Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെഎസ്ആർടിസിയുടെ സേവനങ്ങൾ ജനങ്ങളെ അറിയിക്കുന്ന സ്വകാര്യബ്‌ളോഗും വെബ്‌സൈറ്റും പൂട്ടിക്കാൻ മുൻ എംഡിയുടേയും ജനറൽ മാനേജരുടേയും ചരടുവലി; ശമ്പളം നൽകാൻപോലും കാശില്ലാത്ത കോർപ്പറേഷൻ സൈറ്റും ബ്‌ളോഗും പൂട്ടിക്കാൻ ചെലവിടുന്നത് ലക്ഷങ്ങൾ; രാജമാണിക്യം ഉടൻ ഇടപെടുമെന്ന പ്രതീക്ഷയിൽ സൈറ്റുടമയും ബ്‌ളോഗ് പ്രവർത്തകരും

കെഎസ്ആർടിസിയുടെ സേവനങ്ങൾ ജനങ്ങളെ അറിയിക്കുന്ന സ്വകാര്യബ്‌ളോഗും വെബ്‌സൈറ്റും പൂട്ടിക്കാൻ മുൻ എംഡിയുടേയും ജനറൽ മാനേജരുടേയും ചരടുവലി; ശമ്പളം നൽകാൻപോലും കാശില്ലാത്ത കോർപ്പറേഷൻ സൈറ്റും ബ്‌ളോഗും പൂട്ടിക്കാൻ ചെലവിടുന്നത് ലക്ഷങ്ങൾ; രാജമാണിക്യം ഉടൻ ഇടപെടുമെന്ന പ്രതീക്ഷയിൽ സൈറ്റുടമയും ബ്‌ളോഗ് പ്രവർത്തകരും

അരുൺ ജയകുമാർ

തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയെ കട്ടപ്പുറത്താകുന്നതിൽ നിന്നും രക്ഷിക്കാനായി ഭഗീരത പ്രയത്‌നം തന്നെ നടത്തേണ്ടിവരുമെന്ന കാര്യത്തിൽ ആർക്കും തന്നെ സംശയമില്ല. ഈ അഭിപ്രായത്തോട് കെഎസ്ആർടിസി ജീവനക്കാരുടെ സംഘടനകൾ രാഷ്ട്രീയ ഭേദമന്യെ യോജിക്കുകയും ചെയ്യുന്നു. കെഎസ്ആർടിസി നേരിടുന്ന പ്രശ്‌നങ്ങൾ നിരവധിയാണ്. തൊഴിലാളി പ്രശ്‌നങ്ങളും കടബാധ്യതകളും സ്വകാര്യ ലോബികളെ സഹായിക്കുന്നുവെന്ന ആരോപണങ്ങളുമെല്ലാം നേരിടുന്ന കെഎസ്ആർടിസി ഇപ്പോൾ നേരിടുന്ന ആരോപണം ജനങ്ങൾക്ക് ഗുണം ചെയ്യുന്ന വെബ്‌സൈറ്റുകൾ ഇല്ലാതാക്കാൻ മുൻ കെഎസ്ആർടിസി എംഡി ലക്ഷങ്ങൾ ചെലവഴിക്കുന്നുവെന്നതാണ്

ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ ആനവണ്ടി ഡോട് കോം, കെഎസ്ആർടിസിബ്‌ളോഗ് ഡോട് കോം എന്നീ വെബ്‌സൈറ്റുകൾ പൂട്ടിക്കാൻ മുൻ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ ലക്ഷങ്ങളുടെ നികുതിപ്പണം ചെലവഴിക്കുന്നതായാണ് ആരോപണം. കേരളത്തിൽ കെഎസ്ആർടിസി നടത്തുന്ന എല്ലാ സർവീസുകളെയും കുറിച്ചുള്ള വിവരങ്ങളാണ് ഇരു വെബ്‌സൈറ്റുകളിലുമുള്ളത്. ഓരോ സർവീസും ഏതൊക്കെ സ്റ്റാൻഡുകളിൽ ഏതു സമയത്ത് എത്തുമെന്നതടക്കമുള്ള വിവരങ്ങൾ സൈറ്റുകൾ നല്കുന്നു.ഒരുവിധ ചാർജ്ജും ഈടാക്കാതെ നടത്തുന്ന ഈ വെബ്‌സൈറ്റുകൾ പൂട്ടിക്കാൻ കെഎസ്ആർടിസിയുടെ എംഡി ആയിരുന്ന ആന്റണി ചാക്കോ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്നാണ് വെബ്‌സൈറ്റുകളുടെ ഉടമസ്ഥനായ സുജിത് ഭക്തൻ ഫേസ്‌ബുക്കിലൂടെ ആരോപിച്ചിരിക്കുന്നത്.

കൈസ്ആർടിസിയെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ പുതിയ കർമ്മ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. മൂലധന നിക്ഷേപത്തിന് വിനിയോഗിക്കേണ്ട പണമെടുത്താണ് ഇപ്പോൾ കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനുമുൾപ്പടെയുള്ള ആനുകൂല്യങ്ങൾ ജീവനക്കാർക്കും പെൻഷൻ പറ്റിയവർക്കും നൽകുന്നത്. ദിവസ വരുമാനത്തിനെക്കാൽ വലിയ ബാധ്യതയാണ് കെഎസ്ആർടിസിക്ക് ഉള്ളത്. ഇത്തരം അവസ്ഥ നിലനിൽക്കുമ്പോഴാണ് കെഎസ്ആർടിസിക്കും ജനങ്ങൾക്കും ഗുണമുള്ള വെബ്‌സൈറ്റുകളെ പൂട്ടിക്കാൻ ശ്രമം നടക്കുന്നത്. പുതിയ സർക്കാർ വന്നശേഷം രാജമാണിക്യത്തെ കെഎസ്ആർടിസി എംഡിയായി നിയമിക്കുകയും ചെയ്തു. അനാവശ്യമായി പണം ചെലവാക്കി വെള്ളാനയായി മാറുന്ന ഇത്തരം സംഭവങ്ങൾ എംഡിയുടെ ശ്രദ്ധയിൽ പെടുത്തുകയാണ് വെബ്‌സൈറ്റ ഉടമകളുടെ ലക്ഷ്യം.

കെഎസ്ആർടിസിബ്‌ളോഗ് ഡോട് കോം എന്ന വെബ്‌സൈറ്റ് പൂട്ടിക്കാൻ ആന്റണി ചാക്കോ നോട്ടീസ് അയച്ചിരുന്നു. അത് വിജയിക്കാതിരുന്ന പശ്ചാത്തലത്തിൽ കർണാടകത്തിലെ കെഎസ്ആർടിസിയെ കൂട്ടുപിടിച്ച് ട്രേഡ്മാർക് ലംഘനത്തിന്റെ പേരിൽ നോട്ടീസ് അയപ്പിച്ചു. കാരണം കെഎസ്ആർടിസി എന്ന ട്രേഡ്മാർക് സ്വന്തമാക്കിയിരിക്കുന്നത് കർണാടകയാണ്. ഇതിനുപുറമേ ആളുകൾ കളിയാക്കി വിളിക്കുന്ന ആനവണ്ടി എന്ന പേരും കെഎസ്ആർടിസിയെക്കൊണ്ട് ട്രേഡ്മാർക് ആയി എടുപ്പിച്ചിരിക്കുകയാണ് ആന്റണി ചാക്കോയെന്ന് സുജിത് ആരോപിക്കുന്നു. കടത്തിൽപ്പെട്ടു ശ്വാസംമുട്ടുന്ന കെഎസ്ആർടിസിയെക്കൊണ്ട് ഇതിനായി ലക്ഷങ്ങൾ ചെലവഴിച്ചിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

മാസാമാസം കൃത്യമായി ശമ്പളവും പെൻഷനും കൊടുക്കാൻ പോലും നട്ടം തിരിയുന്ന കെ എസ് ആർ ടി സിയുടെ ഇത്തരത്തിലുള്ള അധിക ചെലവും ധൂർത്തും നിയന്ത്രിക്കാൻ സർക്കാർ കാര്യമായി ഇടപെടുക തന്നെ വേണം. അതോടൊപ്പം തന്നെ ട്രേഡ്മാർക്ക് വിഷയത്തിൽ മുൻ എം ഡി  ആന്റണി ചാക്കോ, മുൻ ജനറൽ മാനേജർ സുധാകരൻ, ചീഫ് ലോ ഓഫീസർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണവും ഉണ്ടാകണമെന്നും സുജിത് ആവശ്യപ്പെടുന്നു.

ആനവണ്ടി ഡോട് കോം എന്ന വെബ്‌സൈറ്റ് പൂട്ടിക്കാൻ വേണ്ടി മാത്രമാണ് ഈ പേരിൽ ട്രേഡ്മാർക് എടുത്തിരിക്കുന്നത്. ഇതോടൊപ്പം തന്നെ എറണാകുളത്തുള്ള ഒരു സ്ഥാപനവുമായി ചേർന്ന് മറ്റു ചില വാക്കുകളും ട്രേഡ്മാർക് ആക്കാൻ അപേക്ഷ നല്കുകയുണ്ടായി. ഈയിനത്തിൽ ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് സുജിത്തിന്റെ ആരോപണം. ആനവണ്ടി ഡോട് കോം പൂട്ടണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കുകയാണെങ്കിൽ നിയമത്തിന്റെ ഏതറ്റംവരെ പോകുമെന്നും കെഎസ്ആർടിസിയിലെ അഴിമതികൾ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കുന്നു.

ജനങ്ങൾക്ക് ഉപകാരപ്രദമായ വെബ്‌സൈറ്റ് പൂട്ടിക്കാനുള്ള ശ്രമത്തെ ഏതറ്റം വരെയും പോയി തടയുമെന്നാണ് സുജിത്തിന്റെ പ്രതികരണം.വെബ്‌സൈറ്റ് പൂട്ടിക്കാനുള്ള ശ്രമത്തിനെതിരെ പൊതുജനവും കടുത്ത അമർഷത്തിലാണ്. ജനങ്ങൾക്ക് സഹായകമാകുന്ന സേവനങ്ങൾ നിർത്തലാക്കിച്ചിട്ട് ഈ കൊള്ളസംഘം എന്താണ് ഉദ്ദേശിക്കുന്നത് എന്നുൾപ്പടെയാണ് പലരുടേയും പ്രതികരണങ്ങൾ.

സുജിത്തിന്റെ ബ്ലോഗിന്റെ പൂർണരൂപം

KSRTCBlog ഉം ആനവണ്ടിയും പൂട്ടിക്കാൻ KSRTC ചെലവാക്കുന്നത് ലക്ഷങ്ങൾ

2013 ജനുവരിയിൽ രജിസ്റ്റർ ചെയ്ത ഉപയോഗിച്ച് വരുന്ന aanavandi.com എന്ന വെബ്‌സൈറ്റ് KSRTC യുടെ ബസ്സ് സമയ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. 2008 മുതൽ ചെയ്തുവരുന്ന KSRTCBlog.com എന്ന വെബ്‌സൈറ്റ് പൂട്ടിക്കാനായി പഴയ എം ഡി ആന്റണി ചാക്കോ നോട്ടീസ് അയച്ചിരുന്നത് ആരും മറന്ന് കാണില്ലല്ലോ, അത് നടക്കാത്തതുകൊണ്ട് കർണാടകാ ആർ ടി സിയെ കൂട്ടുപിടിച്ച് ട്രേഡ്മാർക്ക് വയലേഷൻ എന്ന് കാണിച്ച് അവരെക്കൊണ്ട് നോട്ടീസ് അയപ്പിച്ചു. അതോടൊപ്പം തന്നെ 'ആനവണ്ടി' എന്ന പേരിന് കേരളാ ആർ ടി സി ട്രേഡ്മാർക്ക് അപേക്ഷിച്ച് കേവലം ഒരു വർഷത്തിനുള്ളിൽ തന്നെ അത് സ്വന്തമാക്കി എടുത്തു.

KSRTC യെ ആളുകൾ കളിയാക്കി വിളിക്കുന്ന ആനവണ്ടി എന്ന പേരിന് ട്രേഡ്മാർക്ക് എടുത്തത് aanavandi.com എന്ന ഞങ്ങളുടെ വെബ്‌സൈറ്റും ആപ്പും പൂട്ടിക്കാൻ ആണെന്നതിന് യാതൊരു സംശയവുമില്ല. അതോടൊപ്പം തന്നെ എറണാകുളത്തുള്ള ഒരു സ്ഥാപനവുമായി ചേർന്ന് യാതൊരു ഉപയോഗവുമില്ലാത്ത പത്തിലധികം വാക്കുകൾക്ക് KSRTC ട്രേഡ്മാർക്ക് അപേക്ഷിച്ചു. ഈ വകയിൽ ലക്ഷങ്ങളുടെ അഴിമതിയും KSRTC യിൽ നടന്നിട്ടുണ്ട്. നമ്മുടെയൊക്കെ നികുതിപ്പണം ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. KSRTC എന്ന പേരിന് ട്രേഡ്മാർക്ക് സ്വന്തമാക്കാൻ സാധിക്കാതെ വന്നപ്പോൾ 'ആനവണ്ടി' എന്ന പേരിന് ട്രേഡ്മാർക്ക് സ്വന്തമാക്കി പഴയ എം ഡി ആന്റണി ചാക്കോ മാതൃക ആയി.

സദുദ്ദേശത്തോട് കൂടി മുന്നോട്ട് പോകുന്ന ഒരു ബ്ലോഗ് പൂട്ടിക്കാനായി ഇത്തരം ചീപ്പ് പരിപാടികൾ ചെയ്യാൻ നാണമുണ്ടോ കെ എസ് ആർ ടി സി ഉദ്യോഗസ്ഥർക്ക്? KSRTC ബ്ലോഗിനെ ഉദ്യോഗസ്ഥർ ഭയക്കുന്നത് എന്തിനാണ്? ജനോപകാരപ്രദമായ കാര്യങ്ങൾ മാത്രം ചെയ്യുന്ന ആനവണ്ടി ബ്ലോഗിനെ പൂട്ടിക്കണം എന്ന് ആർക്കാണ് നിർബന്ധം?

വിവിധ ക്ലാസ്സുകളിലായി പത്ത് ട്രേഡ്മാർക്കുകൾ ആണ് കെ എസ് ആർ ടി സി അപേക്ഷിച്ചിരിക്കുന്നത്. ഒരു ട്രേഡ്മാർക്ക് അപേക്ഷിക്കുന്നതിന് സാധാരണ ഗതിയിൽ ഇരുപതിനായിരത്തോളം രൂപ ചെലവ് വരും. കർണാടകാ ആർ ടി സി ക്ക് ക്ലാസ്സ് 37 ൽ KSRTC എന്ന വാക്കിന് ട്രേഡ്മാർക്ക് രജിസ്റ്റർ ചെയ്തുകിട്ടിയിട്ടുണ്ട്. അതിനെതിരെ കേരളാ ആർ ടി സി അപ്പീലും ചെയ്തിട്ടുണ്ട്.

അപ്പീൽ ചെയ്യുന്നതിന് പുറമെ 37,39 എന്നീ ക്ലാസ്സുകളിൽ KSRTC എന്ന പേരിന് ട്രേഡ്മാർക്ക് അപേക്ഷിക്കുന്നത് അംഗീകരിച്ച് കൊടുക്കാവുന്ന കാര്യമാണ്. ഇതിന്റെ മറവിൽ യാതൊരു ലോജിക്കും ഇല്ലാതെ 1) KERALA STATE KSRTC ROAD TRANSPORT CORPORATION 2) Kerala State RTC KSRTC 3) KSRTC Super Fast 4) KSRTC KERALA STATE ROAD TRANSPORT CORPORATION 5) AANAVANDI എന്നീ വാക്കുകൾക്ക് ട്രേഡ്മാർക്ക് അപേക്ഷിച്ചിരിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.

അത് മാത്രമല്ല, മറ്റൊന്നിനും ട്രേഡ്മാർക്ക് കിട്ടാത്തതുകൊണ്ടും, ആനവണ്ടി എന്ന കളിയാക്കിയുള്ള വിളിപ്പേരിനെ സ്വന്തം ട്രേഡ്മാർക്ക് ആണെന്ന് കാണിച്ച് അപേക്ഷിച്ചത് എന്തിനു വേണ്ടി എന്ന് പകൽ പോലെ വ്യക്തവുമാണ്.

മാസാമാസം കൃത്യമായി ശമ്പളവും പെൻഷനും കൊടുക്കാൻ പോലും നട്ടം തിരിയുന്ന കെ എസ് ആർ ടി സിയുടെ ഇത്തരത്തിലുള്ള അധിക ചെലവും ദൂർത്തും നിയന്ത്രിക്കാൻ സർക്കാർ കാര്യമായി ഇടപെടുക തന്നെ വേണം. അതോടൊപ്പം തന്നെ ട്രേഡ്മാർക്ക് വിഷയത്തിൽ മുൻ എം ഡി ശ്രീ ആന്റണി ചാക്കോ, മുൻ ജനറൽ മാനേജർ ശ്രീ സുധാകരൻ, ചീഫ് ലോ ഓഫീസർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണവും ഉണ്ടാകണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP