Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

വാഗമണിലെ ഡിസി ബുക്‌സിന്റെ കോളജ് ഭക്ഷ്യവിഷബാധയെ തുടർന്ന് അടച്ചതിന് പിന്നാലെ കോളേജിനെതിരെ വൻ ആരോപണങ്ങളുമായി ഒരു വിഭാഗം; പുറത്തുനിന്ന് വാങ്ങിയ ചിക്കൻ മൂലം ഉണ്ടായ പ്രശ്‌നത്തിന് കോളേജിനെതിരെ ഒരുവിഭാഗം ഇല്ലാക്കഥകൾ മെനയുന്നുവെന്ന് ഡിസി രവി

വാഗമണിലെ ഡിസി ബുക്‌സിന്റെ കോളജ് ഭക്ഷ്യവിഷബാധയെ തുടർന്ന് അടച്ചതിന് പിന്നാലെ കോളേജിനെതിരെ വൻ ആരോപണങ്ങളുമായി ഒരു വിഭാഗം;  പുറത്തുനിന്ന് വാങ്ങിയ ചിക്കൻ മൂലം ഉണ്ടായ പ്രശ്‌നത്തിന് കോളേജിനെതിരെ ഒരുവിഭാഗം ഇല്ലാക്കഥകൾ മെനയുന്നുവെന്ന് ഡിസി രവി

ഇടുക്കി: ഭക്ഷ്യവിഷബാധയെ തുടർന്ന് വാഗമണിലെ ഡി. സി. ബുക്‌സിന്റെ ഉടമസ്ഥതയിലുള്ള കോളജ് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജി (ഡി. സി. എസ് മാറ്റ് കോളജ്) അടച്ചിട്ടതിനെ ചൊല്ലി വിവാദം. കോളേജ് ക്യാന്റീനിലേക്ക് ചിക്കൻ നൽകിയിരുന്ന സ്റ്റാളിൽ നിന്ന് മോശം ചിക്കൻ എത്തിയതാണ് പ്രശ്‌നമായത്. ഇതോടെ ക്യാന്റീനിൽ നിന്ന് ബിരിയാണി കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഒരാഴ്ചക്കുള്ളിൽ ഇടുക്കി ജില്ലയിൽ രണ്ടു കോളജുകളിലായി നൂറിലേറെ കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത് എന്നതിനാൽ ഇക്കാര്യത്തിൽ ജനങ്ങളും ആശങ്കയിലായി. മുതലക്കോടം ഹോളി ഫാമിലി കോളജ് ഓഫ് നഴ്‌സിംഗാണ് കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയുണ്ടായ മറ്റൊരു കോളജ്. ഹോസ്റ്റലുകളിലെ ഭക്ഷ്യസുരക്ഷാ കാര്യത്തിൽ ആരോഗ്യ വകുപ്പും മറ്റ് വകുപ്പ് അധികൃതരും ഗുരുതരമായ അലംഭാവം കാട്ടുകയാണെന്നും ഇതിന് പിന്നാലെ ആരോപണമുയരുന്നുണ്ട്.

വാഗമൺ പുള്ളിക്കാനത്തു പ്രവർത്തിക്കുന്ന ഡി.സി.എസ് മാറ്റ് കോളജിൽ കഴിഞ്ഞ ഞായറാഴ്ചയാണ് ഭക്ഷ്യവിഷബാധയുണ്ടായത്. സംഭവത്തിൽ 72ഓളം കുട്ടികളാണ് അവശരായത്. 42 കുട്ടികളെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധ ഗുരുതരമായതിനാൽ കോളജ് അടച്ചിടാൻ അധികൃതർ നിർബന്ധിതരാകുകയായിരുന്നു.

ഭക്ഷ്യവിഷബാധ ഉണ്ടായതിന് പിന്നാലെ കോളേജിനെതിരെ ഒരു വിഭാഗം രക്ഷിതാക്കൾ ആരോപണവുമായി രംഗത്തുവരികയും ചെയ്തിരിക്കുകയാണിപ്പോൾ. ഡി. സി ബുക്‌സിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഡി. സി. എസ് മാറ്റ് കോളജിനെതിരെ വളരെ ഗുരുതരമായ ആരോപണങ്ങളാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും ഉന്നയിച്ചത്. ലക്ഷക്കണക്കിന് രൂപ സംഭാവനയും ഫീസും നൽകിയാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കുട്ടികൾ ഇവിടെ പ്രവേശനം നേടിയിട്ടുള്ളതെന്നും അഞ്ചുലക്ഷം മുതൽ 12 ലക്ഷം വരെ രൂപയാണ് കോഴ്‌സുകൾക്ക് കുട്ടികളിൽനിന്നും ഈടാക്കുന്നതെന്നും ഒരു വിഭാഗം രക്ഷിതാക്കളും വിദ്യാർത്ഥികളും ആരോപണം ഉന്നയിച്ചിരിക്കുകയാണ്.

അതേസമയം, ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കോളേജ് ഉടമ രവി ഡിസി മറുനാടനോട് പ്രതികരിച്ചു. ഭക്ഷ്യവിഷബാധയുണ്ടായത് കടയിൽ നിന്ന് എത്തിയ മോശം ചിക്കനിലൂടെയാണ്. സ്ഥിരമായി വാങ്ങുന്ന സ്ഥാപനമായിരുന്നു ഇത്. സംഭവത്തെ തുടർന്ന് അവർക്കെതിരെ ആരോഗ്യവകുപ്പ് നടപടിയും സ്വീകരിച്ചു. ക്യാന്റീൻ അടച്ചുപൂട്ടണമെന്ന് പരിശോധന നടത്തിയ ആരോഗ്യ വിഭാഗം അധികൃതർ ആവശ്യപ്പെട്ടിട്ടില്ല. ഇതിൽ നിന്നുതന്നെ കോളേജ് അധികൃതരുടെ ഭാഗത്തുനിന്നല്ല ഇക്കാര്യത്തിൽ വീഴ്ചയുണ്ടായതെന്ന് വ്യക്തമാണ്.

പക്ഷേ, ഇപ്പോൾ കേരളത്തിൽ സ്വാശ്രയ കോളേജുകൾക്കെതിരെ നടക്കുന്ന സമരത്തിന്റെ ഭാഗമായി മാറ്റ് കോളേജിനെതിരെയും ഇല്ലാത്ത ആരോപണങ്ങൾ ഒരു കൂട്ടർ ഉന്നയിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ഇതിന്റെ ഭാഗമായി കോളേജിൽ വൻതുക തലവരി വാങ്ങുന്നുവെന്ന് പ്രചരിപ്പിക്കുകയാണ്. തുടക്കത്തിൽ അഡ്‌മിഷൻ നൽകിയ ചിലർക്ക് അങ്ങോട്ട് പണം നൽകി പോലും പഠിപ്പിക്കാൻ തയ്യാറായിട്ടുണ്ടെന്നും ലാഭേച്ഛ കൂടാതെ ജനകീയമായാണ് കോളേജ് പ്രവർത്തിക്കുന്നതെന്നും രവി ഡിസി പറഞ്ഞു.

അദ്ധ്യാപകർക്കു പ്രത്യേകം മെസിൽനിന്നാണ് ഭക്ഷണവും വെള്ളവുമെത്തുന്നതെന്ന ആരോപണമാണ് ഒരു വിഭാഗം രക്ഷിതാക്കളും വിദ്യാർത്ഥികളും ഇപ്പോഴത്തെ സംഭവത്തിന് ശേഷം ആരോപണം ഉന്നയിച്ചിട്ടുള്ളത്. സംഭവദിവസം കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ കോളജ് അധികൃതർ തയാറായില്ലെങ്കിലും സ്ഥിതി ഗുരുതരമായപ്പോൾ ഏതാനും പേരെ രാത്രിയിൽ മൂലമറ്റത്തെ ആശുപത്രിയിലെത്തിച്ചു. നില വഷളായതോടെ പിറ്റേന്ന് ശേഷിക്കുന്ന കുട്ടികളെയും ആശുപത്രിയിലെത്തിക്കേണ്ടി വന്നു.

രക്ഷിതാക്കളോട് കുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ തിങ്കളാഴ്ച മൊബൈൽ സന്ദേശം അയയ്ക്കുകയായിരുന്നു. പ്രൊജക്ട് വർക്കുകൾ തീർക്കാനാണ് അവധിയെന്നായിരുന്നു സന്ദേശത്തിൽ അറിയിച്ചതെന്നും അവർ ആരോപിച്ചു. ഭക്ഷണത്തെക്കുറിച്ചോ, മറ്റെന്തെങ്കിലും അസൗകര്യങ്ങളെക്കുറിച്ചോ പരാതിപ്പെട്ടാൽ ബ്രിഗേഡിയർ എന്നറിയപ്പെടുന്നയാൾ എത്തി കൂട്ടികളോട് കയർക്കുമെന്നാണ് മറ്റൊരു ആരോപണം. ഭക്ഷ്യവിഷബാധ സംബന്ധിച്ച വിവരങ്ങൾ പുറത്താകുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഭക്ഷ്യാവശിഷ്ടങ്ങളുടെ സാമ്പിൾ ശേഖരിച്ചു. എസ്. എഫ്. ഐ പ്രവർത്തകർ കോളജിലെത്തി ബഹളമുണ്ടാക്കിയതിനെ തുടർന്ന് ഡിവൈ. എസ്. പിയുടെ നേതൃത്വത്തിൽ പൊലിസും കോളജിലെത്തി.

എന്നാൽ ഭക്ഷ്യവിഷബാധയുണ്ടായി എന്ന സംഭവമൊഴിച്ചാൽ കോളേജിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഒരു വിഭാഗം ഉന്നയിക്കുന്നതെന്നും ചിലരുടെ വ്യക്തിവിരോധമാണ് ഇതിന് പിന്നിലെന്നും രവി ഡിസി പറഞ്ഞു. ഒരു എംബിഎ വിദ്യാർത്ഥിയുടെ അച്ഛന്റെ നേതൃത്വത്തിലാണ് ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നത്. ഇപ്പോൾ എംബിഎ പരീക്ഷയുടെ സമയമായതിനാൽ പരീക്ഷയെഴുതുന്നവരെ ഒഴികെ മറ്റുള്ളവർക്ക് അവധി നൽകുകയായിരുന്നു. ആരോപണം ഉന്നയിച്ചയാളുടെ മകനും പരീക്ഷയ്ക്ക് ഇരിക്കണം. ആ കുട്ടിക്ക് പരീക്ഷയെഴുതണമെന്ന് ഉണ്ടെന്നും എ്ന്നാൽ അതിന് സമ്മതിക്കാതെ അച്ഛൻ കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നും രവി ഡിസി പറയുന്നു.

ബി. എസ്‌സി നഴ്‌സിങ് വിദ്യാർത്ഥികൾക്കാണ് കഴിഞ്ഞ ദിവസം തൊടുപുഴ മുതലക്കോടത്തെ കോളജ് ഹോസ്റ്റലിൽനിന്നും ഭക്ഷ്യവിഷബാധയേറ്റത്. 20 കുട്ടികളാണ് ഛർദിയും തലവേദനയും മറ്റുമായി അവശരായത്. പുറത്തുനിന്നു ഭക്ഷണം വാങ്ങിക്കഴിച്ചവർക്കാണ് പ്രശ്‌നമുണ്ടായതെന്നാണ് അധികൃതരുടെ നിലപാട്. എന്നാൽ കുട്ടികൾ ഇത് നിഷേധിച്ചു. ഇപ്പോഴും രണ്ടുകുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇവിടെയും ആഗോര്യവകുപ്പ് പരിശോധന നടത്തി. കഴിഞ്ഞ വർഷം കട്ടപ്പന സെന്റ് കോളജ് ഹോസ്റ്റലിലെ നഴ്‌സിങ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയുണ്ടാവുകയും തുടർന്ന് രക്ഷിതാക്കളെ അറിയിക്കാതെ കുട്ടികളെ ഹോസ്റ്റലിൽ വച്ചു ചികിത്സ നൽകുകയും ചെയ്തിരുന്നു. കുട്ടികളുടെ മൊബൈൽ ഫോണും ലാപ് ടോപ്പും മറ്റും അധികൃതർ പിടിച്ചുവച്ചു സംഭവം രഹസ്യമാക്കിവച്ചത് വിവാദങ്ങളുണ്ടാക്കിയിരുന്നു. ഇതേ തരത്തിൽ ജില്ലയിലെ നിരവധി ഹോസ്റ്റലുകളിൽ ഭക്ഷ്യസുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ട്. പീരുമേട് ആർ. എം. എസിലും കട്ടപ്പന കോടാലിപ്പാറ ട്രൈബൽ ഹോസ്റ്റലിലും മൂന്നാറിലെ വിദ്യാർത്ഥികളുടെ ഹോസ്റ്റലിലും കഴിഞ്ഞ നാളുകളിൽ ഭക്ഷ്യവിഷബാധയിൽ നിരവധി കുട്ടികൾ ആശുപത്രിയിലായ സംഭവം ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP