Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിയാലിലെ വഴിവിട്ട നടപടികളും സ്വജനപക്ഷപാതവും ചൂണ്ടിക്കാട്ടിയതോടെ എംഡിയുടെ കണ്ണിലെ കരടായി; ലീവ് പാസാക്കാതെയും എൻട്രി പാസ് കാൻസൽ ചെയ്തും പ്രതികാര നടപടികൾ തുടങ്ങി; മേലുദ്യോഗസ്ഥനോട് അപമര്യാദയായി പെരുമാറി എന്ന കുറ്റത്തിന് അന്വേഷണ കമ്മീഷൻ നടപടിയും; ഒരു ലക്ഷത്തിലധികം ശമ്പളം വാങ്ങിയിരുന്ന പോസ്റ്റിൽ നിന്ന് 30,000 മാത്രമുള്ള തസ്തികയിലേക്ക് തരംതാഴ്‌ത്തി; സിയാൽ എംഡി വി ജെ കുര്യന്റെ അപ്രീതിക്ക് പാത്രമായ ഉന്നത ഉദ്യോഗസ്ഥൻ ഹൃദയം തകർന്ന് ആശുപത്രിയിൽ

സിയാലിലെ വഴിവിട്ട നടപടികളും സ്വജനപക്ഷപാതവും ചൂണ്ടിക്കാട്ടിയതോടെ എംഡിയുടെ കണ്ണിലെ കരടായി; ലീവ് പാസാക്കാതെയും എൻട്രി പാസ് കാൻസൽ ചെയ്തും പ്രതികാര നടപടികൾ തുടങ്ങി; മേലുദ്യോഗസ്ഥനോട് അപമര്യാദയായി പെരുമാറി എന്ന കുറ്റത്തിന് അന്വേഷണ കമ്മീഷൻ നടപടിയും; ഒരു ലക്ഷത്തിലധികം ശമ്പളം വാങ്ങിയിരുന്ന പോസ്റ്റിൽ നിന്ന് 30,000 മാത്രമുള്ള തസ്തികയിലേക്ക് തരംതാഴ്‌ത്തി; സിയാൽ എംഡി വി ജെ കുര്യന്റെ അപ്രീതിക്ക് പാത്രമായ ഉന്നത ഉദ്യോഗസ്ഥൻ ഹൃദയം തകർന്ന് ആശുപത്രിയിൽ

എം മനോജ് കുമാർ

കൊച്ചി: കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെ ധൂർത്തും അഴിമതിയും ഉന്നതരുടെ ഇഷ്ടക്കാർക്കായുള്ള വഴിവിട്ട നിയമനങ്ങളും ചൂണ്ടിക്കാട്ടിയ സൂപ്രണ്ട് (ഓപ്പറേഷൻസ് ) അജിത്ത് രവിക്ക് സസ്‌പെൻഷനും സർവീസിൽ നിന്നുള്ള തരംതാഴ്‌ത്തലും. സിയാൽ എംഡി വി ജെ കുര്യന്റെ അനിഷടത്തിന് പാത്രമായതിനാൽ തന്നെ സർവീസിൽ നിന്നും തരംതാഴ്‌ത്തിയെന്ന ആരോപണം ഉന്നയിച്ച് രംഗത്തുവന്നത് വിമാനത്താവളത്തിൽ ഓപ്പറേഷനൽ വിഭാഗത്തിൽ സൂപ്രണ്ടായി സേവനം അനുഷ്ഠിച്ചിരുന്ന അജിത്ത് രവിയാണ്. കുര്യന്റെ അനിഷ്ഠം കാരണം കഴിഞ്ഞ നാലുമാസമായി സസ്‌പെൻഷനിൽ കഴിയേണ്ടി വന്ന തനിക്ക് ഇപ്പോൾ അടിച്ചു കിട്ടിയ ഓർഡർ സർവീസിൽ നിന്നുള്ള തരംതാഴ്‌ത്തലാണെന്ന് അജിത് രവി പറയുന്നു. പ്രതികാര നടപടിയിൽ തകർന്നുപോയ അജിത്ത് ഇപ്പോൾ ഹൃദയാഘാതം വന്ന ആശുപത്രിയിൽ ചികിത്സയിലാണ്.

സൂപ്രണ്ടായി തുടർന്നിരുന്ന പോസ്റ്റിൽ നിന്നും രണ്ടു ഗ്രെഡ് താഴേയ്ക്കാണ് അജിത്തിനെ ഡീ പ്രമോട്ട് ചെയ്തിരിക്കുന്നത്. സൂപ്പർവൈസർ തസ്തികയിലേക്കാണ് അജിത്തിനെ ഡീ ഗ്രെഡ് ചെയ്തിരിക്കുന്നത്. അജിത്ത് മേലുദ്യോഗസ്ഥനോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് വി.ജെ.കുര്യൻ നിയമിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടു പ്രകാരമാണ് ഇപ്പോഴുള്ള തരംതാഴ്‌ത്തലും ശമ്പളം മൂന്നിലൊന്നായി വെട്ടിക്കുറയ്ക്കലും നടന്നിരിക്കുന്നതെന്നാണ് ആക്ഷേപം.

ഒരു ലക്ഷത്തിലധികം ശമ്പളം വാങ്ങിയിരുന്ന അജിത്ത് രവിയെ 30000 രൂപ ശമ്പളക്കാരനാക്കി മാറ്റുകയാണ് സിയാൽ അധികൃതർ ചെയ്തത്. ആവശ്യമുണ്ടെങ്കിൽ ഈ കാശ് വാങ്ങി സർവീസിൽ തുടരാം. അല്ലാത്തപക്ഷം സർവീസിൽ നിന്നും രാജി വയ്ക്കുക. ഈ സന്ദേശമാണ് പുതിയ ഉത്തരവ് വഴി സിയാലിന്റെ എല്ലാമെല്ലാമായ കുര്യൻ അജിത്ത് രവിക്ക് നൽകിയിരിക്കുന്നത് എന്നാണ് പരാതി. ഒരു ലക്ഷം രൂപയ്ക്ക് ജോലി ചെയ്തിരുന്ന ഒരാളെ 30000 രൂപ ശമ്പളം വാങ്ങിക്കുന്ന ജീവനക്കാരൻ ആക്കി മാറ്റിയതോടെ അതീവ സമ്മർദ്ദമാണ് കുര്യൻ അജിത്തിന് മേൽ കെട്ടിയേൽപ്പിച്ചിരിക്കുന്നത്. പുതിയ സംഭവവികാസങ്ങളിൽ കടുത്ത മാനസിക സമ്മർദ്ദത്തിലായ അജിത്തിനെ നെഞ്ചു വേദനയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നെടുമ്പാശേരി വിമാനത്താവളത്തിലെ ഐഎൻടിയുസി യൂണിയനായ കൊച്ചിൻ എയർപോർട്ട് സ്റ്റാഫ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ആയി വന്നതോടെയാണ് അജിത്ത് കുര്യന്റെ അനിഷ്ഠത്തിനു പാത്രമാകുന്നത്. ഒരു ഇംഗ്ലീഷ് പോർട്ടലിൽ ടെർമിനൽ പൊളിച്ചു പണിയുന്നതുമായി ബന്ധപ്പെട്ടു വന്ന വാർത്തയാണ് അജിത്തിന് പാരയായത് എന്നാണ് ആക്ഷേപം. 250 കോടിയോളം മുടക്കിയുള്ള പൊളിച്ചു പണിയലിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടിയത് അജിത്തായിരുന്നു. ഇതുമായി ബന്ധപ്പെട്ടു ഒരു ഇംഗ്ലീഷ് പോർട്ടലിൽ വാർത്ത വന്നു. യൂണിയൻ നേതാവായി അജിത്ത് അതിൽ റെസ്‌പോൺസ് നൽകിയിരുന്നു. ഇത് കുര്യന്റെ ശ്രദ്ധയിൽപ്പെട്ടതോടെ അജിത്ത് കുര്യന്റെ അപ്രീതിക്ക് പാത്രമായത്. തുടർന്ന് ഡിപ്പാർട്ട്‌മെന്റ് തലത്തിൽ ഒട്ടുവളരെ പ്രശ്‌നങ്ങൾ അജിത്തിന് നേരിടേണ്ടി വന്നു.

അജിത്തിന്റെ ലീവ് പാസാക്കില്ല. വിമാനത്താവളത്തിലെ ഏത് ഡോർ വഴിയും അകത്ത് പ്രവേശിക്കാവുന്ന എൻട്രി പാസ് കാൻസൽ ചെയ്യൽ, അജിത്ത് ഇല്ലെങ്കിൽ അജിത്തിന്റെ ജോലി മറ്റു സഹപ്രവർത്തകരെക്കൊണ്ട് ഏറ്റെടുപ്പിക്കാതിരിക്കൽ, തൊഴിലാളികൾ വരുന്ന വഴിയിൽ എല്ലാ ചെക്കിംഗും കഴിഞ്ഞു മാത്രം അജിത്തിന് എയർപോർട്ടിൽ പ്രവേശനം തുടങ്ങി മാനസികമായി ഒട്ടുവളരെ ആക്രമണങ്ങളും ഒറ്റപ്പെടുത്തലും. ഒടുവിൽ മേലുദ്യോഗസ്ഥനോട് അപമര്യാദയായി പെരുമാറി എന്ന് പറഞ്ഞു ഡിപ്പാർട്ട്‌മെന്റ് തലത്തിൽ അന്വേഷണക്കമ്മറ്റി.

ഈ കമ്മറ്റിയുടെ അന്വേഷണം വന്ന ശേഷമാണ് ഇപ്പോൾ വെറും സൂപ്പർ വൈസർ ആയി അജിത്തിനെ തരംതാഴ്‌ത്തിയിരിക്കുന്നത്. ഈ കമ്മിറ്റിയുടെ അന്വേഷണം വഴിതെറ്റാതിരിക്കാൻ അജിത്ത് താൻ നിരപരാധിയാണ് എന്ന് കാണിക്കുന്ന എല്ലാ തെളിവുകളും അജിത്ത് നൽകിയെങ്കിലും വി.ജെ.കുര്യൻ നിയമിച്ച കമ്മറ്റി ഒന്നും കണക്കിൽ എടുത്തില്ല. സിയാലിന്റെ എല്ലാമെല്ലാമായ കുര്യന്റെ ശബ്ദത്തിനു മുകളിൽ ഒരീച്ച പോലും പറക്കില്ല എന്ന് ഒരിക്കൽക്കൂടി സാക്ഷ്യപ്പെടുത്തിയാണ് അജിത്തിന്റെ നേർക്ക് നടപടികൾ ഇപ്പോൾ അതിവേഗം എത്തിയിരിക്കുന്നത്.

ഐഎൻടിയുസി യൂണിയൻ മീറ്റിങ്ങിൽ നെടുമ്പാശേരി എയർപോർട്ടിൽ നടക്കുന്ന വഴിവിട്ട നടപടികളും സ്വജനപക്ഷപാതവും അജിത്ത് ഉദാഹരണങ്ങൾ നിരത്തി വിശദമാക്കിയിരുന്നു. ഇത് കുര്യൻ മനസ്സിൽ കുറിച്ചിടുകയായിരുന്നു. ഇതിനൊപ്പം ടെർമിനൽ പൊളിച്ചു പണിയൽ പ്രശ്‌നം വാർത്തയിൽ കൂടി സ്ഥാനം പിടിച്ചതോടെ കുര്യന്റെ സിയാൽ സാമ്രാജ്യത്തിൽ അജിത്ത് പുകഞ്ഞ കൊള്ളിയായി മാറി.

പിന്നീട് പ്രതികാര നടപടികളുടെ പരമ്പര തന്നെയാണ് അജിത്തിനെ തേടി വന്നത്. ഉദ്യോഗസ്ഥർ വിരമിക്കുമ്പോൾ വലിയ ശമ്പളം നൽകി ഇഷ്ടക്കാരെ മാത്രം കുര്യൻ രണ്ടു വർഷത്തേക്ക് നിയമിക്കും. ഇത് യൂണിയൻ മീറ്റിങ്ങിൽ അജിത്ത് വിഷയമാക്കിയിരുന്നു. സിയാലിന്റെ സ്റ്റാഫുകൾ എയർപോർട്ടിന് പുറത്തു ജോലികളിൽ ഏർപ്പെടുന്നതും അജിത്ത് ചൂണ്ടിക്കാട്ടിയിരുന്നു. എല്ലാം പ്രകോപിച്ചത് വി.ജെ.കുര്യനെ തന്നെ. ഇതിന്റെ ഭാഗമായി തന്നെയാണ് മേലുദ്യോഗസ്ഥനെതിരെ അപമര്യാദമായി പെരുമാറി എന്നാരോപിച്ച് അന്വേഷണ കമ്മീഷനെ കുര്യൻ തന്നെ നിയമിച്ചത്.

ഇപ്പോൾ വി.ജെ.കുര്യന്റെ അപ്രീതിയ്ക് പാത്രമായി സർവീസിൽ നിന്നും തിക്താനുഭവങ്ങളുടെ പരമ്പര ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്ന അജിത്ത് രവിയുടെ കഥ മുൻപ് മറുനാടൻ മലയാളി പ്രസിദ്ധീകരിച്ചിരുന്നു. നൂറു ഹൃദയ ശസ്ത്രക്രിയകൾ സൗജന്യമായി ചെയ്തു കൊടുക്കാൻ ദൃഡനിശ്ചയം എടുത്തു മുന്നോട്ടു പോകുന്ന അജിത്ത് രവിയുടെ കഥ. നെടുമ്പാശേരി വിമാനത്താവളത്തിൽ സുപ്രണ്ട് (ഓപ്പറേഷനൻസ്) തസ്തികയിൽ ജോലി ചെയ്യവേ ലഭിക്കുന്ന ഒരു ലക്ഷം രൂപ ശമ്പളം അപ്പാടെ തന്നെ പാവപ്പെട്ട ആളുകളുടെ ഹൃദയശസ്ത്രക്രിയക്ക് വേണ്ടി നീക്കി വയ്ക്കുകയാണ് അജിത്ത് രവി ചെയ്തിരുന്നത്. നാല്പതോളം ഹൃദയശസ്ത്രക്രിയകൾ നടത്തി മുന്നോട്ടു പോകവെയാണ് അപ്രതീക്ഷിതമായി കുര്യന്റെ അപ്രീതിക്ക് അജിത്ത് രവി പാത്രമാകുന്നത്. കുര്യൻ അജിത്ത് രവിയുടെ ചിറകൊടിച്ചപ്പോൾ നിശ്ചലമാകുന്നത് അജിത്ത് രവി നിശബ്ദമായി നടത്തിക്കൊണ്ടിരിക്കുന്ന ഹൃദയശസ്ത്രക്രിയകൾക്കായുള്ള സഹായം കൂടിയാണ്.

കനിവിന്റെ കൈത്താങ്ങായി മലയാള സമൂഹത്തിൽ ഒറ്റയ്ക്ക് സാമൂഹിക വിപ്ലവം നയിക്കുകയാണ് അജിത്ത് രവി ചെയ്തിരുന്നത്. മലയാളി നാമജപ പ്രക്ഷോഭത്തെക്കുറിച്ചും നവോത്ഥാന മതിലിനെക്കുറിച്ചും സംസാരിക്കുമ്പോൾ 100 ലൈഫ് ചാലഞ്ചാണ് അജിത്ത് രവിയുടെ മനസിൽ. 100 ലൈഫ് ചാലഞ്ച് എന്ന് പറയുമ്പോൾ 100 ഹൃദയ ശസ്ത്രക്രിയകൾ ആണ് അജിത്ത് രവി ലക്ഷ്യമാക്കിയത്. വരുന്ന രണ്ടു വർഷം കൊണ്ട് 100 ഹൃദയ ശസ്ത്രക്രിയകൾ പൂർത്തീകരിക്കാം കഴിയും എന്നാണ് കണക്കുകൂട്ടിയിരുന്നത്. ആ കണക്കുകൂട്ടൽ ആണ് ഇപ്പോൾ വി.ജെ.കുര്യന്റെ തീരുമാനം വഴി തൽക്കാലത്തെങ്കിലും നിലച്ചിരിക്കുന്നത്. ഇതുവരെ ഹൃദയ ശസ്ത്രക്രിയകൾക്കായി അമ്പത് ലക്ഷം രൂപയോളം അജിത്ത് ഇങ്ങിനെ ചെലവിട്ടിട്ടുണ്ട്. ഈ രീതിയിൽ സാമൂഹ്യപ്രവർത്തനത്തിൽ സജീവമായ അജിത്ത് രവിയാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP