Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബലക്ഷയം കണ്ടതോടെ നിർമ്മിച്ച് ഒരുകൊല്ലമായിട്ടും തുറന്നു കൊടുക്കാനാവാത്ത നീലിമംഗലം പാലത്തിന്റെ ശിൽപികളെ വൈറ്റില മേൽപ്പാലത്തിന്റെ പണി ഏൽപിച്ചത് ആര്? എംസി റോഡിന്റെ ഉൾപ്പെടെ നിർമ്മാണത്തിൽ അന്വേഷണം നേരിടുന്ന ശ്രീധന്യ കമ്പനിക്ക് കരാർ നൽകിയത് വലിയ വിവാദത്തിൽ; കേരളത്തിലെ ഏറ്റവും വലിയ ഫ്‌ളൈഓവർ അവതാളത്തിലായാൽ മൊത്തം ഗതാഗതവും കുളമാകുമെന്നും മുന്നറിയിപ്പ്

ബലക്ഷയം കണ്ടതോടെ നിർമ്മിച്ച് ഒരുകൊല്ലമായിട്ടും തുറന്നു കൊടുക്കാനാവാത്ത നീലിമംഗലം പാലത്തിന്റെ ശിൽപികളെ വൈറ്റില മേൽപ്പാലത്തിന്റെ പണി ഏൽപിച്ചത് ആര്? എംസി റോഡിന്റെ ഉൾപ്പെടെ നിർമ്മാണത്തിൽ അന്വേഷണം നേരിടുന്ന ശ്രീധന്യ കമ്പനിക്ക് കരാർ നൽകിയത് വലിയ വിവാദത്തിൽ; കേരളത്തിലെ ഏറ്റവും വലിയ ഫ്‌ളൈഓവർ അവതാളത്തിലായാൽ മൊത്തം ഗതാഗതവും കുളമാകുമെന്നും മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുമ്പ് നിർമ്മിച്ച പാലം ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതോടെ ആരോപണം നേരിടുന്ന നിർമ്മാണ കമ്പനിക്ക് വൈറ്റില പാലത്തിന്റെ നിർമ്മാണകരാർ നൽകിയത് വിവാദമാകുന്നു. ഏറ്റുമാനൂർ - ചെങ്ങന്നൂർ എംസി റോഡ് നിർമ്മാണത്തിൽ കെഎസ്റ്റിപി കരാറെടുത്ത തിരുവനന്തപുരത്തെ ശ്രീധന്യ കൺസ്ട്രക്ഷൻസ് മുമ്പ് പണിത പാലത്തിന്റെ പേരിൽ ആരോപണങ്ങൾ നേരിടുകയാണ്. ഈ പാതയിൽ കോട്ടയത്തിനടുത്തുള്ള നീലിമംഗലം പാലത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതോടെ കമ്പനിക്കെതിരെ വലിയ ആക്ഷേപങ്ങളും ഉയരുന്നു.

ഇതോടെ നിർമ്മാണം പൂർത്തിയായിട്ടും കഴിഞ്ഞ ഒരുവർഷത്തോളമായി ഇത് ഗതാഗതത്തിന് തുറന്നുകൊടുക്കാതെ അടച്ചിട്ടിരിക്കുകയാണ്. ഇത്തരത്തിൽ ആരോപണം നേരിട്ട കമ്പനിക്ക് സംസ്ഥാനത്ത് റോഡ് ഗതാഗതത്തിൽ വളരെ നിർണായകമായ വൈറ്റില പാലത്തിന്റെ നിർമ്മാണ ചുമതലയും നൽകിയിരിക്കുകയാണ് ഇപ്പോൾ.

ശ്രീധന്യ കമ്പനി പണിത പുതിയ പാലത്തിനു ബലക്ഷയമുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നാണ് അത് നിർമ്മാണത്തിന് തുറന്നുകൊടുക്കാത്തത്. കരാറുകാരുടെ കഴിവുകേടും അപാകതയുമാണ് പ്രശ്നകാരണമെന്നും ഗുണമേന്മ കുറവുണ്ടെന്നും അധികൃതർ കണ്ടെത്തിയിരുന്നു. ഇതോടെ പൊതു മാരമത്തു വകുപ്പിന്റെയും മറ്റു ഏജൻസികളുടെയും അന്വേഷണം നേരിടുകയാണ് ശ്രീധന്യ കമ്പനി. ഇതിനിടയിലാണ് ഇപ്പോൾ വൈറ്റില പാലത്തിന്റെയും നിർമ്മാണ ചുമതല ശ്രീധന്യയെ ഏൽപിക്കുന്നത്. ഇതോടെ ഇതിന് പിന്നിൽ ചിലരുടെ പ്രത്യേക താൽപര്യമുണ്ടെന്ന ആക്ഷേപവും ഉയരുന്നു.

കേരളത്തിലെ തന്നെ ഏറ്റവും വലിയ മേൽപ്പാല നിർമ്മാണമാണ് വൈറ്റില മേൽപ്പാലം. കൊച്ചി മെട്രോ വൈറ്റില മൊബിലിറ്റി ഹബിലെത്തണമെങ്കിൽ വൈറ്റില മേൽപ്പാല നിർമ്മാണം സമയ ബന്ധിതമായി നടക്കണം. ഇടപ്പള്ളി മേൽപ്പാലത്തേക്കാൾ പ്രധാനപ്പെട്ട വൈറ്റില മേൽപ്പാലത്തിന്റെ നിർമ്മാണം ഡൽഹി മെട്രോ കോർപ്പറേഷന് തന്നെ നൽകിയ സമയ ബന്ധിതമായി പൂർത്തിയാക്കണം എന്നായിരുന്നു ആദ്യ തീരുമാനം. എന്നാൽ ഇത് അനന്തമായി നീളുകയും കൊച്ചിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നൽകിയിരുന്ന നേതൃത്വ ചുമതല അസാനിക്കുകയും ചെയ്തു. വൈറ്റില മേൽപ്പാല നിർമ്മാണം അനന്തമായി നീണ്ടത് ഹൈക്കോടതിയിൽ വരെ കേസായി എത്തി. ഇതിന് പിന്നാലെയാണ് അവസാനം വൈറ്റില മേൽപ്പാലം നിർമ്മിക്കാൻ തീരുമാനമുണ്ടാവുന്നത്.

വൈറ്റില റെയിൽവെ മേൽപ്പാലത്തിൽ നിന്നാരംഭിച്ച് അരൂർ റൂട്ടിൽ ക്ഷേത്രത്തിനു മുന്നിൽ ദേശീയ പാതയിൽ അസാനിക്കുന്ന തരത്തിലാണ് മേൽപ്പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അപ്പോൾ റോഡടക്കം 700 മീറ്റർ നീളം വരുന്ന പാലത്തിന്റെ മധ്യത്തിലെ സ്പാനിന്റെ നീളം 40 മീറ്ററാണ്. ഡയമന്റ് നീളം 440 മീറ്ററും. രണ്ടു വശത്തായി ആറു വരി ഗതാഗതം സാധ്യമാകുന്ന പാലത്തിന്റെ വീതി 27. 2 മീറ്ററാണ്. മേൽപാലത്തിൽ നിന്നും ആറു മീറ്റർ ഉയരത്തിലാണ് കൊച്ചി മെട്രോ വൈറ്റില ഹബിലെത്തി തൃപ്പൂണിത്തുറ പേട്ടയിലേക്കു പോകുക.

ഇത്തരത്തിൽ അതീവ നിർണ്ണായകവുമായ പദ്ധതിയാണ് ഇപ്പോൾ വിവാദ നീലിമംഗലം പാലം നിർമ്മിച്ച ശ്രീധന്യ കൺസ്ട്രക്ഷനെ പൊതുമാരാമത്തു വകുപ്പ് ഏൽപ്പിച്ചിരിക്കുന്നത്. നീലിമംഗലം പാലം നിർമ്മാണത്തിലും ഏറ്റുമാനൂർ ചെങ്ങന്നൂർ റോഡ് നിർമ്മാണത്തിലും വിവാദത്തിലായ കമ്പനിക്ക് എങ്ങനെ വൈറ്റില മേൽപാലത്തിന്റെ പണി കിട്ടി എന്ന് പൊതുമാരാമത്തു വകുപ്പിലെ ഉന്നതർ തന്നെ ചോദിക്കുന്നു.

അഴിമതിക്കാരും വിവാദങ്ങളിൽപെട്ടവരുമായ കരാറുകാരെ നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്നും മാറ്റി നിർത്തണമെന്ന് പൊതുമാരമത്തു മന്ത്രി സുധാകരൻ കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതെല്ലാം മറികടന്നാണ് വിവാദ കമ്പനിക്ക് വൈറ്റില മേൽപ്പാലത്തിന്റെ കരാർ ലഭിച്ചത്.

നീലിമംഗലം പാലത്തിൽ സംഭവിച്ചത് പോലെ വൈറ്റില മേൽപ്പാല നിർമ്മാണത്തിൽ എന്തെങ്കിലും നിർമ്മാണ പിഴവ് സംഭവിച്ചാൽ അതു കൊച്ചി നഗരത്തെ മാത്രമല്ല, കേരളത്തിലെ റോഡു ഗതാഗതത്തെ തന്നെ നിശ്ചലമാക്കും. എന്നാൽ ഇതൊന്നും അറിഞ്ഞ മട്ടിലല്ല അധികൃതർ. എറണാകുളം കളക്ടറെ കാര്യങ്ങൾ അറിയിച്ചെങ്കിലും ഒന്നും ചെയ്യാനാവാത്ത രാഷ്ട്രീയ സമ്മർദ്ദം ഈ കരാറിനു പിന്നിലുണ്ടെന്ന് മറ്റു കരാറുകാർ തന്നെ പറയുന്നു.

ഉടൻ പണി ആരംഭിക്കുമെന്നും നവംബർ 18 ന് തന്നെ കരാർ ഒപ്പുവെച്ചെന്നും ആണ് ലഭിക്കുന്ന വിവരം. ശ്രീധന്യയുമായാണ് കരാറെന്നും ഡിസംബറിൽ നിർമ്മാണം തുടങ്ങുമെന്നും എറണാകുളം ജില്ലാ കളക്ടറും വ്യക്തമാക്കിയിരുന്നു. 95.75 കോടി രൂപ ചെലവുള്ള വൈറ്റില ഫ്‌ളൈ ഓവർ പദ്ധതിക്ക് അനുമതി നൽകിയെന്നും 2019 പകുതിയോടെ നിർമ്മാണം പൂർത്തിയാകുമെന്നും ആണ് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നത്.

വൈറ്റില ഫ്ളൈ ഓവർ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഡിസംബർ 11-ന് നിർവഹിക്കുമെന്ന് മന്ത്രി ജി.സുധാകരൻ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. അറിയിച്ചു. ജില്ലയിൽ ഗതാഗതത്തിരക്കേറിയ ജങ്ഷനായ വൈറ്റിലയിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫ്ളൈ ഓവർ നിർമ്മിക്കുന്നതെന്നും 82 കോടി രൂപ ചെലവുവരുന്ന പ്രവൃത്തിയുടെ കരാർ നവംബർ 18-ന് ഒപ്പിട്ടിരുന്നവെന്നും മന്ത്രി വ്യക്തമാക്കു.

ഒരു ഫണ്ടും നീക്കിവെക്കാതെയും ടെൻഡർ വിളിക്കാതെയും വൈറ്റില മേൽപ്പാലത്തിന്റെ പണി അനിശ്ചിതത്വത്തിലായ സന്ദർഭത്തിലാണ് ഈ സർക്കാർ അധികാരമേറ്റതെന്നും മന്ത്രി പറഞ്ഞിരുന്നു. ഇത്തരത്തിൽ ഏറെക്കാലമായി നിർമ്മാണത്തിന്റെ കാര്യത്തിൽ ആശയക്കുഴപ്പം നിൽക്കുന്ന പാലത്തിന്റെ നിർമ്മാണം ശ്രീധന്യയെ ഏൽപിച്ചതോടെ ഇക്കാര്യത്തിൽ വീണ്ടും ആക്ഷേപം ഉയരുകയാണ്. നിലവിൽ പരാതികൾ ഏറെ ഉയരുകയും അന്വേഷണം നേരിടുകയും ചെയ്യുന്ന കമ്പനിക്ക് എങ്ങനെയാണ് കരാർ നൽകിയെന്നും ഒരു വിഭാഗം ചോദിക്കുന്നു.

ഈ സർക്കാർ അധികാരത്തിലെത്തിയതിനുശേഷം രണ്ടുതവണ ദേശീയപാത അഥോറിറ്റിയുമായി ചർച്ച നടത്തിയെങ്കിലും മുൻപുനൽകിയ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ അവർ ഏറ്റെടുക്കാൻ തയ്യാറായില്ല. ഈ ഘട്ടത്തിലാണ് കിഫ്ബി ധനസഹായത്തിൽ ഉൾപ്പെടുത്തി പ്രവൃത്തി ഏറ്റെടുക്കുന്നതും യുദ്ധകാലാടിസ്ഥാനത്തിൽ ഡി.പി.ആർ. തയ്യാറാക്കി അംഗീകാരം നൽകുന്നതും ടെൻഡർ വിളിച്ച് കരാറിലെത്തുന്നതുമെന്നാണ് മന്ത്രി പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP