Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തടവറയിലെ അടിപൊളി ജീവിതത്തിന് താൽക്കാലം വിട! ഷുഹൈബിനെ വെട്ടിനുറക്കി കൊലപ്പെടുത്തിയ ആകാശ് തില്ലങ്കേരി അടക്കം നാല് പ്രതികൾ ജയിലിന് പുറത്തേക്ക്; ഹൈക്കോടതി ജാമ്യത്തിൽ പുറത്തിറങ്ങുന്ന 'സഖാക്കൾക്ക്' സോഷ്യൽ മീഡിയയിൽ വീരപരിവേഷം നൽകരുതെന്ന് സൈബർ സഖാക്കൾക്ക് കർശന നിർദ്ദേശം നൽകി പാർട്ടി; ബിജെപിയും കോൺഗ്രസും ആയുധമാക്കുന്നത് ഒഴിവാക്കാൻ സ്വീകരണങ്ങളും അഭിവാദ്യങ്ങൾ രഹസ്യമായി മതിയെന്നും നിർദ്ദേശം; തില്ലങ്കേരിയെയും കൂട്ടരെയും പുറത്തിറക്കാൻ സിപിഎം എറിഞ്ഞത് കോടികളെന്നും ആക്ഷേപം

തടവറയിലെ അടിപൊളി ജീവിതത്തിന് താൽക്കാലം വിട! ഷുഹൈബിനെ വെട്ടിനുറക്കി കൊലപ്പെടുത്തിയ ആകാശ് തില്ലങ്കേരി അടക്കം നാല് പ്രതികൾ ജയിലിന് പുറത്തേക്ക്; ഹൈക്കോടതി ജാമ്യത്തിൽ പുറത്തിറങ്ങുന്ന 'സഖാക്കൾക്ക്' സോഷ്യൽ മീഡിയയിൽ വീരപരിവേഷം നൽകരുതെന്ന് സൈബർ സഖാക്കൾക്ക് കർശന നിർദ്ദേശം നൽകി പാർട്ടി; ബിജെപിയും കോൺഗ്രസും ആയുധമാക്കുന്നത് ഒഴിവാക്കാൻ സ്വീകരണങ്ങളും അഭിവാദ്യങ്ങൾ രഹസ്യമായി മതിയെന്നും നിർദ്ദേശം; തില്ലങ്കേരിയെയും കൂട്ടരെയും പുറത്തിറക്കാൻ സിപിഎം എറിഞ്ഞത് കോടികളെന്നും ആക്ഷേപം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എസ് പി ഷുഹൈബിനെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സിപിഎം പ്രവർത്തകനും സൈബർ ലോകത്തെ സജീവ സിപിഎം പ്രവർത്തകനുമായി ആകാശ് തില്ലങ്കേരിയുടെ ജയിലറയിലെ 'ആർഭാഢ' ജീവിതത്തിന് തൽക്കാലം വിട. കണ്ണൂർ സെൻട്രൽ ജയിലിനെ ഭരിച്ചിരുന്ന സിപിഎം പ്രവർത്തകർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് ഇവർ പുറത്തിറങ്ങുന്നത്. കേസിലെ ഒന്നാം പ്രതി അടക്കം നാലു പേരാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്തിറങ്ങുന്നത്. തെരഞ്ഞെടുപ്പു നടക്കുന്ന വേളയിൽ കേസ് ഇവർ പുറത്തിറങ്ങിയാൽ അത് പ്രതിപക്ഷം ആയുധമാക്കും എന്നതിനാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഇവർ പുറത്തിറങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട്.

കേസിൽ ഒന്നാം പ്രതി ഉൾപ്പെടെ നാലു പേർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഷുഹൈബ് വധക്കേസിലെ ഒന്നാംപ്രതി ആകാശ് തില്ലങ്കേരി, രണ്ടാംപ്രതി രഞ്ജിത് രാജ്, മൂന്നാം പ്രതി കെ. ജിതിൻ, നാലാംപ്രതി സി.എസ്. ദീപക്ചന്ദ് എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ട്, മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കടക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. 2018 ഫെബ്രുവരി 12നാണ് ശുഹൈബ് കൊല്ലപ്പെട്ടത്. അർദ്ധരാത്രി കണ്ണൂർ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബാംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഷുഹൈബിനെയുെ കൂടെയുള്ളവരെയും വെട്ടുകയായിരുന്നു ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും ആക്രമികൾ വൈകിച്ചു. ഇതോടെ രക്തം വാർന്നു ഷുഹൈബ് മരിക്കുകയായിരുന്നു.

അതെ സമയം ഷുഹൈബ് വധക്കേസ് പ്രതികളെ പുറത്തിറക്കാൻ സർക്കാർ കോടികൾ ചിലവഴിക്കുന്നെന്ന ആക്ഷേപം നില നിൽക്കെയാണ് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവരുന്നത്. കേസിൽ സിബിഐ അന്വേഷണം തടയാൻ സർക്കാർ തലത്തിൽ ഗൂഢാലോചന നടത്തുന്നുവെന്നും, ഇരകളോടൊപ്പം നിൽക്കാതെ സർക്കാർ വേട്ടക്കാരെ രക്ഷിക്കുന്നതിനായി കോടിക്കണക്കിനു രൂപ ചെലവഴിക്കുക ആയിരുന്നു എന്േനാണ് കണ്ണൂർ ഡിസിസി അധ്യക്ഷൻ സതീശൻ പാച്ചേനി ഉന്നയിക്കുന്ന ആരോപണം.

കേസിൽ പ്രതികളായ ആകാശ് തില്ലങ്കേരി, ദീപ് ചന്ദ് എന്നിവരെ സിപിഎമ്മിൽനിന്നും പുറത്താക്കിയിരുന്നു. ഇതോടെ ഇവർക്ക് ജാമ്യം ലഭിച്ച് പുറത്തിറങ്ങുമ്പോൾ ഇവർക്ക് സൈബർ ലോകത്ത് വീരപരിവേഷം നൽകരുതെന്ന നിർദ്ദേശവുമായി സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച നിർദ്ദേശങ്ങളുടെ ശബ്ദ സന്ദേശങ്ങൾ സിപിഎം വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്. പുറത്തിറങ്ങുന്ന പ്രതികൾക്ക് വീരപരിവേഷം നൽകരുത്, ഇത് പ്രചരിപ്പിക്കുമ്പോൾ കോൺഗ്രസും ബിജെപിയും അടക്കമുള്ളവർ ആയുധമാക്കുമെന്നും അതുകൊണ്ട് സ്വീകരണമൊരുക്കൽ പാർട്ടി കേന്ദ്രങ്ങളിൽ മാത്രം ഒതുങ്ങണം എന്നുമാണ് സന്ദേശത്തിന്റെ പൊരുൾ.

ജയിലും ഭരിച്ചത് ആകാശ് സിപിഎമ്മിന്റെ 'സൈബർ പോരാളി'

ഷുഹൈബ് വധക്കേസ് പ്രതികൾക്ക് ജയിലിൽ സ്‌പെഷൽ പരിഗണനയാണ് ലഭിക്കുന്നതെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. ഇക്കാര്യം കോൺഗ്രസ് നേതാവ് കെ സുധാകരനും ചൂണ്ടിക്കാട്ടിയിരുന്നു. പ്രതി ആകാശ് തില്ലങ്കരി ജയിൽ അധികാരിയെപോലെ പെരുമാറുന്നതായി പരാതിയിൽ പറയുന്നു. സെൽ പൂട്ടാറില്ല. ആകാശിനെ കൂത്തുപ്പറമ്പ് സ്വദേശിനി മൂന്നു ദിവസത്തിനുള്ളിൽ 12 മണിക്കൂർ സന്ദർശിച്ചതായും പരാതിയിൽ പറയുന്നു. യുവതിയുമായി സ്വതന്ത്രമായി ഇടപെടാനും സ്വകാര്യസംഭാഷണം നടത്താനും അധികാരികൾ സാഹചര്യമൊരുക്കിയതായും പരാതിയിൽ പറയുന്നു.

മട്ടന്നൂരിലെ യൂത്ത് കോ ൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആകാശ് സിപിഎമ്മിന്റെ 'സൈബർ പോരാളി'യാണ്. 'അപരന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്നൊരു പുലരിക്കായി പ്രയത്‌നിക്കുന്നു' എന്നു പേരുള്ള സിപിഎം അനുകൂല സൈബർ സംഘത്തിലെ അംഗമാണ് ആകാശ്. ആ ഗ്രൂപ്പിലെ പോരാളി എന്നാണു ഫേസ്‌ബുക് പ്രൊഫൈലിൽ ആകാശ് സ്വയം രേഖപ്പെടുത്തിയിരിക്കുന്നത്. ആകാശ് തില്ലങ്കേരി എന്ന പേരിലുണ്ടായിരുന്ന ഫേസ്‌ബുക് പേജ് ഇപ്പോൾ കാണാനില്ല. എം വിആകാശ് എന്ന പേരിൽ മറ്റൊരു പേജ് നിലവിലുണ്ട്.

സിപിഎമ്മിനെ ന്യായീകരിച്ചും എതിരാളികളെ രൂക്ഷമായി വിമർശിച്ചും ഫേസ്‌ബുക്കിൽ സജീവമായി ഇടപെടുന്നയാളാണ് ആകാശ്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ, ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി തുടങ്ങിയവരോടുള്ള ആരാധന സ്ഫുരിക്കുന്ന ചിത്രങ്ങളും കമന്റുകളും ആകാശിന്റെ പേജിലുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പി.ജയരാജൻ എന്നിവരോടൊപ്പമെടുത്ത സെൽഫി ചിത്രങ്ങളും പുറത്തു വന്നിരുന്നു.

2016ൽ തില്ലങ്കേരിയിൽ ആർഎസ്എസ് പ്രവർത്തകൻ മാവില വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇന്നലെ കീഴടങ്ങിയ ആകാശും രജിൻരാജും. വിനീഷിനെ കൊലപ്പെടുത്തിയത് ആർഎസ്എസുകാർ തന്നെയെന്നു സിപിഎം പ്രചരിപ്പിച്ചുവെങ്കിലും, ഡിവൈഎഫ്‌ഐ യൂണിറ്റ് വൈസ് പ്രസിഡന്റിന്റെ വാഹനത്തിനു നേരെ ബോംബേറുണ്ടായതിനു പ്രതികാരമായാണു വിനീഷിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് പിന്നീടു കണ്ടെത്തി. 'വിനീഷിനെ കൊത്തിയ കത്തി, അറബിക്കടലിലെറിഞ്ഞിട്ടില്ല' എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ പ്രവർത്തകർ തില്ലങ്കേരിയിൽ പ്രകടനം നടത്തുന്ന ദൃശ്യങ്ങളും പിന്നീടു പുറത്തു വന്നിരുന്നു.

വിമാനത്താവള ജോലികളും ഹോട്ടൽ മാനേജ്‌മെന്റും പരിശീലിപ്പിക്കുന്ന എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ കുറച്ചുകാലം പഠിച്ചിരുന്നു. വിനീഷ് കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം നാട്ടിലുണ്ടാവാറില്ല. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിൽ ജോലിയെന്നാണു നാട്ടിൽ പറയപ്പെടുന്നത്. ഫെബ്രുവരി 12ന് രാത്രി 10.45ന് എടയന്നൂർ തെരൂരിലെ തട്ടുകടയിൽവച്ചാണ് ഷുഹൈബ് വെട്ടേറ്റു മരിച്ചത്. സംഭവമുമായി ബന്ധപ്പെട്ട് 11 സിപിഎം പ്രവർത്തകരെ മട്ടന്നൂർ സിഐ എ.വി. ജോണിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. ആകാശിനെയും രഞ്ജിത്തിനെയും 2018 ഫെബ്രുവരി 19നും ജിതിനെ 2018 ഫെബ്രുവരി 26നും ദീപക്കിനെ 2018 മാർച്ച് നാലിനുമാണ് അറസ്റ്റ് ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP