണങ്ങളോ ഇല്ലാത്ത തെരഞ്ഞെടുപ്പ് റാലികളുമായി മുന്നോട്ടുപോകുകയാണ് ട്രംപ്. ജൂലൈയ്ക്കുശേഷം പ്രതിദിന കോവിഡ് ബാധിതരുടെ ശരാശരി വീണ്ടും 55,000 എത്തിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. നാൽപ്പതിലധികം സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുകയാണ്. തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പ്രസിഡന്റിന് ഏറെ നിർണായകമായ സംസ്ഥാനങ്ങളും അതിൽപ്പെടുന്നുണ്ട്.

ഇതുവരെയുള്ള ദേശീയ സർവേകളിലെല്ലാം ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡനേക്കാൾ വളരെ പിന്നിലാണ് ട്രംപ്. കോവിഡിനെ പ്രതിരോധിക്കുന്നതിൽ വന്ന വീഴ്ചയാണ് ട്രംപിന് തിരിച്ചടിയായത്. ഇതെല്ലാം വ്യക്തമായിട്ടും കോവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാത്ത തിരഞ്ഞെടുപ്പ് റാലികളുമായി ട്രംപ് മുന്നോട്ടുപോകുകയാണ്. ഞായറാഴ്ച നെവാഡയിലായിരുന്നു ട്രംപിന്റെ തിരഞ്ഞെടുപ്പ് പരിപാടികൾ. ലാസ് വെഗസ്സിൽ പള്ളിയിൽ പോയശേഷമാണ് റാലികളിൽ പങ്കെടുത്തത്. ആയിരങ്ങളാണ് ട്രംപിന്റെ വാക്കുകൾ കേൾക്കാൻ തടിച്ചുകൂടിയത്. തിങ്കളാഴ്ച അരിസോണ, ചൊവാഴ്ച പെൻസിൽവാനിയ, ബുധനാഴ്ച നോർത്ത് കരോലൈന എന്നിവിടങ്ങളിലാണ് റാലികൾ നിശ്ചയിച്ചിരിക്കുന്നത്. ആയിരങ്ങൾ അവിടെ തടിച്ചുകൂടുമെന്നതിൽ ആർക്കും സംശയമില്ല. അതേസമയം, ആളകലവും മാസ്‌കും ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയം മാത്രമല്ല, ആശങ്കയും വർധിക്കുകയാണ്.

ഇക്കാര്യങ്ങളൊന്നും ട്രംപിനെ ആശങ്കപ്പെടുത്തുന്നില്ല എന്നതാണ് അത്ഭുതപ്പെട്ടുന്ന കാര്യം. വിസ്‌കൊൺസിൻ റേഡിയോയുമായുള്ള അഭിമുഖത്തിൽ മാസ്‌കില്ലാത്ത അനുയായികൾ ഒരുമിച്ച് കൂടൂന്നത് തെറ്റായ സന്ദേശമല്ലേ പകരുന്നതെന്ന് ട്രംപിനോട് ചോദിച്ചിരുന്നു. എന്നാൽ താൻ അങ്ങനെ കരുതുന്നില്ല എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. കോവിഡിന്റെ പേരിൽ മൊത്തം അടച്ചിടുന്നതിൽ വിശ്വസിക്കാത്ത ആളാണ് താൻ. നിങ്ങളുടെ സംസ്ഥാനത്തെ അവരാദ്യം ഷട്ട് ഡൗൺ ചെയ്തു. പിന്നീട് ലോക്ക് ഡൗൺ ചെയ്തു. വളരെ കാലമായി അവരത് തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

2016ൽ ഒന്നിൽ താഴെ പോയിന്റുകൾ നേടിയാണ് ട്രംപ് വിസ്‌കൊൺസിൻ ജയിച്ചത്. എന്നാൽ ഇക്കുറി സംസ്ഥാനത്ത് ബൈഡനേക്കാൾ ഏഴ് പോയിന്റെങ്കിലും ട്രംപ് പിന്നിലാണെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിൽ തോൽവി രുചിച്ചാൽ ചിലപ്പോൾ തനീക്കീ രാജ്യംതന്നെ വിടേണ്ടി വരുമെന്ന കടുത്ത പ്രഖ്യാപനങ്ങളും ഡോൺൾഡ് ട്രംപ് നടത്തിയിരുന്നു. ഫ്ലോറിഡയിലും ജോർജിയയിലും നടന്ന തിരഞ്ഞെടുപ്പ് റാലികളിലായിരുന്നു ട്രംപിന്റെ പ്രസ്താവന. ബൈഡനെ തിരഞ്ഞെടുത്താൽ അയാൾ രാജ്യത്ത് കമ്യൂണിസം പടർത്തുമെന്നും ക്രിമിനലുകളായ കുടിയേറ്റക്കാരാൽ യുഎസ് നിറയുമെന്നും ട്രംപ് പറഞ്ഞു.

‘പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാർത്ഥിയുമായി ഏറ്റുമുട്ടുന്നു എന്നത് കടുത്ത സമ്മർദ്ദമാണ് എനിക്ക് നൽകുന്നത്. ഞാൻ പരാജയപ്പെട്ടാൽ എന്താകുമെന്ന് നിങ്ങൾക്ക് ചിന്തിക്കാനാകുമോ? ഞാനെന്തു ചെയ്യാൻ പോകുന്നതെന്നോ? എനിക്ക് അതത്ര സുഖകരമായി തോന്നില്ല. ചിലപ്പോൾ ഞാൻ രാജ്യം തന്നെ വിടും. എനിക്കറിയില്ല’– ട്രംപ് പറഞ്ഞു. ഇയോവയിലും മിനസോട്ടയിലും ഒഹിയോയിലും ഫ്ളോറിഡയിലും നോർത്ത് കരോലിനയിലും തിരഞ്ഞെടുപ്പ് റാലികളിൽ സമാനമായ പരാമർശങ്ങൾ ട്രംപ് നടത്തിയിരുന്നു. ട്രംപ് ഇവിടങ്ങളിൽ നടത്തിയ പരാമർശങ്ങൾ കൂട്ടിച്ചേർത്ത് ഒരു വിഡിയോയാക്കി ബൈഡനും ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘വാക്കു പാലിക്കുമോ’ എന്നാണ് ബൈഡൻ ചോദിച്ചത്.

സാഹചര്യങ്ങൾ പ്രതികൂലമായി തുടരുമ്പോൾ കോവിഡിനെതിരായ പോരാട്ടം വിജയിച്ചുകൊണ്ടിരിക്കുകയാണെന്ന വാദമാണ് ട്രംപ് മുന്നോട്ടുവെക്കുന്നത്. നമ്മൾ നന്നായി പോകുന്നു. വളരെ നന്നായി കോവിഡിനെ പ്രതിരോധിക്കുന്നു എന്നാണ് പല വേദികളിലും ട്രംപ് ആവർത്തിക്കുന്നത് . എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ്. വെർമൗണ്ടിലും മിസോറിയിലും മാത്രമാണ് പ്രതിദിന രോഗികളുടെ ശരാശരിയിൽ കുറവുണ്ടായിരിക്കുന്നത്. ഫ്‌ളോറിഡ, കണക്ടിക്കട്ട് സംസ്ഥാനങ്ങളിൽ പ്രതിദിന കേസുകൾ 50 ശതമാനത്തിലേറെ വർധിച്ചു. 27 സംസ്ഥാനങ്ങളിൽ 10-50 ശതമാനത്തിനിടയിലാണ് പ്രതിദിന രോഗികളുടെ വർധന. ഇതുവരെ 83,88,012 പേർക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്.224,732 പേർ മരിച്ചു. 5,457,912 രോഗമുക്തരായി. ഇപ്പോഴും 2,705,368 പേർ ചികിത്സയിലുണ്ട്. 125,685,289 പേർക്കാണ് ഇതുവരെ കോവിഡ് പരിശോധന നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP