Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരൂർ റെയിൽവെ സ്‌റ്റേഷനോട് നിരന്തരം അവഗണന; പുതിയ ട്രെയിനുകൾക്ക് മലപ്പുറം ജില്ലയിൽ സ്റ്റോപ്പ് അനുവദിക്കാനും മടി; കേന്ദ്ര നിലപാടിനെതിരെ വലിയ പ്രക്ഷോഭത്തിനൊരുങ്ങി എല്ലാ രാഷ്ട്രീയ പാർട്ടികളും ആക്ഷൻ കൗൺസിലും; മന്ത്രി നൽകിയ ഉറപ്പ് പാലിച്ചില്ലെങ്കിൽ സമരങ്ങൾക്ക് താൻതന്നെ നേതൃത്വം നൽകുമെന്ന് എംപി ഇ ടി മുഹമ്മദ് ബഷീർ

തിരൂർ റെയിൽവെ സ്‌റ്റേഷനോട് നിരന്തരം അവഗണന; പുതിയ ട്രെയിനുകൾക്ക് മലപ്പുറം ജില്ലയിൽ സ്റ്റോപ്പ് അനുവദിക്കാനും മടി; കേന്ദ്ര നിലപാടിനെതിരെ വലിയ പ്രക്ഷോഭത്തിനൊരുങ്ങി എല്ലാ രാഷ്ട്രീയ പാർട്ടികളും ആക്ഷൻ കൗൺസിലും; മന്ത്രി നൽകിയ ഉറപ്പ് പാലിച്ചില്ലെങ്കിൽ സമരങ്ങൾക്ക് താൻതന്നെ നേതൃത്വം നൽകുമെന്ന് എംപി ഇ ടി മുഹമ്മദ് ബഷീർ

എം പി റാഫി

മലപ്പുറം: മലപ്പുറം ജില്ലയോടുള്ള റെയിൽവേ വകുപ്പിന്റെ അവഗണനക്കെതിരെ ജനകീയ പ്രക്ഷോഭങ്ങൾ ആർത്തിരമ്പിയിട്ടും കണ്ടില്ലെന്ന് നടിച്ച് കേന്ദ്ര സർക്കാർ. ചരിത്രവും കാലപ്പഴക്കവുമുള്ള മലബാറിലെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനായ തിരൂരിൽ ദീർഘദൂര ട്രെയിനുകൾ പലതിനും ഇന്നും സ്റ്റോപ്പില്ലാത്ത സ്ഥിതിയാണ്.

കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്നതും റെയിൽവേക്ക് ഉയർന്ന വരുമാനം ലഭിക്കുന്ന സ്റ്റേഷനുമാണ് തിരൂർ. എന്നാൽ മലപ്പുറം ജില്ലയിലെ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്ന തിരൂർ റെയിൽവേ സ്റ്റേഷനോടുള്ള അവഗണന തുടർന്നുകൊണ്ടിരിക്കുകയാണ് ഇപ്പോഴും.

1861-ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച കേരളത്തിലെ ആദ്യത്തെ റെയിൽപാത തിരൂർ മുതൽ ബേപ്പൂർ വരെ ആയിരുന്നു. അടുത്ത വർഷം തന്നെ തിരൂർ- കുറ്റിപ്പുറം പാതയും തുടങ്ങി. ഇന്നിത് ഷൊർണൂർ-മംഗലാപുരം പാതയിലെ ഒരു പ്രധാന സ്റ്റേഷനാണ്. 1921-ലെ സ്വാതന്ത്ര്യ സമര കാലത്ത് നടന്ന വാഗൺ ദുരന്തത്തിന്റെ ഓർമ്മ നിലകൊള്ളുന്നതും തിരൂർ റെയിൽവേ സ്റ്റേഷനിലും പരിസരത്തുമാണ്. രാജ്യത്തിനകത്തേക്കും പുറത്തേക്കും വെറ്റിലയുടെ കയറ്റുമതി നടത്തിയിരുന്ന വ്യാപാരകേന്ദ്രങ്ങളിൽ പ്രമുഖമാണ് തിരൂർ റെയിൽവേ സ്റ്റേഷൻ.

ചരിത്രങ്ങൾ നിരവധിയുണ്ടെങ്കിലും മലപ്പുറത്തുകാരോടും തിരൂർ റെയിൽവേ സ്റ്റേഷനോടുമുള്ള അവഗണന തുടർന്നു കൊണ്ടേയിരിക്കുകയാണ്. ഏറ്റവും ഒടുവിൽ കഴിഞ്ഞ മാസം കൊച്ചുവേളി - മംഗലാപുരം അന്ത്യോദയ എക്സ്പ്രസ് സർവീസ് ആരംഭിച്ചെങ്കിലും ഏറ്റവും കൂടുതൽ ജനസംഖ്യയും യാത്രക്കാരുമുള്ള മലപ്പുറം ജില്ലയിൽ ഒരു സ്റ്റോപ്പും അനുവദിച്ചില്ല. ടിക്കറ്റ് ബുക്ക് ചെയ്യാതെ, സീറ്റുണ്ടെങ്കിൽ ടിക്കറ്റെടുത്ത് കയറാവുന്ന രീതിയാണ് അന്ത്യോദയ എക്സ്പ്രസിൽ.

കൊച്ചുവേളിയിൽ നിന്ന് ആലപ്പുഴ വഴി പോകുന്ന ട്രെയിൻ 12 മണിക്കൂറിൽ താഴെ സമയത്തിനുള്ളിൽ മംഗലാപുരത്തെത്തുകയും ചെയ്യും. സാധാരണക്കാർക്ക് ഏറെ ഗുണം ചെയ്യുന്ന അന്ത്യോദയക്ക് പക്ഷേ, തിരൂരിൽ സ്റ്റോപ്പില്ലെന്നറിഞ്ഞതോടെ വിവിധ സമര പ്രക്ഷോഭങ്ങളുമായി പാർട്ടികളും ജനകീയ കൂട്ടായ്മകളും രംഗത്തെത്തുകയായിരുന്നു.

ഇപ്പോൾ സമരങ്ങൾക്ക് ചൂടുപിടിച്ചിരിക്കുകയാണ്. ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും വിഷയം ഏറ്റെടുത്തിട്ടുണ്ട്. പക്ഷേ, കേന്ദ്രം പച്ചക്കൊടി വീശിയിട്ടില്ല. ലക്ഷ്യം നേടുന്നതോടൊപ്പം സമരങ്ങൾ രാഷ്ട്രീയ നേട്ടങ്ങൾ കൂടിയാണ്. അന്ത്യോദയക്ക് ആദ്യം സ്റ്റോപ്പില്ലാതിരുന്ന ആലപ്പുഴയിലും കാസർകോടും സ്റ്റോപ്പ് അനുവദിച്ചിട്ടും മലപ്പുറത്തോട് വിവേചനം തുടരുകയാണ്.

അന്ത്യോദയ എക്സ്പ്രസ്സ് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തതിനെ കുറിച്ച് സ്ഥലം എംപി കൂടിയായ ഇ.ടി. മുഹമ്മദ് ബഷീർ കഴിഞ്ഞ ദിവസം റയിൽവേ വകുപ്പ് മന്ത്രി പിയൂഷ് ഗോയലുമായും റയിൽവേ ബോഡ് ചെയർമാനടക്കമുള്ള ഉദ്യോഗസ്ഥരുമായും വിശദമായി ചർച്ച നടത്തിയിരുന്നു. കേരളത്തിൽ ഏറ്റവുമധികം ജനവാസമുള്ള മലപ്പുറം ജില്ലയിലെ സുപ്രധാന സ്റ്റേഷനായ തിരൂരിൽ വണ്ടിക്ക് സ്റ്റോപ്പനുവദിക്കാതിരുന്നത് കടുത്ത വിവേചനമാണെന്ന് എംപി ചൂണ്ടിക്കാട്ടിയിരുന്നു. ഇത് സംബന്ധിച്ച് എംപി പ്രകടിപ്പിച്ച വികാരങ്ങൾ കണക്കിലെടുത്തു അനുകൂലമായ തീരുമാനം ഉടനെ കൈകൊള്ളുമെന്ന് മന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച ഫയൽ തയ്യാറാക്കി ഉടനെ സമർപ്പിക്കാൻ യോഗത്തിൽ സന്നിഹിതനായിരുന്ന എക്സിക്യൂട്ടീവ് ഡയറക്ടർ നരേന്ദ്ര പാട്ടീലിന് മന്ത്രി നിർദ്ദേശം നൽകുകയും ചെയ്തു.

മന്ത്രി ഉറപ്പ് പാലിച്ചില്ലെങ്കിൽ ജനകീയ പ്രക്ഷോഭത്തിന് താൻ നേതൃത്വം നൽകുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. സി പി എം, മുസ്ലിം ലീഗ്, കോൺഗ്രസ്, വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ തുടങ്ങിയ പാർട്ടികൾക്കു പുറമെ യാത്രക്കാരുടേയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ റയിൽവേ ആക്ഷൻ കൗൺസിലും സമരരംഗത്തുണ്ട്. സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടോട്ടിയിലെ അബ്ദുൽ മജീദ് വടിക്കാക്കയുടെ നേതൃത്വത്തിൽ ഒറ്റയാൾ സത്യാഗ്രവും നടത്തിയിരുന്നു. സ്റ്റോപ്പ് അനുവദിക്കാത്ത മുറയ്ക്ക് ഈ മാസം 15 മുതൽ സത്യാഗ്രഹവും ഓഗസ്റ്റ് ഒന്നു മുതൽ അനിശ്ചിതകാല നിരാഹാര സമരവും നടത്താൻ ആഹ്വാനം ചെയ്തിരിക്കുകയാണ് റയിൽവേ ആക്ഷൻ കൗൺസിൽ. ജൂലൈ 16 മുതൽ റയിൽവെ ഡിവിഷണൽ ഓഫീസിനു മുന്നിൽ ജനപ്രതിനിധികളുടെ ഉപവാസം മുസ്ലിം ലീഗും ആഹ്വാനം ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP