Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202120Sunday

കള്ളനോട്ട് കേസ് പുറത്തു വന്നപ്പോൾ ആരോപണ വിധേയനായ അനിൽകുമാറിനെയും കൂട്ടി ചിറ്റയം ഗോപകുമാർ എന്തിന് പത്തനംതിട്ടയിലേക്ക് മാറി? തിരുവല്ല നോട്ടിരട്ടിപ്പ് കേസിൽ എംഎൽഎയെ എന്തു കൊണ്ട് ചോദ്യം ചെയ്യുന്നില്ല? ഇരട്ടിപ്പിന് ചെന്ന അനിൽകുമാർ എംഎൽഎയുടെ സന്തത സഹചാരി; പ്രതിക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണം: തിരുവല്ല നോട്ടിരട്ടിപ്പ് കേസിൽ ചിറ്റയം ഗോപകുമാറിനെ പ്രതിക്കൂട്ടിലാക്കി വീണ്ടും എസ്ഡിപിഐ

കള്ളനോട്ട് കേസ് പുറത്തു വന്നപ്പോൾ ആരോപണ വിധേയനായ അനിൽകുമാറിനെയും കൂട്ടി ചിറ്റയം ഗോപകുമാർ എന്തിന് പത്തനംതിട്ടയിലേക്ക് മാറി? തിരുവല്ല നോട്ടിരട്ടിപ്പ് കേസിൽ എംഎൽഎയെ എന്തു കൊണ്ട് ചോദ്യം ചെയ്യുന്നില്ല? ഇരട്ടിപ്പിന് ചെന്ന അനിൽകുമാർ എംഎൽഎയുടെ സന്തത സഹചാരി; പ്രതിക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണം: തിരുവല്ല നോട്ടിരട്ടിപ്പ് കേസിൽ ചിറ്റയം ഗോപകുമാറിനെ പ്രതിക്കൂട്ടിലാക്കി വീണ്ടും എസ്ഡിപിഐ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: തിരുവല്ല കുറ്റപ്പുഴയിൽ ഹോം സ്റ്റേ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കള്ളനോട്ട് സംഘവുമായി ചിറ്റയം ഗോപകുമാർ എംഎൽഎയ്ക്ക് എന്തു ബന്ധമാണുള്ളതെന്ന് അന്വേഷിക്കണമെന്ന ആവശ്യവുമായി എസ്ഡിപിഐ രംഗത്ത്. നേരത്തേ ഇതേ ആവശ്യം ഉന്നയിച്ച് സമരം നടത്തിയ എസ്ഡിപിഐ പിന്നീട് അതിൽ നിന്ന് പിന്മാറിയത് വിമർശനത്തിന് കാരണമായതോടെയാണ് മുഖം രക്ഷിക്കുന്നതിന് പുതിയ ആരോപണവുമായി രംഗത്ത് വന്നതെന്നും ആക്ഷേപം ഉയരുന്നു.

നോട്ടിരട്ടിപ്പ് കേസിൽ പിടിയിലായ മുഖ്യപ്രതി ഷിബു, ചിറ്റയം ഗോപകുമാറിന്റെ പിഎയായ അനിൽകുമാർ എന്നയാൾ ആറു ലക്ഷം രൂപ ഇരട്ടിപ്പിക്കാൻ നൽകിയിരുന്നുവെന്ന് പൊലീസിൽ മൊഴി നൽകിയിരുന്നു. ഈ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം തയാറായില്ലെന്ന വിവരം മറുനാടനാണ് പുറത്തു കൊണ്ടു വന്നത്. ഏത് എംഎൽഎയാണെന്ന് മറുനാടൻ പറഞ്ഞിരുന്നില്ല. എന്നാൽ, ഇത് ചിറ്റയം ഗോപകുമാർ എംഎൽഎയാണെന്ന് ആരോപിച്ച് എസ്ഡിപിഐ സമരം തുടങ്ങി.

അടൂരിലെ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി. പിറ്റേന്ന് തിരുവല്ല പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്താനും പദ്ധതി തയാറാക്കി. തിരുവല്ല ഡിവൈഎസ്‌പി രാജപ്പൻ റാവുത്തർ എസ്ഡിപിഐ നേതാക്കളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് ഒഴിവായി. അതിന് ശേഷം പിന്നീട് ഒരു അനക്കവും എസ്ഡിപിഐയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. ഇത് വലിയ വിമർശനത്തിന് ഇടനൽകി. എസ്ഡിപിഐ, എംഎൽഎയെ ബ്ലാക്ക് മെയിൽ ചെയ്ത് എന്തൊക്കെയോ നേടിയെടുക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം. ഇതോടെ എസ്ഡിപിഐ പ്രതിക്കൂട്ടിലായി. സംശയമുന ഇവർക്ക് നേരെ നീളുകയും ചെയ്തു. പേരു ദോഷം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ നേതാക്കൾ രംഗത്ത് വന്നിരിക്കുന്നത് എന്നാണ് ആരോപണം.

കള്ളനോട്ട് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചിറ്റയം ഗോപകുമാറിനെയും എംഎൽഎയുടെ പിഎ ചമഞ്ഞ് തട്ടിപ്പിന് നേതൃത്വം നൽകിയ അനിൽ കുമാറിനെയും ഇനിയും ചോദ്യം ചെയ്യാത്ത അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടിയിൽ ദുരുഹതയുള്ളതായി എസ്ഡിപിഐ അടൂർ മേഖലാ ഭാരവാഹികൾ ആരോപിച്ചു. കേസ് അട്ടിമറിച്ച് പ്രതികളെ രക്ഷപ്പെടുത്താനുള്ള ഗൂഢനീക്കമാണ് അണിയറയിൽ നടക്കുന്നത്. നിലവിലെ അന്വേഷണം തൃപ്തികരമല്ല.

കേസിൽ രാഷ്ട്രീയ ഇടപെടൽ വരാത്ത തരത്തിൽ സമഗ്രാന്വേഷണം വേണമെന്നാണ് എസ്ഡിപിഐ തുടക്കം മുതൽ ആവശ്യപ്പെടുന്നത്. ചിറ്റയം ഗോപകുമാർ എംഎൽഎയും അനിൽ കുമാറും തമ്മിലുള്ള ദുരുഹ ഇടപാടുകൾ പുറത്തു വരണം. അടൂർ എംഎൽഎ ഓഫീസ് കേന്ദ്രീകരിച്ചുള്ള ദുരൂഹത ഇനിയുംമാറിയിട്ടില്ല. അനിൽ കുമാർ പിഎ അല്ലെന്നാണ് എംഎൽഎയുടെ വാദം. എന്നാൽ നിഴൽ പോലെ കൂടെ നടക്കുന്ന അനിൽകുമാർ പല സ്ഥലത്തും നൽകുന്ന മേൽവിലാസം എംഎൽഎ ഓഫീസെന്നാണ്. ഇതിനെതിരേ നടപടി എടുക്കാൻ എന്തു കൊണ്ട് എംഎൽഎ തയാറാകുന്നില്ല.

ഏത് ക്രിമിനലുകൾക്കും എപ്പോഴും വന്നു പോകാനുള്ള ഇടമായി എംഎൽഎ ഓഫീസ് മാറി. പന്തളത്ത് കോവിഡ് ചികിൽസയിലായിരുന്ന എംഎൽഎ, കള്ളനോട്ട് കേസിൽ പ്രതികൾ അറസ്റ്റിലായതോടെ ഒപ്പം ചികിൽസയിലായിരുന്ന അനിൽ കുമാറുമായി പത്തനംതിട്ടയിലേക്ക് മാറിയതെന്തിനാണ്? പന്തളത്ത് സൗകര്യക്കുറവാണെന്ന വാദം അംഗീകരിച്ചാൽ തന്നെ ഔദ്യോഗിക പിഎയെ ഒപ്പം കൂട്ടാതിരുന്നത് എന്തുകൊണ്ടാണ്? എംഎൽഎ ഓഫീസ് കേന്ദ്രീകരിച്ചുള്ള ദുരൂഹത ഇനിയും മാറിയിട്ടില്ല.

ആരെയൊക്കെയോ രക്ഷിക്കാനുള്ള തത്രപ്പാടിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. കള്ളനോട്ട് കേസിൽ മുഴുവൻ പ്രതികളെയും അവരെ സംരക്ഷിക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടു വരുന്നതു വരെ പോരാട്ടം തുടരും. പ്രതികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം. ചിറ്റയം ഗോപകുമാറിന്റെ ഓഫീസും അന്വേഷണ പരിധിയിൽ വരണം. പ്രതികളുടെ ഫോൺ കോളുകൾ കൃത്യമായി പരിശോധിക്കണം. ഇടപാടുകാർ ആരെക്കെയെന്ന് കണ്ടു പിടിക്കണം. രാഷ്ട്രീയ സ്വാധീനം അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് അന്വേഷണ ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും നേതാക്കൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP