Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു പൈസ പോലുമില്ലാതെ ചോരക്കുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് എന്ത് ചെയ്യണമെന്നറിയാതെ വിലപിച്ച് തമിഴ് കുടുംബം; സംസ്‌കാരം എവിടെ നടത്തണം എങ്ങിനെ നടത്തണം എന്നുമറിയില്ല; അയൽ സംസ്ഥാനക്കാരുടെ നിസ്സഹായാവസ്ഥ കണ്ട് കണ്ണ് നിറഞ്ഞ് ആംബുലൻസ് ഡ്രൈവർ; വറ്റാത്ത മനുഷ്യസ്നേഹത്തിന്റെ മാതൃകയായി മഞ്ചേരിയിലെ നൗഫൽ

ഒരു പൈസ പോലുമില്ലാതെ ചോരക്കുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് എന്ത് ചെയ്യണമെന്നറിയാതെ വിലപിച്ച് തമിഴ് കുടുംബം; സംസ്‌കാരം എവിടെ നടത്തണം എങ്ങിനെ നടത്തണം എന്നുമറിയില്ല; അയൽ സംസ്ഥാനക്കാരുടെ നിസ്സഹായാവസ്ഥ കണ്ട് കണ്ണ് നിറഞ്ഞ് ആംബുലൻസ് ഡ്രൈവർ; വറ്റാത്ത മനുഷ്യസ്നേഹത്തിന്റെ മാതൃകയായി മഞ്ചേരിയിലെ നൗഫൽ

ജംഷാദ് മലപ്പുറം

മലപ്പുറം: ചോരക്കുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് എന്ത് ചെയ്യണമെന്നറിയാതെ വിലപിക്കുന്ന തമിഴ് കുടുംബത്തിന്റെ നിസ്സഹായാവസ്ഥ കണ്ട് കണ്ണ് നിറഞ്ഞു. വറ്റാത്ത മനുഷ്യസ്നേഹത്തിന്റെമാതൃകയായി മഞ്ചേരിയിലെ ആംബുലൻസ് ഡ്രൈവർ നൗഫൽ. മഞ്ചേരി മെഡിക്കൽ കോളേജ് പരിസരത്ത് കഴിഞ്ഞ 9 വർഷമായി 24 മണിക്കുറും ആംബുലൻസ് സേവനവും സാന്ത്വന സേവനവും ചെയ്യുന്ന വെക്തിയാണ് മഞ്ചേരിയിലെ എസ് വൈ എസ് സാന്ത്വനം ആംബുലൻസ് ഡ്രൈവർ കൂടിയായ നൗഫൽ. ബുധനാഴ്ച മഞ്ചേരി മെഡിക്കൽ കോളേജിന് മുന്നിൽ ചോരക്കുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് എന്ത് ചെയ്യണമെന്നറിയാതെ വിലപിക്കുന്ന തമിഴ് കുടുംബത്തിന്റെ നിസ്സഹായാവസ്ഥ ശ്രദ്ധയിൽപ്പെട്ട നൗഫൽ സാന്ത്വനം വളണ്ടിയർ ഇർഷാദിനെയും കൂട്ടി അവരോട് കാര്യം അന്യോഷിച്ചപ്പോഴാണ് കുടുംബത്തിന്റെ നിസഹായാവസ്ഥ മനസിലായത്.

തമിഴ് കുടുംബത്തിന് ആറ്റു നോറ്റുണ്ടായ ആദ്യ കുഞ്ഞ് ജനിച്ച് കുറച്ച് ദിവസം കഴിഞ്ഞ് മരണപ്പെട്ടുവെന്നും കയ്യിൽ ഒരു പൈസ പോലുമില്ലാതെ കുഞ്ഞിന്റെ സംസ്‌കാരം എവിടെ നടത്തണം എങ്ങിനെ നടത്തണം ഇതിനൊന്നും അവരുടെ മുന്നിൽ ഉത്തരമില്ലായിരുന്നു.പല രോടും ചോദിച്ചെങ്കിലും എല്ലാവരും ഒഴിഞ്ഞ് മാറി. വിലപിക്കുകയല്ലാതെ അവരുടെ മുന്നിൽ മറ്റു മാർഗ്ഗങ്ങളില്ലായിരുന്നു. ഈ അവസരത്തിലാണ് സാന്ത്വനം നൗഫലും ഇർഷാദും ഇവരെ സഹായിക്കാൻ തീരുമാനിച്ചത്.തമിഴ് കുടുംബം എങ്ങിനെ ഇവിടെയെത്തി എന്ന അന്വേഷണം നടത്തിയപ്പോളാണ് കഴിഞ്ഞ 4 വർഷമായി പെരിന്തൽമണ്ണയിൽ താമസക്കാരാണെന്ന് മനസിലാക്കിയത്.

ഇതോടെ നൗഫൽ ഉടൻ പെരിന്തൽമണ്ണ നഗരസഭാ ചെയർമാനെ നേരിട്ട് വിളിച്ച് സംഭവം പറയുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. തിരുവനന്തപുരത്തായിരുന്ന ചെയർമാൻ വിഷയത്തിൽ ഉടൻ ഇടപെടുകയും ഹെൽത്ത് ഇൻസ്പെക്ടറെയും, ആരോഗ്യ വിഭാഗം ജീവനക്കാരെയും വിളിച്ച് അടിയന്തിരമായി നഗരസഭാ ശ്മശാനമായ അഞ്ജലിയിൽ സംസ്‌കാരത്തിനാവശ്യമായ സൗകര്യങ്ങൾ ചെയ്യാൻ ഏർപ്പാട് ചെയ്യുകയും ചെയ്തു.

ആംബുലൻസിൽ കുടുംബത്തെ പെരിന്തൽമണ്ണയിലെത്തിക്കാനും ആയതിനാവശ്യമായ എല്ലാ ചിലവും ചെയർമാന്റെ സാന്ത്വന ഫണ്ടിൽ നിന്നും നൽകാമെന്നും ചെയർമാൻ നൗഫലിനോട് പറഞ്ഞു. പിന്നെ താമസമുണ്ടായില്ല നൗഫലും, ഇർഷാദും ചേർന്ന് കുടുംബത്തെ ആംബുലൻസിൽ കയറ്റി പെരിന്തൽമണ്ണ ചോലോം കുന്നത്ത് അഞ്ജലിയിൽ എത്തിച്ചു. നഗരസഭ കൗൺസിൽ പ്രതിനിധികളും ആരോഗ്യ വിഭാഗവും സംസ്‌ക്കാരത്തിനാവശ്യമായ എല്ലാവിധ സജ്ജീകരണം ചെയ്ത് അവിടെ സജ്ജമായി നിന്നിരുന്നു. കൃത്യം ഉച്ചക്ക് 1.50 ന് ഹൃദയം പിളർക്കും വേദനയോടെ തങ്ങളുടെ പൊന്നോമനക്ക് കുടുബം അന്ത്യകർമ്മം നടത്തി.

തമിഴ്‌നാട് തൻ ട്രാംപട്ട് താലൂക്കിലെ മേൽമുത്തനൂർ ഗ്രാമവാസിയായ സത്യരാജ്-ഉഷ ദമ്പതികൾ കഴിഞ്ഞ അഞ്ചു വർഷമായി പെരിന്തൽമണ്ണ വലിയങ്ങാടിയിലെ വാടക ക്വാർട്ടേഴ്സിൽ കഴിയുന്നവരാണ്. കൂടെ ഉഷയുടെ അമ്മ കുപ്പുവും ഉണ്ട്. നഗരത്തിൽ നിർമ്മാണ ജോലിയിൽ ഏർപ്പെട്ടാണ് കുടുംബം ജീവിക്കുന്നത്. വളരെ വൈകി ഗർഭിണിയായ ഉഷ ഒരു കുഞ്ഞുണ്ടാവുന്നതിന്റെ സന്തോഷത്തിലായിരുന്നു. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഇവർ വൈദ്യപരിചരണം നേടി. ഏഴ് മാസമായപ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ ജില്ലാ ആശുപത്രി റഫർ ചെയ്ത പ്രകാരം രണ്ടാഴ്ച മുമ്പ് മഞ്ചേരി മെഡിക്കൽ കോളേജിൽ ഇവർ എത്തിയത്. ഇവിടെ വെച്ച് മാസം തികയാതെ ഇവർ പ്രസവിക്കുകയും തുടർന്ന് കുട്ടിക്ക് ഹൃദയമിടിപ്പ് കുറവായതിനാൽ മരണപ്പെടുകയുമായിരുന്നു.

കൂലിപ്പണിക്കാരനായതിനാൽ രണ്ടാഴ്ചയോളം ജോലിക്ക് പോകാൻ കഴിയാത്തതുകൊണ്ട് കയ്യിലുള്ള പണമെല്ലാം തീരുകയും ചെയ്തു. ഇതിനിടെ സാമ്പത്തിക പ്രയാസവും മറ്റും കാരണമെന്നു കരുതുന്നു കുട്ടി മരിച്ചതോടെ ഭർത്താവ് സത്യരാജ് ഇവരെ വിട്ടു പോയി. ഈ സാഹചര്യം രണ്ടു സ്ത്രീകൾ മാത്രമായ കുടുംബത്തെ ഏറെ നിസഹായരാക്കി. കൈയിൽ ജീവനില്ലാത്ത കുഞ്ഞിനെ പിടിച്ച് എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന സാഹചര്യത്തിലാണ് സാന്ത്വനം ആംബുലൻസ് ഡ്രൈവറും എസ്.വൈ.എസ് സാന്ത്വനം വളണ്ടിയർ ക്യാപ്റ്റൻ നൗഫലിന്റെയും സാന്ത്വനം വളണ്ടിയർ ഇർഷാദിന്റെയും പെരിന്തൽമണ്ണ നഗരസഭയുടെയും സഹായ ഹസ്തം ലഭിച്ചത്.

സംസ്‌കാര ശേഷം ആചാരങ്ങൾ അനുഷ്ഠിക്കാനായി കുടുംബം സ്വദേശത്തേക്ക് മടങ്ങി. നഗരസഭയോടും നൗഫലിനോടും ഇർഷാദിനോടും നന്ദി പറഞ്ഞ കുടുംബം ഇനി ഒരു മാസത്തിന് ശേഷം പെരിന്തൽമണ്ണയിൽ വീണ്ടും തിരിച്ചെത്തും. ഇവരുടെ യാത്രക്കും സംസ്‌കാരത്തിനും ഉള്ള മുഴുവൻ ചിലവും നഗരസഭ ചെയർമാന്റെ സാന്ത്വന ഫണ്ടിൽ നിന്നും നൽകി. സംസ്‌കാര സമയത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ പി.ടി. ശോഭന , എ.രതി , കൗൺസിലർമാരായ കെ.സുന്ദരൻ ,അമ്പിളി മനോജ്, ലക്ഷ്മികൃഷ്ണൻ സാമൂഹ്യ പ്രവർത്തക സീനത്ത് എന്നിവരും സന്നിഹിതരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP