Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

എല്ലാം ശരിയാക്കി; അന്നദാനത്തിന്റെ പേരിൽ വൻ അഴിമതി; പിരിവെടുത്ത് ശബരിമലയിൽ കൊടുക്കുന്നത് ജെസിബി വച്ച് പൊട്ടിച്ചാൽ പോലും ഉടയാത്ത ഇഡ്ഡലിയും മഞ്ഞ പൊടിയും ചൂടുവെള്ളം ചേർത്ത സമ്പാറും! പണപ്പിരിവ് നടക്കുന്നതിനിടെ ചർച്ചയായി ഒരു ഫേസ്‌ബുക്ക് പോസ്റ്റ്; സോപാനദർശനം വാഗ്ദാനം ചെയ്ത് അന്നദാനത്തിന്റെ പേരിൽ ശബരിമലയിൽ അരങ്ങേറുന്നത് വൻ തട്ടിപ്പ്; നിലവാരംകുറഞ്ഞ ഭക്ഷണം നൽകി വഞ്ചിക്കുന്നെന്ന് ആക്ഷേപം

എല്ലാം ശരിയാക്കി; അന്നദാനത്തിന്റെ പേരിൽ വൻ അഴിമതി; പിരിവെടുത്ത് ശബരിമലയിൽ കൊടുക്കുന്നത് ജെസിബി വച്ച് പൊട്ടിച്ചാൽ പോലും ഉടയാത്ത ഇഡ്ഡലിയും മഞ്ഞ പൊടിയും ചൂടുവെള്ളം ചേർത്ത സമ്പാറും! പണപ്പിരിവ് നടക്കുന്നതിനിടെ ചർച്ചയായി ഒരു ഫേസ്‌ബുക്ക് പോസ്റ്റ്; സോപാനദർശനം വാഗ്ദാനം ചെയ്ത് അന്നദാനത്തിന്റെ പേരിൽ ശബരിമലയിൽ അരങ്ങേറുന്നത് വൻ തട്ടിപ്പ്; നിലവാരംകുറഞ്ഞ ഭക്ഷണം നൽകി വഞ്ചിക്കുന്നെന്ന് ആക്ഷേപം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ശബരിമലയിൽ ഭക്തകോടികളുടെ ആരാധനാപാത്രമായ ശ്രീധർമ്മശാസ്താവ് അന്നദാന പ്രഭുവാണെന്നാണ് സങ്കൽപം. ആ സന്നിധിയിൽ എത്തുന്ന ഏവർക്കും ഭക്ഷണം നൽകുകയെന്ന ദൗത്യം സന്നദ്ധ സംഘടനകളുടെ മേൽനോട്ടത്തിൽ വളരെ നന്നായിത്തന്നെ നടത്തിവന്നിരുന്നു.

തമിഴ്‌നാട്ടിലേയും ആന്ധ്രയിലേയും സേവാസംഘങ്ങൾ ഇക്കാര്യത്തിൽ കരുതലോടെ പ്രവർത്തിക്കുകയും അയ്യനെ ദർശിക്കാൻ എത്തുന്ന ഭക്തർക്ക് പ്രാതലും ഉച്ചഭക്ഷണവും രാത്രിഭക്ഷണവും ഉൾപ്പെടെ നൽകിവരുകയും ചെയ്തിരുന്നു ശബരിമലയിൽ. ഈ സൗജന്യഭക്ഷണം തീരുമ്പോഴാണ് സന്നിധാനത്ത് പ്രവർത്തിക്കുന്ന ഹോട്ടലുകളെ ഭക്തർക്ക് ആശ്രയിക്കേണ്ടി വന്നിരുന്നത്.

പക്ഷേ, ഇതിനിടെ ചില പരാതികളും ഉയർന്നു. സൗജന്യ അന്നദാനത്തിന് എതിരെ സ്വാഭാവികമായി പ്രതിഷേധം ഉയരുന്നത് സന്നിധാനത്തുൾപ്പെടെ ഹോട്ടൽ ബിസിനസ് നടത്തുന്ന ലോബികളിൽ നിന്ന് ആയിരുന്നു. ഇപ്പോ്ൾ ദേവസ്വംബോർഡിന്റെ പേരിൽ ദർശന വാഗ്ദാനം ഉൾപ്പെടെ നടത്തി പണംപിരിച്ച് ഫണ്ട് സ്വരൂപിച്ച് നടത്തുന്ന അന്നദാനത്തിന് എതിരെ പരാതികൾ വ്യാപകമാകുന്നു.

ഇന്നലെ ഇത്തരത്തിലുണ്ടായ ഒരു പരാതി സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായി. ദേവസ്വംബോർഡിൽ സർക്കാർ അഴിച്ചുപണി നടത്തുകയും ഇടതുപ്രതിനിധികളെ ഉൾപ്പെടുത്തി പുനഃസംഘടന നടത്തുകയും ചെയ്തതിന് പിന്നാലെ ആയതുകൊണ്ട് ഇതിന് രാഷ്ട്രീയ മാനങ്ങളുമുണ്ട്.

'എല്ലാം ശരിയാക്കി. ദേവസ്വം ബോർഡിൽ അന്നദാനത്തിന്റെ പേരിൽ വൻ അഴിമതി. ഭക്തരിൽ നിന്നും ഡൊണേഷൻ വാങ്ങി ശബരിമലയിൽ കൊടുക്കുന്ന ഇഡലിയും സാമ്പാറും കണ്ടില്ലേ ?. ജെസിബി വച്ച് പൊട്ടിച്ചാൽ പോലും ഉടയാത്ത ഇഡ്ഡലിയും മഞ്ഞ പൊടിയും ചൂടുവെള്ളം ചേർത്ത സമ്പാറും. ഇതിനെതിരെ ശക്തമായി പ്രതികരിക്കുക... എന്ന ആഹ്വാനവുമായി വീഡിയോ സഹിതം നൽകിയ പോസ്റ്റ് ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.

തമിഴ്‌നാട് വിഭവമായ പൊങ്കൽ, ഉപ്പുമാവ്, പുറമെ ഇഡ്ഡലി-സാമ്പാർ, അങ്ങനെ തീരുംവരെ പ്രാതൽ, ഉച്ചഭക്ഷണമായി തൈരുസാദവും സാമ്പാർസാദവും മിനിമം വിഭവങ്ങളുമായി ഊണും തീരുമ്പോൾ കഞ്ഞിയുമെല്ലാം നൽകി ഒരു പൈസപോലും പ്രതിഫലം പറ്റാതെ നടത്തിയിരുന്ന അന്നദാനമാണ് സന്നദ്ധ സംഘടനകൾ നടത്തിയിരുന്നത്.

ഇതിന് തമിഴ്‌നാട്, കർണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലെ ഉൾപ്പെടെ അയ്യപ്പസേവാസംഘങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്തിരുന്നു. ഇതിനാണ് പിന്നീട് അന്ത്യമുണ്ടായത്. ഇതൊരു പണപ്പിരിവ് ഏർപ്പാടാണെന്ന ആക്ഷേപം ഉയർന്നെങ്കിലും ഭക്ഷണത്തിന്റെ നിലവാരത്തിന്റെ കാര്യത്തിൽ വലിയ ആക്ഷേപങ്ങളുണ്ടായില്ല എന്നതാണ് ശ്രദ്ധേയം.

അന്നദാനം ദേവസ്വം ബോർഡിനെ ഏൽപിച്ച് കോടതിവിധി

പല കോണിൽ നിന്ന് ആക്ഷേപം ഉയരുകയും സന്നിധാനത്തെ ഹോട്ടൽലോബിയുടെ ചരടുവലിയും കൂടി ആയപ്പോഴാണ് അന്നദാന വിഷയം സുപ്രീംകോടതി വരെ എത്തുന്നത്. ഇതോടെ അന്നദാനമെന്ന സാമൂഹ്യസേവനം മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി വിധിച്ചു. 2016 ജനുവരിയിലായിരുന്നു ഇത്. ശബരിമലയിലെ അന്നദാനത്തിൽ നിന്ന് സന്നദ്ധസംഘടനകളെ വിലക്കിയതിനെതിരേയുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ചു കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ശബരിമലയിൽ അന്നദാനം നടത്തുന്നതിൽ സന്നദ്ധ സംഘടനകളെ ഹൈക്കോടതി തടഞ്ഞത് ചോദ്യംചെയ്ത് നൽകിയ ഹർജിയിലാണ് രാജ്യത്തെ പരമോന്നത കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്.

ദേവസ്വം ബോർഡ് നേരിട്ട് തന്നെ അന്നദാനം നടത്തിയാൽ മതിയെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സംഘടനകൾ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, സാമൂഹ്യ സേവനം മൗലികവകാശമായി കാണാനാവില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, ഹർജിക്കാർക്ക് വീണ്ടും ഹൈക്കോടതിയെ സമീപീക്കാമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ആ വർഷം അന്നദാനം, കുടിവെള്ള വിതരണം എന്നിവ നടത്താൻ അഖില ഭാരത അയ്യപ്പ സേവാസംഘം, ശ്രീ ഭൂതനാഥ ധർമസ്ഥാപനം ട്രസ്റ്റ്, ശബരിമല അയ്യപ്പ സേവാസമാജം എന്നിവയ്ക്കാണ് ഹൈക്കോടതി നേരത്തെ അനുമതി നൽകിയത്.

എന്നാൽ ഇതിന് ശേഷം കാര്യങ്ങൾ ശരിക്കും അട്ടിമറിക്കപ്പെട്ടുവെന്ന് വ്യക്തമാക്കുന്ന നടപടികളാണ് ഉണ്ടായത്. കോടതി വിധിക്ക് ശേഷം അന്നദാനം ദേവസ്വംബോർഡ് ഏറ്റെടുത്ത ശേഷം അന്നദാനഫണ്ടിലേക്ക് 1000 രൂപ നൽകിയാൽ പ്രത്യേക ക്യൂവിലൂടെ അയ്യപ്പദർശനം സാധ്യമാക്കുന്ന പദ്ധതി കൊണ്ടുവന്നത് വലിയചർച്ചയായി മാറുകയും ചെയ്തിട്ടുണ്ട്. ദേവസ്വംബോർഡ് പുനഃസംഘടിപ്പിച്ച ശേഷം ഇക്കാര്യത്തിൽ വലിയ ആക്ഷേപങ്ങളും ഉയരുകയാണ്. ബോർഡിൽതന്നെ അഭിപ്രായ വ്യത്യാസമുണ്ടെന്നുള്ള കാര്യങ്ങളും പുറത്തുവരുന്നു.

അന്നദാനപ്രഭുവിന്റെ പേരിൽ പിരിവ്; മോശം ആഹാരവും

ദർശനത്തിന്റെ പേരിൽ ഫണ്ടുവാങ്ങുന്ന പരിപാടി വൻ വിജയമെന്നാണ് ബോർഡ് അംഗം എംകെ രാഘവൻ പ്രതികരിച്ചത്. എന്നാൽ, ഈ പരിപാടി നടക്കില്ലെന്നും സംഭാവനയ്ക്ക് പകരം ദർശനമെന്ന തരത്തിൽ സ്ഥാപിച്ച ബോർഡ് നീക്കണമെന്നുമാണ് പുതിയ ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ ഉത്തരവ്. ഇതോടെ ഇടതുനേതാക്കൾ മാത്രമുള്ള ബോർഡിൽ ഭിന്നത ഉടലെടുത്തിരിക്കുകയാണ്. അന്നദാനത്തിന്റെ പേരിൽ പിരിവുകൾ അനുവദിക്കില്ലെന്നാണ് പത്മകുമാറിന്റെ നിലപാട്.

പദ്ധതിയിലൂടെ അന്നദാനത്തിന് കൂടുതൽ തുക സമാഹരിക്കാൻ കഴിയുന്നത് മികച്ച ഭക്ഷണം കൂടുതൽ പേർക്ക് നൽകുന്നതിന് സഹായകമാകുമെന്നാണ് രാഘവന്റെ അഭിപ്രായം. രുചികരമായ ഭക്ഷണമാണ് ദേവസ്വം ബോർഡ് നൽകുന്നത്. 

സന്നിധാനത്തെ മഹാകാണിക്കയിലും അന്നദാനമണ്ഡപത്തിലും സംഭാവന നൽകാം. ഇവിടെ നിന്നു ലഭിക്കുന്ന കൂപ്പൺ ഉപയോഗിച്ച് പ്രത്യേക ക്യൂവിലൂടെ ദർശനം നടത്താനാണ് സൗകര്യമുള്ളത്. പൊലീസ് അസിസ്റ്റന്റ് കമ്മിഷണർക്ക് ഈ ക്യൂവിന്റെ ചുമതല നൽകിയിട്ടുണ്ട്. സാധാരണ ഗതിയിലുള്ള ദർശനത്തിന് ഒരുതരത്തിലും തടസമുണ്ടാകാത്ത വിധമാണ് ഇതിന് സൗകര്യം ചെയ്തിരിക്കുന്നത്. പമ്പയിലും സംഭാവന കൗണ്ടർ താമസിയാതെ തുടങ്ങും. മൂന്നു ലക്ഷം രൂപയാണ് അന്നദാന ഫണ്ടിലേക്ക് ഇതുവരെ സംഭാവന ലഭിച്ചത്.

മണ്ഡലകാലത്തിന്റെ തുടക്കത്തിൽ തന്നെ വലിയ ഭക്തജന പ്രവാഹമാണ് കാണുന്നത്. കാണിക്കയിലും വലിയ വർദ്ധനയുണ്ടായെന്ന് രാഘവൻ മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു. ആദ്യ ദിവസങ്ങളിലെ കണക്കനുസരിച്ച് 4.34 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വർഷം ഇതേ സമയം 2.56 കോടി രൂപയാണ് ലഭിച്ചിരുന്നതെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

ഇത്തരത്തിൽ ഭക്തരുടെ തന്നെ പണം പിരിച്ച് നടത്തുന്ന അന്നദാനത്തിന്റെ പേരിൽ തട്ടിപ്പാണ് അരങ്ങേറുന്നതെന്ന ആക്ഷേപമാണ് ശക്തമാകുന്നത്. എന്നാൽ പ്രയാറിനെ മാറ്റി ഇടത് പ്രതിനിധികളെ ഉൾപ്പെടുത്തി ബോർഡ് പുനഃസംഘടിപ്പിച്ചതിന്റെ പേരിലാണ് ഇത്തരമൊരു അപവാദം പ്രചരിപ്പിക്കുന്നതെന്ന് മറുവാദവും ഉയരുന്നു. എന്തായാലും മുൻകാലങ്ങളിലെ അപേക്ഷിച്ച് മോശം ഭക്ഷണമാണ് സന്നിധാനത്ത് ഭക്തർക്ക് നൽകുന്നതെന്ന പരാതി ശക്തമാകുകയാണ് ഇക്കുറി സീസൺ തുടങ്ങിയപ്പോൾ തന്നെ.

പുതിയ ഭരണസമിതിയും സർക്കാരും ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിച്ചില്ലെങ്കിൽ അത് വലിയ ചീത്തപ്പേരാണ് ഉണ്ടാക്കുക. മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ എത്തുന്ന ഭക്തരിലും മോശം സന്ദേശമാണ് സർക്കാരിനും ബോർഡിനും എതിരെ എത്തിക്കുക.

വികാരങ്ങൾക്ക് അപ്പുറത്ത് വിചാരങ്ങൾക്കും വിശ്വാസങ്ങൾക്കും മുൻതൂക്കം നൽകാൻ ദേവസ്വംബോർഡും സർക്കാരും നടപടി ഉടൻ കൈക്കൊണ്ടില്ലെങ്കിൽ സർക്കാർ സംവിധാനങ്ങൾ പാളുന്നുവെന്ന ചീത്തപ്പേര് ഇത്തവണയും സന്നിധാനത്തുനിന്ന് ഉയരുമെന്നതിന്റെ തെളിവായി മാറുകയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചചെയ്യപ്പെടുന്ന ദൃശ്യവും അതിനോടനുബന്ധിച്ച് ഉയരുന്ന കമന്റുകളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP