Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദീപാ നിശാന്ത് സ്വന്തം പേരിൽ പ്രസിദ്ധീകരിച്ച കവിത കലേഷിൽ നിന്നും കോപ്പിയടിച്ചത് ശബരിമല വിഷയത്തിൽ ചാനൽ ചർച്ചകളിൽ നിറഞ്ഞ ശ്രീചിത്രനോ? പകർത്തിയെഴുതി ദീപയുടെ പേര് വെച്ച് പ്രസിദ്ധീകരിക്കാൻ നൽകിയത് എം ജെ ശ്രീചിത്രനെന്ന് സോഷ്യൽ മീഡിയയിൽ ആരോപണം; കവിത എഴുതികൊടുക്കേണ്ട ആവശ്യം തനിക്കില്ലെന്നും നടക്കുന്നത് വ്യക്തിഹത്യക്കുള്ള ശ്രമമെന്നും പറഞ്ഞ് ആരോപണം നിഷേധിച്ച് സാംസ്കാരിക പ്രഭാഷകൻ; കവിതാ വിവാദം മുറുകുന്നു

ദീപാ നിശാന്ത് സ്വന്തം പേരിൽ പ്രസിദ്ധീകരിച്ച കവിത കലേഷിൽ നിന്നും കോപ്പിയടിച്ചത് ശബരിമല വിഷയത്തിൽ ചാനൽ ചർച്ചകളിൽ നിറഞ്ഞ ശ്രീചിത്രനോ? പകർത്തിയെഴുതി ദീപയുടെ പേര് വെച്ച് പ്രസിദ്ധീകരിക്കാൻ നൽകിയത് എം ജെ ശ്രീചിത്രനെന്ന് സോഷ്യൽ മീഡിയയിൽ ആരോപണം; കവിത എഴുതികൊടുക്കേണ്ട ആവശ്യം തനിക്കില്ലെന്നും നടക്കുന്നത് വ്യക്തിഹത്യക്കുള്ള ശ്രമമെന്നും പറഞ്ഞ് ആരോപണം നിഷേധിച്ച് സാംസ്കാരിക പ്രഭാഷകൻ; കവിതാ വിവാദം മുറുകുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: യുവകവി എസ് കലേഷിന്റെ കവിത ദീപ നിശാന്ത് മോഷ്ടിച്ച് സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചെന്ന ആരോപണം വിവാദമായി ഉയരുന്നതിനിടെ വിഷയത്തിൽ കിംവതന്ദികളും അഭ്യൂഹങ്ങളും പെരുകുന്നു. തന്റെ കവിതയാണെന്ന് എസ് കലേഷ് അടിയുറച്ച് തെളിവുകൾ സഹിതം വാദിക്കുമ്പോൾ അതിനെ കൗണ്ടർ ചെയ്യുന്ന തെളിവുകളൊന്നും ദീപയുടെ പക്കലില്ല. പകരം ഈ ആരോപണം മറ്റുപലരേയും ബാധിക്കുന്ന കാര്യമായതിനാൽ, വെളിപ്പെടുത്താൻ ബുദ്ധിമുട്ടാണെന്ന മട്ടിലാണെന്നാണ് ദീപ പറയുന്നത്.

ഇതോടെയാണ് ദീപയ്ക്ക് പകർത്തി എഴുതിയ കവിത നൽകിയത് പ്രമുഖ സാംസ്കാരിക പ്രഭാഷകൻ എം ജെ ശ്രീചിത്രൻ ആണെന്ന ആരോപണം ഉയർന്നത്. താൻ എഴുതിയതാണെന്നും ദീപാ നിശാന്തിന്റെ പേരിൽ പ്രസിദ്ധീകരിക്കാമെന്നും പറഞ്ഞ് കവിത എം ജെ ശ്രീചിത്രൻ ദീപയ്ക്ക് നൽകുകയായിരുന്നു എന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നപ്പോൾ കവിത മറ്റൊരാൾ എഴുതി നൽകിയതാണെന്ന കാര്യം ദീപ നിശാന്ത് പറഞ്ഞതായി ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ടു ചെയ്തു. ഈ ആരോപണം സൈബർ ലോകവും ഏറ്റുപിടിച്ചിട്ടുണ്ട്.

അതേസമയം തനിക്കൊന്നും അറിയില്ലെന്നും ഈ ആരോപണത്തിലേക്ക് തന്നെ വലിച്ചിഴക്കരുതെന്നുമാണ് ശ്രീചിത്രൻ പ്രതികരിച്ചത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് ശ്രീചിത്രൻ വ്യക്തമാക്കിയത്. കലേഷിന്റെ കവിത തിരുത്തി ദീപ നിശാന്തിന് നൽകേണ്ട ആവശ്യം തനിക്കില്ലെന്ന് ശ്രീചിത്രൻ പറഞ്ഞു. ഇത്തരം വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടെന്നും വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ദീപ നിശാന്ത് മലയാളം അദ്ധ്യാപികയാണ്. അവർക്ക് കവിത എഴുതികൊടുക്കേണ്ട ആവശ്യം എനിക്കില്ല. വിചിത്രമായ ആരോപണമാണ് ചില കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നത്. വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട നിലപാടുകളുടെ പേരിൽ വിമർശനമുണ്ടായിരുന്നു. ഇപ്പോൾ ഉയരുന്ന ആരോപണങ്ങളും അതിന്റെ തുടർച്ചയാണെന്ന് കരുതുന്നു. ഇത്തരം ആരോപണങ്ങൾക്ക് മറുപടി പറയേണ്ട കാര്യമില്ലെന്നും ശ്രീചിത്രൻ ഒരു മാധ്യമത്തോട് വ്യക്തമാക്കി.

എന്തായാലും സോഷ്യൽ മീഡിയയിൽ അടക്കം ഇടതു പക്ഷത്തെ രണ്ട് സാംസ്കാരിക പ്രവർത്തകരെ അടിക്കാൻ കിട്ടിയ വടിയായി ഈ വിഷയത്തെ ഉപയോഗിക്കുകയാണ്. ശബരിമല വിഷയത്തിൽ സർക്കാറിനെ ശക്തമായി പ്രതിരോധിച്ചു കൊണ്ട് രംഗത്തുവന്നത് ശ്രീചിത്രനായിരുന്നു. അതുകൊണ്ട് തന്നെ ശ്രീചിത്രന്റെ പേര് വലിച്ചിഴക്കപ്പെട്ടതോടെ സൈബർ ലോകത്ത് വിവാദം മറ്റൊരു തലത്തിലേക്ക് നീങ്ങി.

അതേസമയം എകെപിസിടിഎ ജേണലിൽ കവിത അയച്ചു കൊടുത്തത് ദീപ തന്നെയാണെന്ന് പുസ്തകത്തിന്റെ ഭാരവാഹികളും വ്യക്തമാക്കി. ഇതോടെ കവിതാ മോഷണ വിവാദത്തിൽ ദീപാ നിശാന്ത് കൂടുതൽ പ്രതിരോധത്തിലായി. അസോസിയേഷൻ പ്രസിഡന്റ് പത്മനാഭനും, ജേർണൽ പത്രാധിപർ ഡോ. സണ്ണിയും കാര്യങ്ങൾ വിശദീകരിച്ചതോടെ പിഴവ് പറ്റിയത് ദീപാ നിശാന്തിന് തന്നെയെന്ന് വ്യക്തമായി.

യുവ കവി എസ്. കലേഷ് 2011-ൽ ബ്ലോഗിൽ പ്രസിദ്ധീകരിച്ചതാണ് ഈ കവിത. തുടർന്ന് മാധ്യമം വാരികയിലും ഈ കവിത പ്രസിദ്ധീകരിച്ചു. എന്നാൽ, കഴിഞ്ഞ ലക്കം എ.കെ.പി.സി.റ്റി.എ. ജേർണലിൽ ഈ കവിത ചില മാറ്റങ്ങളോടെ ദീപാ നിശാന്തിന്റേതായി പ്രസിദ്ധീകരിച്ചു. ഇക്കാര്യത്തിൽ കവിത തന്റേത് തന്നെയാണെന്നും കൂടുതൽ കാര്യങ്ങൾ പുറത്ത് പറയാനാകില്ലെന്നും ദീപാ നിശാന്ത് പ്രതികരിച്ചിരുന്നു. ചിലരുടെ ജീവിതത്തെ ബാധിക്കുന്ന വിഷമാണ് ഇതെന്നും വെളിപ്പെടുത്തി. ഇതിന് പിന്നാലെയാണ് കവിത അയച്ചു തന്നത് ദീപാ നിശാന്ത് തന്നെയാണെന്ന വിശദീകരണവുമെത്തുന്നത്.

ഇക്കാര്യത്തിൽ എ.കെ.പി.സി.റ്റി.എ.ക്കോ, ജേർണൽ പത്രാധിപസമിതിക്കോ യാതൊരു വീഴ്ചയും വന്നിട്ടില്ലയെന്ന് എ.കെ.പി.സി.റ്റി.എ. സംസ്ഥാന പ്രസിഡന്റ് പത്മനാഭൻ പറഞ്ഞു. ''ഈ കവിത പ്രസിദ്ധീകരിച്ചതിൽ ഒരു നോട്ടക്കുറവുണ്ടായിരുന്നു. ദീപാ നിശാന്ത് അറിയപ്പെടുന്ന ആളായതിനാൽ കൂടുതൽ പരിശോധന നടത്തിയില്ല. ദീപാ നിശാന്ത് അയച്ചു തന്നതാണ് ഈ കവിത. ജേർണലിന്റെ ചുമതലയുള്ളത് ഡോ. സണ്ണിക്കാണ്. അദ്ദേഹവുമായി ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ അറിയാം.''പത്മനാഭൻ പറഞ്ഞു. ഇക്കാര്യത്തിൽ പത്രാധിപസമിതിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ജേർണലിന്റെ പത്രാധിപൻ ഡോ. സണ്ണിയും വിശദീകരിച്ചു.

അതേസമയം കവിത തന്റേതാണെന്ന വാദത്തിൽ ദീപ ഉറച്ചു നിൽക്കുകയാണെങ്കിൽ കോടതിയെ സമീപിക്കുമെന്ന് കവി എസ്. കലേഷ് പറഞ്ഞിരുന്നു. എന്നാൽ, ദീപയെയും തെറ്റിദ്ധരിപ്പിച്ച് ശ്രീചിത്രനാണെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. കവിതാ മോഷണം കലേഷ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചതോടെ വൻ വിവാദമാണ് ഉണ്ടായത്. ദീപാ നിശാന്ത് ഇതിന് വ്യക്തമല്ലാത്ത മറുപടിയാണ് നൽകിയത്. അറിയപ്പെടുന്ന ഇടതുപക്ഷ എഴുത്തുകാരിയായ ദീപാ നിശാന്തിനെതിരേ സോഷ്യൽ മീഡിയയിൽ വൻ വിമർശനമാണ് ഉയരുന്നത്. ഇതിന് പിന്നാലെയാണ് ഓൾ കേരളാ പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളും കവിതയുടെ ഉത്തരവാദിത്തം ദീപാ നിശാന്തിനാണെന്ന് വിശദീകരിക്കുന്നത്.

അതിനിടെ സംഘപരിവാറുകാർക്കെതിരെയുള്ള സോഷ്യൽ മീഡിയ യുദ്ധങ്ങൾ താരമാക്കിയ ദീപാ നിശാന്തിനെ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകൾ കവിത മോഷണ വിവാദത്തിൽ കൈയൊഴിഞ്ഞു. കലേഷിന്റെ ആരോപണത്തിന് ദീപ ടീച്ചർ നൽകിയ മറുപടിയും തൃപ്തികരമല്ല. വ്യക്തതയില്ലാത്ത മറുപടി നൽകി ദീപാ നിശാന്ത് ഉരുണ്ട് കളിക്കുകയാണെന്നാണ് വിമർശനം ഉയരുന്നത്. ഒരു കവിത മോഷ്ടിച്ച് എഴുത്തുകാരിയാകാൻ മോഹിക്കുന്ന ആളാണ് താനെന്ന് കരുതുന്നവർ അങ്ങനെ വിശ്വസിച്ചുകൊള്ളുവെന്നാണ് ദീപാ നിശാന്തിന്റെ മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP