Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആകാശ ഊഞ്ഞാൽ കവർന്ന പ്രിയങ്കയുടെ മൃതദേഹത്തിനായി പുഷ്പഗിരിയോടു മന്ത്രി മാത്യു ടി തോമസ് കടം പറഞ്ഞു; കുടുംബത്തിന്റെ വേദന കാണാതെ സർക്കാരും ജില്ലാ ഭരണകൂടവും; കോൺഗ്രസ് രക്തസാക്ഷിയുടെ പേരക്കുട്ടികളുടെ ദാരുണ മരണത്തിലും രാഷ്ട്രീയം ചർച്ചയാകുന്നത് ഇങ്ങനെ

ആകാശ ഊഞ്ഞാൽ കവർന്ന പ്രിയങ്കയുടെ മൃതദേഹത്തിനായി പുഷ്പഗിരിയോടു മന്ത്രി മാത്യു ടി തോമസ് കടം പറഞ്ഞു; കുടുംബത്തിന്റെ വേദന കാണാതെ സർക്കാരും ജില്ലാ ഭരണകൂടവും; കോൺഗ്രസ് രക്തസാക്ഷിയുടെ പേരക്കുട്ടികളുടെ ദാരുണ മരണത്തിലും രാഷ്ട്രീയം ചർച്ചയാകുന്നത് ഇങ്ങനെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ചിറ്റാർ ആകാശത്തൊട്ടിൽ ദുരന്തത്തിൽ മരണമടഞ്ഞ കുട്ടികളായ പ്രിയങ്കയോടും അലനോടും സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും കാട്ടിയതുകൊടിയ അനാസ്ഥ. ദുരന്തത്തിനു ശേഷവും ദിവസങ്ങൾക്കു ശേഷം പ്രിയങ്ക മരിച്ചിട്ടും സർക്കാരിന്റെ ഒരു പ്രതിനിധി പോലും ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ല.

എട്ടിനു രാത്രി ഏഴരയോടെയാണ് ചിറ്റാർ ഡെൽറ്റാ ഗ്രൗണ്ടിൽ നടന്ന ഓണോത്സവം പരിപാടിയുടെ ഭാഗമായുള്ള കാർണിവലിന്റെ ജയന്റ് വീലിൽനിന്നു വീണ് കുളത്തുങ്കൽ സജി-ബിന്ദു ദമ്പതികളുടെ ഇളയമകൻ അലൻ (5) മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മൂത്ത സഹോദരി പ്രിയങ്ക(15) കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12 നാണ് മരിച്ചത്. 30 അടി ഉയരത്തിൽനിന്നാണ് കുട്ടികൾ വീണത്. നിയമപാലകരുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും കടുത്ത അനാസ്ഥയുടെ ബലിയാടുകളായി മരണമടഞ്ഞ കുഞ്ഞുങ്ങൾ മാറിയപ്പോൾ ആ കുടുംബത്തെ സഹായിക്കാനോ സന്ദർശിക്കാനോ ഭരണകൂടം തയാറായില്ല.

ദുരന്തം നടന്ന് ഒൻപതു ദിവസങ്ങൾ പിന്നിട്ടിട്ടും സംഭവസ്ഥലമോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രിയങ്കയെയോ അവരുടെ മാതാപിതാക്കളയോ സന്ദർശിക്കാനോ ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും തയാറായില്ല. ജില്ലയുടെ മന്ത്രിയായ മാത്യു ടി. തോമസ് പോലും പ്രിയങ്ക മരിച്ചപ്പോഴാണ് പുഷ്പഗിരി മെഡിക്കൽ കോളജിലേക്ക് എത്തിയത്. ദുരന്തമുണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു ധനസഹായം പ്രഖ്യാപിക്കാനോ നൽകാനോ സർക്കാർ തയാറായില്ല. ഇത്തരം സന്ദർഭങ്ങളിൽ ജില്ലാ കലക്ടർക്ക് നൽകാവുന്ന അടിയന്തര ദുരിതാശ്വാസത്തിനുള്ള തുകയുടെ പരിധി കഴിഞ്ഞ ആഴ്ചയാണ് സർക്കാർ ഉയർത്തിയത്. എന്നിട്ടും ഇത് നൽകാൻ ജില്ലാ കലക്ടർ എത്തിയില്ല. ദുരന്തം നടന്ന സ്ഥലം സന്ദർശിച്ച് എഡിഎം മടങ്ങിയതൊഴിച്ചാൽ ആ ഭാഗത്തേക്ക് മറ്റൊരു സർക്കാർ സംവിധാനവും ചെന്നിട്ടില്ല.

സിപിഐ(എം) പ്രവർത്തകരാൽ വധിക്കപ്പെട്ട കോൺഗ്രസ് രക്തസാക്ഷി കെ. ഇ വർഗീസിന്റെ പേരക്കുട്ടികളാണ് മരിച്ച അലനും പ്രിയങ്കയും. സിപിഐ(എം) നേതാക്കളുടെയും പാർട്ടി ഭരിക്കുന്ന പഞ്ചായത്ത് കമ്മറ്റിയുടെയും ഒത്താശയോടെയാണ് അനധികൃതമായി കാർണിവൽ നടന്നത്. സർക്കാർ സംവിധാനം ദുരന്തത്തിന് ഇരയായവർക്ക് നേരെ തിരിയാതിരുന്നതും ഇക്കാരണം കൊണ്ടാണ്. ശനിയാഴ്ച അവയവദാനത്തിന് ശേഷം പ്രിയങ്കയുടെ മൃതദേഹം വിട്ടുകിട്ടാൻ രണ്ടരലക്ഷത്തോളം രൂപ പുഷ്പഗിരി ആശുപത്രിയിൽ കെട്ടിവയ്‌ക്കേണ്ടതുണ്ടായിരുന്നു.

ഇതിനുള്ള പണം പ്രിയങ്കയുടെ പിതാവ് കുളത്തുങ്കൽ സജിയുടെ കൈവശം ഉണ്ടായിരുന്നില്ല. ഈ സമയം അവിടെയെത്തിയ മന്ത്രി മാത്യു ടി. തോമസ് സർക്കാരിന്റെ പേരിൽ കടം പറഞ്ഞാണ് മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കൾക്ക് നൽകിയത്. അടുത്ത മന്ത്രിസഭാ യോഗത്തിന് ശേഷം ഈ തുക ആശുപത്രിക്ക് നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ടെന്നാണ് മാത്യു ടി. തോമസ് അറിയിച്ചത്. ഇത് ബന്ധുക്കളെയും കൂടെ വന്നവരേയും പ്രകോപിപ്പിക്കയും ചെയ്തു. അടിയന്തര സഹായധനം നൽകാതിരുന്നതാണ് ഇവരെ പ്രകോപിപ്പിച്ചത്.

ആകാശ ഊഞ്ഞാലിൽനിന്ന് വീണ് സഹോദരങ്ങൾ മരിച്ച സംഭവത്തിൽ കാർണിവലുകാരുടെ തലയിൽ പഴി ചാരി സ്വന്തം വീഴ്ച മറയ്ക്കാനാണ് പഞ്ചായത്ത് അധികൃതരുടെ ശ്രമം. പഞ്ചായത്തിന്റെ മൗനാനുവാദത്തോടെയും സിപിഐ(എം) പ്രാദേശിക നേതാക്കളുടെ പിന്തുണയോടെയുമാണ് കാർണിവൽ നടന്നത്. എന്നാൽ, കുട്ടികൾ ഊഞ്ഞാലിൽ നിന്ന് വീണ് മരിച്ചതോടെ കുറ്റമെല്ലാം കാർണിവൽ നടത്തിപ്പുകാരുടെ തലയിൽ ചാരി പഞ്ചായത്ത് അധികൃതരും പാർട്ടി നേതാക്കളും കൈകഴുകി.

20,000 രൂപ കാർണിവലുകാരുടെ കൈയിൽ നിന്ന് വിനോദ നികുതി ഇനത്തിൽ ഈടാക്കിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് രവികല എബി പറയുന്നു. എന്നിട്ടും കാർണിവലിന് പഞ്ചായത്ത് അനുമതി കൊടുത്തിരുന്നില്ലെന്നും വിവിധ വകുപ്പുകളുടെ അനുമതി പത്രം ഹാജരാക്കുന്ന മുറയ്ക്ക് മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂവെന്ന് അറിയിച്ചിരുന്നുവെന്നുമാണ് പ്രസിഡന്റിന്റെ ഭാഷ്യം. കഴിഞ്ഞ നാലിനാണ് കാർണിവൽ തുടങ്ങിയത്. അപകടം ഉണ്ടായത് എട്ടിനും. പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ എങ്ങനെ ഇത്രയും ദിവസം കാർണിവൽ നടന്നുവെന്ന ചോദ്യത്തിന് അധികൃതർക്ക് ഉത്തരമില്ല.

കാർണിവലിന്റെ ഉദ്ഘാടന വേദിയിലും പിന്നീട് നടന്ന പല പരിപാടികളിലും മുന്നിലുണ്ടായിരുന്നത് സിപിഐ(എം) പ്രാദേശിക നേതാക്കളായിരുന്നു. അപകടമുണ്ടായതിന് തൊട്ടുപിന്നാലെ കാർണിവലുകാരുടെ സാധനങ്ങൾ അടിച്ചു തകർത്തതിന് പിന്നിലും മുഖം രക്ഷിക്കാനുള്ള ഇവരുടെ ശ്രമമായിരുന്നുവെന്നാണ് ആരോപണം. കെഎസ്ഇബി, പൊലീസ്, ഫയർഫോഴ്‌സ്, പൊതുമരാമത്ത് മെക്കാനിക്കൽ വിഭാഗം എന്നിവരുടെ അനുമതി പത്രം വാങ്ങി റൈഡുകൾക്ക് ഫിറ്റ്‌നസ് തെളിയിച്ചെങ്കിൽ മാത്രമേ പഞ്ചായത്ത് ഇതിന് അനുമതി നൽകാവൂ എന്നാണ് നിയമം. ഇത്രയും അനുമതി പത്രങ്ങൾ നേരായ വഴിയിലൂടെ ഹാജരാക്കാൻ കാർണിവലുകാർക്ക് കഴിയുമായിരുന്നില്ല. റൈഡുകളുടെ പഴക്കം തന്നെയാണ് കാരണം. പഞ്ചായത്തിന്റെ അനുമതി ലഭിച്ചാൽ പിന്നെ മറ്റു വകുപ്പുകളുടെ അനുമതി ആരും ചോദിക്കില്ല. കാർണിവലിനിടെ അപകടം സംഭവിച്ചാൽ ഉത്തരവാദിത്തം തങ്ങളുടെ തലയിൽ വരരുത് എന്ന് കരുതിയാണ് പഞ്ചായത്ത് രേഖാമൂലം അനുവാദം നൽകാതിരുന്നത്.

അതേസമയം, മൗനാനുവാദം നൽകുകയും വിനോദ നികുതി ഇനത്തിൽ 20,000 രൂപ ഈടാക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രവികലയാണ് കാർണിവൽ ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് അനുമതി നൽകാത്ത ഒരു പരിപാടി ഉദ്ഘാടനം ചെയ്ത പ്രസിഡന്റിന്റെ നടപടി വിമർശിക്കപ്പെടുകയാണ്. ഇതിൽനിന്നു തന്നെ കാർണിവലുകാരും പഞ്ചായത്ത് അധികൃതരും തമ്മിലുള്ള ഒത്തുകളി വെളിച്ചത്തു വന്നിരിക്കുകയാണ്. തട്ടിക്കൂട്ട് കാർണിവലിൽ വൻ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടിരുന്നത്. ഗേറ്റ് ഫീസ് ഇനത്തിൽ തന്നെ പതിനായിരങ്ങളാണ് ദിവസവരുമാനം കാർണിവൽ നടത്തിപ്പുകാർക്ക് കിട്ടിയിരുന്നത്. അതിന്റെ വിനോദ നികുതി പരിശോധിച്ചാൽ തന്നെ ലക്ഷങ്ങൾ പഞ്ചായത്തിന് കിട്ടേണ്ടിയിരുന്നു.

ചില പാർട്ടി നേതാക്കളുടെ സ്വാധീനം മൂലമാണ് ഒറ്റത്തവണ വിനോദനികുതി പഞ്ചായത്ത് ഈടാക്കിയത്. ഇങ്ങനെ നികുതിയും അനുമതിയുമൊക്കെ ഒഴിവാക്കി നൽകിയതിന്റെ പ്രത്യുപകാരം ചില നേതാക്കളുടെ പോക്കറ്റിലേക്ക് പോയെന്നും ജനസംസാരമുണ്ട്. കഴിഞ്ഞ വർഷവും ഇതേപോലെ ചിറ്റാറിൽ നടന്ന കാർണിവലിൽ പൊലീസുകാരെ മർദിച്ചിരുന്നു. കാർണിവൽ ഗ്രൗണ്ടിൽ പണം വച്ച് ചീട്ടുകളിയും കിലുക്കിക്കുത്തും നടത്തുന്നത് തടഞ്ഞ എസ്‌ഐയെ ഒരു സംഘം സിപിഐ(എം) പ്രവർത്തകർ ആക്രമിക്കുകയും തൊപ്പി തെറിപ്പിക്കുകയും ചെയ്തിരുന്നു.

കൂടെയുണ്ടായിരുന്ന പൊലീസുകാരെയും മർദിച്ചു. അന്ന് മേളയ്ക്ക് ഒത്താശ ചെയ്ത അതേ സിപിഐ(എം) നേതാക്കൾ തന്നെയാണ് ഇത്തവണത്തെ കാർണിവലിനും പിന്നിലുണ്ടായിരുന്നത് എന്നാണ് അറിയുന്നത്. മേള നടത്തിപ്പുകാരായ ആറു പേർ പൊലീസിന് മുൻപാകെ കീഴടങ്ങിയിരുന്നു. ഇവരെ മാത്രം കുറ്റപ്പെടുത്തി മുന്നോട്ടുനീങ്ങുകയാണ് ഇനി പഞ്ചായത്ത് അധികൃതരുടെ ലക്ഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP