Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

ഡാമുകൾ തുറന്നതിൽ പാളിച്ചയില്ലെന്ന് മണിയാശാൻ പറയുമ്പോഴും സ്വയം സംസാരിച്ച് മഴക്കണക്കുകൾ; ജൂലൈയിൽ തന്നെ മിക്ക ഡാമുകളും നിറഞ്ഞിട്ടും കാലാവസ്ഥാ മുന്നറിയിപ്പുകൾ വന്നിട്ടും ആസൂത്രണത്തിലെ പാളിച്ചകൾ തുറന്നുസമ്മതിക്കാതെ കെഎസ്ഇബി; കക്കിയും പമ്പയും വേണ്ടത്ര മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടിട്ട് മഴ ഇത്ര കനക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ഒഴിവുകഴിവും; പ്രളയദുരന്തത്തിന്റെ ആക്കം കൂട്ടിയത് സംസ്ഥാനത്തെ ഡാം സുരക്ഷാമാനേജ്‌മെന്റിലെ പിഴവുകളോ?

ഡാമുകൾ തുറന്നതിൽ പാളിച്ചയില്ലെന്ന് മണിയാശാൻ പറയുമ്പോഴും സ്വയം സംസാരിച്ച് മഴക്കണക്കുകൾ; ജൂലൈയിൽ തന്നെ മിക്ക ഡാമുകളും നിറഞ്ഞിട്ടും കാലാവസ്ഥാ മുന്നറിയിപ്പുകൾ വന്നിട്ടും ആസൂത്രണത്തിലെ പാളിച്ചകൾ തുറന്നുസമ്മതിക്കാതെ കെഎസ്ഇബി; കക്കിയും പമ്പയും വേണ്ടത്ര മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടിട്ട് മഴ ഇത്ര കനക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ഒഴിവുകഴിവും; പ്രളയദുരന്തത്തിന്റെ ആക്കം കൂട്ടിയത് സംസ്ഥാനത്തെ ഡാം സുരക്ഷാമാനേജ്‌മെന്റിലെ പിഴവുകളോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മഴ കനത്തപ്പോൾ അണക്കെട്ടുകൾ തുറക്കുന്നതിൽ കെഎസ്ഇബിക്ക് പാളിച്ചകൾ വന്നില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി അവകാശപ്പെടുമ്പോഴും മതിയായ മുന്നൊരുക്കങ്ങൾ ഇല്ലായിരുന്നുവെന്ന് തെളിയുന്നു. ഇടുക്കി അണക്കെട്ട് തുറക്കുന്നതിന് മുമ്പ് തന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയെന്നും, അപ്രതീക്ഷിതമായി കാലവർഷം കോരിച്ചൊരിഞ്ഞതോടെ ഡാം തുറക്കാൻ നിർബന്ധിതമാവുകയായിരുന്നുവെന്നുമാണ് മന്ത്രി തൊടുപുഴയിൽ പറഞ്ഞത്. വയനാട്ടിലെ ബാണാസുരസാഗർ അണക്കെട്ട് തുറന്നത് മതിയായ മുന്നറിയിപ്പോടെയാണെന്ന് മന്ത്രി അവകാശപ്പെടുമ്പോൾ ആശയവിനിമയത്തിൽ പിഴവുണ്ടായെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് തുറന്നുസമ്മതിക്കുകയും ചെയ്യുന്നു. കൂടുതൽ ചോദ്യങ്ങൾ ഉയരുമ്പോൾ വയ്യാവേലി കേറി പിടിക്കാനല്ല താൻ വന്നതെന്ന ന്യായത്തോടെ മന്ത്രി ഒഴിഞ്ഞുമാറി പോവുകയും ചെയ്യുന്നുു.

സർക്കാർ സംവിധാനങ്ങൾ ഇടുക്കിയിൽ കേന്ദ്രീകരിക്കുകയും, മറ്റുഅണക്കെട്ടുപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിൽ വേണ്ടത്ര ശ്രദ്ധ പുലർത്തുകയും ചെയ്തില്ലായെന്നാണ് സംഭവങ്ങളുടെ ഗതി വ്യക്തമാക്കുന്നത്. ശബരിഗിരി അണക്കെട്ട് തുറന്നപ്പോൾ വേണ്ടത്ര മുന്നറിയിപ്പ് ഇല്ലാതിരുന്നതുകൊണ്ടാണ് റാന്നിയിലും പരിസരങ്ങളിലും പ്രളയം ഉണ്ടായതെന്ന് റാന്നി എം എൽ എ രാജുഏബ്രഹാം തുറന്നടിച്ചത് വെറുതെയല്ല. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്നും എംഎൽഎ പറയുന്നു. ഓഗസ്റ്റ് ആദ്യം കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥ പ്രവചനം കെഎസ്ഇബി അവഗണിച്ചു. ഓഗസ്റ്റ് ആദ്യം പെയ്ത മഴയുടെ കണക്കും കാര്യമാക്കിയില്ല. എല്ലാം തങ്ങളുടെ കൈയിൽ ഒതുങ്ങുമെന്ന അമിത ആത്മവിശ്വാസമാണ് വിനയായത്. ഒടുവിൽ ഇത്രയും മഴ പ്രതീക്ഷിച്ചില്ലെന്ന ഒഴിവ്കഴിവ് മാത്രമാണ് മന്ത്രിക്കും കെഎസ്ഇബി ചെയർമാനും പറയാനുള്ളത്. മുന്നറിയിപ്പില്ലാതെ ശബരിഗിരി ഡാം തുറന്ന് വിട്ടതുകൊണ്ട് കുറഞ്ഞത് 500 കോടിയുടെ എങ്കിലും നഷ്ടം റാന്നിയിലുണ്ടായിട്ടുണ്ട്. റവന്യൂ വൈദ്യുതി വകുപ്പുകളുടേയും ജില്ലാ ഭരണകൂടത്തിന്റേയും കുറ്റകരമായ അനാസ്ഥ മൂലമാണ് ഇത് സംഭവിച്ചതെന്നാണ് രാജു എബ്രഹാം ആരോപിക്കുന്നത്.

പമ്പ, അച്ചൻ കോവിലാർ തീരങ്ങളിൽ വെള്ളം കയറി മുങ്ങിയപ്പോൾ വേണ്ടത്ര മുന്നറിയിപ്പ് നൽകുന്നതിൽ പത്തനംതിട്ട ജില്ലാഭരണകൂടവും പരാജയപ്പെട്ടു. റാന്നിയിൽ വെള്ളം പൊങ്ങി ആറുമണിക്കൂറിന് ശേഷമാണ് ആറന്മുളയിൽ വെള്ളം ഉയർന്നതെങ്കിലും ആളുകൾക്ക് ഒഴിഞ്ഞുപോകൽ അറിയിപ്പ് നൽകുന്നതിൽ വീഴ്ച വന്നു. ഇത്രയും മഴ പെയ്താൽ പ്രളയമുണ്ടാകും, അതിന് ഞങ്ങളെ പഴി പറഞ്ഞിട്ട് കാര്യമില്ലായെന്ന കെഎസ്ഇബിയുടെ നിലപാട് ചോദ്യം ചെയ്യപ്പെടുന്നത് മഴക്കണക്കുകൾ കണ്ടിട്ടും അവർ അപകടം മണത്തില്ല എന്നതിലാണ്. കഴിഞ്ഞ വർഷത്തെ കടുത്ത വേനൽ കണക്കിലെടുത്ത് അണക്കെട്ടുകളിൽ പരനാവധി വെള്ളം സംഭരിക്കുന്ന തിരിക്കിനിടയിൽ വേണ്ട ജാഗ്രത കാട്ടിയതുമില്ല.

സാധാരണ കിട്ടുന്നതിനേക്കാൾ ശക്തമായ മഴയാണ് ജൂൺ, ജൂലൈയിൽ പെയ്തത്. ജൂലൈ 20 ഓടെ പ്രധാന അണക്കെട്ടുകൾ ഭൂരിഭാഗവും നിറഞ്ഞു. അധികം വൈകാതെ ഇടുക്കി പരമാവധി ഉയരത്തിലെത്താൻ 8 അടി മാത്രമാണ് അവശേഷിച്ചിട്ടും കെഎസ്ഇബി അനങ്ങിയില്ല. ഇടമലയാറിൽ പരമാവധി ഉയരത്തിൽ വെള്ളമെത്താൻ രണ്ടര മീറ്റർ മാത്രമാണ് അവശേഷിച്ചിരുന്നത്. പമ്പയും കക്കിയും കഷ്ടിച്ച് പരമാവധി ഉയരത്തിലെത്താൻ രണ്ട് മീറ്ററിൽ താഴെ മാത്രമായിരുന്നു. ഇടുക്കിയിൽ 114 ശതമാനവും, പത്തനംതിട്ടയിൽ 105 ശതമാനവുമായിരുന്നു അധികം മഴ. ജൂണിലും ജൂലൈയിലും ഇത്രയും മഴ പെയ്തതുകൊണ്ട് ഓഗസ്റ്റിൽ പെയ്യില്ലെന്ന നിഷ്്ക്കളങ്കമായ അനുമാനവും കെഎസ്ഇബിയെ രക്ഷിക്കില്ല.ഒ ഓഗസ്റ്റിൽ ഇത്രയും മഴ പെയ്തിട്ടെന്ന് പറയുന്നവർ ജൂണിലെയും ജൂലൈയിലെയും മഴക്കണക്ക് കൂടി പരിശോധിക്കണം. ഡാമുകളുടെ ഷട്ടർ തുറന്ന് അധിക വെള്ളം ഒഴുക്കുന്നത് നീട്ടിയതിനൊപ്പം തുറന്നപ്പോൾ വേണ്ടത്ര മുൻകരുതൽ എടുത്തതുമില്ല. ഡാമുകളുടെ ഷട്ടറുകൾ തുറക്കും മുമ്പ് വകുപ്പ് ചീഫ് എഞ്ചിനീയർ, വകുപ്പ് മേധാവി, കലക്ട്ടർ, ബന്ധപ്പെട്ട റവന്യു ഓഫീസുകൾ, വെള്ളം കയറാൻ സാധ്യതയുള്ള തദ്ദേശ സ്ഥാപനങ്ങൾ എന്നിങ്ങനെ വിവിധ തലങ്ങളിൽ രേഖാമൂലം അറിയിക്കേണ്ടതായിരുന്നു. ഈ ചട്ടം ലംഘിച്ചുവെന്നാണ് റാന്നി എംഎൽഎ രാജു എബ്രഹാം പറഞ്ഞത്. മതിയായ മുൻകരുതലുകളും ഏകോപനവും ഡാം മാനേജ്‌മെന്റിൽ ഉണ്ടായിരുന്നുവെന്ന് സഥാപിക്കാൻ ശ്രമിക്കുന്നവർ തന്നെ പല ചോദ്യങ്ങൾക്കും ഒഴുക്കൻ മറുപടികളിലൂടെ രക്ഷനേടുകയും ചെയ്യുന്നു.

പ്രളയം ഡാമുകൾ ഒരേസമയം തുറന്നു വിട്ടതിനെ തുടർന്നുണ്ടായ മനുഷ്യനിർമ്മിതദുരന്തമാണെന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലിന്റെ വിമർശനത്തോടും മുഖം തിരിക്കുകയാണ് സർക്കാർ. വിദഗ്ധന്മാർ എന്തെങ്കിലുമൊക്കെ വിളിച്ചു പറയുകയല്ല വേണ്ടതെന്നും സർക്കാരുമായി ചർച്ച നടത്തുകയുമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.അശാസ്ത്രീയമായി ഡാമുകൾ എല്ലാം ഒരുമിച്ച് തുറന്നു വിട്ടതുകൊണ്ടാണ് പ്രളയം ഉണ്ടായത് എന്നായിരുന്നു മാധവ് ഗാഡ്ഗിലിന്റെ പ്രസ്താവന.

കോരിച്ചൊരിയുന്ന മഴയത്ത് ജല നിരപ്പ് ക്രമാതീതമായി ഉയരുന്നുവെന്ന് അറിയിച്ചിട്ടും, അണക്കെട്ട് തുറക്കേണ്ട എന്നായിരുന്നു വകുപ്പുകളുടെ തീരുമാനം. വെള്ളം ഒഴുക്കിക്കളഞ്ഞാൽ പ്രതിദിനം പത്ത് ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുമെന്നായിരുന്നു കെഎസ്ഇബിയുടെ നിലപാട്. ജൂലൈയിൽ തന്നെ മിക്ക ഡാമുകളും ഏറെക്കുറെ നിറഞ്ഞെങ്കിലും ഒരുനടപടിയുമെടുത്തില്ല. കാലാവസ്ഥാ മുന്നറിയിപ്പുകളും അവഗണിച്ചു. ഇടമലയാർ ഡാമിന്റെ ഷട്ടറുകൾ നേരത്തെ തുറക്കേണ്ടിയിരുന്നുവെന്നാണ് ഓഗസ്റ്റ് ആദ്യവാരാവസാനം ഡാം സുരക്ഷാവിദഗ്ദ്ധർ അഭിപ്രായപ്പെട്ടത്. പരമാവധി സംഭരണശേഷിയിലെത്തിയ ശേഷം മാത്രമാണ് ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയത്. 169 അടി പിന്നിടുന്നതിന് മുൻപ് ഷട്ടറുകൾ ഉയർത്തി മുൻകരുതൽ നടപടികളെടുക്കണമായിരുന്നുവെന്നും വിദഗ്ദ്ധർ വിലയിരുത്തി. ഇടമലയാറിൽ നിന്ന് മതിയായ വെള്ളം ഒഴുക്കിയ ശേഷം വേണമായിരുന്നു ഇടുക്കി ഡാം തുറക്കാൻ. എന്നാൽ ആസൂത്രണത്തിലെ പാളിച്ച ഇതിന് രണ്ടിനും തടസ്സമായി. പിന്നീട് ആഗസ്റ്റിൽ മഴ കനത്തപ്പോൾ, ഡാമുകൾ നിറഞ്ഞു കവിയുകയും ഗത്യന്തരമില്ലാതെ എല്ലാ ഡാമുകളും ഒന്നിച്ച് തുറക്കുകയുമായിരുന്നു.

സാധാരണ ട്രയൽ റൺ നടത്തിയാണ് ഡാമുകൾ തുറക്കുക. പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകണം. ഇതൊന്നും പാലിച്ചില്ല. ബാണാസുരസാഗർ തുറന്നത് ആരും അറിഞ്ഞില്ല. മണ്ണ് കൊണ്ട് കെട്ടിയ വയനാട്ടിലെ ഈ ഡാം തുറക്കുമ്പോൾ സാധാരണ അറിയിപ്പ് നൽകാറില്ലെന്ന വിചിത്രന്യായമാണ് മന്ത്രിമാർ വരെ പറയുന്നത്. ശബരിഗിരി പദ്ധതിയിലെ കക്കിയും പമ്പയും മുന്നറിയിപ്പില്ലാതെ ഒന്നിച്ചു തുറന്നതിന്റെ കെടുതി അനുഭവച്ചത് റാന്നി ആറന്മുള ചെങ്ങന്നൂർ നിവാസികളാണ്. ജൂണിലും ജൂലൈയിലും കനത്ത മഴ കിട്ടി ഡാമുകൾ ഏകദേശം നിറഞ്ഞതോടെ കൃത്യമായ ജലമാനേജ്‌മെൻ്‌റ നടത്താൻ കെഎസ്ഇബിക്ക് കഴിയാതെ വന്നതാണ് ദുരിതം കൂട്ടിയത് എന്ന പറയാതെ വയ്യ. കണക്കിൽ കൂടുതൽ മഴ പെയ്തതാണ് കാരണം എന്നുപറഞ്ഞ് തൽക്കാലം തടിതപ്പാമെന്ന് മാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP