Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

ഡൽഹിയിലെ ബന്ധങ്ങളുടെ പേരിൽ യൂത്ത് കോൺഗ്രസ് നിയമ വിഭാഗം മേധാവിയായി; രാഹുലിന്റെ ഇഷ്ടക്കാരനായി സീറ്റ് ഉറപ്പിക്കുമെന്ന് കരുതിയിരിക്കെ ക്രിസ്റ്റ്യൻ മിഷേലിന്റെ കേസ് എടുത്തത് പുലിവാലായി; അഗസ്റ്റാ വെസ്റ്റ്‌ലാൻഡ് വിവാദത്തിൽ അറസ്റ്റിലായ ബ്രിട്ടീഷ് വ്യവസായിയുടെ വക്കാലത്ത് എടുത്തതിന് പിന്നാലെ ആൽജോ കെ ജോസഫിന് നഷ്ടമായത് കഷ്ടപ്പെട്ട് നേടിയ യൂത്ത് കോൺഗ്രസ് പദവി; യൂത്ത് കോൺഗ്രസ് നേതാവിന്റെ ഇടപെടൽ മുതലെടുത്ത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കി ബിജെപിയും

ഡൽഹിയിലെ ബന്ധങ്ങളുടെ പേരിൽ യൂത്ത് കോൺഗ്രസ് നിയമ വിഭാഗം മേധാവിയായി; രാഹുലിന്റെ ഇഷ്ടക്കാരനായി സീറ്റ് ഉറപ്പിക്കുമെന്ന് കരുതിയിരിക്കെ ക്രിസ്റ്റ്യൻ മിഷേലിന്റെ കേസ് എടുത്തത് പുലിവാലായി; അഗസ്റ്റാ വെസ്റ്റ്‌ലാൻഡ് വിവാദത്തിൽ അറസ്റ്റിലായ ബ്രിട്ടീഷ് വ്യവസായിയുടെ വക്കാലത്ത് എടുത്തതിന് പിന്നാലെ ആൽജോ കെ ജോസഫിന് നഷ്ടമായത് കഷ്ടപ്പെട്ട് നേടിയ യൂത്ത് കോൺഗ്രസ് പദവി; യൂത്ത് കോൺഗ്രസ് നേതാവിന്റെ ഇടപെടൽ മുതലെടുത്ത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കി ബിജെപിയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അഗസ്റ്റാ വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്റർ ഇടപാട് കേസിൽ ഇടനിലക്കാരൻ ക്രിസ്റ്റിൻ മിഷേലിനു വേണ്ടി കോടതിയിൽ ഹാജരായ യൂത്ത് കോൺഗ്രസ് നേതാവ് ആൽജോ കെ ജോസഫ് കോൺഗ്രസിന് ഉണ്ടാക്കിയത് തീരാ തലവേദന. ഇതോടെയാണ് മലയാളി അഭിഭാഷകനെ കോൺഗ്രസ് തള്ളി പറഞ്ഞത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായിരുന്നു ആൽജോ കെ ജോസഫ്. തീർത്തും അപ്രതീക്ഷിതമായാണ് ആൽജോയെ രാഹുൽ യൂത്ത് കോൺഗ്രസിന്റെ നിർണ്ണായക ചുമതലയിൽ നിയോഗിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മധ്യ കേരളത്തിൽ കോൺഗ്രസിന്റെ അപ്രതീക്ഷിത മുഖമായി ഹൈക്കമാണ്ട് അവതരിപ്പിക്കാൻ മനസ്സിൽ കണ്ട് വ്യക്തികൂടിയായിരുന്നു ആൽജോ. ലോക്‌സഭയിൽ സീറ്റ് കിട്ടിയില്ലെങ്കിൽ നിയമസഭയിൽ സുരക്ഷിത മണ്ഡലം ഉറപ്പാക്കുമെന്ന് ഏവരും കരുതിയ യുവവ്യക്തിത്വമായിരുന്നു ആൽജോ. ക്രിസ്റ്റിൻ മിഷേലിനു വേണ്ടി കോടതിയിൽ ഹാജരായതോടെ ഈ പ്രതീക്ഷകളാണ് തകരുന്നത്.

വിവാദത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് നിയമ വിഭാഗം മേധാവിയും മലയാളിയുമായ അഭിഭാഷകൻ ആൽജോ കെ.ജോസഫിനെ പാർട്ടി കൈവിട്ടു്. യൂത്ത് കോൺഗ്രസിന്റെ അനുമതിയില്ലാതെ സ്വന്തം നിലയിലാണ് ആൽജോ ഹാജരായതെന്നും പാർട്ടിയിൽനിന്നു പുറത്താക്കിയതായും എഐസിസി ജോയിന്റ് സെക്രട്ടറി കൃഷ്ണ അല്ലവരു അറിയിച്ചു. ആൽജോ ഹാജരായത് കോൺഗ്രസിനും രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവർക്കുമെതിരായ രാഷ്ട്രീയ ആയുധമായി ബിജെപി മാറ്റിയിരുന്നു. മിഷേലുമായി കോൺഗ്രസിനുള്ള ബന്ധം വ്യക്തമാക്കുന്നതാണ് ആൽജോയുടെ ഇടപെടലെന്നും ബിജെപി ആരോപിച്ചു. ഈ സാഹചര്യത്തിലാണ് വിശ്വസ്തനെ കൈവിടുന്നത്. അഗസ്റ്റാ വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്റർ ഇടപാട് കേസ് നിലനിൽക്കുന്നിടത്തോളം ആൽജോയ്ക്ക് പാർട്ടിയുമായി സഹകരിക്കൽ അത്ര എളുപ്പമാകില്ല.

Stories you may Like

ഡൽഹിയിലെ ബന്ധങ്ങളിലൂടെയാണ് ആൽജോ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ വിശ്വസ്തനാകുന്നത്. സുപ്രീംകോടതി അഭിഭാഷകനെന്ന നിലയിൽ ചുരുങ്ങിയ കാലം കൊണ്ട് പേരെടുത്തു. സൗമ്യ വധക്കേസിൽ ഗോവിന്ദചാമിയ്‌ക്കെതിരെ ഹാജരായത് ആൽജോയായിരുന്നു. പുനപരിശോധനാ ഹർജിയിലും വാദങ്ങളുമായെത്തി. കപിൽ സിബൽ, മനു അഭിഷേക് സിങ്വി തുടങ്ങിയവരുടെ വിശ്വസ്തനായിരുന്നു ഈ യുവ അഭിഭാഷകൻ. ഇങ്ങനെയാണ് കോൺഗ്രസിന്റെ നിയമോപദേശകരിൽ പ്രധാനിയായി മാറിയത്. മധ്യപ്രദേശിലും രാജസ്ഥാനിലും തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ വൻക്രമക്കേടെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കളായ കമൽനാഥും സച്ചിൻ പൈലറ്റും നൽകിയ ഹരജിയിൽ സുപ്രീകോടതിയിൽ എത്തിയ അഭിഭാഷകരുടെ കൂട്ടത്തിലും ഈ മലയാളിയുണ്ടായിരുന്നു. ഈ കേസിൽ ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടാകുന്ന വിധിയും വന്നു. ഇത്തരം ഇടപെടലുകളിലൂടെയാണ് കോൺഗ്രസിന്റെ സുപ്രീംകോടതിയിലെ പ്രധാനമുഖമായി ആൽജോ മാറിയത്.

ആൽജോക്കു പുറമെ മലയാളി അഭിഭാഷകരായ വിഷ്ണു ശങ്കർ, ശ്രീറാം പറക്കാട്ട് എന്നിവരാണു മിഷേലിനുവേണ്ടി സിബിഐ പ്രത്യേക കോടതിയിൽ ഹാജരായത്. ദുബായ് കോടതിയിൽ മിഷേലിനെ പ്രതിനിധീകരിച്ച നിയമസംഘമാണു തന്നെ കേസ് ഏൽപിച്ചതെന്നും തന്റെ രാഷ്ട്രീയവുമായി ജോലിയെ കൂട്ടിയിണക്കേണ്ടെന്നും ആൽജോ പറഞ്ഞു. എന്നാൽ, കേസ് നടപടികൾക്കു മുമ്പ് കോൺഗ്രസ് ആസ്ഥാനത്തെത്തിയ ആൽജോ പാർട്ടി ജനറൽ സെക്രട്ടറി ദീപക് ബാബറിയയെ കണ്ടതു വിവാദമായി. നിയമസഭ, ലോക്‌സഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ, കോൺഗ്രസിന്റെ പ്രതിച്ഛായ മോശമാക്കുന്ന കേസുകളിൽ ഹാജരാകരുതെന്നു പാർട്ടി അംഗങ്ങളായ അഭിഭാഷകർക്കു ദേശീയ നേതൃത്വം മുൻപു നിർദ്ദേശം നൽകിയിരുന്നു. ഇത് ആൽജോ ലംഘിച്ചതാണ് പാർട്ടിയെ ചൊടുപ്പിച്ചത്. ഈ സാഹചര്യത്തിലാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.

യൂത്ത് കോൺഗ്രസിന്റെ നിയമ വകുപ്പ് ചുമതല ആൽജോ കെ. ജോസഫിന് ഹൈക്കമാണ്ട് നൽകിയത് ഈ വർഷം ജൂലൈയിലാണ്. ഇതോടെ എഐസിസി അസ്ഥാനത്തെ പ്രമുഖ മലയാളി മുഖമായി ആൽജോ മാറി. നിയമപരമായ ഇടപെടലുകളിലൂടെ രാഹുലിന്റെ വിശ്വസ്തനായി മാറുകയും ചെയ്തു. ഇതോടെ കേരളത്തിലെ സംഘടനാ കാര്യങ്ങളിൽ പോലും ആൽജോ അഭിപ്രായം പറയുന്ന അവസ്ഥ വന്നു. യൂത്ത് കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട വിഷയത്തിലെ നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്തു. കേരളത്തിലെ നേതാക്കളിൽ നിന്ന് അകലം പാലിച്ച് ഹൈക്കമാണ്ടിനോട് ചേർന്ന് നിൽക്കുന്ന ആൽജോയെ കേരളത്തിലെ ഗ്രൂപ്പ് മാനജർമാരും ഭീതിയോടെ കണ്ടു. തെരഞ്ഞെടുപ്പുകളിൽ ഡൽഹിയിൽ നിന്ന് പറന്നിറങ്ങാൻ സാധ്യതയുള്ള മുഖമായി ആൽജോ മാറി. ഇതെല്ലാം തൽകാലത്തേക്ക് എങ്കിലും മാറുകയാണ്. ഇനി ആൽജോയ്ക്ക് കുറച്ചു കാലത്തേക്ക് എഐസിസി ഓഫീസിൽ പോകാനാകില്ല.

സുപ്രീംകോടതിയിൽ ഹാജരാകുന്നതിന് മുമ്പ് ആൽജോ ജോസഫ് കോൺഗ്രസ് ആസ്ഥാനത്ത് പാർട്ടി ജനറൽ സെക്രട്ടറി ദീപക് ബാബരിയയുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇത് വിവാദമായതോടെയാണ് പാർട്ടി നടപടി. ഹെലികോപ്റ്റർ വാങ്ങാനുള്ള ഇടപാടിൽ സോണിയാ ഗാന്ധിയുടെ കുടുംബവും കോഴ കൈപ്പറ്റിയെന്നാണ് ബിജെപിയുടെ ആരോപണം. അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഇടപാടിലെ ഇടനിലക്കാരനായിരുന്നു ക്രിസ്ത്യൻ മിഷേൽ. ക്രിസ്ത്യൻ മിഷേലിനെ 5 ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ദുബായിൽ നിന്ന് ക്രിസ്ത്യൻ മിഷേലിനെ ഡൽഹിയിൽ എത്തിച്ചത്. ദുബായിൽ വച്ച് ഇന്റർപോൾ അറസ്റ്റ് ചെയ്ത മിഷേൽ ജയിലിലായിരുന്നു. ഡൽഹി സിബിഐ കോടതിയാണ് ക്രിസ്ത്യൻ മിഷേലിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്.

അഹമ്മദ് പട്ടേലുമായി അടുത്ത ബന്ധമാണ് ആൽജോയ്ക്ക് ഉണ്ടായിരുന്നത്. സോണിയാ ഗാന്ധിയുടെ അതി വിശ്വസ്തനായ അഹമ്മദ് പട്ടേലുമായുള്ള അടുപ്പമാണ് യൂത്ത് കോൺഗ്രസിന്റെ ദേശീയ നേതൃനിരയിലേക്ക് ആൽജോയെ എത്തിച്ചത്. ഹൈക്കമാണ്ടിന് വേണ്ടി യൂത്ത് കോൺഗ്രസിൽ കാര്യങ്ങൾ നോക്കി നടത്തുന്ന നേതാവായി അതിവേഗം ആൽജോ മാറി. ഇടപെടലുകൾക്ക് കൂടുതൽ കരുത്ത് നൽകാനാണ് യൂത്ത് കോൺഗ്രസിന്റെ നിയമ വിഭാഗം ആൽജോയെ ഏൽപ്പിച്ചത്. ഇതോടെ യൂത്ത് കോൺഗ്രസിലെ എല്ലാ ഇടപാടുകളും ആൽജോ അറിയുന്ന അവസ്ഥയെത്തി. ഇതോടെയാണ് ദേശീയ രാഷ്ട്രീയത്തിലെ ഭാവി മുഖമായി ആൽജോ മാറുമെന്ന വിലയിരുത്തൽ എത്തിയത്. ഇതിനിടെയാണ് ലോകം മുഴുവൻ ശ്രദ്ധിക്കുന്ന കേസിൽ അഭിഭാഷക കുപ്പായവുമിട്ട് ആൽജോ കോടതിയിൽ എത്തിയതും അത് ബിജെപി വിവാദമാക്കിയതും.

തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ കേസുകളിൽ എല്ലാം ആൽജോ നിരീക്ഷകനായിരുന്നു. മധ്യപ്രദേശിലേയും രാജസ്ഥാനിലേയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനുള്ള കേന്ദ്ര സംഘത്തിലും കോൺഗ്രസ് ആൽജോയെ ഉൾപ്പെടുത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP