Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

അക്ഷയ തൃതീയ ദിവസം സ്വർണം വാങ്ങിയാൽ ധനം കുമിഞ്ഞു കൂടും... ഐശ്വര്യവും വന്നു ചേരും! പിന്നെ എന്തുകൊറോണ? 26ന് ജ്യൂലറികൾ എല്ലാം തുറന്നിരുന്നാൽ കോവിഡ് മാളത്തിൽ ഓടിയൊളിക്കും! മുതലാളിമാരുടെ മനസ്സിലുള്ളത് ഹർത്താലിനു തലേന്നാൾ ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് മുന്നിലുള്ളതിനേക്കാൾ വലിയ ക്യൂ; ലോക് ഡൗണിൽ ഇളവ് നൽകി അക്ഷയ തൃതീയയ്ക്ക് കട തുറക്കാൻ അനുവദിക്കണമെന്ന് സ്വർണ്ണക്കടക്കാർ; സ്വർണ്ണ വില കുതിക്കുമ്പോൾ ലാഭമുണ്ടാക്കാൻ എല്ലാ സാധ്യതയും തേടി കച്ചവടക്കാർ

അക്ഷയ തൃതീയ ദിവസം സ്വർണം വാങ്ങിയാൽ ധനം കുമിഞ്ഞു കൂടും... ഐശ്വര്യവും വന്നു ചേരും! പിന്നെ എന്തുകൊറോണ? 26ന് ജ്യൂലറികൾ എല്ലാം തുറന്നിരുന്നാൽ കോവിഡ് മാളത്തിൽ ഓടിയൊളിക്കും! മുതലാളിമാരുടെ മനസ്സിലുള്ളത് ഹർത്താലിനു തലേന്നാൾ ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് മുന്നിലുള്ളതിനേക്കാൾ വലിയ ക്യൂ; ലോക് ഡൗണിൽ ഇളവ് നൽകി അക്ഷയ തൃതീയയ്ക്ക് കട തുറക്കാൻ അനുവദിക്കണമെന്ന് സ്വർണ്ണക്കടക്കാർ; സ്വർണ്ണ വില കുതിക്കുമ്പോൾ ലാഭമുണ്ടാക്കാൻ എല്ലാ സാധ്യതയും തേടി കച്ചവടക്കാർ

ആർ പീയൂഷ്

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ തട്ടിപ്പ് നടത്താൻ അനുമതി ചോദിച്ചു കൊണ്ട് ഒരു വിഭാഗം മുന്നോട്ട് വന്നിട്ടുണ്ട്. മറ്റാരുമല്ല അത് സ്വർണ്ണക്കട വ്യാപാരികളാണ്. എന്താണ് അവർ നടത്തുന്ന തട്ടിപ്പ് എന്നല്ലേ.. അക്ഷയതൃതീയ എന്ന സ്വർണ്ണ വ്യാപാര തട്ടിപ്പിനാണ് വരുന്ന 26 ന് കേരളത്തിലെ സ്വർണ്ണക്കടകൾ തുറക്കാൻ അനുമതി ചോദിച്ചു കൊണ്ട് സർക്കാരിന് കത്ത് നൽകിയിരിക്കുന്നത്. ലോക് ഡൗൺ മൂലം 10% കച്ചവടമാണ് അവർക്ക് കുറഞ്ഞതത്രേ. (പ്രതിവർഷ കച്ചവടം 40000 കോടിയാണ്) അതു പരിഹരിക്കാൻ മലയാളിയെ മണ്ടനാക്കുന്ന അക്ഷയതൃതീയയ്ക്കു കട തുറക്കണമെന്നാണ് ആവശ്യം. ഒരു മാസമായി കൂലിപ്പണിക്കു പോലും പോകാതെ സർക്കാർ റേഷനിൽ കഴിയുന്നവരുടെ മുന്നിലാണ് മനസാക്ഷിയില്ലാത്ത ഈ ആർത്തിപിടിച്ച വ്യാപാരികൾ കുതന്തരവുമായെത്തുന്നത്. ലോകത്തിലെ മൊത്തം സ്വർണകച്ചവടത്തിന്റെ 80 % കേരളത്തിലാണ് നടക്കുന്നത്. അതായത് മഞ്ഞലോഹ ഭ്രാന്തിന് അടിമകൾ മലയാളികളാണെന്നു സാരം. ഇപ്പോൾ സ്വർണ വില പവന് 33600 രൂപയാണ്. അക്ഷയതൃതീയക്ക് മലയാളികളെ പിഴിഞ്ഞെടുക്കാനുള്ള ശ്രമത്തിന് സർക്കാർ കടിഞ്ഞാണിടേണ്ടത് അത്യാവശ്യമാണ്.

സ്വർണ്ണ വ്യാപാരികൾ കേരളത്തിൽ നടത്തുന്ന ഏറ്റവും വലിയ തട്ടിപ്പാണ് 'അക്ഷയതൃതീയ' എന്ന സ്വർണ വ്യാപാരത്തട്ടിപ്പ്. സ്വർണം വാങ്ങിയാൽ ധനം കുമിഞ്ഞു കൂടുമെന്നും ഐശ്വര്യം വന്നു ചേരുമെന്നുമൊക്കെയാണ് സ്വർണ്ണ വ്യാപാരികളുടെ അവകാശ വാദം. എന്നാൽ അത്തരത്തിൽ യാതൊരു വിശ്വാസവും ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് പ്രമുഖ ജ്യോതിഷന്മാരൊക്കെയും വർഷങ്ങളായി പറയുന്നുണ്ട്. ഇത് ജനങ്ങളെ കബളിപ്പിച്ച് സ്വർണം വിൽക്കുവാനുള്ള സ്വർണ്ണ വ്യാപാരികളുടെ മാർക്കറ്റിങ്ങ് തന്ത്രം മാത്രമാണെന്ന് അവർ മറുനാടൻ മലയാളിയോട് പറഞ്ഞു. അക്ഷയും തൃതീയയും സ്വർണവുമായി ഒരു ബന്ധവുമില്ലെന്ന എത്രപേർക്ക് അറിയാം കുത്തക സ്വർണവ്യാപാരികൾ ഈ ദിനത്തിന്റെ പേരിൽ നടത്തുന്ന വൻ തട്ടിപ്പാണിത്.

തൃതീയയ്ക്ക് ഈശ്വരോപവാസമാണ് വേണ്ടത്. സ്വർണം, വെള്ളി തുടങ്ങിയ ലോഹങ്ങൾ ഈ സമയം ഉപയോഗിക്കുന്നത് നല്ലതല്ല. എന്തുകൊണ്ടെന്നാൽ ഇവയൊക്കെ മനുഷ്യന്റെ ആഗ്രഹങ്ങളെ ഉദ്ദീപിപിക്കുന്നവയാണ്. അതിനാൽ ഈശ്വര വിചാരം ഇല്ലാതെയാവും. അങ്ങനെയുള്ളപ്പോൾ ഇവയെ പറ്റി ചിന്തിക്കുകയോ വാങ്ങുകയോ ചെയ്യരുത്. ഒരു വ്രതം എടുക്കുമ്പോൾ ഈശ്വരനോട് എത്രത്തോളം അടുക്കാമോ അത്രത്തോളം അടുക്കുക. അതിനിടയിൽ ലോഹങ്ങൾക്ക് സ്ഥാനമില്ല. അങ്ങനെയുണ്ടായാൽ ആ വ്രതം എടുക്കുന്നതുകൊണ്ടുള്ള ഫലം കിട്ടാതെ വരും. വൈശാഖം തുടങ്ങി മൂന്നാമത്തെ ദിവസമാണ് ത്രിതീയ. പൊതുവേ ഈശ്വരനോടടുത്തിരിക്കുന്ന സമയം. ക്ഷണികങ്ങളായ ഇത്തരം കാര്യങ്ങൾ ഉപേക്ഷിച്ചു കൊണ്ട് വേണം ഈ ദിവസങ്ങളിൽ വ്രതമെടുത്ത് ഈശ്വര നാമം ചെയ്യേണ്ടത്.

അതേ സമയം അക്ഷയതൃതീയ ബലരാമ ജയന്തിയാണെന്ന് പ്രസിദ്ധ ജ്യോതിഷ പണ്ഡിതൻ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് പറഞ്ഞു. അന്നത്തെ ദിവസം വിശ്വാസികൾ ബലരാമന് മാങ്ങാപൂണ്ട് നിവേദിക്കുന്നതാണ് ഐശ്വര്യമുണ്ടാകാൻ ഏറ്റവും നല്ല മാർഗം. ബലരാമൻ വൈശാഖ മാസത്തിലെ വെളുത്ത പക്ഷത്തിലെ തൃതീയ ഉള്ള ദിവസത്തിലാണ് ജനിച്ചത്. അന്നത്തെ ദിവസം എന്റെ കുട്ടിക്കാലത്ത് ബലരാമ ജയന്തിക്കാണ് പ്രാധാന്യം നൽകിയിരുന്നത്. ഇല്ലത്ത് മാങ്ങ പൂണ്ടിട്ട് ശ്രീലാകത്ത് നിവേദിക്കും. ഈ നിവേദ്യത്തിന്റെ കൂട്ടത്തിൽ തൈരും ഇഞ്ചിയും ഇട്ട് ഒരു രൂപ വച്ച് കുട്ടികൾക്ക് കൊടുക്കും. വിഷു കൈനീട്ടം പോലെ ഒരു വിശേഷമാണ് ഇത്. ഇങ്ങനെ നിവേദ്യം അർപ്പിക്കുകയും അത് കഴിക്കുകയും ചെയ്താൽ അവിടെ ഐശ്വര്യവും കഴിക്കുന്നവരുടെ വയറിന്റെ അസുഖമൊക്കെ മാറുകയും ചെയ്യും. അല്ലാതെ അക്ഷയതൃതീയ ദിനത്തിൽ സ്വർണം വാങ്ങിയാൽ ഐശ്വര്യമുണ്ടാകുമെന്ന് ആരും പറഞ്ഞിട്ടില്ല. എന്നാൽ സ്വർണം വാങ്ങുന്നതും കൈവശം വയ്ക്കുന്നതും നല്ലതാണ് താനും. അതിന് ഒരു പ്രത്യേക ദിവസമൊന്നുമില്ലാ എന്നും കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് മറുനാടൻ മലയാളിയോട് പറഞ്ഞു.

പണ്ട് കാലത്തെ സമ്പന്നരായ ആളുകൾ അവരുടെ വീടുകളിൽ ജോലി ചെയ്തിരുന്ന പാവപ്പെട്ട ആളുകൾക്ക് വടിയും കുടയും ചെരുപ്പുമൊക്കെ ദാനം ചെയ്തിരുന്ന ദിവസമാണ് അക്ഷയതൃതീയ എന്ന് പ്രമുഖ ജ്യോതിഷി ഹരി പത്തനാപുരം. ദാനം ചെയ്യുന്നതാരാമോ അവർക്ക് പുണ്യം കിട്ടും എന്നതായിരുന്നു അതിന്റെ പിന്നിലെ വിശ്വാസം. വാങ്ങുന്ന ആളുകൾക്കല്ല കൊടുക്കുന്ന ആളുകൾക്കാണ് പുണ്യം ലഭിക്കുന്നത് എന്നാണ് ഐതീഹ്യം. സ്വർണ്ണക്കടകൾ ഈ ദിവസം സ്വർണ്ണവാങ്ങാനായി പരസ്യം നൽകാറുണ്ട്. എന്നാൽ അത് ഈ ഐതീഹ്യവുമായി ബന്ധപ്പെട്ട ഒരു കാര്യമല്ല. ഒരു വിശ്വാസിയായ ഒരാൾ ഇപ്പോൾ ചെയ്യേണ്ടത് ദാനം കൊടുക്കുകയാണ് വേണ്ടത്. കൊറോണയൊക്കെ ബാധിച്ച് ലോക്ക് ഡൗണിൽ കഴിയുന്ന പലരും വലിയ ബുദ്ധിമുട്ടിലാണ് കഴിയുന്നത്. അതിനാൽ പ്രധാനമന്ത്രിയുടേയോ മുഖ്യ മന്ത്രിയുടേയോ ദുരിതാശ്വാസ നിധിയിലേക്ക് ദാനം കൊടുക്കുക. അല്ലെങ്കിൽ നമ്മുടെ വീടിന്റെ ചുറ്റുപാടുള്ള ഏതെങ്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു കുടുംബത്തെ സഹായിക്കുക. വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് സ്വർണം വാങ്ങുന്നതെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് ദാനം ചെയ്യുകയാണ്. അത് വഴി നിങ്ങൾക്ക് പുണ്യം ലഭിക്കുമെന്നും ഹരി പത്തനാപുരം പറയുന്നു.

ഹൈന്ദവരും ജൈനരും ഒരുപോലെ പവിത്രവും മംഗളകരവുമായി കണക്കാക്കുന്ന ഒരു വിശേഷ ദിവസമാണ് അക്ഷയ തൃതീയ ദിനം. വൈശാഖമാസത്തിലെ (മേടം-ഇടവം) ശുക്ലപക്ഷത്തിൽ വരുന്ന മൂന്നാം തിഥി. ജൈനവിശ്വാസപ്രകാരം ഋഷഭദേവ തീർത്ഥങ്കരനു തന്റെ ഉപവാസമവസാനിപ്പിക്കാനുള്ള ഭക്ഷ്യം ദാനം കിട്ടിയ ദിനമാണ് അക്ഷയ തൃതീയ. ഹിന്ദുവിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ ആറാം അവതാരം പരശുരാമന്റെ ജന്മദിനവും. ഭാരതീയസമൂഹത്തെ സംബന്ധിച്ച് ഈ ദിനം അതിവിശിഷ്ടവും മംഗളകരവുമാണെന്നതു പൗരാണിക മതസങ്കൽപ്പം. അക്ഷയ തൃതീയ ദിനത്തിലെ പ്രവൃത്തികളുടെ ഫലവും അന്നു ലഭ്യമാകുന്ന അനുഗ്രഹങ്ങളും ക്ഷയമില്ലാത്തതെന്നും. ഈ വിശ്വാസമാണ്, ഏതു സംരംഭവും തുടങ്ങാൻ ഇതു നല്ല ദിവസമെന്ന സങ്കൽപ്പത്തിലെത്തിയത്. ഇങ്ങനെയൊരു പശ്ചാത്തലം ധാരാളം മതിയായിരുന്നു കൗശലക്കാരായ സ്വർണവ്യാപാരികൾക്ക്. അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങിയാൽ അങ്ങേയറ്റം ഐശ്വര്യദായകം എന്ന വിശ്വാസം സ്വർണക്കടക്കാർ നന്നായി പരത്തി. അങ്ങനെ സ്വർണവ്യാപാരം ഉഷാർ കൊള്ളുന്ന നാളായി അക്ഷയ തൃതീയയെ അവർ പ്രചരിപ്പിച്ചു. ഫലം, രാജ്യത്തെവിടെയും അന്നു സ്വർണം ജനങ്ങളെ വശീകരിച്ചു. സ്വർണത്തിന് ഡിമാൻഡ് ഏറി. സ്വാഭാവികമായി വിലയും.

സൂര്യനും ചന്ദ്രനും ഉജ്ജ്വലമായി പ്രകാശിച്ചു നിൽക്കുന്ന അക്ഷയ തൃതീയ മേടമാസത്തിലെ വെളുത്ത പക്ഷത്തിൽ വരുന്ന മൂന്നാമത്തെ തിഥിയാണ്. ഈ ദിവസം എന്തു ശുഭകർമ്മങ്ങൾക്കും വളരെ ശ്രേഷ്ഠമാണ്. പ്രത്യേകിച്ചും മുഹൂർത്തം നോക്കേണ്ടതില്ല. അക്ഷയതൃതീയ പ്രഭാതത്തിൽ ആദ്യമായി ചെയ്യേണ്ട കർമം സ്വന്തം ഗൃഹത്തിൽ ലക്ഷ്മീസമേതനായ മഹാവിഷ്ണുവിനെ തുളസിയും പുഷ്പങ്ങളും കൊണ്ട് പൂജിക്കുക എന്നതാണ്. മഹാവിഷ്ണു പൂജയ്ക്ക് ഇത്രയും ശ്രേഷ്ടമായ മറ്റൊരു ദിനമില്ല. ദിവസം വാങ്ങുന്നതിനെക്കാൾ ഗുണം ദാനം ചെയ്യുന്നതിനാണ്. ദാനങ്ങളിൽ വച്ച് ശ്രേഷ്ഠമായ അന്നദാനമാണ് അക്ഷയതൃതീയയിൽ കൂടുതൽ പുണ്യം തേടിതരുന്നത്. ഭഗവാൻ ശ്രീകൃഷ്ണൻ പാഞ്ചാലിക്കു അക്ഷയപാത്രം ദാനം ചെയ്തത് അക്ഷയതൃതീയയിലായിരുന്നു. അക്ഷയം എന്ന വാക്കിനർത്ഥം ഒരിക്കലും ക്ഷയിക്കാത്തത് എന്നാണ്. വിഷ്ണുധർമസൂത്രത്തിലാണ് അക്ഷയതൃതീയയെക്കുറിച്ചുള്ള ആദ്യത്തെ പരാമർശം കാണുന്നത്. അന്ന് ഉപവസിക്കുകയും വിഷ്ണുവിന് അന്നം നിവേദിക്കുകയും പിന്നീട് അതുകൊണ്ട് അഗ്നിയെ പ്രീതിപ്പെടുത്തിയശേഷം ദാനം ചെയ്യുകയും വേണമെന്ന് അതിൽ പ്രസ്താവിച്ചിട്ടുണ്ട്. സർവപാപ മോചനമാണു ഫലം. അന്നേ ദിവസം നേടുന്ന പുണ്യം അക്ഷയമായിരിക്കും. മത്സ്യപുരാണത്തിലും (അധ്യാ. 65) നാരദീയപുരാണത്തിലും (അധ്യാ. 1) അക്ഷയതൃതീയയെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. ഭവിഷ്യോത്തരത്തിലും (അധ്യാ. 30: 2-3) അന്നു ചെയ്യപ്പെടുന്ന സ്നാനം, ദാനം, ജപം, ഹോമം, സ്വാധ്യായം, പിതൃതർപ്പണം എന്നീ കർമങ്ങൾ അക്ഷയഫലപ്രദമാണെന്നു പറഞ്ഞിരിക്കുന്നു. അതായത് അക്ഷയതൃതീയ ദിവസം ദാനധർമ്മങ്ങൾക്കുള്ള ദിവസമാണ്. അല്ലാതെ സ്വർണമോ മറ്റേതെങ്കിലും തരത്തിലോ ഉള്ള സ്വത്ത് സമ്പാദിക്കുന്നതിനുള്ള ദിവസമല്ല. വിശ്വാസ പ്രകാരം അന്ന് നടത്തുന്ന ദാനംമൂലം ഉളവാകുന്ന പുണ്യമാണ് അക്ഷയമായുള്ളത്, അല്ലാതെ അന്ന് വാങ്ങുന്ന സ്വർണമോ രത്നമോ ഒന്നുമല്ല. എന്നിട്ടും നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു വിശ്വാസം കടന്നു വന്നതെങ്ങനെയാണ്?

ശിവക്ഷേത്രദർശനമോ അന്നപൂർണേശ്വരി ക്ഷേത്ര ദർഷനമോ നടത്തുന്നതും ഉത്തമമായിരിക്കും. കൃതായുഗത്തിന്റെ ആരംഭം അക്ഷയ തൃതീയയിലായിരുന്നു. മഹാവിഷ്ണുവിന്റെ അവതാരങ്ങളായ ബലരാമൻ, പരശുരാമൻ, നരസിംഹം അവതാരങ്ങൾ അവതരിച്ച ജന്മദിനം. ബലരാമ ജയന്തി പരശുരാമജയന്തിയായും ആഘോഷിച്ചുവരുന്നു. ഈ ദിവസങ്ങളിൽ പുണ്യ പ്രവർത്തികളാണ് ചെയ്യേണ്ടത്. അല്ലാതെ വൻകിട മുതലാളിമാരുടെ തട്ടിപ്പിനിരയാകരുത്. അക്ഷയതൃതീയയെ സ്വർണവുമായി ബന്ധിപ്പിച്ചത് ഏതോ കൈശലക്കാരനായ സ്വർണ്ണ വ്യാപാരിയാണ്. അതെന്തായാലും വിജയിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണക്കച്ചവടം നടക്കുന്ന രാജ്യം ആണ് ഇന്ത്യ. ഇന്ത്യയിൽ സ്വർണം കൂടുതൽ വിറ്റഴിക്കപ്പെടുന്ന സംസ്ഥാനം കേരളവുമാണ്. അതുകൊണ്ട് തന്നെ അക്ഷയതൃതീയയുടെ കെണിയിൽ വീണു കിടക്കുന്നവരിൽ കൂടുതലും കേരളീയരും ആയിരിക്കാം. അതിനാൽ തട്ടിപ്പിൽ വീഴാതെ സൂക്ഷിക്കുക.

ഹർത്താലിനു തലേന്നാൾ ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് മുന്നിലുള്ളതിനേക്കാൾ വലിയ ക്യൂ അക്ഷയ തൃതീയ നാളിൽ സ്വർണ്ണക്കടകൾക്കു മുന്നിലുണ്ടാകും എന്നു പറഞ്ഞാൽ കാര്യം കൂടുതൽ വ്യക്തമാകും. ഒന്ന് ആണുങ്ങളുടെ ക്യൂ ആണെങ്കിൽ മറ്റേത് സ്ത്രീകളുടേത്.-അക്ഷയ തൃതീയ ദിവസത്തെ സ്വാമി ചിദാനന്ദപുരി പോലും വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ദാനം നൽകുവാൻ ഏറ്റവും പവിത്രമെന്ന് വിശ്വസിക്കുന്ന ഈ ദിവസമാണ് സ്വർണം വാങ്ങാൻ ഏറ്റവും പുണ്യദിനമെന്ന് പരസ്യം ചെയ്ത്, കഴിഞ്ഞ കുറേ വർഷങ്ങളായി, സ്വർണ്ണക്കച്ചവടക്കാർ മലയാളിയെ പറ്റിച്ചുകൊണ്ടിരിക്കുന്നത്. ഏതു പറ്റിക്കലും കാന്തം വച്ചുപിടിച്ചെടുക്കുന്ന മലയാളി ഈ പറ്റിക്കലിനും വർഷങ്ങളായി പണം മുടക്കിപ്പോരുന്നു. അത്രമാത്രം. നാളെയും അത് തുടരും. അതുകൊണ്ടാണ് ഇന്ന് വമ്പൻ ബ്രാൻഡുകളെല്ലാം പരസ്യവുമായെത്തുന്നത്.

ഇല്ലാത്ത വാഗ്ദാനങ്ങൾ നൽകി ഒരാളെ പറ്റിക്കുന്നത് നിയമ വിരുദ്ധമാണെങ്കിൽ അക്ഷയ തൃതീയയുമായി ബന്ധപ്പെട്ട സ്വർണക്കച്ചവടം ശിക്ഷാർഹമാണ്. വിശ്വാസപരമായോ അല്ലാതെയോ നിലവിലില്ലാത്ത ഒരു കഥ പടച്ചുണ്ടാക്കി ഉപഭോക്താവിനെ ചൂഷണം ചെയ്യുന്ന ഒരു ഹീനപ്രവൃത്തിയാണത്. അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങിയാൽ അത് പൊലിക്കുമെന്നും (പലമടങ്ങ് വർദ്ധിക്കും) ഐശ്വര്യം കൈവരുമെന്നും അവകാശപ്പെട്ടാണ് സ്വർണക്കച്ചവടക്കാർ ഈ ദിവസത്തെ ഒരു സ്വർണം വാങ്ങൽ ദിനമാക്കി മാറ്റിയത്. അവധി ദിവസത്തിനു മുമ്പ് ബിവറേജസ് കോർപ്പറേഷന്റെ മദ്യഷോപ്പിനു മുന്നിൽ കാണുന്ന അതേ ക്യൂ ആഭരണ ശാലകൾക്ക് മുന്നിലും കാണുന്ന അപൂർവ്വ സുന്ദര ദിവസം. അന്നേ ദിവസം സ്വർണം വാങ്ങാൻ പുലർച്ചെ തുടങ്ങുന്ന കാത്തിരിപ്പ് പാതിരാവരെ നീളും. ഒരു തരി പൊന്നെങ്കിലും സ്വന്തമാക്കിയവർ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങും. ഒരു വർഷത്തെ മുവുവൻ ഐശ്വര്യം പേഴ്സിലാക്കിയ സന്തോഷവുമായി. എന്നാൽ ഇപ്രകാരമുള്ള ഒരു വിശ്വാസമോ ആചാരമോ നിലവിലില്ലായിരുന്നു എന്നതാണ് വാസ്തവം. എന്നിട്ടും ഇന്ന് നാട്ടിലുള്ള സാധാരണക്കാരോട് അക്ഷയ തൃതീയ എന്താണെന്നു ചോദിച്ചാൽ സ്വർണം വാങ്ങാനുള്ള ദിവസം എന്നായിരിക്കും ഉത്തരം തരിക. അത്രമാത്രം പ്രചരണം ഈ ദിവസത്തിനുണ്ടാക്കാൻ കച്ചവടക്കാർക്ക് സാധിച്ചു.

ഉത്തരേന്ത്യയിലെ ഹിന്ദുക്കളും ജൈന മതവിശ്വാസികളും ആഘോഷിച്ചുവരുന്ന ഒരു വിശേഷ ദിവസമാണ് അക്ഷയതൃതീയ. അന്നേദിവസം അവർ ദാനധർമ്മങ്ങൾ നടത്തുന്നു. ചിലയിടങ്ങളിൽ ശൈശവ വിവാഹം പോലെയുള്ള അനാചാരങ്ങളും നടക്കുന്നു. ഒരു 10 കൊല്ലം മുമ്പ് ഇപ്പറഞ്ഞ ദിവസത്തെപ്പറ്റി മലയാളികൾക്ക് അറിവുണ്ടായിരുന്നില്ല. ശകവർഷത്തിലെ രണ്ടാം മാസമായ വൈശാഖത്തിലെ കറുത്തവാവിനുശേഷം വരുന്ന മൂന്നാം ദിവസമാണ് അക്ഷയ തൃതീയ. ഒരു വാവ് കഴിഞ്ഞാൽ തൊട്ടടുത്ത ദിവസം പ്രഥമ, രണ്ടാം ദിവസം ദ്വിതീയ, മൂന്നാം ദിവസം തൃതീയ, നാലാം ദിവസം ചതുർത്ഥി എന്നിങ്ങനെ പതിനാലാം ദിവസമായ ചതുർദശി വരെ ദിവസങ്ങൾ എണ്ണുന്നതിനെയാണ് തിഥികൾ എന്നുപറയുന്നത്. തിങ്കൾ, ചൊവ്വ എന്ന് പേരിട്ട് വിളിക്കുന്നതിനോ, മാസത്തിലെ ഓന്നാം തീയതി, രണ്ടാം തീയതി എന്ന് നമ്പരിട്ട് വിളിക്കുന്നതിനോ മുമ്പ് ഒരു പ്രകൃതി പ്രതിഭാസത്തെ അടിസ്ഥാനമാക്കി ദിവസങ്ങൾക്ക് പേരുകൊടുത്തിരുന്ന ഒരു സമ്പ്രദായമാണിത്. ആധുനിക കാലത്തെ കലണ്ടറിലും ഈ തിഥികൾ ഇടംപിടിച്ചിട്ടുണ്ട്. ഒരു വാവ് കഴിഞ്ഞ് അടുത്ത പതിനഞ്ചാം ദിവസം അടുത്ത വാവാണ്. പിന്നെ വീണ്ടും പ്രഥമ, ദ്വിതീയ, തൃതീയ എന്ന് എണ്ണിത്തുടങ്ങും. കറുത്തവാവ് മുതൽ വെളുത്തവാവ് വരെയുള്ള തിഥികൾ ചേർന്ന് വെളുത്ത പക്കവും (ശുക്ല പക്ഷം) വെളുത്ത വാവ് മുതൽ കറുത്തവാവ് വരെയുള്ള തിഥികൾ ചേർന്ന് കറുത്ത പക്കവും (കൃഷ്ണ പക്ഷം) ഉണ്ടാകുന്നു. ഇങ്ങനെ രണ്ട് പക്കങ്ങൾ ചേർന്നതാണ് ഒരു ചാന്ദ്രമാസം. വൈശാഖത്തിലെ ശുക്ലപക്ഷം മൂന്നാം തിഥിയാണ് അക്ഷയതൃതീയ. ഇതൊന്നും സാധാരണ മലയാളികൾക്ക് അറിയില്ല. അവരുടെ അറിവ് വച്ച് സ്വർണം വാങ്ങാനുള്ള ഏറ്റവും നല്ല ദിവസമാണ് ഇന്ന് അക്ഷയതൃതീയ.

ഉത്തരേന്ത്യയിൽ ശൈശവ വിവാഹം നടക്കുന്ന ദിവസമാണല്ലോ അക്ഷയ തൃതീയ. സ്വാഭാവികമായും ആ ദിവസങ്ങളിൽ വലിയ സ്വർണക്കച്ചവടവും നടന്നിരുന്നു. വിശ്വാസങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നത് കച്ചവടമാണല്ലോ. എന്നാൽ ശൈശവ വിവാഹം നിരോധിച്ചതോടെ ആ ദിവസങ്ങളിൽ നടന്നുവന്ന സ്വർണക്കച്ചവടത്തിലും ഇടിവു വന്നു. ഇതു മറികടക്കാനായി ചില ഉത്തരേന്ത്യൻ സ്വർണ വ്യാപാരികൾ വ്യാപക പരസ്യം നൽകി. അക്ഷയതൃതീയയ്ക്ക് പുണ്യം പൊലിക്കും എന്ന വിശ്വാസത്തെ സ്വർണം പൊലിക്കും എന്നാക്കി തിരുത്തി. കേരളത്തിലെ ഒരു സ്വർണവ്യാപാരി കുറച്ച് വർഷങ്ങൾക്കുമുമ്പ് ഈ വിദ്യ ഇവിടെയും പരീക്ഷിച്ചു. സ്വർണ വ്യാപാരം വർദ്ധിപ്പിക്കുന്നതിനുള്ള പല ആലോചനകൾ നടത്തിയതിന്റെ ഭാഗമായി അയാൾ ഒരു പരസ്യം നൽകി. അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങുന്നത് ഐശ്വര്യം വർദ്ധിപ്പിക്കും എന്നായിരുന്നു അത്. ആ വർഷം പക്ഷേ അത് വലിയ ഫലം കണ്ടില്ല. തൊട്ടടുത്ത വർഷം ഈ മേഖലയിലെ ചില വൻകിടക്കാർ കൂടി ഇത് ഏറ്റുപിടിക്കുകയും പത്രങ്ങളിലൂടെയും ടെലിവിഷനിലൂടെയും വ്യാപക പ്രചരണം നൽകുകും ചെയ്തു.

എന്തായാലും സംഭവം ഏശി. വലംപിരി ശംഖിന്റെയും മദനകാമാക്ഷി യന്ത്രത്തിന്റെയും പിന്നാലെ ഓടുന്ന മലയാളി സ്വർണക്കടകളിൽ കൂട്ടമായെത്തി സ്വർണം വാങ്ങി. തുടർന്നുള്ള വർഷങ്ങളിൽ സ്വർണക്കടക്കാരെപോലും അമ്പരപ്പിക്കുന്ന വിധത്തിലായിരുന്ന കച്ചവടം. കഴിഞ്ഞ വർഷം മാത്രം 500 കോടി രൂപയുടെ സ്വർണക്കച്ചവടം നടന്നതായാണ് കണക്ക്. ഇനി ''ശരിക്കും ബിരിയാണി കിട്ടുന്നുണ്ടോ'' എന്ന് വ്യാപാരികൾക്ക് പോലും സംശയം തോന്നിയെന്നതാണ് സത്യം. പണയം വച്ചും കടം വാങ്ങിയും മലയാളി സ്വർണം വാങ്ങാൻ മത്സരിച്ചു. ചിലർ ആഭരണശാലകളിൽ പുരോഹിതന്മാരെ വരെ ഇരുത്തി കച്ചവടം പൊലിപ്പിച്ചു. അഡ്വാൻസ് ബുക്കിംഗും ആരംഭിച്ചു.. പോരേ. അക്ഷയതൃതീയ ദിവസത്തെ മുന്നോട്ടും പിന്നോട്ടും നീട്ടാൻ ഇതിലൂടെ കഴിഞ്ഞു. അക്ഷയതൃതീയ ആദ്യദിവസം രണ്ടാംദിവസം, അക്ഷയതൃതീയ മൂന്നാം ദിവസം എന്നിങ്ങനെ. തൃതീയയുടെ അടുത്ത ദിവസം ചതുർത്ഥിയാണ്. ഹിന്ദു വിശ്വാസപ്രകാരം ചതുർത്ഥി മോശം ദിവസവും. എന്നിട്ടും അക്ഷയതൃതീയയുടെ അടുത്ത ദിവസമായ ചതുർത്ഥിക്ക് സ്വർണം വാങ്ങി സായൂജ്യമടയുന്ന വിശ്വാസികളെയും നമ്മൾ കണ്ടു.

സ്വർണം വാങ്ങൽ പ്രോത്സാഹിപ്പിക്കാവുന്ന ഒന്നല്ല. സ്വർണം ആഭരണമാക്കുമ്പോൾ വരുന്ന അധിക വില, അത്തരത്തിൽ കൂടിയ വില നൽകി വാങ്ങിയ സ്വർണം വീണ്ടും വിൽക്കാൻ ശ്രമിക്കുമ്പോൾ നഷ്ടമാകുന്ന മൂല്യം ഇങ്ങനെ പലതരം നഷ്ടങ്ങളാണ്, ഐശ്വര്യമല്ല, സ്വർണം വാങ്ങുന്നതിലൂടെ ഉണ്ടാകുന്നത്. കൂടാതെ അക്ഷയതൃതീയയ്ക് ഐശ്വര്യമാണെന്ന് പറഞ്ഞ് ആളുകൾ വാങ്ങുന്ന സ്വർണ്ണനാണയങ്ങളും സ്വർണ്ണ ലോക്കറ്റ്, ബിസ്‌കറ്റ് മുതലായവയും പിന്നെ ബാദ്ധ്യതയായി മാറും. അവ പണയം വെയ്ക്കുന്നത് ആർ.ബി.ഐ വിലക്കിയിട്ടുണ്ട്. അവ ആഭരണമാക്കി മാറ്റാമെന്ന് വച്ചാൽ അത് കനത്ത നഷ്ടവുമാകും.

സ്വർണം വാങ്ങൽ ഒരു സമ്പാദ്യമല്ലേ എന്ന് വാദിക്കാം. പക്ഷേ വാങ്ങുന്നവന്റെ കീശ കൊള്ളയടിക്കുന്ന ഇത്രയും വലിയ ഒരേർപ്പാട് വേറെയില്ല. ഒരു പവൻ സ്വർണത്തിന്റെ വില 36,000 രൂപയാണെങ്കിൽ അത്രയും സ്വർണത്തിന്റെ ആഭരണം വാങ്ങുമ്പോൾ 41,000 രൂപയെങ്കിലും മുടക്കണം. പണിക്കൂലി, പണിക്കുറവ്, ടാക്സ് എന്നിങ്ങനെ സാധാരണക്കാരന് മനസ്സിലാകാത്ത ചില പേരുകളിൽ പോലും വ്യാപാരി പണം വസൂലാക്കും. മറ്റൊരു സംഗതി മുന്തിയ സ്വർണക്കടക്കാർ നൽകുന്ന സ്വർണം പോലും ഗുണനിലവാരമില്ലാത്തതാണ് എന്നുള്ളതാണ്. ഇത്തരത്തിലും നല്ല ഒരു തുക വാങ്ങുന്നവന് നഷ്ടമാകും. ഇനി ഈ 4125000 രൂപ മുടക്കിയ സ്വർണം വില്ക്കുകയാണെങ്കിൽ സ്വർണവിലയായ 36,000 രൂപയിൽ നിന്നും പണിക്കൂലി, പണിക്കുറവ്, മാറ്റ് കുറവ് എന്നൊക്കെ പറഞ്ഞ് നല്ലൊരു തുക കുറവ് വരുത്തും. ഇത് ശരാശരി 3000 രൂപ എങ്കിലും വരും. സ്വർണത്തിന് നിലവാരമില്ലങ്കിൽ ഈ കിഴിക്കൽ 5000 രൂപ വരെ ആകും. അതായത് 41,000 രൂപ മുടക്കി വാങ്ങിയ സ്വർണം വിൽക്കുമ്പോൾ കിട്ടുന്നത് 30,000 രൂപ. നഷ്ടം 40 ശതമാനം വരെ.

മുന്തിയ പല സ്വർണ മുതലാളിമാരും തങ്ങൾ വിറ്റ ആഭരണം പോലും നിലവിലെ വിലയ്ക്ക് തിരിച്ചെടുക്കാറില്ല. സ്വർണഭ്രമത്തിൽ അഭിരമിക്കുന്ന മലയാളി പക്ഷേ ഇതൊന്നും ആലോചിക്കാറില്ല. വിവാഹത്തിനും മറ്റും ലക്ഷങ്ങൾ മുടക്കി സ്വർണം വാങ്ങുന്ന മലയാളിയെ ഇപ്രകരം ഊറ്റിപ്പിഴിഞ്ഞെടുക്കുന്ന കാശുകൊണ്ടാണ് വ്യാപാരികൾ നാൾക്കുനാൾ മുപ്പതും നാൽപതുമൊക്കെ ഷോറൂമുകൾ പണിതുകൊണ്ടിരിക്കുന്നത്. അവിടെ തൊഴിലെടുക്കുന്ന സ്ത്രീകൾക്കോ, തുച്ഛശമ്പളത്തിനു പുറമെ മൂത്രമൊഴിക്കാൻ പോലും സമരം ചെയ്യേണ്ടി വരുന്ന അവസ്ഥയും. ശാസ്ത്രസാങ്കേതിക വിദ്യകളുടെ വളർച്ചയ്ക്കൊപ്പം അന്ധവിശ്വാസങ്ങളും തട്ടിപ്പുകളും പുതുരൂപത്തിൽ പ്രചരിപ്പിക്കുന്നതിന്റെ മറ്റൊരുദാഹരണമാണ് അക്ഷയ തൃതീയ എന്ന് ചുരുക്കിപ്പറയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP