Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202323Saturday

അമൽ ജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും; വിദ്യാർത്ഥി സമരം പിൻവലിച്ചു; സമരം ചെയ്ത വിദ്യാർത്ഥികൾക്കുനേരെ പ്രതികാര നടപടിയുണ്ടാകില്ലെന്ന് മന്ത്രി ആർ. ബിന്ദു; വിദ്യാർത്ഥികളുടെ പരാതി പരിഹാര സെൽ പരിഷ്‌കരിക്കാൻ തീരുമാനം

അമൽ ജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും; വിദ്യാർത്ഥി സമരം പിൻവലിച്ചു; സമരം ചെയ്ത വിദ്യാർത്ഥികൾക്കുനേരെ പ്രതികാര നടപടിയുണ്ടാകില്ലെന്ന് മന്ത്രി ആർ. ബിന്ദു; വിദ്യാർത്ഥികളുടെ പരാതി പരിഹാര സെൽ പരിഷ്‌കരിക്കാൻ തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

കാഞ്ഞിരപ്പള്ളി: അമൽ ജ്യോതി എൻജിനീയറിങ് കോളജിലെ ഫുഡ് ടെക്‌നോളജി ബിരുദ വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു. കോളജിൽ വിദ്യാർത്ഥികൾ നടത്തിയിരുന്ന സമരം പിൻവലിച്ചു. തിങ്കളാഴ്ച കോളജ് തുറക്കും. മന്ത്രിമാരായ ആർ.ബിന്ദുവും വി.എൻ.വാസവനും ചീഫ് വിപ് എൻ. ജയരാജും കോളജിലെത്തി നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും സഹകരണ മന്ത്രി വി.എൻ. വാസവനുമാണ് കോളജ് മാനേജ്‌മെന്റുമായും വിദ്യാർത്ഥി പ്രതിനിധികളുമായും ചർച്ച നടത്തിയത്. ആദ്യം വിദ്യാർത്ഥികളുമായി ചർച്ച നടത്തിയ ശേഷമാണ് മാനേജ്‌മെന്റ് പ്രതിനിധികളുമായി ചർച്ച നടത്തിയത്. വിദ്യാർത്ഥികളുടെ പരാതി പരിഹാര സെൽ പരിഷ്‌കരിക്കാൻ തീരുമാനമായി. വിദ്യാർത്ഥികൾ ആവശ്യപ്പെട്ടതു പ്രകാരം ഹോസ്റ്റൽ വാർഡനെ മാറ്റും. താത്ക്കാലികമായി ചുമതല മറ്റൊരാൾക്ക് നൽകും. സമരത്തിൽ പങ്കെടുത്തതിന് വിദ്യാർത്ഥികൾക്കെതിരെ അച്ചടക്കനടപടികൾ ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. പൊലീസ് നടപടികളിൽ വിദ്യാർത്ഥികളും മാനേജ്മെന്റും ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും കൂടുതൽ ഉന്നതതല ഉദ്യോഗസ്ഥർ കോളജിലെത്തി അന്വേഷണം നടത്തുമെന്നും മന്ത്രി ആർ.ബിന്ദു പറഞ്ഞു.

വിദ്യാർത്ഥിനി ജീവനൊടുക്കാനുള്ള കാരണങ്ങൾ വിലയിരുത്തി റിപ്പോർട്ട് നൽകാൻ സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് നിർദേശിച്ചു. ഇതിനായി സിൻഡിക്കറ്റംഗം പ്രഫ. ജി.സഞ്ജീവ്, ഡീൻ അക്കാദമിക് ഡോ.വിനു തോമസ് എന്നിവർ ഇന്നു കോളജിലെത്തും. സംസ്ഥാന യുവജന കമ്മിഷൻ സംഭവത്തിൽ കേസെടുത്ത് ജില്ലാ പൊലീസ് മേധാവിയോടു റിപ്പോർട്ട് തേടി.

മാനേജ്‌മെന്റിനെതിരെ വിദ്യാർത്ഥികൾ സമരം കടുപ്പിച്ചതോടെയാണ് പ്രശ്‌നപരിഹാരത്തിന് സർക്കാർ നേരിട്ടിടപ്പെട്ടത്. സർക്കാർ ചീഫ് വിപ്പും സ്ഥലം എംഎ‍ൽഎയുമായ എൻ. ജയരാജി?െന്റ നേതൃത്വത്തിൽ നടന്ന ചർച്ച പരാജയപ്പെട്ടതോടെയാണ് മന്ത്രിമാരുടെ സംഘമെത്തിയത്. സ്വാശ്രയ കോളജുകളിൽ അച്ചടക്കത്തിന്റെ പേരിലും സദാചാരത്തിന്റെ പേരിലും കുട്ടികൾ കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്നുണ്ടെന്നു മന്ത്രി ആർ.ബിന്ദു പ്രതികരിച്ചു.

കോളജിലെ ഫുഡ് ടെക്‌നോളജി വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥിയായഎറണാകുളം തിരുവാങ്കുളം സ്വദേശി ശ്രദ്ധയെ (20) കഴിഞ്ഞ വെള്ളിയാഴ്ചയാണു ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻസ്‌പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പൊലീസ് ശ്രദ്ധയുടെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴിയെടുത്തിരുന്നു. ജൂൺ ഒന്നിനു രാവിലെ കോളജിലേക്കു പോയ ശ്രദ്ധ അന്നു രാത്രിയും പിറ്റേന്ന് രാവിലെയും വീട്ടിലേക്ക് വിളിച്ചിരുന്നതായി പിതാവ് പൊലീസിനോടു പറഞ്ഞു. ഉച്ചയ്ക്ക് വകുപ്പു മേധാവിയുടെ മുറിയിൽ കയറുന്നതുവരെ ശ്രദ്ധ സന്തോഷവതി ആയിരുന്നുവെന്നു കൂട്ടുകാരികൾ പറഞ്ഞതായും പിതാവ് മൊഴി നൽകി.

ഇന്നലെ കെഎസ്‌യു, എബിവിപി പ്രവർത്തകർ കോളജിനു മുന്നിൽ സമരം നടത്തി. കെഎസ്‌യു ജില്ലാ പ്രസിഡന്റ് കെ.എൻ.നൈസാമിന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. എബിവിപിയുടെ പ്രതിഷേധ മാർച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.അരവിന്ദ് ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥി സമരത്തിനു പരിഹാരം കാണാൻ ഗവ. ചീഫ് വിപ് എൻ.ജയരാജ്, ഡിവൈഎസ്‌പി എം.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ കോളജിൽ നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു. ചർച്ചയ്ക്കു ശേഷം പുറത്തു വന്ന ജയരാജിനെ വിദ്യാർത്ഥികൾ തടഞ്ഞു. പൊലീസും വിദ്യാർത്ഥികളും തമ്മിൽ സംഘർഷമുണ്ടായി. അദ്ധ്യാപകർക്കും ജീവനക്കാർക്കും പുറത്തിറങ്ങാൻ കഴിയാത്ത വിധം കോളജ് കവാടങ്ങൾ അടച്ച് വിദ്യാർത്ഥികൾ ഒരു മണിക്കൂറോളം സമരം നടത്തിയിരുന്നു.

തൽപരകക്ഷികൾ വ്യക്തമായ അജൻഡയോടെ കോളജിൽ ക്യാംപസിൽ കയറിയിറങ്ങി ബഹളമുണ്ടാക്കി അമൽജ്യോതി കോളജിന്റെ പ്രവർത്തനം അവതാളത്തിലാക്കാൻ ശ്രമിക്കുന്നതായി കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറൽ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കൽ പറഞ്ഞു. ക്ലാസിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതു നിയമവിരുദ്ധമാണെന്നും അതു പിടിച്ചെടുത്ത് വീട്ടുകാരെ അറിയിക്കുക കോളജിലെ അച്ചടക്കത്തിന്റെ ഭാഗമാണെന്നും കോളജ് മാനേജർ ഫാ.മാത്യു പായിക്കാട്ട് പറഞ്ഞു.

കോളജിനെയും വൈദികരെയും അപമാനിക്കാൻ ശ്രമിക്കുന്ന ചില ആളുകളുടെ ശ്രമങ്ങൾ തിരിച്ചറിയണമെന്നു രൂപതാ പാസ്റ്റർ കൗൺസിൽ ആവശ്യപ്പെട്ടു. അമൽജ്യോതി കോളജിനു നേരെയുണ്ടാകുന്ന അധിക്ഷേപങ്ങൾ അപലപനീയമെന്നു ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകളിലെ സംയുക്ത ജാഗ്രതാ സമിതി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP