Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

നാളെ നിന്നെ വിയ്യൂർ ജയിലിലേക്ക് കൊണ്ടു പോകും.... നിനക്കായി വസ്ത്രങ്ങൾ എടുത്തു വെക്കുമ്പോൾ നിന്റെ ചുവന്ന മുണ്ടുകൾ എന്നെ ഭയപ്പെടുത്തുന്നതു പോലെ! ഇനി വെള്ളമുണ്ടുകൾ മതിയല്ലെ? സഹോദരിയുടെ മകന്റെ റെഡ് വാളണ്ടിയർ ചിത്രവുമായി കണ്ണു നനയിപ്പിക്കുന്ന പോസ്റ്റുമായി സജിതാ മഠത്തിൽ; പന്തീരാങ്കാവിലെ അറസ്റ്റ് ജനാധിപത്യ അവകാശങ്ങളുടെ കവർന്നെടുക്കലെന്ന് സിപിഎം പ്രമേയം; യുഎപിഎ ചുമത്തൽ ധൃതി പിടിച്ചെന്നും കുറ്റപ്പെടുത്തൽ; അലന്റേയും താഹയുടേയും അറസ്റ്റിൽ പ്രതിഷേധം കത്തിപടരുമ്പോൾ

നാളെ നിന്നെ വിയ്യൂർ ജയിലിലേക്ക് കൊണ്ടു പോകും.... നിനക്കായി വസ്ത്രങ്ങൾ എടുത്തു വെക്കുമ്പോൾ നിന്റെ ചുവന്ന മുണ്ടുകൾ എന്നെ ഭയപ്പെടുത്തുന്നതു പോലെ! ഇനി വെള്ളമുണ്ടുകൾ മതിയല്ലെ? സഹോദരിയുടെ മകന്റെ റെഡ് വാളണ്ടിയർ ചിത്രവുമായി കണ്ണു നനയിപ്പിക്കുന്ന പോസ്റ്റുമായി സജിതാ മഠത്തിൽ; പന്തീരാങ്കാവിലെ അറസ്റ്റ് ജനാധിപത്യ അവകാശങ്ങളുടെ കവർന്നെടുക്കലെന്ന് സിപിഎം പ്രമേയം; യുഎപിഎ ചുമത്തൽ ധൃതി പിടിച്ചെന്നും കുറ്റപ്പെടുത്തൽ; അലന്റേയും താഹയുടേയും അറസ്റ്റിൽ പ്രതിഷേധം കത്തിപടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റിലായ അലൻ ഷുഹൈബിനായി നടി സജിതാ മഠത്തിലിന്റെ വികാരഭരിതമായ ഫേസ്‌ബുക്ക് പോസ്റ്റ്. അലൻ വാവേ, എന്നു സംബോധന ചെയ്തു തുടങ്ങുന്ന പോസ്റ്റിൽ പുസ്തകങ്ങൾപോലും തന്നെ ഭയപ്പെടുത്തുന്നതായി സജിത കുറിക്കുന്നു. കുട്ടിക്കാലത്ത് സിപിഎം വോളന്റിയറിന്റെ വേഷമണിഞ്ഞു നിൽക്കുന്ന അലന്റെ ചിത്രം പങ്കുവച്ചായിരുന്നു സജിതയുടെ ഫേസ്‌ബുക്ക് കുറിപ്പ്. അതിനിടെ സിപിഎമ്മും അറസ്റ്റിനെതിരെ രംഗത്ത് വരികയാണ്. കോഴിക്കോട് സൗത്ത് ഏര്യാ കമ്മറ്റി അലന്റേയും താഹയുടേയും അറസ്റ്റിൽ പ്രമേയം പാസാക്കി. ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കുന്ന നടപടിയെന്നാണ് കുറ്റപ്പെടുത്തൽ. ലഘുലേഖയോ നോട്ടീസോ കൈവശം വച്ചാൽ യുഎപിഎ ചുമത്താനാകില്ലെന്നും സിപിഎം പ്രമേയം പറയുന്നു. പന്തീരാങ്കാവിലെ യുഎപിഎ ചുമത്തൽ ധൃതിപിടിച്ചാണെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.

പാർട്ടിയിൽ അലയടിക്കുന്ന പ്രതിഷേധത്തിന് തെളിവാണ് ഇത്. സിപിഎം ജില്ലാ കമ്മറ്റിയും പൊലീസിനെതിരെ രംഗത്തു വന്നു കഴിഞ്ഞു. മാവോയിസ്റ്റ് ലഘുലേഖ സൂക്ഷിച്ചു എന്നാരോപിച്ച് പൊലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളുടെ വീട്ടിൽ നിന്ന് പിടിച്ചടുത്ത പുസ്തകങ്ങളിൽ സിപിഎം ഭരണഘടനയും ഉണ്ടായിരുന്നത്. പാലാട്ട് നഗറിലെ അലന്റെ വീട്ടിൽ നിന്നാണ് പാർട്ടി ഭരണഘടന പിടിച്ചെടുത്ത് നിരോധിത പുസ്തകമായി പൊലീസ് അവതരിപ്പിച്ചത്. റെയ്ഡിന് ശേഷം പിടിച്ചെടുത്ത വസ്തുക്കൾ പൊലീസ് നിരത്തിയപ്പോൾ സ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രാദേശിക നേതാക്കൾ അക്ഷരാർത്ഥത്തിൽ ഞെട്ടി. നിരോധിത പുസ്തകങ്ങളെന്ന് രേഖപ്പെടുത്താൻ വച്ചതിന്റെ കൂട്ടത്തിൽ നിന്ന് പൊലീസിനെക്കൊണ്ട് ഇത് തിരികെ വയ്‌പ്പിക്കുകയായിരുന്നു. നിരോധിക സംഘടനകളിൽ അംഗമായി, ആശയങ്ങൾ പ്രചരിപ്പിച്ചു തുടങ്ങിയ വകുപ്പുകളാണ് ചേർത്തിരിക്കുന്നത്. വിദ്യാർത്ഥികളെ പതിനാല് ദിവസത്തേക്ക് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി റിമാൻഡ് ചെയ്തു. ഇരുവരുടെയും ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.

പന്തീരാങ്കാവിൽ നടന്നത് യുഎപിഎ നിയമത്തിന്റെ ദുരുപയോഗമാണ്. ലഘുലേഖയോ നോട്ടീസോ കൈവശം വയ്ക്കുന്നത് യുഎപിഎ ചുമക്കത്തക്ക കുറ്റമല്ല. പൊലീസിന്റെ നടപടി ജനാധിപത്യ അവകാശങ്ങളെ കവർന്നെടുക്കുന്നതാണെന്നും പ്രമേയത്തിൽ പറയുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി ദാസൻ, സി.പി മുസഫർ അഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ഭരിക്കുന്ന പാർട്ടിയുടെ ഘടകം തന്നെ പൊലീസിനെതിരെ പ്രമേയം പാസാക്കുന്നത് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കും. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ തന്നെ ഇന്നലെ രംഗത്തെത്തിയിരുന്നു. കേസിന്റെ തുടക്കം തന്നെ യുഎപിഎ ചുമത്തുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ പ്രമേയം പാസാക്കിയതിലൂടെ പൊലീസിനെതിരായ പ്രതിഷേധം വീണ്ടും സിപിഎം കടുപ്പിച്ചു.

കോഴിക്കോട് പന്തീരാങ്കാവ് സ്വദേശികളായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായത്. ഇവർ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. അലൻ ഷുഹൈബ് സിപിഎം തിരുവണ്ണൂർ ബ്രാഞ്ച് കമ്മിറ്റി അംഗവും, താഹ പാറമ്മൽ ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. ഇവർ മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്തെന്നും, ലഘുലേഖകൾ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. അറസ്റ്റിലായ വിദ്യാർത്ഥികൾക്ക് എതിരെ പൊലീസ് ചുമത്തിയിരിക്കുന്നത് ജീവപര്യന്തം വരെ ലഭിക്കാൻ സാധ്യതയുള്ള കുറ്റങ്ങളാണ്. യുഎപിഎ 20, 38, 39 വകുപ്പുകളാണ് വിദ്യാർത്ഥികൾക്ക് എതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ഇതിൽ അലൻ സജിതാ മഠത്തിലിന്റെ സഹോദരി പുത്രനാണ്. വീട്ടിൽ തളം കെട്ടിനിൽക്കുന്ന ദുഃഖമാണ് ഫെയ്‌സ് ബുക്ക് പോസ്റ്റിൽ സജിതാ മഠത്തിൽ വിവരിക്കുന്നത്. ഇതും വൈറലാകുകയാണ്. അങ്ങനെ പൊലീസ് നടപടിയിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

അലൻ വാവേ, വല്യമ്മക്കും അമ്മക്കും ഉറക്കം വരുന്നില്ല. നിന്റെ നീളം ഒതുക്കാൻ തക്കവണ്ണം പണിയിച്ച കട്ടിലിൽ ഞങ്ങൾ നിശബ്ദരായി ഇരിക്കുകയാണ്. നിനക്കായി വസ്ത്രങ്ങൾ എടുത്തു വയ്ക്കുമ്പോൾ നിന്റെ ചുവന്ന മുണ്ടുകൾ എന്നെ ഭയപ്പെടുത്തുന്നതു പോലെ! ഇനി വെള്ളമുണ്ടുകൾ മതിയല്ലെ. രാത്രി പുസ്തകം വായിച്ചു ഉറങ്ങണ്ടെ ഏത് പുസ്തമാണ് ബാഗിൽ വെക്കേണ്ടത് അല്ലെങ്കിൽ നീ ഇനി ഒന്നും വായിക്കണ്ട! പുസ്തകം നിനക്ക് എത്തിക്കാൻ തന്നെ ഭയം തോന്നുന്നു. നമുക്കിനി രാഷ്ട്രീയ ചർച്ചകൾ നടത്തണ്ട വാവേ... നിയമം പഠിക്കാൻ റാങ്കുമായി പുറപ്പെട്ട നീയിനി, നിയമത്തിന്റെ കുരുക്കഴിച്ച്... അഴിച്ച്! ഇനി എത്ര നാൾ പെട്ടെന്ന് തിരിച്ച് വായോ!- അലന്റെ ബന്ധുകൂടിയായ സജിത ഫേസ്‌ബുക്കിൽ കുറിച്ചു.

അലന്റെ കുടുംബം വർഷങ്ങളായി സിപിഎം പ്രവർത്തകരാണ്. നടിയും സാമൂഹികപ്രവർത്തകയുമായ സജിത മഠത്തിലിന്റെ സഹോദരി സബിതയുടെയും പാർട്ടി മുൻ ബ്രാഞ്ച് സെക്രട്ടറിയും അനുഭാവിയുമായ ഷുഹൈബിന്റെയും മകനാണ് അലൻ. വടകര ഡയറ്റിലെ അദ്ധ്യാപികയായ സബിത സിപിഎം അനുകൂല അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ ജില്ല കമ്മിറ്റി അംഗമാണ്. സബിതയുടെ അമ്മ സാവിത്രി ടീച്ചർ മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെയുള്ള നേതാക്കൾക്ക് പരിചയമുള്ള പ്രവർത്തകയായിരുന്നു. സിപിഎം പതാക പുതച്ചാണ് സാവിത്രി ടീച്ചറുടെ മൃതദേഹം ചിതയിൽെവച്ചതെന്ന് സജിത മഠത്തിലിന്റെ ഭർത്താവ് റൂബിൻ ഡിക്രുസ് ഫേസ്‌ബുക്കിൽ കുറിച്ചു. അലന്റെ പിതാവായ ഷുഹൈബ് കുറ്റിച്ചിറയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. പിണറായി-വി എസ് ഗ്രൂപ് വഴക്കിന്റെ കാലത്ത് കടുത്ത പിണറായി പക്ഷക്കാരനായിരുന്നു ഷുഹൈബ്.

തർക്കം കഴിഞ്ഞപ്പോൾ പാർട്ടി അംഗത്വം ഉപേക്ഷിച്ചെങ്കിലും ഇപ്പോഴും പാർട്ടി അനുഭാവിയാണെന്ന് റൂബിൻ പറയുന്നു. കണ്ണൂർ സർവകലാശാലയുടെ തലശ്ശേരി പാലയാട് നട കാമ്പസിലെ സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ രണ്ടാം വർഷ എൽഎൽ.ബി വിദ്യാർത്ഥിയായ അലൻ എസ്.എഫ്.ഐയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. അദ്ധ്യാപകർക്കും ഏറെ പ്രിയപ്പെട്ട വിദ്യാർത്ഥിയാണ്. മനുഷ്യാവകാശലംഘനങ്ങൾക്കെതിരെ ഫേസ്‌ബുക്ക് വഴി സ്ഥിരമായി പ്രതികരിക്കാറുണ്ട്. ഡിവൈഎഫ്ഐ പ്രവർത്തകൻകൂടിയായ അലൻ കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ പന്നിയങ്കര മേഖല കമ്മിറ്റി സമ്മേളനത്തിലും പങ്കടുത്തിരുന്നു. പുതിയ ഭാരവാഹികൾക്ക് അഭിവാദ്യമർപ്പിച്ച് അലൻ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിട്ടുണ്ട്. ബാലസംഘം കല്ലായ് മേഖല സെക്രട്ടറി, കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി അംഗം എന്നീ പദവികൾ വഹിക്കുന്ന അലൻ എസ്.എഫ്.ഐ സൗത്ത് എരിയ കമ്മിറ്റി മുൻ അംഗമായിരുന്നു. ഒളവണ്ണക്കടുത്ത് പാറമ്മലിലെ സിപിഎം ബ്രാഞ്ച് അംഗമാണ് ത്വാഹ ഫസലെന്ന് സഹോദരൻ ഇജാസ് പറഞ്ഞു.

സജിതയുടെ ഫേസ്‌ബുക്ക് കുറിപ്പ്

അലൻ വാവേ

വല്യമ്മക്കും അമ്മക്കും ഉറക്കം വരുന്നില്ല.
നിന്റെ നീളം ഉതുക്കാൻ തക്കവണ്ണം പണിയിച്ച കട്ടിലിൽ ഞങ്ങൾ നിശ്ശബ്ദരായി ഇരിക്കുകയാണ്.
നിലത്ത് കിടന്നാൽ പുറംവേദന വരുമെന്ന് നീ പറയാറില്ലെ?

നാളെ നിന്നെ വിയ്യൂർ ജയിലിലേക്ക് കൊണ്ടു പോകും. നിനക്കായി വസ്ത്രങ്ങൾ എടുത്തു വെക്കുമ്പോൾ നിന്റെ ചുവന്ന മുണ്ടുകൾ എന്നെ ഭയപ്പെടുത്തുന്നതു പോലെ! ഇനി വെള്ളമുണ്ടുകൾ മതിയല്ലെ?

രാത്രി പുസ്തകം വായിച്ചു ഉറങ്ങണ്ടെ? ഏത് പുസ്തമാണ് ബാഗിൽ വെക്കേണ്ടത്? അല്ലെങ്കിൽ നീ ഇനി ഒന്നും വായിക്കണ്ട! പുസ്തകം നിനക്ക് എത്തിക്കാൻ തന്നെ ഭയം തോന്നുന്നു.

നമുക്കിനി രാഷ്ട്രീയ ചർച്ചകൾ നടത്തണ്ട വാവേ... നിയമം പഠിക്കാൻ റാങ്കുമായി പുറപ്പെട്ട നീയിനി, നിയമത്തിന്റെ കുരുക്കഴിച്ച്,, അഴിച്ച്! ഇനി എത്ര നാൾ?

പെട്ടെന്ന് തിരിച്ച് വായോ!

നിന്റെ കരുതലില്ലാതെ
അനാഥമായ ഞങ്ങൾ!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP