Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എല്ലാ ബി. ജെ.പി എംപിമാരും ഒരു കോടി കൊറോണ പ്രതിരോധ ഫണ്ടായി വകമാറ്റണമെന്ന് ആഹ്വാനം ചെയ്ത് ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ; ദുരിതാശ്വാസ നിധിയിലേക്ക് 52 ലക്ഷം രൂപ സഹായ വാഗ്ദാനം നൽകി സുരേഷ് റെയ്‌നയും 50 ലക്ഷം നൽകി സച്ചിൻ തെൻഡുൽക്കറും; ബംഗാളിലെ ദുരിതഭൂമിയിൽ 50 ലക്ഷം രൂപയുടെ അവശ്യസാധനങ്ങൾ എത്തിച്ച് സൗരവ് ഗാംഗുലി; 1,500 കോടിയുടെ സഹായവുമായി രത്തൻ ടാറ്റായും; കൊറോണയെ അതിജീവിക്കാൻ സഹായവുമായി രാജ്യത്തെ പ്രമുഖരും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി രാജ്യം മുന്നോട്ട് പോകുമ്പോൾ സഹായ ഹസ്തതവുമായി രാഷ്ട്രീയ സാംസ്‌കാരിക കായിക രംഗത്തെ പ്രമുഖരും രംഗത്ത്. ലോകം കീഴടക്കിയ മഹാമാരിയിൽ 20 ലധികം പേർ മരണപ്പെട്ടപ്പോൾ ധനസഹായവുമായും ആവശ്യസാധനങ്ങൾ വാഗ്ദാനം നൽകിയുമാണ് നിരവധി പേർ രംഗത്തെത്തിയിരിക്കുന്നത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി എല്ലാ ബിജെപി എംപിമാരും എംപി ഫണ്ടിൽനിന്ന് ഒരുകോടി രൂപ കേന്ദ്ര ദുരതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ ആഹ്വാനം നൽകിയിരിക്കുന്നത്.

ട്വിറ്ററിലൂടെയാണ് നഡ്ഡ ഇക്കാര്യം അറിയിച്ചത്. ബിജെപിയുടെ എല്ലാ എംപിമാരും എംഎൽഎമാരും ഒരുമാസത്തെ ശമ്പളം കേന്ദ്ര ദുരിതാശ്വാസ നിധിയിലേക്ക് സംഭാവ നൽകുമെന്നും ജെപി നഡ്ഡ വ്യക്തമാക്കി.ലോക്സഭയിലും രാജ്യസഭയിലുമായി 386 എംപിമാരാണ് നിലവിൽ ബിജെപിക്കുള്ളത്. ഓരോ വർഷവും പ്രാദേശിക വികസന പദ്ധതിക്കായി അഞ്ച് കോടി രൂപയാണ് എംപിമാർക്ക് വിനിയോഗിക്കാൻ സാധിക്കുക. ഇതിൽനിന്നാണ് ഒരുകോടി രൂപ കേന്ദ്ര ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുക.

കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം 873 പേർക്കാണ് നിലവിൽ ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചത്. 20 പേർ മരണപ്പെടുകയും ചെയ്തു.കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചും 52 ലക്ഷം രൂപ സംഭാവന നൽകിയും ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന രംഗത്ത്. ഇന്ത്യൻ കായികതാരങ്ങളിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സംഭാവനയാണ് റെയ്‌നയുടേത്. കഴിഞ്ഞ ദിവസം സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ 50 ലക്ഷം രൂപ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് സംഭാവന നൽകിയിരുന്നു. 52 ലക്ഷം രൂപ സംഭാവന നൽകുന്ന കാര്യം റെയ്‌ന തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

റെയ്‌നയുടെ 52 ലക്ഷം രൂപ സംഭാവനയിൽ 31 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ 'കെയേഴ്‌സ് ഫണ്ടി'ലേക്കും ബാക്കി 21 ലക്ഷം രൂപ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് നൽകുക.'കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് കരുത്തുപകരാൻ നമ്മളെല്ലാവരും കഴിയാവുന്നതുപോലെ സഹായം ചെയ്യേണ്ട ഘട്ടമാണിത്. ഈ പോരാട്ടത്തിന് 52 ലക്ഷം രൂപ ഞാൻ സംഭാവന നൽകുന്നു. (ഇതിൽ 31 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്കും 21 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നൽകും). നിങ്ങളും കഴിയുന്ന സഹായങ്ങൾ ഉറപ്പാക്കൂ. ജയ് ഹിന്ദ്' റെയ്‌ന ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യയ്ക്കായി 18 ടെസ്റ്റും 226 ഏകദിനങ്ങളും 78 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള റെയ്‌ന, നിലവിൽ ഇന്ത്യൻ ജഴ്‌സിയിൽ പതിവുമുഖമല്ല. അതേസമയം, ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ അന്തിമ ഇലവനിൽ സ്ഥിരാംഗമായ റെയ്‌ന ഇത്തവണത്തെ സീസണിനു മുന്നോടിയായി ചെന്നൈയിലെത്തി പരിശീലനം ആരംഭിച്ചിരുന്നു. എന്നാൽ കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ഐപിഎൽ നീട്ടിവയ്ക്കുകയും ക്യാംപ് നിർത്തുകയും ചെയ്തതോടെ നാട്ടിലേക്കു മടങ്ങി.

കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിൽ സാമ്പത്തിക സഹായവുമായി ഇതിനു മുൻപും താരങ്ങൾ രംഗത്തെത്തിയിരുന്നു. സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ 50 ലക്ഷം രൂപ പകുതി വീതം പ്രധാനമന്ത്രിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസനിധിയിലേക്ക് നൽകിയപ്പോൾ, ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ബംഗാളിലെ പാവപ്പെട്ട ജനങ്ങൾക്ക് 50 ലക്ഷം രൂപയുടെ അരി വിതരണം ചെയ്തു. ഇർഫാൻയൂസഫ് പഠാൻ സഹോദരന്മാർ 4000 മാസ്‌കുകളാണ് ബറോഡ പൊലീസിന്റെ സഹായത്തോടെ വിതരണം ചെയ്തത്.

ബാഡ്മിന്റൻ താരം പി.വി. സിന്ധു അഞ്ചു ലക്ഷം രൂപ വീതം തെലങ്കാന, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്കു നൽകി.ഇവർക്കു പുറമെ ഗുസ്തി താരം ബജ്‌റങ് പൂനിയ, അത്‌ലീറ്റ് ഹിമ ദാസ് എന്നിവർ യഥാക്രമം ആറു മാസത്തെയും ഒരു മാസത്തെയും ശമ്പളം സംഭാവ നൽകി. മുംബൈ ക്രിക്കറ്റ് അസോസിയേഷൻ 50 ലക്ഷം രൂപയും സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ 42 ലക്ഷം രൂപയുമാണ് വൈറസിനെതിരായ പോരാട്ടത്തിന് നൽകിയത്.

1500 കോടി സഹായവുമായി രത്തൻ ടാറ്റാ

രാജ്യത്ത് കോവിഡ് രോഗബാധ ചെറുക്കാനുള്ള നടപടികൾക്ക് 1,500 കോടി രൂപ വകയിരുത്തി ടാറ്റ ഗ്രൂപ്പുകൾ. 500 കോടി രൂപ ഇതിനായി വകയിരുത്തിയതായി ടാറ്റ ട്രസ്റ്റ്‌സ് ആണ് ആദ്യം അറിയിച്ചത്. തൊട്ടുപിന്നാലെ ടാറ്റ സൺസും 1,000 കോടി രൂപ വകയിരുത്തിയതോടെ ടാറ്റ ഗ്രൂപ്പിൽ നിന്ന് രാജ്യത്തെ കോവിഡ് പ്രതിരോധത്തിന് വകയിരുത്തിയ തുക 1,500 കോടിയായി.കൊറോണ വൈറസ് ബാധ പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരപ്പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് വ്യക്തിഗത സുരക്ഷാ സാമഗ്രികൾ, രോഗബാധിതർക്ക് സുഗമമായ ശ്വസനം ഉറപ്പാക്കുന്നതിനുള്ള ഉപകരണങ്ങൾ, കോവിഡ് രോഗം അതിവേഗം പരിശോധിക്കുന്നതിനുള്ള കിറ്റുകൾ, രോഗപരിചരണത്തിനുള്ള മോഡുലാർ ചികിൽസാ സൗകര്യങ്ങൾ തുടങ്ങിയവ ഒരുക്കുന്നതിനും പൊതുജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും ബോധവത്കരണവും പരിശീലനവും നൽകുന്നതിനുമാകും തുക വിനിയോഗിക്കുകയെന്ന് ടാറ്റ സൺസ് ചെയർമാൻ എമിരിറ്റസ് രത്തൻ ടാറ്റ അറിയിച്ചു.

മാനവരാശി നേരിടുന്ന വലിയ വെല്ലുവിളികളിൽ ഒന്നാണ് കോവിഡ് 19. രാജ്യം ആവശ്യം നേരിട്ടപ്പോഴൊക്കെ അതിനൊത്തുയർന്നു പ്രവർത്തിക്കാൻ ടാറ്റ ട്രസ്റ്റ്‌സും ടാറ്റ ഗ്രൂപ്പും തയാറായിട്ടുണ്ട്. ഇത് എറ്റവും അത്യാവശ്യമായ സമയമാണെന്ന് തിരിച്ചറിയുന്നു. രത്തൻ ടാറ്റ ട്വിറ്ററിൽ കുറിച്ചു.ഈ ട്വീറ്റിനു പിന്നാലെ ടാറ്റ സൺസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ചെയർമാൻ എമിററ്റസിനും ടാറ്റ ട്രസ്റ്റുകൾക്കും ഒപ്പം കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ഗ്രൂപ്പിന്റെ മുഴുവൻ വൈദഗ്ധ്യവും ഉറപ്പാക്കും വിധം സഹകരിക്കുമെന്നും 1,000 കോടി രൂപ കൂടി വകയിരുത്തുമെന്നും അറിയിച്ചത്

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ശനിയാഴ്ച 194 പേർക്കാണ് രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം രാജ്യത്ത് 918 ആയി ഉയർന്നു. മരണസംഖ്യ 19 ആയി.25 ലക്ഷം രൂപ വിലയുള്ള നാല് വെന്റിലേറ്ററും എക്‌സറേ യൂണിറ്റുകളും കാസര്ഡകോട് ജില്ലയ്ക്ക് വാഗ്ദാനം നൽകിയാണ് സുരേഷ് ഗോപി എം.പയും രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP