Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

സ്റ്റേജിൽ സ്ത്രീകൾ കയറിയതിനോ ഫോട്ടോ എടുത്തതിന്റെ പേരിലോ അച്ചടക്ക നടപടിയെടുക്കുന്ന പതിവ് ആലൂർ മഹല്ലിൽ ഇല്ല; ഡാനിഷിന്റെ അനിയനെതിരേയോ വീട്ടുകാർക്കെതിരേയോ ഭ്രഷ്ടോ ഊര് വിലക്കോ ഏർപ്പെടുത്തിയിട്ടുമില്ല; യഹൂദ മത വിശ്വാസിയാണ് താനെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചിട്ടുള്ള യുവാവിന്റെ ശ്രമം ഇസ്ലാമിക മത പ്രമാണങ്ങളെ അപകീർത്തിപ്പെടുത്താൻ: തൃത്താലയിലെ ഊരുവിലക്ക് വിവാദത്തിൽ നിലപാട് വ്യക്തമാക്കി പള്ളി കമ്മിറ്റി

സ്റ്റേജിൽ സ്ത്രീകൾ കയറിയതിനോ ഫോട്ടോ എടുത്തതിന്റെ പേരിലോ അച്ചടക്ക നടപടിയെടുക്കുന്ന പതിവ് ആലൂർ മഹല്ലിൽ ഇല്ല; ഡാനിഷിന്റെ അനിയനെതിരേയോ വീട്ടുകാർക്കെതിരേയോ ഭ്രഷ്ടോ ഊര് വിലക്കോ ഏർപ്പെടുത്തിയിട്ടുമില്ല; യഹൂദ മത വിശ്വാസിയാണ് താനെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചിട്ടുള്ള യുവാവിന്റെ ശ്രമം ഇസ്ലാമിക മത പ്രമാണങ്ങളെ അപകീർത്തിപ്പെടുത്താൻ: തൃത്താലയിലെ ഊരുവിലക്ക് വിവാദത്തിൽ നിലപാട് വ്യക്തമാക്കി പള്ളി കമ്മിറ്റി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: വിവാഹ സൽക്കാരത്തിൽ സ്ത്രീകൾ വേദിയിൽ കയറിയതിനും ഫോട്ടോ എടുത്തതിനും കുടുംബത്തെ ഊരു വിലക്കിയ സംഭവത്തിൽ വിശദീകരണവുമായി മഹല്ല് കമ്മിറ്റി രംഗത്തെത്തി. തൃത്താല ആലൂർ സ്വദേശിയായ എ.സി റിയാസ് എന്ന ഡാനിഷ് അലിയാണ് മഹല്ല് കമ്മിറ്റിക്കെതിരെ പരാതിയുമായി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. സംഭവം മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തിരുന്നു. ഇതോടെയാണ് കുടുംബത്തെ ഊരുവിലക്കിയിട്ടില്ലെന്ന് കാണിച്ചാ ആലൂർ മഹല്ല് കമ്മിറ്റി രംഗത്തെത്തിയത്.

ആരോപിക്കപ്പെടുന്നത് പോലെ ഡാനിഷിന്റെ കുടുംബത്തിനെതിരെ വിലക്കോ ബഹിഷ്‌കരണമോ ഏർപ്പെടുത്തിയിട്ടില്ലെന്നാണ് മഹല്ല് അംഗങ്ങൾ അറിയിച്ചിരിക്കുന്നത്. വിവാഹച്ചടങ്ങുകളിൽ ഗാനമേള, ആഡംബരം, മദ്യസത്കാരം തുടങ്ങിയവയൊന്നും പാടില്ലെന്ന് മഹല്ല് കമ്മിറ്റി നേരത്തെ തീരുമാനമെടുത്തതാണ്. മതവിശ്വാസത്തിന് എതിരായ ഇത്തരം ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് എല്ലാവർക്കും നിർദേശവും നൽകിയിട്ടുണ്ട്. അല്ലാതെ ഡാനിഷ് പറയുന്നത് പോലെ സ്ത്രീകൾ സ്റ്റേജിൽ കയറുന്നതും ഫോട്ടോ എടുക്കുന്നതും കുട്ടികൾ ഡാൻസ് ചെയ്യുന്നതൊന്നും വിലക്കിയിട്ടില്ലെന്നാണ് മഹല്ല് കമ്മിറ്റി സെക്രട്ടറി അസീസ് ആലൂർ പത്രക്കൂറിപ്പിലൂടെ വ്യക്തമാക്കി.

Stories you may Like

ആലൂർ മഹല്ല് തന്ന ബഹിഷ്‌കരിച്ചു എന്ന നിലയിൽ ഡാനിഷ് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച വാർത്ത തികച്ചും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമാണെന്നെന്നാണ് മഹല്ല് ഭാരവാഹികൾ പറയുന്നത്. ഡാനിഷ് ഫേസ്‌ബുക്കിലൂടെ അഭിപ്രായപ്പെടുന്ന വിധതതിൽ മഹല്ല് അയാളുടെ കുടുംബത്തിനെതിരെ യാതൊരു വിധത്തിലും ഭ്രഷ്ട് കൽപ്പിക്കുകയോ വിലക്കേർപ്പെടുത്തുകയോ ചെയ്തിട്ടില്ല. വിവാഹ ആഘോഷങ്ങളെന്ന പേരിൽ പൊതുസമൂഹത്തിന് ഉൾക്കൊള്ളാൻ സാധിക്കാത്ത വിധത്തിലുള്ള വധൂവരന്മാരുടെ സുഹൃത്തുകളുടെ പ്രവർത്തികൾ പലസ്ഥലങ്ങളിലും ഉണ്ടായത് സോഷ്യൽ മീഡിയകളിൽ തന്നെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഇത്തരത്തിൽ ആലൂർ മഹല്ലിന്റെ പരിധിയിൽ വർഷങ്ങൾക്ക് മുമ്പ് ചില അനിഷ്ട സംഭവങ്ങൾ ഉണ്ടായപ്പോൾ മഹല്ലിലെ ചില അംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജനറൽ ബോഡി യോഗം ചേർന്ന് വിവാഹാഘോഷ പരിപാടികൾ നടത്തുന്നത് സംബന്ധിച്ച് ചില നിർദേശങ്ങൾ പ്രസ്തുത യോഗം മുന്നോട്ട് വെച്ചിരുന്നുവെന്നും മഹല്ല് കമ്മിറ്റി വ്യക്തമാക്കുന്നു.

വിവാഹ ആഘോഷ ചടങ്ങുകൾ അലങ്കോലമാക്കാനിടയുള്ള സാഹചര്യങ്ങൾ ഒഴിവാക്കാനുള്ള ഈ നിർദേശത്തെ സംബന്ധിച്ച് പ്രത്യേകമായി മഹല്ലിൽ ബോധവത്കരണം നടത്തുകയും ചെയ്തു. വിവാഹം പരമാവധി ഇസ്ലാമികമായും ആർഭാട രഹിതമായും നടത്തുകയെന്ന മഹല്ലിന്റെ നിർദ്ദേശം ഈ തീരുമാനത്തിന് ശേഷം മഹല്ലിലെ അംഗങ്ങൾ പാലിച്ചുവരുന്നുമുണ്ട്. തികച്ചും മാതൃകാപരമായ ഈ സംഭവത്തെ വളച്ചൊടിച്ചാണ് റിയാസ് (ഡാനിഷ്) എന്ന വ്യക്തി മഹല്ലിനെതിരെ സോഷ്യൽമീഡിയയിൽ വ്യാജപ്രചരണം നടത്തിയത്.

റിയാസ് (ഡാനിഷ്) സോഷ്യൽ മീഡിയയിൽ പറഞ്ഞത് പോലെ സ്റ്റേജിൽ സ്ത്രീകൾ കയറിയതിന്റെ പേരിൽ അച്ചടക്ക നടപടിയെടുക്കുന്ന പതിവ് ആലൂർ മഹല്ലിൽ ഇല്ല. മഹല്ലിൽ വിവാഹത്തിന് സ്ത്രീകളുടെ ഫോട്ടോ എടുത്തതിന്റെ പേരിലോ കുട്ടികൾ പാട്ടുപാടിയതിന്റെ പേരിലോ ഒരു നടപടി എടുത്ത സംഭവവും ഇല്ല. മാത്രമല്ല റിയാസിന്റെ (ഡാനിഷ്) അനിയനെതിരേയോ വീട്ടുകാർക്കെതിരേയോ ഭ്രഷ്ടോ ഊര് വിലക്കോ ഏർപ്പെടുത്തിയിട്ടുമില്ല.

റിയാസിന്റെ അനിയൻ ഷഹാസ് എന്ന വ്യക്തി 2019 ഫെബ്രുവരി 14 വ്യാഴാഴ്ച വരേയും ആലൂർ ജുമാമസ്ജിദിൽ വന്ന് നമസ്‌കരിക്കാറുണ്ട് (ഫെബ്രുവരി 15 വെള്ളിയാഴ്ച പുലർച്ചെ വിദേശത്തേക്ക് പോകുകയും ചെയ്തു). ഇതു സംബന്ധിച്ച യാഥാർഥ്യം ഷഹാസ്, തന്നെ സമീപിച്ച മാധ്യമ പ്രവർത്തകരോടും പൊലീസ് ഉദ്യോഗസ്ഥരോടും നേരിട്ട് പറയുകയും ചെയ്തിരുന്നു. മാത്രമല്ല ഇതുസംബന്ധിച്ച് ആലൂർ മഹല്ലിലെ കൂട്ടായ്മയായ ബുസ്താനു റഹ്മ വാട്സപ്പ് ഗ്രൂപ്പിൽ ഷഹാസ് തന്റെയും കുടുംബത്തിന്റെയും നിലപാട് പോസ്റ്റ് ചെയ്യുകയും ചെയ്തു.

റിയാസിന്റെ (ഡാനിഷ്) അനിയന്റെ നിലപാടുകളിൽ നിന്ന് തന്നെ റിയാസ് (ഡാനിഷ്) ആലൂർ മഹല്ലിനെതിരെ പ്രചരിപ്പിക്കുന്നത് തീർത്തും അസത്യവും അസംബന്ധവുമായ കാര്യങ്ങളാണെന്ന് വ്യക്തമാണ്. വസ്തുതകളെ വളച്ചൊടിച്ച റിയാസിന്റെ (ഡാനിഷ്) സോഷ്യൽ മീഡിയ പോസ്റ്റ് മഹല്ലിനെയും മഹല്ല് നിവാസികളെയും പൊതുസമൂഹത്തിന് മുന്നിൽ അവഹേളിക്കുന്നതാണ്.

തന്റെ ആശയങ്ങൾ മഹല്ലിലെ ബാക്കിയുള്ള ആളുകളിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് റിയാസിന്റെ (ഡാനിഷ്)ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. മഹല്ല് സംവിധാനത്തിൽ നിർബന്ധമായും അംഗത്വമെടുക്കേണ്ടതില്ല. ആലൂർ മഹല്ലിൽ അഹ്ലുസുന്നത്തി വൽ ജമാഅത്തിന്റെ ആശയാദർശങ്ങൾ പിന്തുടരാൻ താത്പര്യമുള്ള ആളുകൾ മാത്രമേ അംഗത്വമെടുക്കേണ്ടതുള്ളൂ. ഇത്തരത്തിൽ ആലൂർ മഹല്ലിന്റെ പരിധിയിൽ താമസിക്കുന്നവരിൽ ധാരാളം മുസ്ലിംകൾ ആലൂർ മഹല്ലിൽ അംഗത്വമെടുക്കാത്തവരായുണ്ട്.

യഹൂദ മത വിശ്വാസിയാണ് താനെന്ന് സോഷ്യൽമീഡിയയിലൂടെ തന്നെ പ്രചരിപ്പിച്ചിട്ടുള്ള റിയാസ് (ഡാനിഷ്) ഇസ്ലാമിക മത പ്രമാണങ്ങളെ അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. പബ്ലിസിറ്റിക്ക് വേണ്ടി ഇത്തരത്തിൽ പല പോസ്റ്റുകളും ഇയാൾ സോഷ്യൽമീഡിയിലൂടെ പ്രചരിപ്പിച്ചിട്ടുണ്ട്.ഇപ്പോൾ നടത്തിയ അസത്യ പ്രചരണത്തിനെതിരേ നിയമനടപടിയുമായി മുന്നോട്ട് പോകുവാനാണ് ഇന്നലെ (2019 ഫെബ്രുവരി 15 വെള്ളി) നടന്ന ആലൂർ മഹല്ല് ജനറൽ ബോഡി യോഗം ഐക്യകണ്ഠേന തീരുമാനിച്ചിട്ടുള്ളത്.

ആർഭാട രഹിതമായ വിവാഹാഘോഷം എന്ന മഹല്ലിലെ മാതൃകാ പ്രവർത്തനം തുടരാനും ജനറൽ ബോഡി യോഗം തീരുമാനിച്ചതായും നിയമ നടപടികളുമായി മുന്നോട്ട് പോകുന്നതിനായി പ്രത്യേക സമിതിയേയും ജനറൽ ബോഡിയോഗം തെരഞ്ഞെടുത്തതായും ആലൂർ മഹല്ല് സെക്രട്ടറി ടി അസീസിന്റെ പേരിലുള്ള വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

തൃത്താല ആലൂർ സ്വദേശി ഡാനിഷ് റിയാസിന്റെ സഹോദരന്റെ വിവാഹസൽക്കാരത്തിൽ സ്ത്രീകൾ സ്റ്റേജിൽ കയറി മൈക്ക് ഉപയോഗിച്ചതും ഫോട്ടോയെടുത്തതുമാണ് ആലൂർ മഹല്ല് കമ്മിറ്റിയെ ചൊടിപ്പിച്ചതെന്നായിരുന്നു സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന വാർത്ത. വിവാഹച്ചടങ്ങിൽ വാദ്യോപകരണങ്ങൾ ഉപയോഗിച്ചതും കുട്ടികൾ നൃത്തംചെയ്തതും മഹല്ല് കമ്മിറ്റിയുടെ കാഴ്ചപ്പാടിൽ പൊറുക്കാനാവാത്ത തെറ്റുമായി. ഈ സംഭവത്തിന്റെ പേരിലാണ് ആലൂർ മഹല്ല് കമ്മിറ്റി ഡാനിഷ് റിയാസിന്റെ കുടുംബത്തെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തത്. ഇക്കാര്യം അവർ സഹോദരനെ നേരിട്ട് വിളിപ്പിച്ച് അറിയിക്കുകയും ചെയ്തു. ഇതിനുപുറമേ ജുമുഅയ്ക്ക് ശേഷം കുടുംബത്തെ അപമാനിക്കുംവിധം പള്ളിയിലെ ഖത്തീബ് വിഷയത്തിൽ പരസ്യമായി സംസാരിച്ചെന്നും ഡാനിഷ് പറഞ്ഞിരുന്നു.

മുസ്ലിം വിവാഹ ചടങ്ങുകളിൽ ഗാനമേളയോ വാദ്യോപകരണങ്ങൾ വായിക്കുന്നതോ പാടില്ലെന്നും സ്ത്രീകൾ സ്റ്റേജിൽ കയറി ഫോട്ടോയെടുക്കരുതെന്നുമാണ് മഹല്ല് കമ്മിറ്റിയുടെ നിർദ്ദേശം. അതിനാൽ പ്രദേശത്തെ മിക്ക മുസ്ലിം വിവാഹങ്ങളിലും മഹല്ല് കമ്മിറ്റിയെ ഭയന്ന് ഇത്തരം ആഘോഷങ്ങൾ സംഘടിപ്പിക്കാറില്ലെന്നും ഡാനിഷ് പറയുന്നു. രണ്ടര വർഷം മുൻപ് തന്റെ വിവാഹച്ചടങ്ങിലും ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിച്ചിരുന്നു. അന്ന് മഹല്ല് കമ്മിറ്റി ഇടപെട്ട് അതെല്ലാംനിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ ആ പരിപാടി അലങ്കോലപ്പെടുത്തി. ഇതിനാലാണ് സഹോദരന്റെ വിവാഹം മഹല്ലിൽനിന്ന് 13 കിലോമീറ്റർ അകലെ എടപ്പാളിലെ ഓഡിറ്റോറിയത്തിൽ നടത്താൻ തീരുമാനിച്ചത്. തന്റെ സ്വന്തം താത്പര്യപ്രകാരമായിരുന്നു വാദ്യോപകരണങ്ങൾ ഉൾപ്പെടെയുള്ള എല്ലാ പരിപാടികളും ഒരുക്കിയത്. ആഘോഷത്തിനിടെ കുട്ടികൾ നൃത്തം ചെയ്യുകയും കുടുംബത്തിലെ സ്ത്രീകൾ ഫോട്ടോയെടുക്കുകയും ചെയ്തു. എന്നാൽ വിവാഹസൽക്കാരത്തിന് ശേഷം മഹല്ല് കമ്മിറ്റി ഇതിനെചൊല്ലി എന്റെ കുടുംബത്തിന് ബഹിഷ്‌കരണം ഏർപ്പെടുത്തുകയായിരുന്നു- ഡാനിഷ് വിശദീകരിച്ചു.

തന്റെ കുടുംബാംഗങ്ങൾ മതവിശ്വാസികളാണെന്നും അതിനാൽ മഹല്ല് കമ്മിറ്റിയുടെ തീരുമാനം അവരെ വിഷമിപ്പിക്കുകയാണെന്നും ഡാനിഷ് പറഞ്ഞു. സംഭവത്തിനുശേഷം തന്റെ വീട്ടിൽനിന്ന് പള്ളിയിലേക്കുള്ള മാസവരിസംഖ്യ വാങ്ങാറില്ല. ഉസ്താദുമാർക്ക് നൽകിയിരുന്ന ഭക്ഷണം വേണ്ടെന്ന് പറഞ്ഞു. കുടുംബവുമായി മഹല്ല് വാസികൾ സഹകരിക്കരുതെന്നാണ് ആഹ്വാനം. ഇത് കുടുംബത്തിന് വളരേയേറെ വിഷമമുണ്ടാക്കുന്നു. എല്ലാം തന്റെ താത്പര്യപ്രകാരമാണ് സംഘടിപ്പിച്ചതെന്നും തനിക്കെതിരേ നടപടി സ്വീകരിച്ചാൽ പ്രശ്‌നമില്ലെന്നും കാണിച്ച് സഹോദരൻ മഹല്ല് കമ്മിറ്റിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഒന്നരമാസം പിന്നിട്ടിട്ടും കമ്മിറ്റി തീരുമാനത്തിൽനിന്ന് പിന്മാറിയിട്ടില്ല. അതിനാലാണ് ഇക്കാര്യം സമൂഹത്തെ അറിയിക്കണമെന്ന് തോന്നിയത്- ഡാനിഷ് പറഞ്ഞു.

ഡിസംബർ 28-നായിരുന്നു ഡാനിഷിന്റെ സഹോദരൻ ഷഹാസിന്റെയും കുറ്റിപ്പുറം സ്വദേശിനി നസ്വയുടെയും വിവാഹം. തൃത്താല ആലൂർ സ്വദേശിയും ബിസിനസുകാരനുമായ ഡാനിഷ് റിയാസ് കൊച്ചിയിലാണ് താമസം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP