Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പെരിയാറിലെ പ്രതികൂല കാലാവസ്ഥയിലും ജനത്തിരക്കിന് ഒട്ടും കുറവില്ല; ആലുവയിൽ ബലതർപ്പണത്തിന് എത്തിയത് ആയിരങ്ങൾ; കർശന സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി പൊലീസ്; വെള്ളം ഉയർന്നതിനാൽ പെരിയാറിൽ മുങ്ങി നിവരാൻ അനുവദിച്ചില്ല; പകരം ബലി വെള്ളത്തിൽ ഒഴുക്കി വിട്ട് വിശ്വാസികൾ; പിതൃമോക്ഷം തേടി സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ എത്തിയത് പതിനായിരങ്ങൾ

പെരിയാറിലെ പ്രതികൂല കാലാവസ്ഥയിലും ജനത്തിരക്കിന് ഒട്ടും കുറവില്ല; ആലുവയിൽ ബലതർപ്പണത്തിന് എത്തിയത് ആയിരങ്ങൾ; കർശന സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി പൊലീസ്; വെള്ളം ഉയർന്നതിനാൽ പെരിയാറിൽ മുങ്ങി നിവരാൻ അനുവദിച്ചില്ല; പകരം ബലി വെള്ളത്തിൽ ഒഴുക്കി വിട്ട് വിശ്വാസികൾ; പിതൃമോക്ഷം തേടി സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ എത്തിയത് പതിനായിരങ്ങൾ

അർജുൻ സി വനജ്

ആലുവ: ഇടുക്കി അണക്കെട്ട് തുറന്ന സാഹചര്യത്തിൽ പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിലും ആലുവയിൽ അതീവ സുക്ഷയിൽ ബലതർപ്പണം. പ്രതികൂല സാഹചര്യത്തിലും ആയിരങ്ങൾ ആലുവയിൽ ബലിതർപ്പണത്തിന് എത്തി. ക്ഷേത്രത്തിന്റെ ഭാഗം വെള്ളം മുങ്ങിയതിനാൽ, ക്ഷേത്രറോഡിലായിരുന്നു ബലിതർപ്പണം നടന്നത്. കർശന സുരക്ഷ തന്നെ ഇവിടെ ഒരുക്കിയിരുന്നു. വെള്ളമുയർന്നതിനാൽ ശിവരാത്രി മണപ്പുറത്തെ ബലിതർപ്പണം മണപ്പുറം റോഡിലാണ് നടത്തുന്നത്.

വെള്ളം ഉയർന്നതിനാൽ പെരിയാറിൽ മുങ്ങി നിവരാൻ പൊലീസ് അനുവദിക്കില്ല. പകരം ബലി വെള്ളത്തിൽ ഒഴുക്കി വിടാൻ അവസരം നൽകി. ബലിതർപ്പണത്തിനെത്തുന്ന വിശ്വാസികൾക്കും പുരോഹിതർക്കും മാത്രമായിരുന്നു പ്രവേശനം അനുവദിച്ചത്. ദേശീയ ദുരന്തനിവാരണ സേനയുടെ 37 പേരടങ്ങുന്ന ടീമിനെ വെള്ളിയാഴ്ച ഉച്ചയോടെ ആലുവ മണപ്പുറത്ത് വിന്യസിച്ചിരുന്നു. ഫയർഫോഴ്‌സിന്റെയും പൊലീസിന്റെയും സുരക്ഷയ്ക്കു പുറമെയാണിത്. എല്ലാവിധ അപകട സാധ്യതകളെയും നേരിടാനുള്ള സജ്ജീകരണങ്ങളും സേന ഒരുക്കിയിട്ടുണ്ട്. മൂന്ന് ബോട്ടുകൾ, 20 ലൈറ്റ് ബോട്ടുകൾ, 40 ലൈഫ് ജാക്കറ്റുകൾ, പ്രത്യേക റോപ്പുകൾ, സ്‌കൂബ ടീം എന്നിവ സജ്ജമാക്കിയിരുന്നു. ഇന്നലത്തേക്കാൾ വെള്ളം ഇന്ന് കുറഞ്ഞത് കാര്യങ്ങളുടെ നടത്തിപ്പിന് സുഗമമാക്കാൻ ഇടയാക്കി.

കർക്കടകവാവ് ദിനത്തോടനുബന്ധിച്ച് പിതൃമോക്ഷം തേടി പതിനായിരക്കണക്കിന് ആളുകൾ വിവിധ ഇടങ്ങളിൽ ബലിതർപ്പണം നടത്തി. ബലിച്ചോറുണ്ണാൻ വരുന്ന പിതൃക്കളുടെ ആത്മാക്കളെ തൃപ്തിപ്പെടുത്താൻ ദർഭയും നീരും ചേർത്ത് അവർ ബലിച്ചോർ നിവേദിച്ചു. മിക്കയിടത്തും പ്രത്യേകം സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

തിരുവനന്തപുരം ജില്ലയിൽ വർക്കല പാപനാശം കടപ്പുറത്ത് വെള്ളിയാഴ്ച രാത്രി ഏഴുമുതലും മറ്റിടങ്ങളിൽ ശനിയാഴ്ച പുലർച്ചെയും പിതൃതർപ്പണം ആരംഭിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 3.27 വരെ ബലിതർപ്പണം തുടരും. തിരുവല്ലം പരശുരാമസ്വാമിക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, അരുവിപ്പുറം ശിവക്ഷേത്രം, മാറനല്ലൂർ അരുവിക്കര ക്ഷേത്രം എന്നിവിടങ്ങളിലാണ് ബലിയിടാൻ തിരക്കുള്ളത്. വർക്കല ജനാർദനസ്വാമി ക്ഷേത്രത്തിലും തിരുവല്ലത്തും മറ്റുപ്രധാനക്ഷേത്രങ്ങളിലും തിലഹോമത്തിനും സൗകര്യമൊരുക്കിയിട്ടുണ്ട്.

കടലേറ്റത്തിൽ തീരം നഷ്ടപ്പെട്ട ശംഖുംമുഖത്ത് ഇക്കുറി കുറച്ചുപേർക്ക് മാത്രമേ ബലിതർപ്പണത്തിന് സൗകര്യമൊരുക്കുകയുള്ളൂ. ബലിക്കുശേഷം കടലിൽ ഇറങ്ങാനും അനുവദിക്കില്ല. ശംഖുംമുഖത്ത് പതിവായി ബലിയിടുന്നവർ ഇക്കുറി മറ്റിടങ്ങൾ തിരഞ്ഞെടുക്കണമെന്ന് ജില്ലാ കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. ശംഖുംമുഖത്തെ തിരക്ക് നിയന്ത്രിക്കുന്നതിന് പകരമായി തിരുവല്ലത്ത് കൂടുതൽ പേർക്ക് ബലിയിടാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. വർക്കല ശിവഗിരി, ആറ്റിങ്ങൽ പൂവമ്പാറ ക്ഷേത്രം, കൊല്ലമ്പുഴ ആവണിപുരം ക്ഷേത്രം എന്നിവിടങ്ങളിലും ബലിതർപ്പണം നടക്കുന്നുണ്ട്.

കൊല്ലം ജില്ലയിലെ വിവിധ സ്നാനഘട്ടങ്ങളിൽ പിതൃമോക്ഷത്തിനായി പതിനായിരങ്ങൾ ബലിതർപ്പണം തുടങ്ങി. ആറുമണിക്കുശേഷമാണ് മുഹൂർത്തമെങ്കിലും ജില്ലയിലെ പ്രധാന ബലിതർപ്പണകേന്ദ്രമായ തിരുമുല്ലവാരത്ത് വെള്ളിയാഴ്ച നാലുമണിയോടെതന്നെ ആളുകൾ എത്തിച്ചേർന്നിരുന്നു. ദേവസ്വംബോർഡിന്റെയും മഹാവിഷ്ണുക്ഷേത്രം ഉപദേശകസമിതിയുടെയും നേതൃത്വത്തിൽ തിരുമുല്ലവാരത്ത് ആവശ്യമായ ഒരുക്കങ്ങൾ നേരത്തേതന്നെ നടത്തിയിരുന്നു. ഒരേസമയം അഞ്ഞൂറിലധികം ആളുകൾക്ക് ബലിതർപ്പണം നടത്താനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

മുഖ്യകാർമികന്റെ നേതൃത്വത്തിൽ പത്തോളം കർമികളും നൂറിലധികം സഹായികളുമുണ്ട്. സ്നാനഘട്ടത്തിൽ മുങ്ങിനിവർന്ന് ബലിതർപ്പണം നടത്തിയശേഷം ക്ഷേത്രക്കുളത്തിൽ മുങ്ങി ദേഹശുദ്ധി വരുത്തി ക്ഷേത്രദർശനവും തിലഹവനവും കഴിപ്പിച്ചാണ് ഭക്തർ മടങ്ങുന്നത്. നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ള ബലിതർപ്പണസ്ഥലത്ത് പൊലീസ്, അഗ്നിശമനസേന, വൈദ്യുതി ബോർഡ്, ആരോഗ്യവിഭാഗം, കെ.എസ്.ആർ.ടി.സി. എന്നിവയുടെയെല്ലാം സേവനം ഉറപ്പാക്കിയിട്ടുണ്ട്.

ഭാരതപ്പുഴയുടെ തീരത്തെ തിരുന്നാവായയിലു വിപുലമായി തന്നെ ബലിതർപ്പണ ചടങ്ങുകൾ നടന്നു. തിരുനാവായയിൽനിന്നും മറ്റും ബലിയിടാനായി പഞ്ചവടിയിലേക്ക് വിശ്വാസികൾ എത്തുന്നുണ്ട്. തിരുനാവായയിൽ ഭാരതപ്പുഴയിൽ നീരൊഴുക്ക് വർധിച്ച സാഹചര്യത്തിലാണിത്. പുഴയ്ക്കൽ ധർമശാസ്താക്ഷേത്രത്തിൽ ഇത്തവണ 5000 പേർക്ക് ബലിയിടാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മുൻവർഷങ്ങളിൽ മൂവായിരത്തോളം ആളുകളാണ് ഇവിടെയെത്താറുള്ളത്. പുഴയിൽ നീരൊഴുക്ക് വർധിച്ചതിനാൽ പാമ്പാടിയിലും ആറാട്ടുപുഴ മന്ദാരക്കടവിലും കൂടുതൽ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

പാമ്പാടി ഐവർമഠം നിളാതീരത്തും സൗകര്യമൊരുക്കി. ഐവർമഠം ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം പ്രത്യേകം സജ്ജമാക്കിയ ബലിതർപ്പണപ്പന്തലിൽ ഒരേസമയം അഞ്ഞൂറുപേർക്കുവരെ തർപ്പണം നടത്താമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ഐവർമഠം കോരപ്പത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സൗകര്യങ്ങളും പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കേരള ബ്രാഹ്മണസമൂഹത്തിന്റെ നേതൃത്വത്തിൽ പാമ്പാടിയിലും കേരള പുരോഹിത്ത് പരിഷത്തിന്റെ നേതൃത്വത്തിൽ പഴമ്പാലക്കോട് പുതിയ പാലത്തിലും ബലിതർപ്പണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP