Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജില്ലാ കളക്ടർക്ക് 10,60,200 രൂപയുടെ ചെക്ക് നൽകാൻ സന്നദ്ധമായി ആലപ്പുഴ ഡി.സി.സി; ഡിസിസിയുടെ അക്കൗണ്ടിൽ 3,86,000 രൂപയേ ഉള്ളൂവെന്ന് വ്യാജപോസ്റ്റും ; വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടിയുമായി ഡി.സി.സി പ്രസിഡന്റ് എം.ലിജു; ആലപ്പുഴ ഡി.സി.സിയുടെ ബാങ്ക് ബാലൻസിനെ ചൊല്ലി സൈബറിടത്തിൽ ഏറ്റുമുട്ടലും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ജില്ലാ കളക്ടർക്ക് പത്തുലക്ഷത്തിന്റെ ചെക്ക് നൽകാനെത്തിയ ആലപ്പുഴ ഡിസിസി നേതൃത്വത്തിന്റെ അക്കൗണ്ടിൽ 3,86,000 രൂപയേ ഉള്ളൂവെന്ന് ഫേസ്‌ബുക്ക് പോസ്റ്റ്. ബീന സണ്ണിയെന്ന ഉപയോക്താവാണ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. മെയ് 5 ന് ഡിസിസി പ്രസിഡന്റ് അഡ്വ. എം ലിജു ആലപ്പുഴ ജില്ലാ കളക്ടർക്ക് 10,60,200 രൂപയുടെ ചെക്കാണ് നൽകിയത്. എന്നാൽ സർക്കാർ അനുമതിയില്ലാത്തതിനാൽ സ്വീകരിക്കാനാകില്ലെന്ന് പറഞ്ഞ് ജില്ലാ കളക്ടർ നിരസിക്കുകയും ചെയ്തു. എന്നാൽ 05.05.2020 ന് ഇത്രയും തുക ഡിസിസിക്ക് കാത്തലിക് സിറിയൻ ബാങ്കിന്റെ ആലപ്പുഴ മുല്ലക്കൽ ശാഖയിലെ അക്കൗണ്ടിൽ ഇല്ലെന്ന് ബീന സണ്ണി പോസ്റ്റിടുകയായിരുന്നു. എന്നാൽ മെയ് 5 നും അതിന് മുൻപും ഇപ്പോഴും ചെക്കിലെഴുതിയ തുകയേക്കാൾ അക്കൗണ്ടിലുണ്ടെന്ന് ലിജു പ്രതികരിക്കുന്നത്. വ്യാജ പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബീന സണ്ണിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

ചെക്ക് ഡേറ്റായ 05-05-2020ന് കാത്തലിക് സിറിയൻ ബാങ്കിന്റെ ആലപ്പുഴ മുല്ലക്കൽ ശാഖയിലെ അക്കൗണ്ട് നമ്പർ 000104047396195001 എന്ന ഈ അക്കൗണ്ട് ഹോൾഡറുടെ അക്കൗണ്ടിൽ ലഭ്യമായ ലഡ്ജർ ബാലൻസ് 3,86,000 ആണ്.ചെക്ക് എഴുതിയിരിക്കുന്നത് 10,60,200 രൂപക്കും.ബാക്കി ഒന്നും ഞാൻ പറയുന്നില്ല.

അഡ്വ. എം ലിജുവിന്റെ മറുപടി;-

ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് കാത്തലിക് സിറിയൻ ബാങ്കിന്റെ ആലപ്പുഴ മുല്ലക്കൽ ശാഖയിലെ 000104047396195001 നമ്പറിലുള്ള അക്കൗണ്ടിൽ മെയ് 5 നും അതിന് മുൻപും ഇപ്പോഴും 10,60,200 രൂപയിൽ അധികം ബാലൻസുണ്ട്. വ്യാജ പ്രചരണമാണ് ബീന സണ്ണിയെന്ന പേരിലുള്ള ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുന്നത്. ഈ അക്കൗണ്ട് വ്യാജമാണെന്നും സംശയിക്കുന്നു. എന്തായാലും വ്യാജ പ്രചറണത്തിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് സൈബർ നിയമങ്ങൾ പ്രകാരം പരാതി നൽകും. വ്യാജപ്രചരണത്തിന് അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബാങ്ക് അധികൃതരും അറിയിച്ചിട്ടുണ്ട്. അവരുടെ ലഡ്ജറിൽ അങ്ങനെയല്ലാതിരിക്കുമ്പോൾ ഇത്തരമൊരു പ്രചരണം നടത്തുന്ന സാഹചര്യത്തിലാണ് ബാങ്ക് നിയമനടപടി സ്വീകരിക്കുന്നത്.

10,60,200 രൂപയേക്കാൾ വളരെ കൂടുതലുള്ളതുകൊണ്ടുതന്നെയാണ് അത്രയും തുക ഉത്തരവാദിത്വത്തോടെ ചെക്കിലെഴുതിയത്. കാരണം ചെക്ക് മടങ്ങുകയെന്നാൽ കുറ്റകരമാണ്. കൂടാതെ കുറഞ്ഞ പൈസയാണ് ഉള്ളതെന്നിരിക്കെ വലിയ തുകയെഴുതുകയെന്നത് ശരിയായ നടപടിയുമല്ലല്ലോ. ആലപ്പുഴയിൽ നിന്ന് ബിഹാറിലേക്ക് പോകാനുള്ള യാത്രക്കൂലിയായി ഒരാൾക്ക് 930 രൂപ നിരക്കിൽ 1140 തൊഴിലാളികൾക്കായാണ് 10,60,200 രൂപ നീക്കിവെച്ചത്. അഞ്ചാം തിയ്യതിയിലെ സ്റ്റേറ്റ്മെന്റ് കാണിക്കൂവെന്നാണ് സൈബർ സഖാക്കൾ ഇപ്പോൾ പറയുന്നത്. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അക്കൗണ്ടിൽ എത്ര രൂപയുണ്ടെന്ന് സിപിഎമ്മിനെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. കൂടാതെ തനിക്ക് അത് വെളിപ്പെടുത്താൻ സാധിക്കുകയുമില്ല. കെപിസിസിയുടെ അനുമതി ആവശ്യമുള്ള കാര്യമാണ്. എങ്കിലും വ്യാജപ്രചരണം നടക്കുന്ന സാഹചര്യത്തിൽ പ്രസ്തുത തുകയേക്കാൾ കൂടുതൽ അക്കൗണ്ടിൽ ഉണ്ടെന്ന വിശദീകരണം ബാങ്കിന് ഇഷ്യൂ ചെയ്യാൻ സാധിക്കും. ബാങ്കിനോട് അത്തരമൊരു സ്റ്റേറ്റ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭ്യമായാൽ പുറത്തുവിടുമെന്നും ലിജു  പറഞ്ഞു.

നിർധനരായ ഇതരസംസ്ഥാന തൊഴിലാളികളുടെ ട്രെയിൻ യാത്രാ നിരക്ക് കോൺഗ്രസ് വഹിക്കുമെന്ന് പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു. പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾക്ക് ഇതുസംബന്ധിച്ച നിർദ്ദേശവും നൽകിയിരുന്നു. ഇതുപ്രകാരമാണ് തിരുവനന്തപുരം, ആലപ്പുഴ,എറണാകുളം, കണ്ണൂർ എന്നീ ഡിസിസി നേതൃത്വങ്ങൾ അതത് ജില്ലാ കളക്ടർമാർക്ക് കഴിഞ്ഞ ദിവസം ചെക്ക് നൽകാനെത്തിയത്. സ്വീകരിക്കാൻ സർക്കാർ നിർദ്ദേശമില്ലാത്തതിനാൽ സാധിക്കില്ലെന്ന് പറഞ്ഞാണ് കളക്ടർമാർ നിരസിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP