Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എല്ലാം മറച്ച് ഉൾവശം കാണാതിരുന്ന വാഹനത്തെ പിന്തുടർന്ന് പൊലീസ് ജീപ്പെത്തി; ഒതുക്കി നിർത്തിയുള്ള സംസാരം നീണ്ടത് രണ്ട് മിനിറ്റ് മാത്രവും; അങ്കമാലി ഡയറീസ് വാഹനം തടഞ്ഞ് പൊലീസ് സദാചാരക്കളി കളിച്ചെന്ന ആരോപണം വെറും പബ്ളിസിറ്റി സ്റ്റണ്ടെന്ന് തെളിയിച്ച് സിസിടിവി ദൃശ്യങ്ങളും

എല്ലാം മറച്ച് ഉൾവശം കാണാതിരുന്ന വാഹനത്തെ പിന്തുടർന്ന് പൊലീസ് ജീപ്പെത്തി; ഒതുക്കി നിർത്തിയുള്ള സംസാരം നീണ്ടത് രണ്ട് മിനിറ്റ് മാത്രവും; അങ്കമാലി ഡയറീസ് വാഹനം തടഞ്ഞ് പൊലീസ് സദാചാരക്കളി കളിച്ചെന്ന ആരോപണം വെറും പബ്ളിസിറ്റി സ്റ്റണ്ടെന്ന് തെളിയിച്ച് സിസിടിവി ദൃശ്യങ്ങളും

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ:നഗരത്തിൽ അങ്കമാലി ഡയറി സിനിമ പ്രവർത്തകരുടെ വാഹനം പൊലീസ് തടഞ്ഞതുമുതൽ തിരിച്ച് പോകുന്നത് വരെയുള്ള സിസി ടിവി ദൃശ്യങ്ങൾ മറുനാടന് ലഭിച്ചു. സംഭവം ഏറെ വിവാദമായ സാഹചര്യത്തിലാണ് നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ സ്ഥാപിച്ചിരുന്ന സീസീ ടിവിയിൽ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങൾ മറുനാടൻ പുറത്തുവിടുന്നത്.

പൊലീസ് ജീപ്പ് വട്ടംവച്ച് സിനിമ സ്‌റ്റൈലിൽ വാഹനം തടഞ്ഞെന്നും തങ്ങളെ അപമാനിച്ചെന്നും മറ്റുംകാണിച്ച് സിനിമ പ്രവർത്തകർ കഴിഞ്ഞ ദിവസം ഡി ജി പി ക്ക് പരാതി നൽകിയിരുന്നു.നവമാധ്യമങ്ങളിലും ഈ വിഷയം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മൂവാറ്റുപുഴയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റ പേരിൽ ചിത്രത്തിന്റെ സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരിയും നടിനടന്മാരും ഡി വൈ എസ് പി അടക്കമുള്ള പൊലീസുകാരെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിൽ നിരവധി പരാമർശങ്ങളുമായി രംഗത്ത് വന്നിരുന്നു.

പരാതിക്കിടയാക്കിയ സംഭവത്തിന്റെ ഏഴുമിനിട്ടോളം നീളുന്ന ദൃശ്യമാണ് മറുനാടന് ലഭിച്ചിട്ടുള്ളത്. വ്യാപാര സ്ഥാപനത്തിന് മുന്നിൽ പൊലീസ് ജീപ്പ് കിടക്കുന്നതും പിന്നിൽ സിനിമാക്കാരുടെ വാഹനം നിർത്തുന്നതും വാഹനം സമീപത്തെ വ്യാപാര സ്ഥാപനത്തിന്റെ പാർക്കിങ് ഗ്രൗണ്ടിലേക്ക് കയറ്റി ഇടുന്നതും തിരിച്ച് പോകുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. ഇത്രയും സമയത്തിനുള്ളിൽ സിനിമ പ്രവർത്തകർ ഉന്നയിച്ചത് പോലുള്ള' അതിക്രൂരമായ' സംഭവങ്ങൾ നടന്നിട്ടുണ്ടോ എന്നാണ് ഇപ്പോൾ പരക്കെ ഉയരുന്ന സംശയം.പൊലീസ് പിടിച്ചെടുത്ത വാഹനം തങ്ങൾ നിരവധി പ്രമുഖരുമായി ബന്ധപ്പെട്ട ശേഷമാണ് വിട്ടയച്ചതെന്നാണ് സിനിമ പ്രവർത്തകർ വെളിപ്പെടുത്തിയിരുന്നത്.

ഈ കുറഞ്ഞ സമയത്തിനുള്ളിൽ എത്ര പേരെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താൻ കഴിയുമെന്നാണ് ഒരു വിഭാഗത്തിന്റെ ചോദ്യം. മൂന്ന് മിനിട്ട് സമയമെങ്കിലും പൊലീസിനോട് കാര്യങ്ങൾ വിശദമാക്കുന്നതിനായി നഷ്ടപ്പെട്ടിരിക്കുമെന്നുറപ്പാണ്. പിന്നെ വാഹനം പാർക്കിങ് ഗ്രൗണ്ടിൽ കയറ്റി ഇട്ട് തിരിച്ചുപോകുന്നതുവരെയുള്ള മൂന്നര മിനിട്ട് സമയമാണ് അവശേഷിക്കുന്നത്. ഇത്തരത്തിലൊരുകാര്യം മറ്റൊരാളെ ധരിപ്പിക്കുന്നതിന് പോലും ഇത്രയും സമയം കൊണ്ട് സാധിക്കുമോ എന്നകാര്യത്തിലും പരക്കെ സംശയമുയരുന്നുണ്ട്. ഇതോടെ ഈ സംഭവം അണിയറപ്രവർത്തകർ ചിത്രത്തിന്റെ പബ്‌ളിസിറ്റിക്കായി വളച്ചൊടിച്ചതായുള്ള സംശയം കൂടുതൽ ശക്തമായിട്ടുണ്ട്.

മൂവാറ്റുപുഴയിൽ വച്ചാണ് താരങ്ങൾക്കെതിരെ പൊലീസ് അതിക്രമം ഉണ്ടായതെന്നായിരുന്നു ആരോപണം. സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി എത്തിയപ്പോഴാണ് സംഭവമെന്നും സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരി തന്നെയാണ് പരാതി ഉന്നയിച്ചു. മൂവാറ്റുപുഴ ഭാഗത്ത് സിനിമയുടെ പ്രചാരണത്തിനായി പോയവർക്കാണ് തീയേറ്ററിന് മുന്നിൽത്തന്നെ ദുരനുഭവമുണ്ടായതെന്ന് ലിജോ പെല്ലിശ്ശേരി പറയുന്നു. ഫേസ്‌ബുക്ക് വീഡിയോയിലൂടെയാണ് ലിജോയുടെ പ്രതികരണം. സംഭവത്തെക്കുറിച്ച് ലിജോ പറയുന്നത് ഇങ്ങനെ: മൂവാറ്റുപുഴ ഭാഗത്ത് പ്രൊമോഷനുമായി പോയിക്കൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി ഒരു പൊലീസ് വാഹനം മുന്നിൽ തടസം സൃഷ്ടിച്ച് നിർത്തുകയായിരുന്നു. നടീനടന്മാരടക്കമുള്ളവരെ വാഹനത്തിൽനിന്ന് നിർബന്ധപൂർവ്വം പുറത്തിറക്കുകയും മോശമായി സംസാരിക്കുകയും ചെയ്തു. മൂവാറ്റുപുഴ ഡിവൈഎസ്‌പി ആണെന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്. ഞാനിപ്പോൾ നാട്ടിലില്ല. സംരക്ഷണം തരേണ്ടവർ ഇങ്ങനെ പെരുമാറിയാൽ എങ്ങനെയാണ് ഈ നാട്ടിൽ ക്രമസമാധാനപാലനം നടക്കുകയെന്ന് എനിക്കറിയില്ല. വളരെ മോശമാണിതെന്നും പറഞ്ഞിരുന്നു.

സിനിമ ഓടിക്കൊണ്ടിരിക്കുന്ന തീയേറ്ററിന് മുന്നിൽ അവർക്ക് തിരിഞ്ഞുനോക്കിയാൽ കാണാവുന്ന പോസ്റ്ററിലുള്ളവരെയാണ് തടഞ്ഞുനിർത്തിയതെന്നും മോശമായ ഭാഷയിൽ സംസാരിച്ചതെന്നും പറയുന്നു ലിജോ. ''വാഹനത്തിനകത്ത് എന്ത് ചെയ്യുകയാണെന്ന് വളരെ മോശമായ ഭാഷയിലാണ് ചോദിച്ചത്.'' സിനിമയിലെ മുഖ്യകഥാപാത്രങ്ങളിലൊന്നായ യു-ക്യാമ്പ് രാജനെ അവതരിപ്പിച്ച നടൻ ടിറ്റോ വിൽസണോട് പേര് 'പൾസർ ടിറ്റോ' എന്നാക്കണോ എന്നൊക്കെ പൊലീസ് ചോദിച്ചെന്നും ലിജോ പെല്ലിശ്ശേരി പറയുന്നു. ഇതൊക്കെ ഡിവൈഎസ് പി നിഷേധിച്ചിരുന്നു. മോട്ടോർ വാഹന വകുപ്പ് വാഹനം തടഞ്ഞതിന് സമാനമായ സാഹചര്യമാണ് മൂവാറ്റുപുഴയിലും ഉണ്ടായത്. എല്ലാം മറച്ച് ഉൾവശം കാണാതിരുന്ന വാഹനം എത്തിയപ്പോൾ താൻ തടയുകയായിരുന്നുവെന്നാണ് ഡിവൈഎസ്‌പി പറഞ്ഞത്. മോശമായി പെരുമാറിയെന്ന വാദത്തിൽ യാതൊരു കഴമ്പുമില്ലെന്നും നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം ഇത്തരത്തിൽ കർശന വാഹന പരിശോധന നടക്കുന്നുണ്ടെന്നഉം ഡിവൈഎസ്‌പി കെ ബിജുമോൻ മറുനാടനോട് പ്രതികരിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ഡ്യൂട്ടിക്കായി പോകുമ്പോഴാണ് ഈ വാഹനം കാണുന്നതും പൊലീസ് തടയുന്നു. ഉള്ളിലുള്ളവരെ പുറത്തുകാണാത്ത തരത്തിൽ സ്റ്റിക്കർ ഒട്ടിച്ച ഒരു ഇന്നോവാ കാർ പോകുന്നത് കണ്ടുവെന്നും നല്ല ഭാരം കയറ്റിയ പോലെയായിരുന്നു വാഹനത്തിന്റെ പോക്കെന്നും അതാണ് തടഞ്ഞ് പരിശോധിച്ചതെന്നുമാണ് ഡിവൈഎസ്‌പി ബിജു പറയുന്നത്. ഇത് ശരിവയ്ക്കുന്ന വിഡിയോ ആണ് പുറത്തുവന്നത്. 'ഡബിൾ ബാരലി'ന് ശേഷം ലിജോ പെല്ലിശ്ശേരി സംവിധാനം ചെയ്ത 'അങ്കമാലി ഡയറീസി'ൽ 86 പുതുമുഖങ്ങളാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തീയറ്ററിൽ മികച്ച മുന്നേറ്റമാണ് ഈ ചിത്രം ഉണ്ടാക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP