Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിപിഎം അനുഭാവികളുടെ വീട്ടിൽ പാർട്ടി കൊടി ഉണ്ടാവുന്നത് തെറ്റാണോ? ആ കൊടിയാണ് പൊലീസുകാർ തെളിവെന്നും പറഞ്ഞെടുത്തത്; 'ഇക്വിലാബ് സിന്ദാബാദ് മാവോയിസ്റ്റ് സിന്ദാബാദ്' എന്ന് താഹയെക്കൊണ്ട് വിളിപ്പിച്ചതായി അയൽവാസിയും; ഇങ്ങനെ വിളിക്കാൻ പൊലീസ് പറഞ്ഞതാണെന്ന് ഉമ്മയോട് മകൻ പറഞ്ഞത് കേട്ടെന്നും വെളിപ്പെടുത്തൽ; അലന്റേയും താഹയുടേയും യുഎപിഎ അറസ്റ്റിൽ നിറയുന്നത് ചതിക്കുഴികൾ; കേരളാ പൊലീസ് സിപിഎമ്മുകാരെ മാവോയിസ്റ്റുകളാക്കുമ്പോൾ

സിപിഎം അനുഭാവികളുടെ വീട്ടിൽ പാർട്ടി കൊടി ഉണ്ടാവുന്നത് തെറ്റാണോ? ആ കൊടിയാണ് പൊലീസുകാർ തെളിവെന്നും പറഞ്ഞെടുത്തത്; 'ഇക്വിലാബ് സിന്ദാബാദ് മാവോയിസ്റ്റ് സിന്ദാബാദ്' എന്ന് താഹയെക്കൊണ്ട് വിളിപ്പിച്ചതായി അയൽവാസിയും; ഇങ്ങനെ വിളിക്കാൻ പൊലീസ് പറഞ്ഞതാണെന്ന് ഉമ്മയോട് മകൻ പറഞ്ഞത് കേട്ടെന്നും വെളിപ്പെടുത്തൽ; അലന്റേയും താഹയുടേയും യുഎപിഎ അറസ്റ്റിൽ നിറയുന്നത് ചതിക്കുഴികൾ; കേരളാ പൊലീസ് സിപിഎമ്മുകാരെ മാവോയിസ്റ്റുകളാക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മാവോയിസ്റ്റ് എന്ന് പറഞ്ഞ് അലനേയും താഹയേയും പൊലീസ് അറസ്റ്റിലാകുമ്പോൾ വെട്ടിലാകുന്നത് പിണറായി പൊലീസ്. വലിയ ആരോപണങ്ങളാണ് പൊലീസിനെതിരെ ഉയരുന്നു. പൊലീസ് നിർബന്ധിപ്പിച്ച് താഹയെ കൊണ്ട് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിച്ചുവെന്ന് ആരോപിച്ച് താഹയുടെ അമ്മ ജമീല രംഗത്തെത്തിയിരുന്നു. താഹയെ ക്രൂരമായി മർദ്ദിച്ചുവെന്നും ആരോപിച്ച ജമീല വീട്ടിൽ നിന്ന് പൊലീസ് തെളിവായി കൊണ്ടുപോയത് സിപിഎമ്മിന്റെ കൊടിയാണെന്നും വ്യക്തമാക്കി. ഗുരുതര ആരോപണങ്ങളാണ് അവർ ഉന്നയിക്കുന്നത്. താഹയുടെ അയൽവാസികൾ കൂടി അമ്മയുടെ വാക്കുകൾ ശരിവയ്ക്കുമ്പോൾ വിവാദം പുതിയ തലത്തിലെത്തുന്നു.

താഹയെക്കൊണ്ട് പൊലീസ് നിർബന്ധിച്ച് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിച്ചെന്ന് അമ്മ ജമീല പറയുന്നു. മുദ്രാവാക്യം വിളിപ്പിച്ച ശേഷം താഹയുടെ വായ പൊലീസ് പൊത്തിപ്പിടിച്ചു. മാവോയിസ്റ്റ് പ്രസിദ്ധീകരണങ്ങൾ എന്ന് പറഞ്ഞ് പൊലീസ് എടുത്തുകൊണ്ട് പോയത് മകന്റെ ടെക്സ്റ്റ് ബുക്ക് ആണെന്നും താഹയുടെ അമ്മ പറഞ്ഞു. പെരുമണ്ണയിൽ നിൽക്കുകയായിരുന്ന താഹ ഒരാൾ ഓടിപ്പോവുന്നത് കണ്ടു. ഇയാൾ വലിച്ചെറിഞ്ഞ ബാഗ് പൊലീസ് പരിശോധിക്കുമ്പോൾ എന്താണെന്ന് ചോദിക്കാൻ പോയ താഹയെ, നീയും ഇതിൽ പെട്ടവനാണല്ലേ എന്ന് പറഞ്ഞ് പിടിച്ചുവലിച്ചു കൊണ്ടുപോകുകയായിരുന്നെന്നാണ് ജമീല പറയുന്നത്. പുലർച്ചെ ഒന്നരയോടെ താഹയെ വീട്ടിലെത്തിച്ച പൊലീസ് നിർബന്ധിച്ച് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിക്കുകയായിരുന്നു. അയൽവാസികളെയെല്ലാം വിളിച്ച് വരുത്തിയ ശേഷമാണ് മുദ്രാവാക്യം വിളിപ്പിച്ചത്. മുദ്രാവാക്യം വിളിപ്പിച്ച ശേഷം താഹയുടെ വായ പൊലീസ് പൊത്തിപ്പിടിച്ചു. താഹയെ പൊലീസ് ഉപദ്രവിച്ചു.

പന്തീരങ്കാവിലെ വീട്ടിലേക്ക് എത്തിയ പൊലീസ് സംഘം താഹയുടെ മുറി പരിശോധിക്കണമെന്നാണ് ആദ്യം ആവശ്യപ്പെട്ടത്. മുറിയിൽ സൂക്ഷിച്ചിരുന്ന സിപിഎമ്മിന്റെ കൊടി പൊലീസ് കൊണ്ടു പോയി. പാഠപുസ്തകമല്ലാതെ മറ്റൊരു പുസ്തകവും മകന്റെ മുറിയിലില്ലായിരുന്നുവെന്നും ഉമ്മ ജമീല പറഞ്ഞു. ക്യാമറ ഓണാക്കി ഭീഷണിപ്പെടുത്തി താഹയെക്കൊണ്ട് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിക്കുകയാണ് ചെയ്തത്. താഹയെ ക്രൂരമായി മർദിച്ചതിനു ശേഷം കഞ്ചാവ് കേസിൽ കുടുക്കുമെന്നും പൊലീസ് ഭീഷണിപ്പെടുത്തി. നിരപരാധിയായതിനാൽ മകന് നീതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും ജമീല പറഞ്ഞു.

സിപിഎം അനുഭാവികളായ തങ്ങളുടെ വീട്ടിൽ പാർട്ടി കൊടി ഉണ്ടാവുന്നത് തെറ്റാണോ? ആ കൊടിയാണ് പൊലീസുകാർ തെളിവെന്നും പറഞ്ഞെടുത്തത്. താഹക്ക് മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങൾ കൊറിയറിൽ വരുന്നത് നിങ്ങൾ കാണാറില്ലേ എന്ന് പൊലീസ് തന്നോട് ചോദിച്ചു. യാതൊരു വിധത്തിലുള്ള മാവോയിസ്റ്റ് അനുകൂല നിലപാടും താഹ മുമ്പ് പറഞ്ഞ് കേട്ടിട്ടില്ല. കുടുംബം പോറ്റാൻ ഓടുന്ന മകന് അതിനൊന്നും നേരമില്ലെന്നും താഹയുടെ അമ്മ പറഞ്ഞു. 'ഇക്വിലാബ് സിന്ദാബാദ് മാവോയിസ്റ്റ് സിന്ദാബാദ്' എന്ന് താഹയെക്കൊണ്ട് വിളിപ്പിച്ചതായി അയൽവാസി പറഞ്ഞു. മുദ്രാവാക്യം വിളിച്ചപ്പോൾ അപ്പോൾ അടുത്തേക്ക് പോയ ജമീലയോട് ,ഇങ്ങനെ വിളിക്കാൻ പൊലീസ് പറഞ്ഞതാണെന്ന് താഹ പറഞ്ഞതായി കേട്ടിരുന്നു. അപ്പോഴാണ് പൊലീസ് താഹയുടെ മുഖം പൊത്തിപ്പിടിച്ചതെന്നും അയൽവാസി പറഞ്ഞു.

ഒരു ലഘുലേഖയും തങ്ങളിൽനിന്ന് കണ്ടെടുത്തിട്ടില്ലെന്നും അറസ്റ്റ് ഭരണകൂട ഭീകരതയെന്നും അലനും താഹയും പറയുന്നു. ടൗണിൽ സിഗരറ്റ് വലിച്ചുകൊണ്ടു നിൽക്കുമ്പോൾ പൊലീസ് പിടികൂടുകയായിരുന്നു. വൈകിട്ട് പിടികൂടിയിട്ടും പുലർച്ചെ 4നു മാത്രമാണ് പൊലീസ് അറിയിച്ചതെന്ന് അലന്റെ മാതാവ് സബിത മഠത്തിൽ പറഞ്ഞു. ഫോൺ ചാർജ് ചെയ്യാൻ വച്ചു വൈകിട്ട് 5നു വീട്ടിൽനിന്ന് ഇറങ്ങിയതാണ്. പുലർച്ചെ നടത്തിയ റെയ്ഡിൽ ഒട്ടേറെ നിരോധിത പുസ്തകങ്ങൾ കിട്ടിയെന്നാണു പൊലീസ് പറയുന്നത്. പുസ്തകം വായിക്കുന്നതിന്റെ പേരിൽ അറസ്റ്റ് ചെയ്യാനാണെങ്കിൽ അലൻ ജനിക്കുന്നതിനു മുൻപുള്ള പുസ്തകങ്ങൾവരെ വീട്ടിലുണ്ടെന്നും അവർ പറഞ്ഞു. നടി സജിത മഠത്തിലിന്റെ സഹോദരിയാണ് സബിത. കെട്ടിച്ചമച്ച കേസാണിതെന്നും അലനും താഹയും കോടതിയിലേക്കു കൊണ്ടുപോകുന്ന വഴി മാധ്യമങ്ങളോടു പറഞ്ഞു.

താഹയ്ക്കു പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റെന്നു സഹോദരൻ ഇജാസ് ആരോപിച്ചു. ലഹരിമരുന്നു കേസിൽപെടുത്തുമെന്നു പൊലീസ് ഭീഷണിപ്പെടുത്തിയെന്നു താഹ പറഞ്ഞതായി ഇജാസ് അറിയിച്ചു. സ്റ്റേഷനിൽ ക്യാമറയില്ലാത്ത ഭാഗത്തു കൊണ്ടുപോയി മുഖത്തും വയറ്റിലും മർദിക്കുകയായിരുന്നെന്നും പറയുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇന്നലെയാണ് പന്തീരങ്കാവിലെ സിപിഎം പ്രവർത്തകരായ താഹയെയും അലനെയും പൊലീസ് അറസ്റ്റ് ചെയ്തത്. യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയ നടപടിക്കെതിരെ സിപിഎമ്മിൽ നിന്നടക്കം വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ നടപടി പരിശോധിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ അപ്പോഴും തെളിവുണ്ടെന്ന നിലപാടിൽ പൊലീസ് ഉറച്ചു നിൽക്കുകയാണ്.

അലന് മാവോയിസ്റ്റ് ബന്ധമില്ല. ആരോ കൊടുത്ത ലഘുലേഖയാണ് കയ്യിലുണ്ടായിരുന്നത്. അതിന്റെ പേരിൽ പൊലീസ് നടപടി ശരിയല്ലെന്നാണ് അമ്മ സബിത പറയുന്നത്. സബിത കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകി. വിഷയം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചെന്ന് സബിത മഠത്തിൽ വ്യക്തമാക്കി. യു.എ.പി.എ ചുമത്തിയതിനെതിരെ സിപിഎമ്മിൽ പ്രതിഷേധം ശക്തമാണ്. തന്നെ കഞ്ചാവ് കേസിൽ കുടുക്കുമെന്ന് പൊലീസ് ഭീഷണിപെടുത്തിയെന്ന് താഹ പറയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതിന് തൊട്ടു മുൻപുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

താഹയുടെ സഹോദരനാണ് ദൃശ്യങ്ങൾ പകർത്തിയത്. അതേ സമയം മാവോയിസ്റ്റ് ബന്ധം ആരോപിച്ച് റിമാന്റ് ചെയ്ത അലൻ ,താഹ എന്നിവരെ കോഴിക്കോട് ജയിലിൽ നിന്ന് വിയ്യൂരിലേക്ക് മാറ്റാൻ തീരുമാനമായി. രക്ഷിതാക്കളെ പൊലീസ് ആണ് ഇക്കാര്യം അറിയിച്ചത്. തീരുമാനം പൊലീസിന്റേത് അല്ലെന്ന് കമ്മീഷണർ എ വി ജോർജ്ജ് പ്രതികരിച്ചു. മാവോയിസ്റ്റ് അനുകൂല ലഘുലേഖകൾ സൂക്ഷിച്ചെന്ന പേരിൽ അതീവ ഗുരുതര വ്യവസ്ഥകളുള്ള യുഎപിഎ (നിയമവിരുദ്ധ നിരോധന നിയമം) ചുമത്തി അലനേയും താഹയോയും അറസ്റ്റ് ചെയതത്. വിഷയത്തിൽ കോഴിക്കോടുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപിയോടു വിശദീകരണം തേടി. എന്നാൽ യുഎപിഎ ഒഴിവാക്കാനാകില്ലെന്നും വ്യക്തമായ തെളിവുണ്ടെന്നുമാണ് ഉത്തരമേഖലാ ഐജി അശോക് യാദവ് പ്രതികരിച്ചത്. കോഴിക്കോട് തിരുവണ്ണൂർ പാലാട്ട്‌നഗർ മണിപ്പുരി വീട്ടിൽ അലൻ ഷുഹൈബ് (19), മൂർക്കനാട് പാനങ്ങാട്ടുപറമ്പ് കോട്ടുമ്മൽ വീട്ടിൽ താഹ ഫസൽ (24) എന്നിവരെ വെള്ളിയാഴ്ച വൈകിട്ടാണ് അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്തുന്നതു ജാഗ്രതയോടെ വേണമെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്റെ പ്രതികരണം.

യുഎപിഎ അറസ്റ്റുകൾ എൽഡിഎഫ് സർക്കാരിനു ഭൂഷണമല്ല. വിചാരണയില്ലാതെ തടങ്കലിൽ വയ്ക്കുന്ന കരിനിയമത്തോടു യോജിപ്പില്ല. മുൻപു യുഎപിഎ ചുമത്തിയപ്പോൾ മാവോയിസ്റ്റാകാൻ ഒരു പൗരന് അവകാശമുണ്ടെന്നു കോടതി വരെ ചൂണ്ടിക്കാട്ടിയതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കുറ്റപ്പെടുത്തി. സിപിഎം നേതാവ് എംഎ ബേബിയും വിമർശനവുമായെത്തി. യുഎപിഎ പ്രകാരം കേസെടുത്ത നടപടി പുനഃപരിശോധിക്കണം. ഇതു തെറ്റായ നിയമമാണെന്നതിൽ സിപിഎമ്മിനോ സർക്കാരിനോ സംശയമില്ല. ചില പൊലീസ് ഉദ്യോഗസ്ഥർക്കതു ബോധ്യപ്പെട്ടിട്ടില്ല. സർക്കാർ വ്യക്തമായ നിലപാട് എടുക്കുമെന്നു ജനങ്ങൾക്കു ബോധ്യമുണ്ടെന്ന് ബേബി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP