Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എല്ലാം ബന്തവസിലായ തലസ്ഥാനത്തെ തീരദേശമേഖലയിൽ ഒരീച്ച അനങ്ങിയാലും അറിയുമെന്ന് പൊലീസ് ഏമാന്മാർ; ഇടവ മുതൽ പൊഴിയൂർ വരെ അരിച്ചുപെറുക്കി പരിശോധന; ആരും മീൻ പിടിക്കാനോ വില്പനയ്‌ക്കോ പോകാതെ പൂന്തുറ അടക്കം ട്രിപ്പിൾ ലോക് ഡൗണിലായിട്ടും കുമരിച്ചന്തയിൽ കഴിഞ്ഞ ദിവസം വന്നിറങ്ങിയത് ഒരു ലോഡ് മത്സ്യം; പിടിയിലായ രണ്ടുപേരെ കരുവാക്കിയത് മൊത്തവില്പനക്കാരുടെ ബിനാമികളെന്നും സൂചന; ആശങ്ക കൂട്ടി പൂന്തുറയിലെ മീൻകച്ചവടം

എല്ലാം ബന്തവസിലായ തലസ്ഥാനത്തെ തീരദേശമേഖലയിൽ ഒരീച്ച അനങ്ങിയാലും അറിയുമെന്ന് പൊലീസ് ഏമാന്മാർ; ഇടവ മുതൽ പൊഴിയൂർ വരെ അരിച്ചുപെറുക്കി പരിശോധന; ആരും മീൻ പിടിക്കാനോ വില്പനയ്‌ക്കോ പോകാതെ പൂന്തുറ അടക്കം ട്രിപ്പിൾ ലോക് ഡൗണിലായിട്ടും കുമരിച്ചന്തയിൽ കഴിഞ്ഞ ദിവസം വന്നിറങ്ങിയത് ഒരു ലോഡ് മത്സ്യം; പിടിയിലായ രണ്ടുപേരെ കരുവാക്കിയത് മൊത്തവില്പനക്കാരുടെ ബിനാമികളെന്നും സൂചന; ആശങ്ക കൂട്ടി പൂന്തുറയിലെ മീൻകച്ചവടം

എം മനോജ് കുമാർ

തിരുവനന്തപുരം: കോവിഡ് സമൂഹവ്യാപനം നടന്നു എന്ന് ഉറപ്പിക്കുന്ന പൂന്തുറയിൽ മത്സ്യ വിപണി ഇപ്പോഴും സജീവം. തമിഴ്‌നാട്ടിൽ നിന്നും വിൽപ്പനയ്ക്കായി എത്തിച്ച മത്സ്യം വഴിയാണ് പൂന്തുറയിൽ കോവിഡ് എത്തി എന്ന് കരുതപ്പെടുന്നത്. അതുകൊണ്ട് തന്നെ മീൻ മൊത്തവിൽപ്പനാ കേന്ദ്രമായ കുമരിച്ചന്ത ഉൾപ്പെടെയുള്ള മത്സ്യ മാർക്കറ്റ് അടഞ്ഞുകിടക്കുകയാണ്. പക്ഷെ കോവിഡ് ഉയർത്തുന്ന വെല്ലുവിളികളെ തള്ളിക്കളഞ്ഞു മത്സ്യവിപണി പൂന്തുറയിൽ ഇപ്പോഴും സജീവം എന്ന് തെളിയിക്കുന്ന ഞെട്ടിക്കുന്ന വാർത്തയാണ് പൂന്തുറ നിന്നും വരുന്നത്. കന്യാകുമാരിയിൽ നിന്നും പൂന്തുറയിൽ മത്സ്യം എത്തിച്ച രണ്ടു പേരെയാണ് കഴിഞ്ഞ ദിവസം പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. മാണിക്യവിളാകം സ്വദേശി ഷാജി എന്ന ഷാജഹാൻ, വള്ളക്കടവ് സ്വദേശി മനാഫ് എന്നിവരെയാണ് പൂന്തുറ പൊലീസ് പിടികൂടിയത്. പൂന്തുറയിൽ എത്തിച്ച ശേഷം വിതരണത്തിനു സജ്ജമാക്കുന്ന വേളയിലാണ് ഇവരെ പൊലീസ് പിടികൂടിയത്. പിടിയിലായവരിൽ നിന്നും വിൽപ്പനക്ക് എത്തിച്ച മത്സ്യവും വാഹനവും പൊലീസ് പിടിച്ചെടുത്തു. ഇവർക്ക് എതിരെ പൊലീസ് കേസ് ചാർജ് ചെയ്തിട്ടുണ്ട്.

കന്യാകുമാരിയിൽ നിന്നും ഇവർ മത്സ്യം കൊണ്ട് വന്നുവെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും പൊലീസിനു നൽകിയ മൊഴിയിൽ കൊല്ലത്ത് നിന്നാണ് മത്സ്യം എത്തിച്ചത് എന്നാണ് ഇവർ പറഞ്ഞത്. മത്സ്യം പുറത്ത് നിന്നും സംസ്ഥാനത്തിനകത്തെക്ക് എത്തിക്കുന്നതിന് തടസമില്ല. പക്ഷെ കണ്ടയ്ന്മെന്റ് സോൺ ആയതിനാൽ പൂന്തുറയിൽ മീൻ കൊണ്ടുവരാൻ അനുമതിയില്ല. അതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്-പൂന്തുറ സിഐ സജികുമാർ മറുനാടനോട് പറഞ്ഞു. പൂന്തുറയിൽ ഇത്രയേറെ കോവിഡ് പടർന്നിട്ടും ഇപ്പോഴും മത്സ്യം എത്തിക്കുന്നതിൽ പൂന്തുറയിൽ നിന്നും എതിർപ്പ് ഉയരുന്നുണ്ട്. പകർച്ചവ്യാധിയായി കോവിഡ് പടരുമ്പോൾ ഇതിനു അരു നിൽക്കുന്ന സമീപനം ഇപ്പോഴും പൂന്തുറയിൽ ഉള്ളവർ കൈക്കൊള്ളുന്നതിലാണ് ജനങ്ങൾക്ക് അമർഷം. മത്സ്യം കൊണ്ട് വന്നതിന് ഇവരെ അറസ്റ്റ് ചെയ്തപ്പോൾ തന്നെ തമിഴ്‌നാട്ടിൽ നിന്നും കൊണ്ട് വന്ന് വിൽപ്പനക്കായി വീട്ടിൽ ഒളിപ്പിച്ചിരുന്ന മത്സ്യം പള്ളിതെരുവ് സ്വദേശിയുടെ വീട്ടിൽ നിന്നും പൂന്തുറ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

കുമരിച്ചന്തയിൽ മത്സ്യം എത്തിക്കുന്ന മൊത്തവ്യാപാരികൾ പൂന്തുറയിലുണ്ട്. ഇവരുടെ ഭാഗത്ത് നിന്നുമാണ് വീണ്ടും മത്സ്യം എത്തിയത് എന്നാണ് സൂചന. കന്യാകുമാരിയിൽ നിന്നും മത്സ്യം കുമരിച്ചന്തയിലേക്ക് എത്തിക്കുകയാണ് ഇവർ ചെയ്യുന്നത്. ഇവരിൽ നിന്നാണ് പൂന്തുറയിൽ കോവിഡ് പടർന്നത്. മത്സ്യം കന്യാകുമാരിയിൽ നിന്നും എത്തിക്കുന്നവർക്ക് കോവിഡ് പിടിപെട്ടിട്ടുണ്ട്. അവരുടെ ബന്ധുക്കൾക്കും കോവിഡ് വന്നിട്ടുണ്ട്. ഇവർ ചികിത്സയിൽ ആണെങ്കിലും ഇവരുമായി ബന്ധമുള്ളവർ തന്നെയാണ് വീണ്ടും മത്സ്യം കുമരിച്ചന്തയിൽ എത്തിക്കാൻ പിന്നണിയിൽ പ്രവർത്തിക്കുന്നത്. കുമരിച്ചന്തയിൽ നിന്നും മീൻ വാങ്ങി ചില്ലറ വിൽപ്പന നടത്തുന്ന സ്ത്രീകൾക്കാണ് കോവിഡ് വന്നത്. ഇവരിൽ നിന്നും മറ്റുള്ളവരിലേക്കും കോവിഡ് പടർന്നു. ചന്ത ഇപ്പോൾ അടച്ചിട്ടിരിക്കുകയാണെങ്കിലും പുറത്ത് നിന്നും മറ്റുമായി വില്പന സജീവമാണ്. ഇങ്ങനെ എത്തിച്ച മത്സ്യം തന്നെയാണ് ഇപ്പോൾ പൊലീസ് പിടികൂടിയത്. പിടിവീഴും എന്ന് മനസിലായപ്പോൾ മൊത്തവിൽപ്പനക്കാരുടെ ബിനാമികളാണ് ഇപ്പോൾ പൂന്തുറ ഭാഗത്ത് മീൻ എത്തിക്കുന്നത്. ഇവരെയാണ് പൊലീസ് പിടികൂടിയിരിക്കുന്നതും.

തീരദേശമേഖലയായ പൊഴിയൂർ മുതൽ ഇടവ വരെ കർശന പരിശോധനയാണ്. ഈ പരിശോധന കടന്നു എങ്ങനെ മത്സ്യം എത്തി ചോദ്യമാണ് പൂന്തുറ നിവാസികൾ ഉയർത്തുന്നത്. പൂന്തുറയിൽ സമൂഹവ്യാപനം വന്നിരിക്കെ കടുത്ത ആശങ്കയിലാണ് ജനങ്ങൾ. ഇത് തള്ളിക്കളഞ്ഞു വീണ്ടും ചിലർ മത്സ്യം എത്തിക്കുന്നതിലാണ് ആശങ്ക ശക്തമാകുന്നത്. വീടുകളിലോ വാഹനത്തിലോ വഴിയോരത്തോ മത്സ്യം വിപണനത്തിനു അനുമതിയില്ല. പക്ഷെ വാഹനത്തിൽ വെച്ച് തന്നെ മത്സ്യം പിടികൂടുകയും ചെയ്തു. അതും കണ്ടെയ്‌മെന്റ് സോണിന് ഉള്ളിൽവെച്ച്. ഇതെങ്ങനെ സാധ്യമാകുന്നു എന്ന് ജനങ്ങൾ ചോദിക്കുന്നതിനും അടിസ്ഥാനവുമുണ്ട്. പൂന്തുറയിൽ സമൂഹ വ്യാപനം വന്നതിനെ തുടർന്ന് വളരെ ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചത്. തീരമേഖലയെ മൂന്ന് സോണായി തിരിച്ചു. അഞ്ചുതെങ്ങ് മുതൽ പെരുമാതുറ വരെയാണ് ഒന്നാമത്തെ സോൺ. പെരുമാതുറ മുതൽ വിഴിഞ്ഞം വരെ രണ്ടാം സോൺ. വിഴിഞ്ഞം മുതൽ ഊരമ്പ് വരെ മൂന്നാം സോൺ. ഈ സംവിധാനത്തിന്റെ ചുമതലയിലുള്ള സ്‌പെഷൽ ഓഫിസർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായക്കും നൽകി. ഓരോ സോണിനും വിവിധ എസ്‌പിമാർക്കും ചാർജും നൽകിയിട്ടുണ്ട്. പ്രത്യേക കൺട്രോൾ റൂമുമുണ്ട്. വന്നു. മുതിർന്ന ഐഎഎസ് ഓഫീസർമാർക്കും ഇതിന്റെ ചാർജ് നൽകിയിട്ടുണ്ട്. ഇതെല്ലാം ചെയ്തിട്ടും മത്സ്യം വഴി വരുന്ന കോവിഡിനെ തടയാൻ സന്നാഹങ്ങൾക്ക് ഒന്നും കഴിയുന്നുമില്ല. മത്സ്യവരവ് തുടരുകയും ചെയ്യുന്നു.

കോവിഡ് പടർന്നു പിടിച്ചപ്പോൾ നിയമങ്ങൾ കർക്കശമാക്കിയതിനെ തുടർന്ന് പൂന്തുറയിൽ ജനങ്ങൾ തെരുവിൽ ഇറങ്ങിയിരുന്നു. കടകൾ പൂർണമായും അടച്ചിടുകയും ജനങ്ങൾക്ക് പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത സാഹചര്യം വന്നതിനെ തുടർന്നാണ് ജനക്കൂട്ടം മാസ്‌ക് ധരിക്കാതെ കഴിഞ്ഞയാഴ്ച പുറത്ത് ഇറങ്ങി പൊലീസുമായും ആരോഗ്യ പ്രവർത്തകരുമായും കോർത്തത്. മുഖ്യമന്ത്രി തന്നെ പൂന്തുറയിലെ ജനങ്ങളുടെ ഇടപെടലിന് എതിരെ വിമർശനം ചൊരിയുകയും ജില്ലാ നേതൃത്വം ഇടപെട്ടു ജനങ്ങളുടെ അമർഷത്തിനു പരിഹാരം കാണാൻ ശ്രമം നടത്തുകയും ചെയ്തിരുന്നു. നിലവിൽ പൂന്തുറ പ്രദേശം അടച്ചു പൂട്ടിയിരിക്കുകയാണ്. എല്ലാ വിധ നിയന്ത്രണങ്ങളും തുടരുന്നുമുണ്ട്. പക്ഷെ കോവിഡ് പിടിമുറുക്കിയിരിക്കെ പിന്നെയും മീൻ വരവ് തുടരുന്നതിലാണ് ജനങ്ങളുടെ ആശങ്ക നിലനിൽക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP