Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രണയത്തിൽ നിന്ന് പിന്മാറിയില്ല; വിവാഹം മുടക്കുമെന്ന് പറഞ്ഞത് പകയായി; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടി; അമ്പൂരി രാഖി കൊലക്കേസിൽ കാമുകനുൾപ്പെടെ മൂന്ന് പ്രതികൾക്കും ജീവപര്യന്തം കഠിനതടവ്; നാല് ലക്ഷം വീതം പിഴ; അഖിലിന് കുരുക്കായത് വ്യാജ സന്ദേശം

പ്രണയത്തിൽ നിന്ന് പിന്മാറിയില്ല; വിവാഹം മുടക്കുമെന്ന് പറഞ്ഞത് പകയായി; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടി; അമ്പൂരി രാഖി കൊലക്കേസിൽ കാമുകനുൾപ്പെടെ മൂന്ന് പ്രതികൾക്കും ജീവപര്യന്തം കഠിനതടവ്; നാല് ലക്ഷം വീതം പിഴ; അഖിലിന് കുരുക്കായത് വ്യാജ സന്ദേശം

അഡ്വ പി നാഗരാജ്

തിരുവനന്തപുരം: നെയ്യാറ്റിൻകര തിരുപുറം പുത്തൻകട സ്വദേശിനി രാഖിമോളെ (30) കഴുത്തുഞെരിച്ച് കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചിട്ട കേസിൽ കാമുകൻ ഉൾപ്പെടെ മൂന്ന് പ്രതികൾക്കും ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. രാഖിയുടെ കാമുകനായ അഖിൽ, സഹോദരൻ രാഹുൽ, സുഹൃത്ത് ആദർശ് എന്നിവരേയാണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം ആറാം അഡിഷനൽ സെഷൻ ജഡ്ജ് കെ.വിഷ്ണുവാണ് ശിക്ഷ വിധിച്ചത്.

പിഴ ഒടുക്കിയില്ലെങ്കിൽ ആറു മാസം കൂടി അധിക തടവ് അനുഭവിക്കണം. ജീവപര്യന്തം തടവിനു പുറമെ തെളിവ് നശിപ്പിച്ചതിന് അഞ്ച് വർഷം വീതം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. മൂന്നു പേർക്കും കൂടി 12 ലക്ഷം രൂപ പിഴ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. പിഴത്തുക പെൺകുട്ടിയുടെ കുടുംബത്തിന് നൽകണം.

ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. കേസിൽ മൂന്ന് പ്രതികളും കുറ്റക്കാരെന്ന് അഡീഷനൽ സെഷൻസ് ജഡ്ജ് കെ.വിഷ്ണു കണ്ടെത്തിയിരുന്നു. അമ്പൂരി തട്ടാമുക്ക് അശ്വതി ഭവനിൽ അഖിൽ ആർ.നായർ (24), സഹോദരൻ രാഹുൽ ആർ.നായർ (27), സുഹൃത്ത് അമ്പൂരി തട്ടാന്മുക്ക് ആദർശ് ഭവനിൽ ആദർശ് നായർ (23) എന്നിവർ പ്രതികളായ കേസിലാണ് കൊലപാതകം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞത്.

2019 ജൂൺ 21നാണ് സംഭവം. കളമശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കിയിരുന്ന രാഖിമോളെ ഇന്ത്യൻ ആർമിയിൽ ഡ്രൈവറായിരുന്ന അഖിൽ മിസ്ഡ് കോളിലൂടെ പരിചയപ്പെട്ടതാണ് തുടക്കം. ഇരുവരും പ്രണയത്തിലായി. രാഖി നെയ്യാറ്റിൻകര പുത്തൻ കടയിലെ വീട്ടിൽ വരുമ്പോഴെല്ലാം അഖിലുമൊരുമിച്ച് വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. ഇതിനിടെ അന്തിയൂർക്കോണം സ്വദേശിയായ യുവതിയുമായി അഖിൽ പ്രണയത്തിലാവുകയും വിവാഹനിശ്ചയം നടത്തുകയും ചെയ്തു.

ഈ ചടങ്ങിന്റെ ഫോട്ടോ അഖിൽ ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് രാഖി വിവരമറിഞ്ഞത്. ഇതോടെ രാഖി വിവാഹം മുടക്കുമെന്നു പറഞ്ഞതിലുള്ള വിരോധമാണു കൊലയ്ക്കു കാരണമെന്നാണു കേസ്. സംഭവ ദിവസം രാഖിമോളെ പൂവാറിലെ വീട്ടിൽനിന്ന് അഖിൽ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിലേക്കു വിളിച്ചുവരുത്തി. അമ്പൂരിയിലുള്ള തന്റെ പുതിയ വീട് കാണിക്കാമെന്നു പറഞ്ഞു രാഖിയെ കാറിൽ കയറ്റി. വഴിയിൽ കാത്തുനിന്ന സഹോദരൻ രാഹുൽ, സുഹൃത്ത് ആദർശ് എന്നിവരും വാഹനത്തിൽ കയറി. യാത്രയ്ക്കിടെ രാഖിയെ സീറ്റ് ബെൽറ്റ് ഉപയോഗിച്ച് അഖിൽ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.

യുവതിയെ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം അഖിലിന്റെ വീടിനു സമീപം എടുത്ത കുഴിയിൽ മൃതദേഹമിട്ടു മൂടിയശേഷം അഖിൽ ജോലിസ്ഥലത്തേക്കും മറ്റു പ്രതികൾ ഗുരുവായൂരിലേക്കും പോകുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആലപ്പുഴ പി.പി.ഗീത, അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ എന്നിവർ ഹാജരായി.



ആസൂത്രിത കൊലപാതകം

എറണാകുളത്തെ സ്വകാര്യ ചാനലിലെ ബ്രോഡ്ബാൻഡ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന രാഖി ജൂൺ 18ന് അവധിക്ക് നാട്ടിലെത്തി. കൃത്യം നടന്ന ദിവസമായ 21ന് മടങ്ങാനായി വീടുവിട്ട രാഖിയെ അഖിൽ അനുനയ രൂപത്തിൽ നെയ്യാറ്റിൻകര ബസ്റ്റാൻഡിൽ സ്റ്റാൻഡിൽ വിളിച്ച് വരുത്തുകയും താൻ നിർമ്മിക്കുന്ന അംബൂരിയിലെ പുതിയ വീട് കാണിക്കാമെന്ന് പറഞ്ഞ് സുഹൃത്തിന്റെ കാറിൽ കയറ്റി അമ്പൂരി തട്ടാമുക്കിലെത്തിച്ചു.

അവിടെ കാത്തുനിന്ന സഹോദരൻ രാഹുൽ, സുഹൃത്ത് ആദർശ് എന്നിവർ വാഹനത്തിൽ കയറി രണ്ടാംപ്രതി രാഹുൽ ആർ നായർ വാഹനമോടിച്ചും ആദർശും, അഖിലും പിൻ സീറ്റിൽ ഇരുന്ന് അമ്പൂരിയിൽ നിന്നും തട്ടാമൂക്ക് ഭാഗത്തേക്ക് പോകുന്ന വഴി വാഹനത്തിന്റെ മുൻവശം ഇടതു സീറ്റിലിരുന്ന രാഖിയെ വാഹനത്തിന്റെ സീറ്റ് ബെൽറ്റ് ഉപയോഗിച്ച് അഖിൽ കഴുത്തു ഞെരിച്ചു വാഹനത്തിനുള്ളിൽ വച് കൊലപ്പെടുത്തുകയായിരുന്നു. മരണവെപ്രാളത്തിനിടയിൽ രാഖിയുടെ ശബ്ദം പുറത്ത് കേൾക്കാതിരിക്കാനായി രാഹുൽ കാറിന്റെ ഇൻജിൻ ഇരപ്പിച്ച് വലിയ ശബ്ദമുണ്ടാക്കിയിരുന്നു.

കൊല്ലപ്പെട്ട രാഖിയുടെ മൃതദേഹം മൂവരും ചേർന്ന് കാറിൽ നിന്നും പുറത്തെടുത്ത് അഖിലിന്റെ വീടിനോട് ചേർന്ന റബർ പുരയിടത്തിൽ നേരത്തെ തയ്യാറാക്കിയിട്ടിരുന്ന കുഴിക്ക് സമീപമെത്തിച്ച് രാഖിയുടെ വസ്ത്രങ്ങൾ മാറ്റിയശേഷം ഉള്ളിൽ ഇട്ടു ഉപ്പും വിതറി മണ്ണിട്ടു മൂടി വൃക്ഷ തൈകൾ വച്ച് പിടിപ്പിച്ചു. തുടർന്ന് അഖിൽ ജോലിസ്ഥലമായ ലഡാക്കിലും, ആദർശും, രാഹുലും ഗുരുവായൂരിലേക്കും ഒളിവിൽ പോയിരുന്നു.

തന്റെ മകളെ കാണാനില്ലെന്ന് കാണിച്ച് രാഖിയുടെ പിതാവ് രാജൻ പുവ്വാർ പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടത്തി വരവേ ഒരു ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുകയായിരുന്ന ആദർശിനെ പൊലീസ് പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ആദർശിന്റെ കുറ്റസമ്മത മൊഴിയിലാണ് ഒന്നും രണ്ടും പ്രതികളായ അഖിലും, രാഹുലും പൊലീസിന്റെ കസ്റ്റഡിലാകുന്നത്. പ്രതികളുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ രാഖിയുടെ മൃതശരീരം അഖിലിന്റെ വീട്ട് വളപ്പിൽ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു.

അഖിലിന് കുരുക്കായത് വ്യാജസന്ദേശം

അന്വേഷണം വഴിതെറ്റിക്കാൻ നൽകിയ മൊബൈൽ ഫോൺ സന്ദേശമാണ് രാഖിയുടെ കൊലപാതകത്തിന്റെ അന്വേഷണത്തിന് നിർണായക വഴിത്തിരിവായത്. രാഖിയുടെ സിംകാർഡ് അഖിലിന്റെ ഫോണിൽ ഉപയോഗിച്ചാണ് തുടരെത്തുടരെ സന്ദേശങ്ങൾ അയച്ചത്. അഖിലിനെ വഴി പിരിയുകയാണെന്നും താൻ മറ്റൊരു സുഹൃത്തുമായി ചെന്നൈയ്ക്ക് പോകുന്നുവെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.

അന്വേഷണത്തിന്റെ ഭാഗമായി തങ്ങളെ നിരന്തരം ശല്യപ്പെടുത്തുന്നുവെന്ന് കാട്ടി അഖിലിന്റെ ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയോടൊപ്പം ഈ സന്ദേശത്തിന്റെ പ്രിന്റ് ഔട്ടും പൊലീസിന് നൽകിയിരുന്നു. അപ്പോഴാണ് സിംകാർഡ് യുവതിയുടേതാണെങ്കിലും അയച്ച ഫോൺ മറ്റൊന്നാണെന്ന് തിരിച്ചറിഞ്ഞത്.

സെക്കൻഡ് ഹാൻഡ് ഫോൺ വിൽക്കുന്ന കടയിൽ നിന്ന് ഈ ഫോൺ വാങ്ങിയത് ആദർശും, രാഹുലുമായിരുന്നു. വിരലടയാളം ഉപയോഗിച്ച് ഓൺ ആക്കുന്നതായിരുന്നു യുവതിയുടെ ഫോൺ. രാഖിയുടെ ശരീരം മറവ് ചെയ്തതോടെ ഈ ഫോൺ ഉപയോഗിക്കാൻ കഴിയാതായി. ഇതോടെയാണ് മറ്റൊരു ഫോൺ വാങ്ങേണ്ടി വന്നത്.

94 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു.92 തൊണ്ടിമുതലുകളും,178 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ആദർശിന്റെ ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ കോളേജിലെ ഡോക്ടർ തങ്കരാജിനെ പ്രതിഭാഗം സാക്ഷിയായി വിസ്തരിച്ചിരുന്നു. 15 രേഖകളും പ്രതിഭാഗം ഹാജരാക്കിയിരുന്നു.

പൂവ്വാർ സർക്കിൾ ഇൻസ്പക്ടറും ഇപ്പോൾ ട്രാഫിക് സിഐ ആയി ജോലി നോക്കുന്ന ബി.രാജീവും, നെയ്യാറ്റിൻകര ഡിവൈ.എസ്‌പി. ആയിരുന്ന എസ്.അനിൽകുമാറുമാണ് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയത്.

ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് 'ഞങ്ങൾ സഹോദരന്മാരാണന്നും, അച്ചൻ വാഹന അപകടത്തെ തുടർന്ന് ഒരു വശം തളർന്ന് കിടപ്പിലാണന്നും മറ്റാരും അവരെ സംരക്ഷിക്കാനില്ലന്നും' അഖിലും, രാഹുലും വിതുമ്പി കൊണ്ട് പറയുന്നുണ്ടായിരുന്നു. 'അച്ചന്റെ മരണത്തെ തുടർന്ന് അമ്മ മാത്രമേ ഉള്ളുവെന്നും അവരെ സംരക്ഷിക്കാൻ മറ്റാരും ഇല്ലന്നും' ആദർശും കരഞ്ഞ് കൊണ്ട് പറയുന്നുണ്ടായിരുന്നു. പ്രതികളുടെ കുറ്റകൃത്യം പൈശാചികമായിരുന്നുവെന്നും പ്രതികൾ ദയ അർഹിക്കുന്നില്ലന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP