Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

''ഞാൻ എന്റെ ഭാര്യയെ ഡോക്ടറെ കാണിക്കാൻ വേണ്ടിയാണ് വടകര സഹകരണ ആശുപത്രിയിൽ പോയത്. പക്ഷേ ഡോക്ടർ ഭാര്യയെ നോക്കാൻ പറ്റില്ലെന്നു പറഞ്ഞു; എടച്ചേരിയിൽ നിന്നായതുകൊണ്ടാണ് ഇത്തരത്തിലുള്ള ഒരു സമീപനം ഉണ്ടായത്; എടച്ചേരിയിൽ നിന്ന് വരുന്നതെന്ന കാരണത്താൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതായി ആക്ഷേപം; വടകര സഹകരണ ആശുപത്രിക്കെതിരെ പരാതിയുമായി യുവാവ് രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

\


കോഴിക്കോട്: വടകര സഹകരണ ആശുപത്രിയിൽ എടച്ചേരിയിൽ നിന്നുള്ള രോഗിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. എടച്ചേരി സ്വദേശി അഖിലാണ് അശുപത്രിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.ഗർഭിണിയായ ഭാര്യയെ പരിശോധിക്കാൻ ഡോക്ടർ വിസമ്മതിച്ചു എന്നാണ് അഖിൽ പറയുന്നത്. എടച്ചേരിയിൽ നിന്നായതുകൊണ്ടാണ് ഇത്തരത്തിലുള്ള ഒരു സമീപനം ഉണ്ടായതെന്ന് അഖിൽ പറയുന്നു.എടച്ചേരി പഞ്ചായത്തിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ പല ഡോക്ടർമാരും രോഗികളെ പരിശോധിക്കാൻ മടികാണിക്കുന്നത് പതിവാണെന്ന് അഖിൽ തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.

'' ഞാൻ എന്റെ ഭാര്യയെ ഡോക്ടറെ കാണിക്കാൻ വേണ്ടിയാണ് വടകര സഹകരണ ആശുപത്രിയിൽ പോയത്. പക്ഷേ ഡോക്ടർ ഭാര്യയെ നോക്കാൻ പറ്റില്ലെന്നു പറഞ്ഞു. എടച്ചേരിയിൽ അഞ്ച് പേർക്ക് കൊവിഡ് ഉണ്ടായിരുന്നു. അതും ഞങ്ങളുടെ വാർഡിൽ അല്ലായിരുന്നു, തൊട്ടടുത്ത വാർഡിലായിരുന്നു. അതുകൊണ്ട് നോക്കാൻ പറ്റില്ലാന്ന് പറഞ്ഞു. മറ്റ് രോഗികളെയൊക്കെ നോക്കിയിരുന്നു. ഞങ്ങളെ മാത്രമാണ് ഒഴിവാക്കിയത്,'' അഖിൽ പറയുന്നു.

ആദ്യം മുതൽക്കുതന്നെ ഭാര്യയെ വടകര സഹകരണ ആശുപത്രിയിലാണ് കാണിച്ചുകൊണ്ടിരുന്നതെന്നും അതുകൊണ്ടാണ് ഡോക്ടറെ വിളിച്ച ശേഷം ആശുപത്രിയിലേക്ക് പോയതെന്നും എന്നാൽ അവിടെ എത്തിയപ്പോൾ നോക്കാൻ പറ്റില്ലെന്ന് പറയുകയായിരുന്നെന്നും അഖിൽ പറഞ്ഞു.
'ജനുവരിയിലും ഫെബ്രുവരിയിലുമൊക്കെ വടകര സഹകരണ ആശുപത്രിയിൽ തന്നെയാണ് പോയിരുന്നത്. ഇത്തവണ പോകുന്നതിന് മുൻപ് തന്നെ വിളിച്ച് ചോദിച്ചതുമാണ്. പിന്നീട് അവിടെച്ചെന്ന ശേഷമാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടായത്. പി.ആർ.ഒ യെ വിവരം അറിയിച്ചെങ്കിലും ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ പറ്റില്ലെന്നാണ് പറഞ്ഞത്. അത് ഡോക്ടറുടെ തീരുമാനമാണെന്നും അഖിൽ പറഞ്ഞു,''
അതേസമയം, 45ലധികം ഗൈനിക് രോഗികളെ ഓരോ ദിവസവും നോക്കുന്നുണ്ടെന്നും ഹോട്ട്സ്പോട്ടിൽ നിന്ന് വരുന്നവരെ നേരിട്ട് ഒ.പിയിലേക്ക് വിടുന്നില്ലെന്നും എമർജൻസി കേസാണെങ്കിൽ കാഷ്വാലിറ്റിയിൽച്ചെന്ന് ഡോക്ടറോട് സംസാരിച്ചശേഷം ആവശ്യമാണെങ്കിൽ ലേബർ റൂമിലേക്ക് ഷിഫ്റ്റ് ചെയ്യാമെന്നും പറഞ്ഞിരുന്നെന്ന് വടകര സഹകരണ ആശുപത്രി പി.ആർ.ഒ ശശി പറമ്പിലിന്റെ പ്രതികരണം.

''45ലധികം ഗൈനിക് പേഷ്യൻസിനെ ഇവിടെ നോക്കുന്നുണ്ട്. ഇത്തരം ഹോട്ട്സ്പോട്ടുകളിൽ നിന്ന് വരുന്ന പേഷ്യൻസിനെ ഡയറക്ട് ഒ.പിയിലേക്ക് പോകേണ്ടതില്ലെന്നാണ് തീരുമാനം. അല്ലെങ്കിലും എല്ലാ രോഗികളേയും സ്‌ക്രിനിങ് മുൻപിൽവച്ചാണ് ഇവിടെ നിന്ന് നോക്കിക്കൊണ്ടിരിക്കുന്നത്.എടച്ചേരി, അഴിയൂര്, മാഹി എന്നീ ഹോട്ട്സ്പോട്ടിൽ നിന്ന് വരുന്ന ഗൈനിക്ക് പേഷ്യൻസിനോട് ക്വാറന്റൈൻ പിരിഡ് കഴിഞ്ഞ് വന്നാൽ മതി എന്നാണ് പറഞ്ഞത്. മറ്റ് രോഗികളുള്ളതുകൊണ്ട് റിസ്‌ക് എടുക്കേണ്ടെന്നു വച്ചിട്ടാണ് അങ്ങനെ പറഞ്ഞത്. എമർജൻസി ആണെങ്കിൽ കാഷ്വാലിറ്റിയിൽ ചെന്ന് ഡോക്ടറെ കണ്ട് വിളിച്ച് നേരെ ലോബർ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തിട്ട് ആവശ്യമെങ്കിൽ സ്‌കാൻ ചെയ്ത് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ലേബർ റൂമിൽവെച്ച് കാണമെന്നാണ് പറഞ്ഞത്,'' ശശിധരൻ പറഞ്ഞു.

പക്ഷേ അവർ അതിന് തയ്യാറായില്ലെന്നും ഡോ. വന്ദനയെ നേരിട്ട് കാണണമെന്നാണ് അവർ ആവശ്യപ്പെട്ടതെന്നും ശശിധരൻ പറയുന്നു. അപ്പോയിന്മെന്റ് എടുക്കുന്ന സമയത്ത് എടച്ചേരി ആണെന്ന് പറഞ്ഞിരുന്നില്ലെന്നും ശശിധരൻ പറഞ്ഞു.''മറ്റ് രോഗികളുടെ കൂടെ സുരക്ഷ നോക്കിയാണ് ഗൈനിക്കിൽ ഇങ്ങനെ ഒരു സംവിധാനം ഉണ്ടാക്കിയത്. ഇ.എൻ.ഡിയിലും ഉണ്ട്. ഹോട്ട്‌സ്‌പോട്ടിൽ നിന്ന് വരുന്നവർക്ക് മാത്രമാണ്. അവിടത്തെ ഹോട്ട്സ്പോട്ട് കഴിഞ്ഞിട്ടില്ല. അതിന് ശേഷം വന്നോളൂ, എമർജൻസി ആണെങ്കിൽ കാഷ്വാലിറ്റിയിൽ ചെന്ന് ഡോക്ടറെ കാണാനും പറഞ്ഞിരുന്നു,'' ശശിധരൻ പറയുന്നു.

കൊവിഡ് കാരണം പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് മാസവും തന്റെ ഭാര്യയെ ഡോക്ടറെ കാണിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഫെബ്രുവരി മാസത്തിലാണ് അവസാനമായി ഡോക്ടറെ കാണിച്ചതെന്നും ഗർഭാവസ്ഥയിൽ അല്ലറ ചില്ലറ പ്രശ്നങ്ങൾ ഭാര്യക്ക് ഉണ്ടായിരുന്നെന്നും അഖിൽ പറയുന്നു.'കഴിഞ്ഞദിവസം ഞങ്ങൾ ഡോക്ടർ വന്ദനയെ വിളിച്ച് പരിശോധന ഇപ്പോൾ നടക്കുന്നുണ്ടോ എന്ന് അന്വേഷിച്ചു. അവർ ഹോസ്പിറ്റലുമായി ബന്ധപ്പെടാൻ ആയിരുന്നു പറഞ്ഞത്. ഹോസ്പിറ്റലിൽ പരിശോധിക്കുന്നുണ്ട് എന്നും, അവിടെ അവിടെ നിന്നും ടോക്കൺ എടുത്താൽ മതി എന്നായിരുന്നു അവരുടെ നിർദ്ദേശം.

അതുപ്രകാരം ഞാൻ സഹകരണാശുപത്രിയിൽ വിളിക്കുകയുംബുക്ക് ചെയ്യുകയും ചെയ്തു. അങ്ങനെ കുറച്ച് ആശ്വാസത്തോടെ ഇന്നലെ കിടന്നു. ഇന്ന് ഹോസ്പിറ്റലിൽ പോയപ്പോൾ കഥയാകെ മാറി. വാഹനങ്ങൾ ഒന്നും ഇല്ലാത്തതു കാരണം ബൈക്കിൽ തന്നെയായിരുന്നു യാത്ര. നല്ല വെയിലും എങ്കിലും എങ്ങനെയെങ്കിലും അവിടെ എത്തിപ്പെടാൻ ആഗ്രഹിച്ചു. കൃത്യം പത്തു മണിക്ക് തന്നെ അവിടെ എത്തി.കാത്തിരിപ്പിനു ശേഷം ഡോക്ടർ വന്നു. അവിടുത്തെ സ്റ്റാഫിന്റെ നിർദ്ദേശപ്രകാരം ഞങ്ങൾ പോയ സമയം മുതൽ പുറത്ത് വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു. ഡോക്ടർ വന്നു ശീട്ട് പരിശോധിച്ചതിനുശേഷം മാത്രമേ ഞങ്ങളെ ഹോസ്പിറ്റലിന്റെ ഉള്ളിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ എന്ന് അവർ പറഞ്ഞിരുന്നു.

അങ്ങനെ ഡോക്ടർ വന്ന് ശീട്ടിൽ സ്ഥലം പരിശോധിച്ചപ്പോൾ എടച്ചേരി...എടച്ചേരി കൊറോണ സ്ഥിരീകരിച്ച നാട്. പിന്നെ എങ്ങനെ ഇവിടെ പരിശോധിക്കും. ഡോക്ടർ ഒന്നും നോക്കിയില്ല, ഡോക്ടർ പറഞ്ഞത് എന്താണെന്ന് വച്ചാൽ ഇപ്പോൾ പരിശോധിക്കാൻ കഴിയില്ല എന്ന്. ഈ നിർദ്ദേശമായിരുന്നു ഹോസ്പിറ്റൽ സ്റ്റാഫിൽ നിന്ന് ഞങ്ങൾക്ക് കിട്ടിയ നിർദ്ദേശം,'' സംഭവത്തെക്കുറിച്ച് മെയ്‌ അഞ്ചാം തിയതി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അഖിൽ പറയുന്നു.

അതേസമയം സംഭവത്തെക്കുറിച്ച് ഡോക്ടർ വന്ദന പറയുന്നത് ഇങ്ങനെയാണ് :'' ഞങ്ങൾ എമർജൻസി മാത്രമേ നോക്കുന്നുള്ളൂ എന്നാണ് പറഞ്ഞത്. ഹോട്ട് സ്പോട്ട് ഏരിയ ആയതുകൊണ്ട് എമർജൻസി ആണെങ്കിൽ കാഷ്വാലിറ്റിയിൽ നിന്ന് നോക്കാമെന്ന് പറഞ്ഞു. പക്ഷേ അവരതിന് നിന്നില്ല.കേസ് എമർജൻസി ആയിരുന്നില്ല, യൂഷ്വൽ ആയിരുന്നു. അതുകൊണ്ടുതന്നെ ഒരാഴ്ച കഴിഞ്ഞ് വന്നാൽ മതിയെന്ന് പറഞ്ഞു. ലോക് ഡൗണിന് ശേഷം ഇതുവരെ ലീവ് പോലും എടുക്കാതെയാണ് വർക് ചെയ്യുന്നത്. എല്ലാ ദിവസവും കേസ് വരുന്നുണ്ട്. ഞങ്ങൾക്കും കുടുംബമുള്ളതല്ലേ, കുറച്ച് സുരക്ഷാ മുൻകരുതലുകൾ ഞങ്ങളും എടുക്കേണ്ടേ. ഞങ്ങളും ഹൈ റിസ്‌ക് എക്സ്പോസിഡ് ആൾക്കാരാണ്. എമർജൻസി കേസുകൾ നോക്കുന്നുണ്ട്,'' ഡോ. വന്ദന പ്രതികരിക്കുന്നു.

40 ഓളം ഗർഭണികളെ നോക്കുന്നുണ്ട്. ഏതെങ്കിലും ഒരു കേസ് പോസിറ്റീവ് ആണെങ്കിൽ എല്ലാ ഗർഭണികളെയും ബാധിക്കും. അതുകൊണ്ട് മുൻകരുതൽ എടുക്കുന്നുണ്ട്.രോഗികളെ നോക്കില്ല എന്നല്ല പറയുന്നതെന്നും ഡെലിവറി കേസുകളും എമർജൻസി കേസുകളും നോക്കുന്നുണ്ടെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.''നോർമൽ ആയതുകൊണ്ട് ഒരാഴ്ച കാത്തിരിക്കാൻ പറ്റിയാൽ അതല്ലേ നല്ലത് എന്നുമാത്രമാണ് ചോദിച്ചത്. ആശുപത്രിയിൽ ഒരുപാട് കേസുകൾ എടുക്കുന്നുണ്ട്. അന്ന് പുലർച്ചെ മൂന്ന് മണിക്ക് കേസ് കഴിഞ്ഞ ശേഷമാണ് വീട്ടിൽ ചെന്നത്.

എന്നിട്ടാണ് ഒ.പി നോക്കുന്നത്. സ്‌ക്രീനിങ് ഉള്ളതുകൊണ്ട് എടച്ചേരിയിൽ ഉള്ള രോഗികൾ ഉണ്ടോ എന്ന് ചോദിച്ചു. പ്രശ്നം ഒന്നും ഇല്ലെങ്കിൽ ഒരാഴ്ച കഴിഞ്ഞ് വന്നൂടെ എന്തു ചോദിച്ചു പ്രശ്നമെന്തെങ്കിലും ഉണ്ടെങ്കിൽ ക്വാഷാലിറ്റിയിലൂടെ സ്‌ക്രീനിങ് ചെയ്തിട്ട് നോക്കാം എന്നു പറഞ്ഞു. പക്ഷേ പേഷ്യന്റ് ഒന്നും പറഞ്ഞില്ല,പോയി. അതിന് ശേഷം ഇങ്ങനെയൊക്കെയാണ് കേൾക്കുന്നത്,'' ഡോക്ടർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP