Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

'മരങ്ങൾ ഉള്ളതുകൊണ്ടാണ് മഴ പെയ്യുന്നതെങ്കിൽ കടലിൽ മഴ പെയ്യുന്നത് എങ്ങനെ'യെന്ന് ചോദിച്ച സീതിഹാജിക്ക് ലോകത്ത് ഒരു പിൻഗാമി; ഉഷ്ണമേഖലാ മഴക്കാടുകൾക്ക് തീ പിടിക്കുകയില്ലെന്നും അതിനാൽ ആമസോൺ കത്തുന്നു എന്നത് ഒരു നുണയാണെന്നും ബ്രസീൽ പ്രസിഡന്റ് ബൊൾസനാരോ; കോവിഡ് കാലത്ത് ആമസോൺ മഴക്കാടുകൾ കത്തുമ്പോൾ നെഞ്ചകം തകർന്ന് പരിസ്ഥിതി സ്നേഹികൾ

'മരങ്ങൾ ഉള്ളതുകൊണ്ടാണ് മഴ പെയ്യുന്നതെങ്കിൽ കടലിൽ മഴ പെയ്യുന്നത് എങ്ങനെ'യെന്ന് ചോദിച്ച സീതിഹാജിക്ക് ലോകത്ത് ഒരു പിൻഗാമി; ഉഷ്ണമേഖലാ മഴക്കാടുകൾക്ക് തീ പിടിക്കുകയില്ലെന്നും അതിനാൽ ആമസോൺ കത്തുന്നു എന്നത് ഒരു നുണയാണെന്നും ബ്രസീൽ പ്രസിഡന്റ് ബൊൾസനാരോ; കോവിഡ് കാലത്ത് ആമസോൺ മഴക്കാടുകൾ കത്തുമ്പോൾ നെഞ്ചകം തകർന്ന് പരിസ്ഥിതി സ്നേഹികൾ

എം മാധവദാസ്

ന്യൂഡൽഹി: വനനശീകരണത്തിനെതിരായ കാമ്പയിനും സൈലന്റ് വാലി പ്രക്ഷോഭവും പ്രക്ഷുബ്ധമാക്കിയ കേരളത്തിന്റെ 80 കളിൽ മുസ്ലീ ലീഗ് നേതാവ് സീതി ഹാജി ചോദിച്ച ഒരു ചോദ്യം വലിയ തമാശയായിരുന്നു. 'മരങ്ങൾ മൂലമാണ് മഴ പെയ്യുന്നതെങ്കിൽ കടലിൽ എങ്ങനെയാണ് മഴ ചെയ്യുക അവിടെ മരങ്ങൾ ഇല്ലല്ലോ എന്ന്'. സമാനമായ ഒരു ചോദ്യം ലോകത്ത് ഉയർന്നുവന്നത് ബ്രസീൽ പ്രസിഡന്റ്  മെസിയസ് ജെയർ ബോൾസോനാരോയിൽ നിന്നാണ്. ലോകത്തിന്റെ ശ്വാസകോശങ്ങൾ എന്ന് അറിയപ്പെടുന്ന ആമസോൺ കാടുകൾ കത്തുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ, ബാൾസനാരോയുടെ മറുപടി ഇങ്ങനെ. 'ഉഷ്ണമേഖലാ മഴക്കാടുകൾക്ക് തീ പിടിക്കുകയില്ല. അതിനാൽ ആമസോൺ കത്തുന്നു എന്നത് ഒരു നുണയാണ്'- നോക്കണം ഈ ആധുനിക ലോകത്ത് ജീവിക്കുന്ന ഒരു ഭരണാധികാരിയുടെ മറുപടിയാണ്.

ദ മോസ്റ്റ് ഡേഞ്ചറസ് മാൻ ഓഫ് ദ വേൾഡ്'..ലോകത്തിലെ ഏറ്റവും അപകടകാരിയായ മനുഷ്യൻ! രാജ്യാന്തര വാർത്താ മാധ്യമങ്ങൾ മാത്രമല്ല ശാസ്ത്ര മാസികകളായ ദ ലാൻസെറ്റും, നേച്ചറും പോലും അതി നിശിതമായി വിമർശിച്ച, ലോകത്തിന്റെ ശാപം എന്നറിയപ്പെടുന്നത് ഇദ്ദേഹമാണ്. പെലയും, റൊണാൾഡോയും തൊട്ട് നെയ്മർ വരെയുള്ള ഒട്ടനവധി താരങ്ങളിലുടെ നമ്മുടെ അരുമകളായ ബ്രസീലിന്റെ പ്രസിഡന്റാണ് ഈ 65കാരൻ. തികഞ്ഞ സ്ത്രീവിരുദ്ധൻ, തീവ്ര വലതുപക്ഷവാദി, ആമസോണിന്റെ കശാപ്പുകാരൻ, ഭിന്നലിംഗക്കാരെ അധിക്ഷേപിക്കുന്നവൻ, സത്രീലമ്പടൻ, ലാറ്റിനമേരിക്കയുടെ ട്രംപ് തുടങ്ങിയ നിരവധി അധിക്ഷേപങ്ങളാണ് ഇക്കാലമത്രയും കൊണ്ട് ഇദ്ദേഹം നേടിയെടുത്ത്.

ബോൾസോനാരോ അങ്ങേയറ്റം വിവാദ പുരുഷനായി മാറിയിരിക്കുന്നത് കോവിഡിൽ അദ്ദേഹം നടത്തിയ വിവരക്കേടിന്റെ പശ്ചാത്തലത്തിലാണ്. കോവിഡ് ഒരു കെട്ടുകഥയാണെന്ന തിയറിയുണ്ടാക്കി തുടക്കം മുതൽ സോഷ്യൽ ഡിസ്റ്റൻസിങിനെയെല്ലാം പുച്ഛിച്ച് നടക്കുന്നയാളായിരുന്നു നമ്മുടെ കഥാനായകൻ. കോവിഡ് പടരുമ്പോഴും വലിയ ജാഥകൾ നയിച്ചും ഫോട്ടോക്ക് പോസ് ചെയ്തും, തെരുവുകളിൽ പരസ്യമായി എത്തി ഭക്ഷണം കഴിച്ചു അദ്ദേഹം വിവാദ നായകനായി. ഒടുവിൽ ബ്രസീലിൽ കോവിഡ് പടർന്ന് ആയിരങ്ങൾ മരിച്ചു. ഇപ്പോൾ കോവിഡിനൊപ്പം ബസീലിലെ ആമസോൻ മഴക്കാടുകിഴിലെ കാട്ടുതീയും ചർച്ചയാവുകയാണ്.

ആമസോൺ കത്തിയെരുമ്പോൾ അവർ വീണ വായിക്കുന്നു

കഴിഞ്ഞ വർഷം പടർന്ന് കത്തിയ ആമസോൺ കാടുകളിൽ വീണ്ടും തീ പടരുകയാണ്. ലോകത്തിന്റെ ശ്വാസകോശം എന്ന് വിശേഷിക്കപ്പെട്ടിരുന്ന ആമസോൺ കാടുകളിൽ അടുത്ത കാലങ്ങളിലായി വർദ്ധിച്ച കാട്ട് തീ ഏറെ ആശങ്കയാണ് ലോകത്ത് ഉയർത്തിയത്. ഓക്സിജന്റെ അളവ് കുറയുന്നതിനും കാർബൺഡൈ ഓക്സൈഡിന്റെ വർദ്ധനവും ലോകത്ത് സൃഷ്ടിക്കാൻ പോകുന്ന ദുരന്തമുഖം ഏറെ ആശങ്കയോടെയാണ് പ്രകൃതി സ്നേഹികൾ കണ്ടിരുന്നത്.

സ്വാഭാവികമായ കാട്ടു തീയല്ലെന്നും വനസമ്പത്തുകൊള്ളയടിക്കാനായെത്തിയ മാഫിയകൾ സൃഷ്ടിക്കുന്ന തീയാണിതെന്നും രാജ്യത്ത് നിന്ന് തന്നെ ആരോപണം ഉയർന്നു. ഈ വനമാഫിയയ്ക്ക് പ്രസിഡന്റ് ബോൺസാരോയുമായി ബന്ധമുണ്ടെന്ന് വരെ ആരോപണം ശക്തമായിരുന്നു. കഴിഞ്ഞ വർഷം മാസങ്ങളോളം നിന്ന് കത്തിയ ആമസോൺ കാടുകളിൽ വീണ്ടും കാട്ടുതീ പടർന്നു. എന്നാൽ തീപിടുത്തം ആമസോൺ മഴക്കാടുകളെ നശിപ്പിക്കുന്നുവെന്നത് ഒരു 'നുണ'യാണെന്നാണ് ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസനാരോയുടെ കണ്ടെത്തൽ.

ആമസോൺ കാടുകളിൽ 2019ൽ പടർന്നു പിടിച്ച തീയാണ് കഴിഞ്ഞ ഒൻപത് വർഷത്തിലെ ഏറ്റവും വലിയ കെടുതിയായി കണക്കാക്കുന്നത്. എന്നാൽ ഈ മാസം ഇതുവരെ പതിനായിരത്തിലധികം തീപിടുത്തങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ബ്രസീലിലെ ദേശീയ ബഹിരാകാശ ഗവേഷണ ഏജൻസിയായ ഇൻപെയിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നത്.വന നശീകരനവുമായി ബന്ധെപ്പെട്ട കൃത്യവും ആധികാരകമായതുമായ വിവരങ്ങൾ പുറത്തുവരാൻ തുടങ്ങിയത് 2015ന് ശേഷമാണ്. ഇതുമായി ബന്ധപ്പെട്ട അലർട്ടുകൾ ഫോറസ്റ്റ് റേഞ്ചർമാർക്ക് നൽകുന്നതിനായി 2015ലാണ് 'ഡിറ്റർ-ബി സാറ്റലൈറ്റ് സിസ്റ്റം' നിർമ്മിച്ചത്.കഴിഞ്ഞ വർഷം മാത്രം 10,000 ചതുരശ്ര കിലോമീറ്റർ വനഭൂമി കത്തിനശിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പണ്ട് വർഷത്തിൽ 25,000 ചതുരശ്ര കിലോമീറ്ററിലധികം വനനശീകരണം ബ്രസീലിൽ നടന്നിരുന്നു എന്നും കണക്കുകൾ പറയുന്നു.

കത്തിക്കുന്നത് വൻകിട അഗ്രി കമ്പനികൾക്ക് വേണ്ടി

പ്രസിഡന്റ് ബോൾസനാരോ അധികാരത്തിൽ വന്നതിനു ശേഷം മാത്രം ആമസോൺ ഉഷ്ണമേഖലാ മഴക്കാടുകളിലെ വനനശീകരണം മൊത്തം 920 ചതുരശ്ര കിലോമീറ്റർ വർധിച്ചതായിയാണ് ബഹിരാകാശ ഏജൻസി പുറത്തുവിട്ട കണക്കുകൾ.തദ്ദേശീയ സമുദായങ്ങളെക്കാളും മറ്റ് വനവാസികളെക്കാളും ഖനി മുതലാളിമാർക്കും കർഷകർക്കുമാണ് പ്രസിഡന്റ് ബോൾസനാരോ മുൻഗണന നൽകുന്നത് എന്ന വിമർശനവുമുണ്ട്.പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളെയും ഇല്ലാതാക്കുന്ന നടപടികളാണ് ബോൾസനാരോ സ്വീകരിച്ചു വരുന്നതും ശക്തമായ വിമർശനങ്ങൾ ഉയർന്നു വരുന്നുണ്ട. ബസീൽ സർക്കാരിന്റെ ഭൂവിനിയോഗ നയങ്ങളുടെ ഫലമായിട്ടാണ് ആമസോൺ മഴക്കാടുകൾ ഈ അവസ്ഥയിലേക്ക് എത്തുന്നതെന്നും വലിയ തോതിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് ഇത് കാരണമാകുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

സുപ്രസിദ്ധ ചാനലായ നാഷണൽ ജിയോഗ്രാഫിക്ക് ആമസോണിന്റെ അന്തകൻ എന്നാണ് ബോൾസൊനാരോയെ വിമർശിച്ചത്. വൻകിട അഗ്രി കമ്പനികൾക്ക് വേണ്ടി ആമസോണിലെ കൈയേറ്റം പ്രോൽസാഹിപ്പിക്കുന്നത് പ്രസിഡന്റ് തന്നെയാണത്രേ. ലോകത്തെ അത്യപൂർവ ആവാസ വ്യവസ്ഥ ഇല്ലാതാവുമ്പോളും ഇയാൾ വികസനം വരുമെന്നൊക്കെയാണ് പറയുന്നത്.ആമസോണ് കത്തിയെരിയുമ്പോൾ നിഷ്‌ക്രിയമായിരുന്നബ്രസീൽ ഭരണകൂടത്തിനെതിരെ ഇങ്ങ് കേരളത്തിൽ വരെ പ്രതിഷേധമുയർന്നിരുന്നു. ലോകത്തിന്റെ പല ഭാഗത്തും നടന്ന അത്തരം ചെറുതും വലുതുമായ സമരങ്ങളാണ് ആമസോണിൽ ഒരു പരിധിവിട്ട് കടന്നുകയറുന്നതിൽ നിന്ന് ബ്രസീൽ ഭരണകൂടത്തെ പിന്തിരിപ്പിച്ചത്. എന്നാൽ കോവിഡിന്റെ മറവിൽ ഇന്ന് അതിവേഗം വെളുക്കുകയാണ് ആമസോൺ.

ആമസോൺ സംരക്ഷണത്തിനായി അഹോരാത്രം പ്രവർത്തിക്കുന്ന പരിസ്ഥിതി പ്രവർത്തകൻ സെസികോ കൊല്ലപ്പെടുന്നത് ഏപ്രിൽ രണ്ടിനാണ്. കഴിഞ്ഞ ആറുമാസത്തിനിടെ ആമസോണിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെ പരിസ്ഥിതി പ്രവർത്തകൻ. ആമസോണിലെ പ്രത്യേക ട്രെബൽ വിഭാഗങ്ങളിൽപെട്ട ഇവരെല്ലാം ആമസോൺ സംരക്ഷണത്തിന് കയ്യും മെയ്യും മറന്ന് നിന്നവരാണ്. ആമസോണിലെ ട്രൈബൽ മേഖലയിൽ കോവിഡ് തീപോലെ പടരുകയാണ്.വനം കാക്കാൻ ആളില്ല. ആ പുകമറയിലാണിപ്പോൾ വനം കൊള്ള വീണ്ടും സജീവമായത്. മരങ്ങൾ മുറിച്ച് കടത്തലും വെട്ടിത്തെളിച്ചും തീയിട്ടും കൃഷിയിറക്കലും സജീവം. എല്ലാത്തിനും ഒത്താശ നൽകുന്നത് ഭരണകൂടവും.

കൊളംബിയക്കും പെറുവിനും ബ്രസീലിനും ഇടയിലുള്ള ആമസോൺ മേഖലയിലിൽ സംരക്ഷിത ട്രൈബൽ മേഖലയിൽ പോലും കോവിഡ് വ്യാപകമാകുന്നുവെന്ന് പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ മുന്നറിയിപ്പ് നൽകി. 305 ട്രൈബൽ വിഭാഗങ്ങൾ ഇവിടുണ്ട്.ഇതിൽ 40 വിഭാഗങ്ങളിലും കോവിഡ് സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ഒറ്റപ്പെട്ട് കഴിയുന്ന ഈ പ്രദേശത്തൊന്നും കാര്യക്ഷമമായ പരിശോധന പോലും നടക്കുന്നില്ല.പല ട്രെബൽ വിഭാഗങ്ങളിലും ആരോഗ്യസ്ഥിതി തൃപ്തികരമാണെങ്കിലും പുറത്തുനിന്നുള്ള വൈറസ് ബാധയെ അതിജീവിക്കാനുള്ള ശേഷിയില്ലെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. സ്വന്തം കമ്യൂണിറ്റിയെ സംരക്ഷിക്കാൻ പല ട്രൈബുകളും കർശനമായ സ്വയം സംരക്ഷണ നടപടികൾ നടപ്പാക്കുന്നു. ആമസോൺ വനസംബന്ധിയായ നിയമനിർമ്മാണങ്ങളും നയരൂപീകരണങ്ങളും ബോൾസൊനാരോ കൃഷിമന്ത്രാലയത്തിനു വിട്ടു.അഗ്രിബിസിനസ്സ് ലോബിക്ക് വലിയ സ്വാധീനമുള്ള മന്ത്രാലയമാണ് കൃഷിമന്ത്രാലയം. പുതിയ ഗോത്രവർഗ റിസർവ്വുകൾ സൃഷ്ടിക്കാനുള്ള അധികാരവും പുതിയൊരു മന്ത്രാലയത്തിന് കൈമാറി.

ഈ നീക്കത്തിനെതിരെ ഗോത്രവർഗ നേതാക്കൾ രംഗത്തു വന്നിട്ടുണ്ട്. പുതിയ റിസർവ്വുകൾ സൃഷ്ടിക്കുന്നത് അഗ്രിബിസിനസ്സ് ലോബിക്കു വേണ്ടിയാണെന്ന് ഇവർ ആരോപിക്കുന്നു. നിലവിൽ ഇത്തരം കേന്ദ്രങ്ങളിൽ ചെറിയ തോതിലുള്ള കൃഷികളാണ് നടക്കുന്നത്. എന്നാൽ, പുതിയ റിസർവ്വുകൾ വരുന്നതോടെ കാർഷികഭീമന്മാർക്ക് കാട്ടിൽ സ്വതന്ത്രമായി ഇടപെടാനുള്ള വഴിയൊരുങ്ങും. ആദിവാസികൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുകയാകും ഫലമെന്നും നേതാക്കൾ പറയുന്നു. വനനശീകരണം കൂടുതൽ ശക്തമാകുകയും ചെയ്യും. ആമസോൺ വ്യവസായത്തിനായി പരുവപ്പെടുത്തണമെന്നും ആദിവാസി സമൂഹത്തെ പരീഷ്‌കൃതരാക്കണമെന്നും നിരന്തരം വാദിക്കുന്ന പ്രസിഡന്റ് തന്നെയാണ് യഥാർഥത്തിൽ ഇവിടെ കോവിഡിനേക്കാൾ വലിയ വില്ലൻ.

കാട് കാർബൺഡയോക്സൈഡ് പുറന്തള്ളുമ്പോൾ

ലോകത്തിനായി 20 ശതമാനം ഓക്സിജൻ ഉത്പാദിപ്പിച്ചിരുന്ന കാട് ഇപ്പോൾ പുറം തള്ളുന്നത് കടുത്ത കാർബൺ ഡൈ ഓക്സൈഡാണ്. ആഗോളതാപനം കാട്ടുതീയടക്കമുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്.മനുഷ്യർ കൃഷിയാവശ്യങ്ങൾക്കും മറ്റുമായി തീയിടുന്നതടക്കമുള്ള കാര്യങ്ങളും ഈ കാട്ടുതീയുണ്ടാക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട് എന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്‌പേസ് റിസർച്ച് പറയുന്നത്.കാട്ടുതീയുടെ ഫലമായി അന്തരീക്ഷത്തിലുയർന്ന രൂക്ഷമായ പുകപടലങ്ങൾ പല പ്രദേശങ്ങളെയും വലയംചെയ്തിരിക്കുകയാണ്.പല നഗരങ്ങളിൽ നട്ടുച്ചയ്ക്കു പോലും രാത്രിയുടെ പ്രതീതിയാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. കറുത്ത പുകപടലങ്ങൾക്കിടയിലൂടെ സൂര്യപ്രകാശം താഴേക്ക് എത്തിച്ചേരാത്തതാണ് കാരണം. മഴ പെയ്യുമ്പോൾ കറുത്ത നിറത്തിലുള്ള വെള്ളമാണ് ഭൂമിയിലെത്തുന്നത്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്‌പേസ് റിസർച്ച് പുറത്തുവിട്ട ഉപഗ്രഹ വിവരങ്ങളനുസരിച്ച് 2018നെ അപേക്ഷിച്ച് 83 ശതമാനത്തിലധികം വർധനയാണ് കാട്ടുതീയുണ്ടാകുന്നതിൽ ഉണ്ടായിട്ടുള്ളതെന്നാണ് പറയുന്നത്.

ഇല്ലാതാകുന്നത് ഭൂമിയിലെ ഏറ്റവും സമ്പന്നമായ ജൈവ വൈവിധ്യ മേഖല

ഭൂമിയിലെ ഏറ്റവും സമ്പന്നമായ ജൈവവൈവിധ്യ മേഖലയാണ് ആമസോൺ മഴക്കാടുകൾ. ഇതിന്റെ 60 ശതമാനവും ബ്രസീലിലാണ്. ബൊളീവിയ, ബ്രസീൽ, കൊളംബിയ, ഇക്വഡോർ, ഫ്രഞ്ച് ഗയാന, ഗയാന, പെറു, സുരിനേം, വെനിസ്വേല എന്നീ രാജ്യങ്ങളിലായാണ് ആമസോൺ കാടുകൾ പരന്നുകിടക്കുന്നത്.

ആമസോൺ മഴക്കാടുകളുടെ 13 ശതമാനം പെറുവിലും 10 ശതമാനം കൊളംബിയയിലും ഉൾപ്പെടെ ആകെ 9 രാജ്യങ്ങളിലായാണ് സ്ഥിതിചെയ്യുന്നു. മറ്റു രാജ്യങ്ങൾ വെനിസ്വേല, ഇക്വഡോർ, ബൊളീവിയ, ഗയാന, സുരിനാം ഫ്രഞ്ച് അധീനതയിലുള്ള ഫ്രഞ്ച് ഗയാന എന്നിവയാണ്. ലോകത്ത് അവശേഷിച്ചിട്ടുള്ള മഴക്കാടുകളുടെ പകുതിയും ആമസോണിലാണ്.പുരാതനകാലം മുതൽ തനെ ആമസോൺ വനങ്ങളിൽ മനുഷ്യർ താമസിച്ചിരുന്നു. 11200 വർഷം മുമ്പ് മനുഷ്യർ ഇവിടങ്ങളിൽ താമസിച്ചിരുന്നതായും പറയപ്പെടുന്നു. താണ്ട് 25 ലക്ഷത്തിലധികം പ്രാണി വർഗ്ഗങ്ങളും പതിനായിരക്കണക്കിനു സസ്യങ്ങളും, 2,000 പക്ഷികളും സസ്തനികളും ഉണ്ട് ആമസോൺ മഴക്കാടുകളിലുണ്ട്. എതാണ്ട് 25 ലക്ഷത്തിലധികം പ്രാണി വർഗ്ഗങ്ങളും പതിനായിരക്കണക്കിനു സസ്യങ്ങളും, 2,000 പക്ഷികളും സസ്തനികളും ഉണ്ട് ആമസോൺ മഴക്കാടുകളിലുണ്ട്.

ഇതുവരെ കുറഞ്ഞത് 40,000 തരം സസ്യങ്ങൾ, 2,200 തരം മീനുകൾ, 1,294 പക്ഷികൾ, 427 സസ്തനികൾ, 428 ഉഭയജീവികൾ, 378 ഉരഗങ്ങൾ എന്നിവയെ ഇവിടെ നിന്നും ശാസ്ത്രീയമായി തരംതിരിച്ച് കണക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ലാകത്തു കാണുന്ന അഞ്ചുതരം പക്ഷികളിൽ ഒന്ന് ആമസോൺ മഴക്കാടുകളിലാണ് എന്നാണ് പറയപ്പെടുന്നത്. അതുപോലെ അഞ്ചിൽ ഒരു തരം മൽസ്യങ്ങളും ഇവിടത്തെ പുഴകളിലാണ് ഉണ്ടാകുന്നത്.ധാരാളം അപകടങ്ങളും പതിയിരിക്കുന്ന ഇടമാണ് ആമസോൺ മഴക്കാടുകൾ. കറുത്ത ചീങ്കണ്ണി, ജാഗ്വാർ, പൂമ, അനാക്കൊണ്ട എന്നിവരും, വെള്ളത്തിൽ ഇരയെ ബോധം കെടുത്താനും കൊല്ലാനും ശേഷിയുള്ള വൈദ്യുത ഷോക്ക് അടിപ്പിക്കാൻ കഴിവുള്ള ഇലക്ട്രിക് ഈലുകളും മനുഷ്യനെ കടിച്ച് കൊല്ലാനും തിന്നാനും കഴിവുള്ള പിരാനകളും ഉണ്ട്.

അതുകൊണ്ടുതന്നെ ആമസോൺ കത്തുമ്പോൾ ലോകത്തിലെ പരിസ്ഥിതി സ്നേഹികളുടെ നെഞ്ചകമാണ് കത്തുന്നത്. പക്ഷേ എവിടെയും ഭരണകൂട ഇടപെടൽ ഉണ്ടാകുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP