Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാലു വർഷമായി ദത്തിന് അപേക്ഷിച്ചിട്ട്; ഭാര്യ ആദ്യം പ്രസവിച്ച കുഞ്ഞ് മരിച്ചു; പിന്നീട് രണ്ടുതവണ ഗർഭം അലസി; ഇനിയും ഗർഭം ധരിച്ചാൽ ജീവൻ അപകടത്തിലാകുമെന്ന ഘട്ടം വന്നപ്പോഴാണ് ദത്തെടുക്കാൻ തീരുമാനിച്ചത്; കുഞ്ഞിനെ ഞങ്ങൾ നന്നായി നോക്കും; അമരാവതിയിലെ അച്ഛനും അമ്മയ്ക്കും പറയാനുള്ളത്

നാലു വർഷമായി ദത്തിന് അപേക്ഷിച്ചിട്ട്; ഭാര്യ ആദ്യം പ്രസവിച്ച കുഞ്ഞ് മരിച്ചു; പിന്നീട് രണ്ടുതവണ ഗർഭം അലസി; ഇനിയും ഗർഭം ധരിച്ചാൽ ജീവൻ അപകടത്തിലാകുമെന്ന ഘട്ടം വന്നപ്പോഴാണ് ദത്തെടുക്കാൻ തീരുമാനിച്ചത്; കുഞ്ഞിനെ ഞങ്ങൾ നന്നായി നോക്കും; അമരാവതിയിലെ അച്ഛനും അമ്മയ്ക്കും പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

അമരാവതി: ''ആന്ധ്രയിലെ ശിശുക്ഷേമ സമിതിയും മാധ്യമങ്ങളും വഴിയാണ് വിവരങ്ങൾ അറിഞ്ഞത്, എല്ലാ നിയമ നടപടിയും പാലിച്ചാണ് ദത്തെടുത്തത്''- ദമ്പതിമാർ പറഞ്ഞു. ഇത്ര വിവാദമായ സംഭവമായതിനാൽ മാധ്യമങ്ങളോട് കൂടുതൽ ഒന്നും പറയുന്നില്ല. എല്ലാ കാര്യവും തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിക്ക് അറിയാമെന്ന് ആ അച്ഛനും അമ്മയും പറയുന്നു. നിയമനടപടികൾ കൃത്യമായി പൂർത്തീകരിച്ചെന്നും കുഞ്ഞിനെ വളർത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ദമ്പതിമാർ പറഞ്ഞു. അപ്പോഴും മുന്നിലുള്ള വെല്ലുവിളികൾ അവർ തിരിച്ചറിയുന്നു.

വിവാഹം കഴിഞ്ഞിട്ട് ഏറെക്കാലം കുട്ടികൾ ഇല്ലാതിരുന്നതിനാൽ നാലുവർഷം മുന്പാണ് ഇവർ കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചത്. അതിനായി ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് കാത്തിരുന്നു. ''കേരളത്തിൽ ഏറെയും അറിവുള്ളവരല്ലേ, നല്ല ആളുകളല്ലേ, അതുകൊണ്ട് അവിടെനിന്ന് കുഞ്ഞിനെ കിട്ടിയപ്പോൾ വലിയ സന്തോഷമായിരുന്നു''- അദ്ധ്യാപകൻ പറഞ്ഞു. ദത്തെടുത്തവരുടെ വിവരങ്ങൾ പരസ്യമാക്കരുത് എന്ന നിയമമുള്ളതിനാൽ ദമ്പതിമാരെ കുറിച്ചുള്ള വിവരങ്ങൾ പരസ്യമാക്കാതെയാണ് ഈ വിവരങ്ങൾ മാതൃഭൂമി റിപ്പോർട്ട് ചെയ്തത്. ഈ കുടുംബം കോടതിയിൽ എടുക്കുന്ന നിലപാടും നിർണ്ണായകമാകും.

''നാലു വർഷമായി. ഭാര്യ ആദ്യം പ്രസവിച്ച കുഞ്ഞ് മരിച്ചു. പിന്നീട് രണ്ടുതവണ ഗർഭം അലസി. ഇനിയും ഗർഭം ധരിച്ചാൽ ജീവൻ അപകടത്തിലാകുമെന്ന ഘട്ടം വന്നപ്പോഴാണ് ദത്തെടുക്കാൻ തീരുമാനിച്ചത്. കുഞ്ഞിനെ ഞങ്ങൾ നന്നായി നോക്കും. ധാരാളിത്തത്തോടെ വളർത്തുമെന്നല്ല, ആവശ്യമുള്ളതെല്ലാം നൽകി വളർത്തും. നല്ല വിദ്യാഭ്യാസം നൽകാനാണ് ഞങ്ങൾക്ക് ഏറ്റവും കൂടുതൽ പറ്റുക. അത് ഉറപ്പായും ചെയ്യും. അവന് അഞ്ചു വയസ്സാകുമ്പോൾ ഞങ്ങൾ വിജയവാഡയിലേക്കു മാറും. പഠനമെല്ലാം അവിടെ നടത്തും. അവിടെ നല്ല സൗകര്യങ്ങളുണ്ട്''- വിതുമ്പലോടെ ആ അദ്ധ്യാപകൻ പറയുന്നു. കുട്ടിയെ മാതൃഭൂമി ന്യൂസിലെ അനൂപ് ദാസിനെ അവർ കാണിച്ചു കൊടുക്കുകയും ചെയ്തു. നിയമത്തിന്റെ വഴിയേ മാത്രം സഞ്ചരിച്ചതിനാൽ കുഞ്ഞിനെ നഷ്ടപ്പെടില്ല എന്ന ആത്മവിശ്വാസം ആ അദ്ധ്യാപകന് ഇപ്പോഴുമുണ്ട്.

അനുപമയുടെ കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിൽ രാഷ്ട്രീയ വിവാദങ്ങൾക്കൊപ്പം നിയമപരമായ സാധ്യത എന്തെന്നതിന്റെ ആദ്യസൂചന ഇന്ന് അറിയാം. കേസിൽ സർക്കാർ നൽകിയ ഹർജി കുടുംബ കോടതി പരിഗണിക്കുന്നതോടെയാണിത്. ആന്ധ്രാപ്രദേശ് സ്വദേശികൾക്ക് അനുപമയുടേതെന്നു കരുതുന്ന കുഞ്ഞിന്റെ അവകാശവും സംരക്ഷണവും നിയമപരമായി നൽകുന്ന ഉത്തരവ് താത്കാലികമായി തടഞ്ഞുവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. മാതാപിതാക്കളായ അനുപമയും അജിത്തും നൽകിയ പരാതികളിൽ അന്വേഷണം നടക്കുന്നതിനാലാണിതെന്നും ഹർജിയിൽ പറയുന്നു. വിധിപറയുന്നതുവരെ കുട്ടിയുടെ സംരക്ഷണച്ചുമതല ആന്ധ്രാ സ്വദേശികൾക്കുതന്നെ ആയിരിക്കും.

നിർബന്ധപൂർവം കുഞ്ഞിനെ എടുത്തുമാറ്റിയെന്ന് അനുപമ പേരൂർക്കട പൊലീസിൽ നൽകിയ പരാതിയിൽ അമ്മ സ്മിത ജെയിംസ്, സഹോദരി അഞ്ജു, അഞ്ജുവിന്റെ ഭർത്താവ് അരുൺ, അനുപമയുടെ അച്ഛൻ പി.എസ്. ജയചന്ദ്രന്റെ സുഹൃത്തുക്കളായ രമേശൻ, മുൻ കൗൺസിലർ അനിൽ കുമാർ എന്നിവർ മുൻകൂർ ജാമ്യഹർജി നൽകി. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇത് 28-ന് പരിഗണിക്കും. ജയചന്ദ്രനടക്കം ആറുപേരെയാണ് പ്രതിചേർത്തിട്ടുള്ളത്. ജയചന്ദ്രൻ ജാമ്യഹർജി നൽകിയിട്ടില്ല. അനുപമയുടെ അനുമതിയോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്കു കൈമാറിയതെന്നാണ് ഹർജിയിലെ വാദം. ജാമ്യഹർജിയിൽ പേരൂർക്കട പൊലീസിനോട് കോടതി റിപ്പോർട്ട് തേടി.

വിഷയത്തിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനിൽനിന്ന് വനിത-ശിശുവികസന വകുപ്പ് ഡയറക്ടർ വിശദീകരണം തേടി. വകുപ്പുതല അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടതിന്റെ ഭാഗമായാണ് ഡയറക്ടർ ടി.വി. അനുപമ വിവരങ്ങൾ തേടിയത്. പൂജപ്പുരയിലെ ഓഫീസിൽ നേരിട്ടെത്തി ഷിജുഖാൻ വിവരങ്ങൾ നൽകി. ദത്ത് നിയമപരമായാണ് നടന്നിട്ടുള്ളതെന്ന് ഷിജുഖാൻ മാധ്യമങ്ങളോടു പ്രതികരിച്ചു. മാതാപിതാക്കൾ അവകാശവുമായി വന്നശേഷവും ദത്ത് നടപടികൾ തുടർന്നതെങ്ങനെ എന്നതടക്കമുള്ള വിഷയങ്ങളിലെ വിശദാംശങ്ങൾ തേടിയതായാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP