Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

ഏത് രാഷ്ട്രീയപ്പാർട്ടിയായാലും മൃതദേഹത്തോട് അനാദരവ് കാണിക്കുന്നത് തെറ്റാണെന്ന് ബിജെപി നേതാവ് അൽഫോൻസ് കണ്ണന്താനം; ജാതിയും മതവും പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിച്ച് അതിൽ നിന്ന് ഇറ്റുവീഴുന്ന ചോരകുടിക്കാൻ കൊതിച്ച് കാത്തിരുന്ന ബിജെപിയുടെ ഹീനമായ രാഷ്ട്രീയമാണ് കോവിഡിനേക്കാൾ വലിയ മഹാമാരിയെന്ന് വി എൻ വാസവൻ; കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം ദഹിപ്പിക്കുന്നത് ബിജെപി കൗൺസിലറുടെ നേതൃത്വത്തിൽ തടഞ്ഞ സംഭവത്തിൽ രാഷ്ട്രീയ വിവാദം കനക്കുന്നു

ഏത് രാഷ്ട്രീയപ്പാർട്ടിയായാലും മൃതദേഹത്തോട് അനാദരവ് കാണിക്കുന്നത് തെറ്റാണെന്ന് ബിജെപി നേതാവ് അൽഫോൻസ് കണ്ണന്താനം; ജാതിയും മതവും പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിച്ച് അതിൽ നിന്ന് ഇറ്റുവീഴുന്ന ചോരകുടിക്കാൻ കൊതിച്ച് കാത്തിരുന്ന ബിജെപിയുടെ ഹീനമായ രാഷ്ട്രീയമാണ് കോവിഡിനേക്കാൾ വലിയ മഹാമാരിയെന്ന് വി എൻ വാസവൻ; കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം ദഹിപ്പിക്കുന്നത് ബിജെപി കൗൺസിലറുടെ നേതൃത്വത്തിൽ തടഞ്ഞ സംഭവത്തിൽ രാഷ്ട്രീയ വിവാദം കനക്കുന്നു

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം ദഹിപ്പിക്കുന്നത് തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അൽഫോൻസ് കണ്ണന്താനം രം​ഗത്തെത്തി. ബിജെപി കൗൺസിലറുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന സംഭവം കോട്ടയത്തിന് തന്നെ അപമാനകരമാണെന്നും അദ്ദേഹം പറയുന്നു. അവിടെ കണ്ടത് വിവരക്കേടാണ്. ഏത് രാഷ്ട്രീയപ്പാർട്ടിയായാലും മൃതദേഹത്തോട് അനാദരവ് കാണിക്കുന്നത് തെറ്റാണെന്നും കണ്ണന്താനം കൂട്ടിച്ചേർത്തു.

ലോകത്ത് എവിടെ ചെന്നാലും കോട്ടയത്തെ കുറിച്ച് അഭിമാനത്തോടെയാണ് പറയാറ്. കേരളത്തിൽ തന്നെ പൂർണസാക്ഷരത നേടിയ ജില്ലയാണ് കോട്ടയം. അക്ഷരനഗരം എന്നാണ് കോട്ടയം അറിയപ്പെടുന്നത്. പക്ഷേ ഇന്നലെ സംഭവിച്ചത് കോട്ടയത്തെ പേരിനും പ്രശസ്തിക്കും കോട്ടം സംഭവിക്കുന്ന കാര്യമായി പോയി എന്നും കണ്ണന്താനം പറഞ്ഞു.

ബിജെപി കൗൺസിലറുടെ നേതൃത്വത്തിലാണ് ഇതെല്ലാം നടന്നത് എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ ആരുടെ നേതൃത്വത്തിലായാലും ഏത് പാർട്ടിക്കാരനായാലും അത് തെറ്റ് തന്നെയാണെന്നായിരുന്നു കണ്ണന്താനത്തിന്റെ മറുപടി. ആര് വിവരക്കേട് കാണിച്ചാലും ആര് തെറ്റ് ചെയ്താലും അത് തെറ്റാണ്. ഏത് രാഷ്ട്രീയപാർട്ടിയായാലും അത് തെറ്റാണ്. ഇതിൽ സ്ഥലം എംഎൽഎയുടെ ഭാഗത്തും തെറ്റുണ്ടായി. ആളുകളെ പറഞ്ഞ് മനസിലാക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായില്ലെന്നും തിരുവഞ്ചൂരിനെ കുറ്റപ്പെടുത്തി കണ്ണന്താനം പറഞ്ഞു. തിരുവഞ്ചൂർ അവിടെ ഉണ്ടായിരുന്നല്ലോ. മൃതദേഹം ദഹിപ്പിച്ചാൽ പുകയിൽ നിന്ന് വൈറസ് പിടിക്കില്ലെന്ന് പറഞ്ഞുമനസിലാക്കാൻ അദ്ദേഹത്തിന് കഴിവില്ലേ, ഏതൊരു ജനപ്രതിനിധിയും ചെയ്യേണ്ട കാര്യമല്ലേ, എന്തുകൊണ്ട് ജനങ്ങളെ പറഞ്ഞ് മനസിലാക്കാൻ പറ്റിയില്ല.,എന്നായിരുന്നു കണ്ണന്താനം ചോദിച്ചത്.

സംഭവത്തിൽ ബിജെപിയേയും കോൺ​ഗ്രസിനെയും രൂക്ഷമായി വിമർശിച്ച് സിപിഎം രം​ഗത്തെത്തിയിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ബിജെപി മേഖല സെക്രട്ടറി കൂടിയായ ടി എൻ ഹരികുമാർ രാഷ്ട്രീയം കളിക്കുകയായിരുന്നു എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അതിന് കൂട്ടുനിൽക്കുകയായിരുന്നു എന്നും സിപിഎം ജില്ലാ സെക്രട്ടറി വി എൻ വാസവൻ ആരോപിച്ചു. 'മനുഷ്യരാശിയുടെ മുഴുവൻ ജീവനെടുക്കും വിധം പടർന്നു പിടിക്കുന്ന മഹാമാരിയുടെകാലത്ത് ജാതിയും മതവും പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിച്ച് അതിൽ നിന്ന് ഇറ്റുവീഴുന്ന ചോരകുടിക്കാൻ കൊതിച്ച് കാത്തിരുന്ന ബിജെ പി യുടെ ഹീനമായ രാഷ്ട്രീയമുണ്ടല്ലോ, അതാണ് കൊവിഡിനേക്കാൾ വലിയ മഹാമാരി. ആ വിഷം അത് മനസിൽ നിന്ന് മായാതെ അത്തരക്കാർക്ക് എങ്ങനെയാണ് ജനങ്ങളെ ഒന്നായികണ്ട് അവർക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിക്കുക.'- അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ ചോദിച്ചു.

വി എൻ വാസവന്റെ കുറിപ്പിന്റെ പൂർണരൂപം:

ഇന്നലെ വളരെ വൈകിയാണ് വീട്ടിൽ എത്തിയത്, കോവിഡ് ബാധിച്ച് മരിച്ച ചുങ്കം സിഎംഎസ് കോളജ് ഭാഗം നടുമാലിൽ ഔസേഫ് ജോർജിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനെ ചൊല്ലി ഉയർന്ന തർക്കങ്ങളും, ഒടുവിൽ രാത്രി വൈകി അത് സംസ്‌കരിക്കേണ്ടി വന്നതുമാണ് ഞായാഴച്ചയുടെ സമയം ഏറെ അപഹരിച്ചത്.

പാവപ്പെട്ട ജനങ്ങളെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് അവരെ മുന്നിൽ നിർത്തി ഒരുസംഘം ബിജെപിക്കാർ നടത്തിയ ഹീനമായ രാഷ്ട്രീയക്കളിയാണ് കോട്ടയത്തിനും കേരളത്തിനും അപമാനമായത്. അതിന് നേതൃത്വം നൽകിയ മാന്യദ്ദേഹം കോട്ടയം നഗരസഭയിലെ തിഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൂടിയായായിരുന്നു എന്നതാണ് ഏറെ ദുഃഖകരം.

മനുഷ്യരാശിയുടെ മുഴുവൻജീവനെടുക്കും വിധം പടർന്നു പിടിക്കുന്ന മഹാമാരിയുടെകാലത്ത് ജാതിയും മതവും പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിച്ച് അതിൽ നിന്ന് ഇറ്റുവീഴുന്ന ചോരകുടിക്കാൻ കൊതിച്ച് കാത്തിരുന്ന ബിജെപി യുടെ ഹീനമായ രാഷ്ട്രീയമുണ്ടല്ലോ, അതാണ് കൊവിഡിനേക്കാൾ വലിയ മഹാമാരി. ആ വിഷം അത് മനസിൽ നിന്ന് മായാതെ അത്തരക്കാർക്ക് എങ്ങനെയാണ് ജനങ്ങളെ ഒന്നായികണ്ട് അവർക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിക്കുക.

കോട്ടയം നഗരസഭയുടെ പൊതുശശ്മാനം മാത്രമല്ല മുട്ടമ്പലത്ത് ഈ പറഞ്ഞഭാഗത്തുള്ളത്. അഞ്ചോളം സംഘടനകളുടെ ശശ്മാനത്തിലേക്കുള്ള വഴികൂടിയാണിത്, അതെല്ലാം മറന്നുകൊണ്ടായിരുന്നു ബിജെപിയുടെ കളി. 56 വീടുകളാണ് ഈ റോഡിൽ ഉള്ളത്, ഒരിക്കലും ഒരുകാര്യത്തിലും എതിർപ്പ് പ്രകടിപ്പിക്കാതെ കോട്ടയത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും മുന്നിൽ നിന്നിട്ടുള്ള സാധാരണക്കാരായ ജനങ്ങൾ, അവരെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഇളക്കി വിടുകയായിരുന്നു ടി.എൻ ഹരികുമാർ. കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം ദഹിപ്പിച്ചാൽ അതിൽ നിന്ന് ഉയരുന്ന പുകയിലൂടെ രോഗാണുക്കൾ സമീപത്തുള്ളവരെ ബാധിക്കും എന്നാണ് ആ പാവങ്ങളോട് പറഞ്ഞത്.

ഈ മാന്യദേഹം പ്രാദേശികനേതാവല്ല, ഇന്ത്യഭരിക്കുന്ന രാഷ്ട്രീയപാർട്ടിയുടെ സംസ്ഥാന മേഖല സെക്രട്ടറികൂടിയാണ് എന്നതാണ് ദുരന്തം. തെറ്റിദ്ധരിക്കപ്പെടുന്ന ജനത്തിനെ കാര്യം പറഞ്ഞ് മനസിലാക്കി അവരെ ശരിയായ വഴിയിലേക്ക് കൊണ്ടുവരുന്നവനാകണം യഥാർത്ഥ പൊതുപ്രവർത്തകൻ എന്ന കാര്യം പോലും ഉറഞ്ഞു തുള്ളിയ ആ ചെറുപ്പക്കാരന് അറിവില്ലായിരുന്നു. എന്റെ വോട്ട് എന്നുപറഞ്ഞ് നിൽക്കുകയായിുന്നു അയാൾ.

ജില്ലാഭരണകൂടത്തിനൊപ്പം ഞങ്ങൾ ജനങ്ങളോട് സംസാരിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമ്പോഴൊക്കെ ഇയാൾ അത് ഉഴപ്പുകയായിരുന്നു, രാത്രി വൈകി കനത്ത പൊലീസ് ബന്തവസിൽ മൃതദേഹം അടക്കം ചെയ്ത് അവിടെ നിന്ന് മടങ്ങുമ്പോൾ താമസക്കാരിൽ ചിലരെങ്കിലും സത്യം തിരിച്ചറിഞ്ഞിരുന്നു.

പ്രശ്‌നം പരിഹരിക്കാനുള്ള ചർച്ചകളിൽ പങ്കാളിയാവേണ്ട കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ അവിടെ എത്തിയപ്പോൾ ബിജെപി കൗൺസിലർക്കൊപ്പം ചേരുകയായിരുന്നു. ഇതാണ് ഏറെ വേദനാജനകമായത്. നമ്മൾക്ക് ഇവിടെ നിന്ന് സംസ്‌കാരം മാറ്റാം എന്ന തീരുമാനമാണ് അവിടെ ഒരു മുറിയിൽ ബിജെപിക്കാരുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം അദ്ദേഹം പ്രഖ്യാപിച്ചത്.

ഇനി കോട്ടയത്ത് കൂടുതൽ മരണമുണ്ടായാൽ നമ്മൾ എന്തു ചെയ്യും എന്നകാര്യം ആലോചിക്കണം എന്ന നിലപാട് ഞാൻ സ്വീകരിച്ചപ്പോൾ അദ്ദേഹം ഒന്നും മിണ്ടാതെ നിന്നു. ഈ വഴിയിലൂടെ തന്നെ മറ്റു സമദായങ്ങളുടെ പൊതുശ്മശാനത്തിലേക്ക് പോവണ്ടേ, ആ കൂട്ടത്തിൽ ഒരാൾക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നു ചേർന്നാൽ എന്തു ചെയ്യും തുടങ്ങിയ എന്റെ ചോദ്യങ്ങൾക്ക് എം എൽ എയ്ക്ക് ഒന്നും പറയാൻ ഇല്ലാതായി.

കോട്ടയം നഗരസഭയിൽ 35 വർഷം ജോലി ചെയ്ത വ്യക്തിയുടെ മൃതശരീരമാണ് ആ ശശ്മാനത്തിൽ അടക്കം ചെയ്യാൻ എത്തിച്ചത്. അതിന് മുൻ നിരയിൽ നിൽക്കേണ്ട നഗരസഭാ ചെയർമാനും എംഎൽഎ യുടെ കൂടെ കൂടി രാഷ്ട്രീയം കളിച്ചു.മുട്ടമ്പലത്ത് നടത്തിയ ഹീനമായ മറ്റൊരു പ്രചരണം മരണമടഞ്ഞ വ്യക്തിയെ പള്ളിയിൽ അടക്കാതെ ഉപേക്ഷിച്ചപ്പോഴാണ് ഇങ്ങോട്ടു കൊണ്ടുവന്നത് എന്നാണ്. പക്ഷെ എന്താണ് യാഥാർത്ഥ്യം, അദ്ദേഹം ഒരു പ്രാർത്ഥനാ സഭയിൽ അംഗമാണ് അവർക്ക് സ്വന്തമായി സെമിത്തേരി ഇല്ല. ആളുകൾ മരണമടയുമ്പോൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പൊതു ശ്മശാനത്തിലാണ് അടക്കം ചെയ്യുന്നത്. ഇതെല്ലാം ഔദ്യോഗികമായി നഗരസഭയിൽ നിന്ന് അറിഞ്ഞതിനുശേഷമാണ് ബിജെപി കേവലം രാഷ്ട്രീയ ലാഭത്തിനുവേണ്ടി വർഗീയ കാർഡ് ഇറക്കി നേട്ടം കൊയ്യാൻ ശ്രമം നടത്തിയത്. അതിന് കുടപിടിക്കേണ്ട ഗതികേടിലേക്ക് കോട്ടയം എം എൽ എയും കൂട്ടരും മാറിയത്.

ഇവരോട് എനിക്ക് പറയാനുള്ള ഒരുകാര്യമാണ്, കണ്ണൂരിലെ കതിരൂരിൽ കോവിഡ് ബാധിച്ച മരിച്ച മുഹമദ്ദിന്റെ ഖബറടക്ക ദൗത്യം നിർഹിച്ചത് ഡി വൈ എഫ് പ്രവർത്തകരായിരുന്നു. മഹാമാരിയുടെ കാലത്ത് എങ്ങനെയാണ് പൊതുപ്രവർത്തകരും സംഘടനകളും പ്രവർത്തിക്കേണ്ടതെന്ന് ഇതിനപ്പുറം മറ്റൊരു ഉദാഹരണം എനിക്ക് മുന്നോട്ട് വയ്ക്കാനില്ല. തെറ്റുകൾ തിരുത്തുമെന്ന് നമ്മൾക്ക് പ്രത്യാശിക്കാം.

എന്നാൽ പ്രശ്‌നത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതിനെ പ്രോത്സാഹിപ്പിക്കരുതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പ്രതികരിച്ചു. ‘പ്രശ്‌നം ആരംഭിച്ച് രണ്ട് മണിക്കൂറിനുള്ളിലുള്ളിൽ പ്രദേശത്ത് എത്തി വിഷയത്തിലിടപെട്ടിരുന്നു. അതേസമയം മുട്ടമ്പലത്ത് പ്രദേശവാസികളെ സംഘടിപ്പിച്ച് കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞ ബിജെപി കൗൺസിലർക്കെതിരെ കേസെടുത്തിട്ടുണ്ട്. കൗൺസിലർ ടി.എൻ ഹരികുമാറിനെതിരെയും, കണ്ടാലറിയാവുന്ന 50 പേർക്കെതിരെയുമാണ് കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP