Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ജൂബ ധരിച്ച് നടക്കാൻ ഇഷ്ടപ്പെടുന്ന മണിമലക്കാരൻ അച്ചായൻ ഐഎഎസ് ഉപേക്ഷിച്ചത് ഏഴു വർഷം സർവ്വീസ് ബാക്കി നിൽക്കവേ; യുഡിഎഫ് കോട്ടയിൽ കന്നിയങ്കം നടത്തി ഇടത് എംഎൽഎ ആയിട്ടും മന്ത്രിയാക്കാമെന്നുള്ള വാക്ക് സി.പി.എം മറന്നപ്പോൾ സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ ശേഷം ബിജെപിയിൽ ചേർന്നു; മോദി തരംഗം വീശും മുമ്പ് മോദിയുടെ സാധ്യത കണ്ടെത്തിയത് നേട്ടമായി

ജൂബ ധരിച്ച് നടക്കാൻ ഇഷ്ടപ്പെടുന്ന മണിമലക്കാരൻ അച്ചായൻ ഐഎഎസ് ഉപേക്ഷിച്ചത് ഏഴു വർഷം സർവ്വീസ് ബാക്കി നിൽക്കവേ; യുഡിഎഫ് കോട്ടയിൽ കന്നിയങ്കം നടത്തി ഇടത് എംഎൽഎ ആയിട്ടും മന്ത്രിയാക്കാമെന്നുള്ള വാക്ക് സി.പി.എം മറന്നപ്പോൾ സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ ശേഷം ബിജെപിയിൽ ചേർന്നു; മോദി തരംഗം വീശും മുമ്പ് മോദിയുടെ സാധ്യത കണ്ടെത്തിയത് നേട്ടമായി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ വേട്ടയാടപ്പെട്ട നേതാവ് നരേന്ദ്ര മോദി. ദേശീയ തലത്തിൽ മോദിയെ ഉയർത്തിക്കാട്ടുന്നതിനെതിരെ ബിജെപിയിൽ പോലും എതിർപ്പുണ്ടായിരുന്നു. ഈ സമയത്ത് മോദിയുടെ പ്രഭാവം തിരിച്ചറിഞ്ഞ നേതാവ് കണ്ണന്താനം. ഇടതു പക്ഷത്തിന് മോദി തംരഗം വരും മുമ്പേ ബിജെപിയിലെത്തിയ നേതാവ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ മോദിയോടുള്ള താൽപ്പര്യം തുറന്ന് പറഞ്ഞ് കൂടുമാറിയ ഐഎഎസുകാരൻ. ഇത് മോദിക്കും അറിയാമായിരുന്നു. അതു കൊണ്ട് തന്നെയാണ് അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രിയാകുന്നതും. മന്ത്രിയാക്കിയത് മോദി നേരിട്ട് വിളിച്ചു പറഞ്ഞു ഈ മണിമലക്കാരനെ. അതു തന്നെയാണ് സൗഹൃദത്തിന്റെ സാക്ഷ്യ പത്രവും.

ജൂബ ധരിച്ച് നടക്കാനാണ് അൽഫോൻസ് കണ്ണന്താനത്തിന് ഇഷ്ടം. ഐഎഎസ് പദവി ഉപേക്ഷിച്ച ശേഷം ആ വേഷത്തിൽ തന്നെയായിരുന്നു മിക്കവാറും സമയം ഈ മണിമലക്കാരൻ മാധ്യമങ്ങൾക്കും ജനങ്ങൾക്കും മുമ്പിലെത്തിയത്. എന്നും ഏത് പദവിയിലിരിക്കുമ്പോഴും സത്യസന്ധതയും അഴിമതിക്കെതിരായ പോരാട്ടവും ഉയർത്തിക്കാട്ടി. ലാളിത്യവും കൈവിട്ടില്ല. അപ്പോഴും ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ കരുത്ത് കുറയ്ക്കാതെ കണ്ണന്താനം മുന്നേറി. ദേശീയതലത്തിൽ അർഹിക്കപ്പെടുന്ന സ്ഥാനം കണ്ണന്താനം മനസ്സിൽ കണ്ടിരുന്നു. മോദിയുടെ കാബിനറ്റ് അംഗമെന്ന പദവി ഈ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടാണ്. കഴിവ് തെളിയിച്ച് കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് ജനസേവനമാണ് കണ്ണന്താനം മുന്നോട്ട് കൊണ്ടു പോകാൻ ആഗ്രഹിക്കുന്നത്.

കേരളത്തിലെ ഏറ്റവും ശക്തനായ ഐഎഎസുകാരനായിരുന്നു അൽഫോൻസ് കണ്ണന്താനം. ചീഫ് സെക്രട്ടറിയാകാനുള്ള സാധ്യത പോലും വേണ്ടെന്ന് വച്ച് രാഷ്ട്രീയത്തിൽ ഇറങ്ങി. കാഞ്ഞിരപ്പള്ളിയിൽ കണ്ണന്താനം മത്സരിക്കാനെത്തുമ്പോൾ ജയിക്കുമോ എന്ന് പോലും കരുതി. 2006ൽ ഐഎഎസ് ഉദ്യോഗം രാജിവച്ച് കണ്ണന്താം എത്തിയത് ഇടതു ക്യാമ്പിലാണ്. അന്ന് കാഞ്ഞിരപ്പള്ളി കോൺഗ്രസിന്റെ കോട്ടയും. ഇവിടെ കണ്ണന്താനം തോറ്റ് തുന്നംപാടുമെന്ന് ഏവരും പറഞ്ഞു. പക്ഷേ അച്ചായൻ അവിടേയും ഞെട്ടിച്ചു. ജയിച്ച് മന്ത്രിയായി. വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ അംഗമാകുമെന്ന് കരുതി. എന്നാൽ പിണറായിയുടെ നോമിനിയോട് അച്യുതാനന്ദൻ താൽപ്പര്യം കാട്ടിയില്ല. പാർട്ടിക്കാരും വാദിച്ചില്ല. അങ്ങനെ അഞ്ച് കൊല്ലം വെറും എംഎൽഎ. അപ്പോഴും കാഞ്ഞിരപ്പള്ളിയിൽ പുതിയ വികസന രീതി എത്തിച്ചു. ജനങ്ങളുമായി അടുത്തിടപെഴുകി. ഇതോടെ ഇടത് കോട്ടയായി കാഞ്ഞിരപ്പള്ളിയെ കണ്ണന്താനം മാറ്റുമെന്നും കരുതി. അപ്പോഴേക്കും പുതിയ ട്വിസ്റ്റ്.

2011ൽ സി.പി.എം സ്ഥാനാർത്ഥി പട്ടികയിൽ കണ്ണന്താനവും ഉണ്ടായിരുന്നു. പക്ഷേ അച്ചായൻ കളം മാറി. മോദിക്ക് ഒപ്പം കൂടി. ബിജെപിയുടെ മുഖമായി. അത്തവണ കണ്ണന്താനം മത്സരിച്ചില്ല. ഗുജറാത്തിലേക്ക് പ്രവർത്തനം മാറ്റി. മോദിയുടെ വിശ്വസ്തനുമായി. അങ്ങനെ ഏഴ് കൊല്ലം ബാക്കിയുള്ളപ്പോൾ ഐഎഎസ് ഉപേക്ഷിച്ച കണ്ണന്താനം വീണ്ടും ഡൽഹിയിലെത്തി. തനിക്ക് പ്രാദേശിക രാഷ്ട്രീയത്തോടല്ല താൽപ്പര്യം ദേശീയ രാഷ്ട്രീയത്തോടാണെന്ന് പ്രഖ്യാപിച്ചായിരുന്നു ബിജെപിയിലേക്കുള്ള മാറ്റം. അതാണ് കേന്ദ്രമന്ത്രിപദ ലബ്ദിയിലൂടെ ഫലപ്രാപ്തിയിലെത്തുന്നത്. 1979 ല ഐഎഎസ് എട്ടാം റാങ്കുകാരനായതോടെയാണ് കണ്ണന്താനം ദേശീയ ശ്രദ്ധയിൽ ആദ്യമെത്തുന്നത് തുടക്കമായി. ഡൽഹി ഡവലപ്മെന്റ് അഥോറിറ്റിയിൽ ലാൻഡ് കമ്മിഷനറായപ്പോൾ വലിയ അദ്ഭുതങ്ങളൊന്നുമുണ്ടാകാൻ പോകുന്നില്ലെന്നു ഭൂമാഫിയ കരുതി. അനധികൃത കുടിയേറ്റക്കാർക്കെതിരെ സ്വയമൊരു ബുൾഡോസറായി കണ്ണന്താനം മാറി. ഇടിച്ചു നിരത്തി സർക്കാരിലേക്കു തിരിച്ചുനൽകി ആസ്തി മൂല്യം 15,000 കോടി.

1994 ൽ ടൈം മാസിക ലോകത്തിലെ ചെറുപ്പക്കാരായ നൂറു പ്രതിഭകളെ യങ്ങ് ഗ്ലോബൽ ലീഡർമാരായി തിരഞ്ഞെടുത്തപ്പോൾ പട്ടികയിൽ രണ്ട് ഇന്ത്യക്കാരേ ഉണ്ടായിരുന്നുള്ളൂ ഒരാൾ അൽഫോൻസ് ആയിരുന്നു. (മറ്റൊരാൾ മുകേഷ് അംബാനി). കോട്ടയം മണിമല സ്വദേശിയായ അൽഫോൻസ് കണ്ണന്താനം സ്വന്തം ജില്ലയുടെ കലക്ടറായി വന്നു. കോട്ടയം നഗരത്തെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ നഗരമാക്കി. വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി, കേരള മിൽക്ക് ഫെഡറേഷൻ എംഡി, ഡൽഹി ഡവലപ്മെന്റ് അഥോറിറ്റി കമ്മിഷണർ, ട്രാൻസ്പോർട്ട് കമ്മിഷണർ, ഹയർ എജ്യൂക്കേഷൻ സെക്രട്ടറി, എൻട്രൻസ് എക്സാമിനേഷൻ കമ്മിഷണർ എന്നിങ്ങനെ ഉദ്യോഗസ്ഥാനങ്ങൾ മാറിമാറി വന്നു. സർക്കാരുദ്യോഗം മടുത്തപ്പോൾ ജനസേവനത്തിന് രാഷ്ട്രീയക്കാരനായി.

2006 ലെ തിരഞ്ഞെടുപ്പിൽ പുതിയ ചിത്രം തെളിഞ്ഞു. കെ.ജെ. അൽഫോൻസ്. കാഞ്ഞിരപ്പള്ളിയിൽ സി.പി.എം. സ്വതന്ത്ര സ്ഥാനാർത്ഥി. 52ാം വയസ്സിൽ അങ്ങനെ കന്നിയങ്കത്തിൽ ജയം. ഇപ്പോൾ ദേശീയ നിർവാഹസമിതി അംഗം. ചണ്ഡിഗഡിൽ ലഫ്. ഗവർണർ റാങ്കിലുള്ള അഡ്‌മിനിസ്‌ട്രേറ്ററായി നിയമിച്ചെങ്കിലും അകാലിദള്ളിന്റെ എതിർപ്പ് പാരയായി. അത് വേദനയുണ്ടാക്കുകയും ചെയ്തു. അപ്പോഴും മോദിക്കൊപ്പം നിന്നു. അതിനുള്ള അംഗീകാരമാണ് ഇപ്പോഴത്തെ മന്ത്രിസ്ഥാനം.

(തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(4-9-2017) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP