Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെറും ചങ്ങാതി ആയിരുന്നില്ല, ചങ്കായിരുന്നു ജില്ലാ പൊലീസിലെ സഹപ്രവർത്തകർക്ക് അജിതൻ....; പ്രളയകാലത്ത് നാട്ടുകാർക്ക് താങ്ങും തണലുമായി നിലയുറപ്പിച്ച പഴയ ഇടുക്കി എസ് ഐ; ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചിന്റെ ചുമതലയിലെത്തിയപ്പോൾ വിവരശേഖരണവും കൺട്രോൾ റൂമും സുഭദ്രമാക്കിയ പൂച്ചപ്രക്കാരൻ; മൃതദേഹം വയ്ക്കാതെ പൂച്ചെണ്ടുകൾകൊണ്ട് ഒരുക്കിയ പ്രതീകാത്മക ശവമഞ്ചത്തിൽ ചിത്രം വച്ച് ഫ്യൂണറൽ പരേഡ്; അജിതന് ആദരാഞ്ജലി അർപ്പിച്ച് കേരളാ പൊലീസ്

വെറും ചങ്ങാതി ആയിരുന്നില്ല, ചങ്കായിരുന്നു ജില്ലാ പൊലീസിലെ സഹപ്രവർത്തകർക്ക് അജിതൻ....; പ്രളയകാലത്ത് നാട്ടുകാർക്ക് താങ്ങും തണലുമായി നിലയുറപ്പിച്ച പഴയ ഇടുക്കി എസ് ഐ; ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചിന്റെ ചുമതലയിലെത്തിയപ്പോൾ വിവരശേഖരണവും കൺട്രോൾ റൂമും സുഭദ്രമാക്കിയ പൂച്ചപ്രക്കാരൻ; മൃതദേഹം വയ്ക്കാതെ പൂച്ചെണ്ടുകൾകൊണ്ട് ഒരുക്കിയ പ്രതീകാത്മക ശവമഞ്ചത്തിൽ ചിത്രം വച്ച് ഫ്യൂണറൽ പരേഡ്; അജിതന് ആദരാഞ്ജലി അർപ്പിച്ച് കേരളാ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

പൈനാവ്: വെറും ചങ്ങാതി ആയിരുന്നില്ല, ചങ്കായിരുന്നു ജില്ലാ പൊലീസിലെ സഹപ്രവർത്തകർക്ക് അജിതൻ. കോവിഡിലെ അജിതന്റെ വേർപാട് പൊലീസ് സേനയ്ക്ക് തന്നെ തീരാദുഃഖമാണ്. കൊറോണക്കാലത്ത് പൊലീസിന് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ ഭീഷണിക്ക് തെളിവാണ് ഇത്. ഈ സാഹചര്യത്തിലാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള നീക്കങ്ങൾക്കിടയിലും കൂടുതൽ ജാഗ്രത കാട്ടാനുള്ള ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ തീരുമാനങ്ങൾ. പൊലീസുകാർക്കിടയിൽ കോവിഡ് വ്യാപിപ്പിക്കുന്നത് ഗൗരവത്തോടെ കാണേണ്ട സാഹചര്യമാണുള്ളത്. പൊലീസിൽ 50 വയസ്സ് കഴിഞ്ഞവർക്കും രോഗ പശ്ചാത്തലമുള്ള മറ്റുള്ളവർക്കും കോവിഡ് ഡ്യൂട്ടി നൽകരുതെന്നു ഡിജിപി കർശന നിർദ്ദേശം നൽകിയത് ഈ സാഹചര്യത്തിലാണ്.

മുൻപും ഉന്നത തല നിർദേശമുണ്ടായിരുന്നെങ്കിലും ആൾക്ഷാമം ചൂണ്ടിക്കാട്ടി സ്‌പെഷൽ സെല്ലില്ലുള്ളവരെ വരെ ഡ്യൂട്ടിക്കു നിയോഗിച്ചു. അജിതനെ പോലുള്ളവർ കോവിഡിനെ നിയന്ത്രിക്കാൻ അങ്ങനെ റോഡുകളിലെത്തി. ഇതാണ് തിരുത്തലുകൾക്ക് ഡിജിപിയെ പ്രേരിപ്പിക്കുന്നത്. ഇനി കൂടുതൽ കരുതൽ പൊലീസ് എടുക്കും. കേരള പൊലീസിൽ 1990 ബാച്ചുകാരനായിരുന്നു അജിതൻ.  ജോലി കിട്ടി പൈനാവ് എആർ ക്യാംപിൽ എത്തിയതു മുതൽ സൗഹൃദങ്ങൾ മാത്രമുണ്ടാക്കി. പൂച്ചപ്രക്കാരൻ അജിതൻ. പൈനാവ് എൻജിഒ ക്വാർട്ടേഴ്‌സിലായിരുന്നു താമസം. പൊലീസ് സേനയ്ക്കു പുറത്തും കൂട്ടുകാരെറെയുണ്ടായിരുന്നു. ജില്ലാ ആസ്ഥാനത്തെ ഇടുക്കി, കഞ്ഞിക്കുഴി, മുരിക്കാശേരി സ്റ്റേഷനുകൾക്കു പുറമേ നർകോട്ടിക് സെൽ, ഡിസിആർബി, സ്‌പെഷൽ ബ്രാഞ്ച് എന്നിവിടങ്ങളിലും ജോലി ചെയ്തു. 2019 ജൂലൈ ഒന്നിനാണ് ജില്ലാ സ്‌പെഷൽ ബ്രാഞ്ചിന്റെ കൺട്രോൾ റൂമിന്റെ ചുമതലയേറ്റെടുത്തത്. അന്നു മുതൽ ഈ കൺട്രോൾ റൂം അജിതന്റെ കൈയിൽ ഭദ്രമായിരുന്നു.

കേരളത്തിൽ കോവിഡ് ചികിത്സയിലിരിക്കെ മരിക്കുന്ന ആദ്യ പൊലീസ് ഉദ്യോഗസ്ഥനാണ് അജിതൻ. കഞ്ഞിക്കുഴി സ്റ്റേഷനിലായിരുന്നു ജോലി. ഹൃദ്രോഗവും പ്രമേഹവും ഉണ്ടായിരുന്ന അജിതൻ വെള്ളിയാഴ്ച രാത്രി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണു മരിച്ചത്. ചെറുതോണിയിൽ ബ്യൂട്ടി പാർലർ നടത്തുന്ന ഭാര്യയിൽ നിന്നാണു കോവിഡ് പകർന്നതെന്നു കരുതുന്നു. മകൾക്കും വൈറസ് ബാധിച്ചിരുന്നു. ഭാര്യയും മകളും കോവിഡ് മുക്തരായി. ഇതിനിടെയാണ് കുടുംബത്തെ വേദനിപ്പിച്ച് അജിതന്റെ മരണം എത്തുന്നത്.

ഇടുക്കി ജില്ലയിലെ സംഭവങ്ങൾ, അപകടം, അക്രമം, പൊലീസിനെതിരെയുള്ള പരാതികൾ, മാധ്യമ വാർത്തകൾ എന്നിവ കണ്ടെത്തി സംസ്ഥാന പൊലീസ് മേധാവിക്കു റിപ്പോർട്ട് ചെയ്യേണ്ട ചുമതലയായിരുന്നു അജിതന്. സമൂഹമാധ്യമങ്ങളുടെ നിരീക്ഷണവും നടത്തി. രണ്ടു വർഷം മുൻപ് പ്രളയകാലത്ത് ഇടുക്കി എസ്‌ഐ ആയിരുന്ന അജിതൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു മുൻനിരയിൽ നിന്നു. 2021 മാർച്ചിൽ ആയിരുന്നു വിരമിക്കേണ്ടിയിരുന്നത്. ഇതിനുള്ള മാനസിക തയ്യാറെടുപ്പുകൾക്കിടെയാണ് കോവിഡ് വില്ലനായി എത്തുന്നത്.

പൂച്ചപ്ര വരമ്പനാൽ പരമേശ്വരൻ സരോജിനി ദമ്പതികളുടെ രണ്ടാമത്തെ മകനാണ് അജിതൻ. അനുജൻ വി.പി.മധു തൊടുപുഴ ട്രാഫിക് പൊലീസിൽ അസിസ്റ്റന്റ് എസ്ഐയാണ്. പൈനാവ് സ്വദേശിനിയാണ് ഭാര്യ രമണി. കോവിഡ് പോസിറ്റീവായ ശേഷം ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു അജിതൻ. ഹൃദയസംബന്ധമായ അസുഖം മൂലം അജിതന്റെ സ്ഥിതി ഗുരുതരമായപ്പോൾ ബുധനാഴ്ച രാത്രി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുമാറ്റി. ഇവിടെ വെള്ളിയാഴ്ച രാത്രി 11.45ന് ആയിരുന്നു അന്ത്യം.

ഇടുക്കി ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പുസ്വാമി, തൊടുപുഴ ഡിവൈഎസ്‌പി കെ.കെ.സജീവ്, സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി പയസ് ജോർജ്, കാഞ്ഞാർ എസ്എച്ച്ഒ വി.കെ.ശ്രീജേഷ്, കുളമാവ് എസ്എച്ച്ഒ സുനിൽ തോമസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സേനയുടെ അകമ്പടിയോടെയായിരുന്നു സംസ്‌കാരം. ജ്യേഷ്ഠപുത്രൻ അഭിജിത്ത് ചിതയ്ക്ക് തീകൊളുത്തി.

അതിനിടെ തിരുവനന്തപുരത്ത് 2 പൊലീസുകാർക്കു കോവിഡ് ബാധിച്ചതിനെ തുടർന്ന് പൊലീസ് ആസ്ഥാനം 2 ദിവസത്തേക്ക് അടച്ചു. പൊലീസ് ആസ്ഥാനത്തെത്തുന്നവരെ തെർമൽ സ്‌കാനിങ്ങിനു വിധേയരാക്കിയിരുന്നതും സാനിറ്റൈസ് ചെയ്തിരുന്നതും ഇവർ ഉൾപ്പെട്ട സംഘമായിരുന്നു. ഒപ്പം ജോലി ചെയ്തിരുന്നവരെ നിരീക്ഷണത്തിലാക്കി. നാളെ വീണ്ടും തുറക്കുന്നതുവരെ കൺട്രോൾ റൂം ഉൾപ്പെടെ അത്യാവശ്യ സേവനങ്ങൾ മാത്രം പൊലീസ് ആസ്ഥാനത്തു തുടരും. ഇതിനകം 82 പൊലീസുകാർക്കു കോവിഡ് ബാധിച്ചു. രണ്ടായിരത്തിലേറെപ്പേർ നിരീക്ഷണത്തിലായി. ഈ സാഹചര്യം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയിലാണു സർക്കാർ. വ്യാപനം ഇത്രത്തോളമാകുംമുൻപു തന്നെ സ്റ്റേഷനുകൾ അടച്ചിടുകയും ഉദ്യോഗസ്ഥർ ക്വാറന്റീനിലാകുകയും ചെയ്യുന്ന സാഹചര്യം ചിലയിടങ്ങളിലുണ്ടായിട്ടുണ്ട്. പൊലീസുകാരും കുടുംബാംഗങ്ങളും യാത്രകൾ ഒഴിവാക്കി ആരോഗ്യ പ്രോട്ടോക്കോൾ പാലിക്കണമെന്നു നിർദേശമുണ്ട്. രോഗം ബാധിച്ചാൽ മേലുദ്യോഗസ്ഥർ മികച്ച ചികിത്സ ഉറപ്പാക്കണമെന്നും ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്.

ഡിജിപി ഓഫീസിലെ ഗേറ്റ് ചുമതലയുള്ള റിസപ്ഷൻ എസ്‌ഐ.ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അണുനശീകരണപ്രവർത്തനങ്ങൾക്ക് രണ്ട് കൺട്രോൾ റൂമുകൾ ഒഴികെയുള്ളവയാണ് അടച്ചത്. കൺട്രോൾ റൂമുകൾ മൂന്നിലൊന്നു ജീവനക്കാരെ ഉപയോഗിച്ചു പ്രവർത്തിപ്പിക്കാനാണ് നിർദ്ദേശം. കഴിഞ്ഞ ദിവസമാണു കാട്ടാക്കട സ്വദേശിയായ പേരൂർക്കട എസ്.എ.പി. ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന എസ്‌ഐ.ക്കു കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് ഗേറ്റ് ചുമതലയുള്ള പൊലീസുകാരടക്കം ഇദ്ദേഹവുമായി അടുത്ത് ഇടപഴകിയവരോടു ക്വാറന്റീനിൽ പ്രവേശിക്കാൻ നിർദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP