Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡിസി ബുക്‌സുമായി സഹകരിക്കുന്ന എഴുത്തുകാർക്ക് മാത്രം ഇടം; നാടകത്തെയും നാടക സാഹിത്യത്തെയും തഴഞ്ഞു; കോഴിക്കോട്ടെ പ്രമുഖ എഴുത്തുകാർക്കും വേദിയിൽ ഇടമില്ല; ലൈംഗികാതിക്രമ കേസുകളിൽ പെട്ടവരെ ആദരിക്കുന്നതായും ആക്ഷേപം; കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വിവാദത്തിലേക്ക്

ഡിസി ബുക്‌സുമായി സഹകരിക്കുന്ന എഴുത്തുകാർക്ക് മാത്രം ഇടം; നാടകത്തെയും നാടക സാഹിത്യത്തെയും തഴഞ്ഞു; കോഴിക്കോട്ടെ പ്രമുഖ എഴുത്തുകാർക്കും വേദിയിൽ ഇടമില്ല; ലൈംഗികാതിക്രമ കേസുകളിൽ പെട്ടവരെ ആദരിക്കുന്നതായും ആക്ഷേപം; കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വിവാദത്തിലേക്ക്

കെ വി നിരഞ്ജൻ

കോഴിക്കോട്: സർക്കാർ ഫണ്ട് ഉൾപ്പെടെ ഉപയോഗപ്പെടുത്തി കോഴിക്കോട് ബീച്ചിൽ നടത്തുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നാടകത്തെയും നാടക സാഹിത്യത്തെയും ബാലസാഹിത്യത്തെയും കോഴിക്കോട്ടെ പ്രമുഖരായ എഴുത്തുകാരെയും തഴഞ്ഞുവെന്ന് ആക്ഷേപം. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ കഴഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സർക്കാറിന്റെ ഫണ്ട് ഉപയോഗപ്പെടുത്തി നടത്തുന്ന പരിപാടിയുടെ എല്ലാ ക്രെഡിറ്റും ഇപ്പോൾ സ്വകാര്യ സ്ഥാപനത്തിനാണ്. ധാരാളം വായനക്കാരും എഴുത്തുകാരും പ്രസാധകരുമുള്ള കോഴിക്കോട്ടെ മറ്റാരെയും ഇതിലേക്ക് അടുപ്പിക്കുന്നില്ല. ഡിസി ലിറ്ററേച്ചർ ഫെസ്റ്റിവൽ എന്നു വിളിക്കേണ്ടതിനെ എടുത്ത് കേരളത്തിന്റെ പേരിൽ ബ്രാന്റ് ചെയ്യന്നത് നെറികേടാണ് എന്നും വിമർശനം ഉയരുന്നുണ്ട്.

കേന്ദ്ര സർക്കാർ ഫണ്ട് ലഭിച്ചിട്ടും കേന്ദ്ര സർക്കാറിനെ വിമർശിക്കാൻ വേണ്ടി മാത്രമാണ് പരിപാടി നടത്തുന്നതെന്ന് കഴിഞ്ഞ തവണ ബിജെപി നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു. സംഘപരിവാർ വിമർശകരായ കമൽഹാസൻ, പ്രകാശ് രാജ് ഉൾപ്പെടെയുള്ളവർ ഇത്തവണ പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെങ്കിലും കേന്ദ്ര സർക്കാറിനെ വിമർശിക്കപ്പടുന്ന തരത്തിലുള്ള വിഷയങ്ങൾ ഇത്തവണ പരമാവധി കുറയ്ക്കാൻ സംഘാടകർ ശ്രദ്ധിച്ചട്ടുണ്ട്. കൂടുതലും സാഹിത്യവും കേരളവുമായും ബന്ധപ്പെട്ട വിഷയങ്ങൾക്കാണ് ഇത്തവണ പ്രാധാന്യം നൽകിയിട്ടുള്ളത്.

നാടക പ്രവർത്തകരുടെ വിമർശനം ശക്തമായതിനെത്തുടർന്ന് ഒരു സെഷൻ മാറ്റിവെച്ച് ഒരു മണിക്കൂർ ദൈർഘ്യമുള്ള നാടകത്തിന്റെ സെഷൻ നടത്താമെന്ന് പരിപാടിയുടെ രണ്ടാം ദിനം സംഘാടകർ അറിയിച്ചെങ്കിലും നാടക പ്രവർത്തകർ നിരസിക്കുകയായിരുന്നു. അവസാന നിമിഷം വെച്ചു നീട്ടിയ ഒരു മണിക്കൂർ സെഷനിൽ പങ്കെടുക്കുകയെന്നുവച്ചാൽ കീഴടങ്ങുന്നതിന് തുല്യമാണന്ന് നാടക പ്രവർത്തകർ വ്യക്തമാക്കുന്നു. നാടകത്തെയും നാടക സാഹിത്യത്തെയും തഴഞ്ഞതിൽ പ്രതിഷേധിച്ച് നാടക പ്രവർത്തകരുടെ കൂട്ടായ്മയായ നാടക് നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചു.

അരങ്ങിന് വേണ്ടി ജീവിതം സമർപ്പിച്ച കെ ടി മുഹമ്മദിന്റെയും തിക്കോടിയന്റെയും വാസു പ്രദീപിന്റെയും എ കെ പുതിയങ്ങാടിയുടെയും പി എം താജിന്റെയുമെല്ലാം കാലാതിവർത്തിയായ നാടക രചനകൾ സാഹിത്യമാകുന്നില്ലെന്ന കണ്ടെത്തൽ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അതിനോട് സഹതപിക്കുകയോേ നിവൃത്തിയുള്ളുവെന്ന് എഴുത്തുകാരൻ ഡോ. കെ ശ്രീകുമാർ ഫേസ് ബുക്കിൽ വ്യക്തമാക്കി. പഴയതും പുതിയതുമായ തലമുറകളിലെ എണ്ണമറ്റ നാടകപ്രവർത്തകർ ഇന്നുമുള്ള നാടാണ് കോഴിക്കോട്. അവരോടുള്ള തികഞ്ഞ അവഗണനയാണ് ഈ സാഹിത്യ മാമാങ്കമെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട്ടെ പ്രമുഖ എഴുത്തുകാരായ വി ആർ സുധീഷ്, ഡോ. കെ ശ്രീകുമാർ, ഐസക്ക് ഈപ്പൻ, പോൾ കല്ലാനോട്, എൻ പി ഹാഫിസ് മുഹമമ്മദ്, പവിത്രൻ തീക്കുനി, അർഷാദ് ബത്തേരി, പി ആർ നാഥൻ, പി കെ ഗോപി ഉൾപ്പെടെയുള്ള എഴുത്തുകാരെയൊന്നും പരിപാടിക്ക് വിളിച്ചിട്ടില്ലെന്നാണ് ആക്ഷേപം. ഒരു സാഹിത്യോത്സവത്തിലേക്കും വിളിക്കാത്തതുകൊണ്ട് താനിപ്പോൾ കുടജാദ്രിയിലാണ് ഉള്ളതെന്ന് കേന്ദ്ര സാഹിത്യഅക്കാദമി അവാർഡ് ഉൾപ്പെടെ നേടിയ പ്രമുഖ ബാലസാഹിത്യകാരൻ ഡോ. കെ ശ്രീകുമാർ ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

നാടക സാഹിത്യ ചരിത്രം, ബാലസാഹിത്യ ചരത്രം, സംഗീത നാടക ചരിത്രം തുടങ്ങിയ മേഖലകളിൽ ഇന്ന് മലയാളത്തിൽ ലഭ്യമായ ആധികാരിക ഗ്രന്ഥങ്ങൾ എഴുതിയ എഴുത്തുകാരനാണ് ഡോ. കെ ശ്രീകുമാർ, ലോക നാടോടിക്കഥകൾ, ഇന്ത്യൻ നാടോടി സാഹിത്യം ബാലസാഹിത്യം തുടങ്ങിയ മേഖലകളിൽ അദ്ദേഹം നടത്തിയ ഗവേണഷാത്മകമായ പ്രവർത്തനകളും വിലപ്പെട്ടതാണ്. കേരള സാഹിത്യ അക്കാദമി അവാർഡ് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് എന്നിവയെല്ലാം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. പ്രസിദ്ധീകരണ ശാലക്കാർ തമ്മിലുള്ള കിടമത്സരം മൂലമാണ് ഇദ്ദേഹത്തെ പങ്കെടുപ്പിക്കാത്തത് എന്നാണ് ആരോപണം. മറ്റ് പ്രസാധകർക്ക് പുസ്തകം നൽകുന്ന എഴുത്തുകാരെയൊന്നും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടില്ല. പൂർണ്ണമായും ഡിസിയോട് സഹകരിക്കുന്ന എഴുത്തുകാരെ മാത്രമാണ് ഉൾപ്പെടുത്തിയതെന്നും ആരോപണം ഉയരുന്നുണ്ട്.

തന്റെ വീടിന് ഒന്നര കിലോ മീറ്റർ മാത്രം ദൂരത്ത് നടക്കുന്ന പരിപാടിയിലേക്ക് ഇത്തവണ തന്നെ വിളിക്കില്ലെന്ന് ഉറപ്പായിരുന്നുവെന്ന് കഥാകൃത്ത് ഐസക്ക് ഈപ്പൻ ഫേസ് ബുക്കിൽ വ്യക്തമാക്കി. പരിപാടിയിൽ കഴിഞ്ഞ മൂന്ന് തവണ കഥാ സെഷനിൽ തന്നെ ക്ഷണിച്ചിരുന്നു. ലോക കഥയെ കുറിച്ചും മലയാള കഥയെക്കുറിച്ചും അത്യാവശ്യം വായന ജ്ഞാനമുള്ള ഒരാളമെന്ന നിലയിൽ എനിക്ക് പറയാനുള്ളത് നന്നായി പറയുകയും ചെയ്തു എന്നാണ് തന്റെ തോന്നിൽ. എന്നാൽ ഇത്തവണ വിളിക്കില്ലെന്ന് ഉറപ്പായിരുന്നു. സർക്കാർ ഫണ്ട് എന്നെല്ലാം പറഞ്ഞാലും കാര്യങ്ങൾ തീരുമാനിക്കുന്നത് അവിടുത്തെ ചില ആളുകളാണ്. അതിലൊരാളുമായി തികച്ചും ന്യായമായ ഒരു കാര്യത്തിന് കുറച്ച് ഇടഞ്ഞ് സംസാരിക്കേണ്ടി വന്നു. അന്നേ എന്റെപേര് വെട്ടിഎന്നെനിക്കറിയാമായിരുന്നു. ആ നിലപാടിൽ താനിപ്പോഴും ഹാപ്പിയാണ്. എഴുതിയാൽ മാത്രം ഒരാൾ എഴുത്തുകാരനാവില്ല. സാഹിത്യാധികാരികളുടെ ഗുഡ് ബുക്കിൽ എത്തുകയും വേണം. എഴുത്തുകാരൻ നല്ല കച്ചവടക്കാരനും ആയിരിക്കണം. ഇത്തരം പരപാടി കച്ചവടത്തെയല്ലാതെ സാഹിത്യത്തെ സഹായിക്കുമോ എന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറയുന്നു.

ലൈംഗികാതിക്രമ കേസുകളും ആരോപണങ്ങളിലും പെട്ടവരെ കെ എൽ എഫ് പോലെ ഉള്ള വേദികളിൽ ആദരിക്കുന്നത് പ്രതിഷേധാർഹമാണെന്ന് ബിന്ദു അമ്മിണി വ്യക്തമക്കി. റൂബിൻ ഡിക്രൂസ് എന്ന വ്യക്തി ഇത്തരം ആരോപണം നേരിട്ടുകൊണ്ടും പ്രതി ആയി കേസ് നടന്ന് കൊണ്ടിരിക്കുമ്പോൾ ഒന്നല്ല രണ്ട് സെഷനുകളിൽ ഗസ്റ്റ് ആയി പങ്കെടുക്കുന്നു എന്നത് ലൈംഗിക കുറ്റകകൃത്യങ്ങളെ എത്ര നിസ്സാരമായി ആണ് സാംസ്കാരിക സദസ്സുകൾ കാണുന്നത് എന്നതാണ് കാണിക്കുന്നതെന്നും ബിന്ദു അമ്മിണി പറയുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിയും മത്സ്യത്തൊഴിലളികളുടെ അതിജീവനവും എന്ന വിഷയത്തിലുള്ള ചർച്ചയിൽ മോഡറേറ്ററായി റൂബിൻ ഡിക്രൂസ്, മാലി, പി നരേന്ദ്രനാഥ്: മലയാളിയുടെ മനം നിറച്ച ബാല്യകാലകഥകൾ എന്ന ചർച്ചയിലുമാണ് റൂബിൻ ഡിക്രൂസ് പങ്കെടുക്കുന്നത്.

തമിഴ്‌നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ, ബുക്കർ പ്രൈസ് ജേതാക്കളായ ഷെഹൻ കരുണാതിലക, അരുന്ധതി റോയ്, അന്താരാഷ്ട്ര ബുക്കർ പ്രൈസ് ജേതാവ് ഗീതാഞ്ജലിശ്രീ, നോബൽ സമ്മാന ജേതാക്കളായ അദാ യോനാഥ്, അഭിജിത് ബാനർജി, അമേരിക്കൻ ഇൻഡോളജിസ്റ്റ് വെൻഡി ഡോണിഗർ, പ്രമുഖ ചലച്ചിത്രതാരം കമൽഹാസൻ, ആഡ് ഗുരു പീയൂഷ് പാണ്ഡെ, സാഹിത്യകാരന്മാരായ ജെഫ്രി ആർച്ചർ, ഫ്രാൻസെസ് മിറാലെസ്, ശോഭാ ഡെ, തുഷാർ ഗാന്ധി, എം. ടി വാസുദേവൻ നായർ, എം മുകുന്ദൻ, കെ ആർ മീര, ടി പത്മനാഭൻ, ജെറി പിന്റോ, ശശി തരൂർ, അഞ്ചൽ മൽഹോത്ര, ബെന്യാമിൻ, സുധാ മൂർത്തി, ജാപ്പനീസ് എഴുത്തുകാരൻ യോക്കോ ഒഗാവ, കവി കെ സച്ചിദാനന്ദൻ, പത്രപ്രവർത്തകരായ പി സായ്‌നാഥ്, സാഗരിക ഘോഷ്, ബർഖാ ദത്ത്, ചരിത്രകാരന്മാരായ രാമചന്ദ്ര ഗുഹ, വില്യം ഡാരിംപിൾ ഹരാരി, മനു എസ് പിള്ള, റോക്ക്സ്റ്റാർ റെമോ ഫെർണാണ്ടസ്, പോപ്പ് ഗായിക ഉഷ ഉതുപ്പ്, നടൻ പ്രകാശ് രാജ്, കപിൽ സിബൽ ഗൗർ ഗോപാൽ ദാസ്, വ്യവസായി ക്രിസ് ഗോപാലകൃഷ്ണൻ, സാമ്പത്തിക വിദഗ്ധൻ സഞ്ജീവ് സന്യാൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കുന്ന പ്രമുഖരിൽ ഉൾപ്പെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP