Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഹാരാഷ്ട്രയിലെ 'പ്രതിപക്ഷ നേതാവ്' ഇനി ഉപമുഖ്യമന്ത്രി; എൻ.സി.പിയെ പിളർത്തി 'മറുകണ്ടം ചാടിയ' അജിത് പവാർ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു; ഭരണപക്ഷത്തേക്ക് ചുവടുമാറ്റിയത് 29 എംഎൽഎമാരുടെ പിന്തുണയോടെ; ഒമ്പത് പേർക്ക് മന്ത്രിസ്ഥാനം; ഞെട്ടൽ രേഖപ്പെടുത്തി ശരദ് പവാർ

മഹാരാഷ്ട്രയിലെ 'പ്രതിപക്ഷ നേതാവ്' ഇനി ഉപമുഖ്യമന്ത്രി; എൻ.സി.പിയെ പിളർത്തി 'മറുകണ്ടം ചാടിയ' അജിത് പവാർ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു; ഭരണപക്ഷത്തേക്ക് ചുവടുമാറ്റിയത് 29 എംഎൽഎമാരുടെ പിന്തുണയോടെ; ഒമ്പത് പേർക്ക് മന്ത്രിസ്ഥാനം; ഞെട്ടൽ രേഖപ്പെടുത്തി ശരദ് പവാർ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ : മഹാരാഷ്ട്രയിൽ അപ്രതീക്ഷിത നാടകീയ നീക്കങ്ങൾക്കൊടുവിൽ എൻസിപിയെ പിളർത്തി അജിത് പവാർ ഏക്‌നാഥ് ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എൻസിപിയുടെ ഒമ്പത് എംഎൽഎമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയാൻ താൽപര്യം പ്രകടിപ്പിച്ച് ദിവസങ്ങൾക്കുള്ളിൽ നാടകീയ നീക്കങ്ങൾക്കൊടുവിൽ എൻസിപിയെ പിളർത്തി ഏക് നാഥ് ഷിൻഡെ സർക്കാരിന്റെ ഭാഗമായിരിക്കുകയാണ് അജിത് പവാർ.

തന്നെ പിന്തുണയ്ക്കുന്ന 29 എംഎൽഎമാരുമായി രാജ്ഭവനിലെത്തിയ അജിത് പവാർ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഒപ്പം എൻസിപി നേതാക്കളായ ധർമറാവു അത്രം, സുനിൽ വൽസാദെ, അതിഥി താക്കറെ, ഹസൻ മുഷ്‌റിഫ്, ഛഗൻ ഭുജ്ബൽ, ധനനി മുണ്ടെ, അനിൽ പാട്ടീൽ, ദലീപ് വൽസെപതി എന്നിവർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.

മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവരുമായി ഇവരുടെ ചർച്ച പുരോഗമിക്കുന്നതിനെപ്പം തന്നെ രാജ്ഭവനിൽ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങളും ആരംഭിച്ചിരുന്നു. തുടർന്ന്, ഉച്ചകഴിഞ്ഞ് രണ്ടരയോടെ അജിത് പവാർ അടക്കമുള്ളവരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നു. അജിത് പവാറിന്റെ നീക്കത്തിൽ ശരദ് പവാർ ഞെട്ടൽ രേഖപ്പെടുത്തി. നിലവിൽ പുണെയിലുള്ള അദ്ദേഹം മുംബൈയിലേക്ക് തിരിച്ചു.

അതേസമയം, എൻസിപി തലവൻ ശരദ് പവാറിന്റെ ആശീർവാദത്തോടെയാണ് അജിത് പവാറിന്റെ നീക്കമെന്നും സൂചനയുണ്ട്. തീർത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കത്തിലൂടെയാണ് തന്നെ പിന്തുണയ്ക്കുന്ന 29 എംഎൽഎമാർക്കൊപ്പം അജിത് പവാർ രാജ്ഭവനിലെത്തിയത്. മുതിർന്ന നേതാക്കളായ ഛഗൻ ഭുജ്പൽ, പ്രഫുൽ പട്ടേൽ, ധനനി മുണ്ടെ തുടങ്ങിയവരും അജിത് പവാറിനൊപ്പമുണ്ടായിരുന്നു.

ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പമാണ് ഇവർ രാജ്ഭവനിലെത്തിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും രാജ്ഭവനിലെത്തിയിരുന്നു. മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാനുള്ള ആഗ്രഹം അജിത് പവാർ പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ദേശീയ രാഷ്ട്രീയത്തെത്തന്നെ ഞെട്ടിച്ചുകൊണ്ടുള്ള അപ്രതീക്ഷിത നീക്കം.

രാജ്ഭവനിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എൻസിപിയിൽനിന്ന് മറ്റ് ഒമ്പത് എംഎൽഎമാരും ശിവസേന ഷിന്ദേ പക്ഷത്തുനിന്ന് നാല് എംഎൽഎമാരും പുതുതായി മന്ത്രിസഭയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഇന്ന് രാവിലെ അജിത് പവാറിന്റെ മുംബൈയിലെ വസതിയിൽ എൻസിപി എംഎൽഎമാരിൽ ഒരു വിഭാഗം യോഗം ചേർന്നിരുന്നു. പാർട്ടി വർക്കിങ് പ്രസിഡന്റ് സുപ്രിയ സുലെ, മുതിർന്ന നേതാവ് ഛഗൻ ഭുജ്ബൽ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. പാർട്ടി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. മുംബൈയിലെ കൂടിക്കാഴ്ചയെക്കുറിച്ച് അറിയില്ലെന്ന് ശരദ് പവാർ പുണെയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവസേന-ബിജെപി സഖ്യത്തിനു കൂടുതൽ സീറ്റ് ലഭിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം കാരണം സർക്കാർ രൂപീകരിക്കാനായില്ല. തുടർന്ന് ശിവസേന, എൻസിപി, കോൺഗ്രസ് എന്നീ കക്ഷികൾ ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തിനിടെയാണ് അജിത് പവാർ മറുകണ്ടം ചാടി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ പാർട്ടിയിൽ നിന്നുള്ള സമ്മർദത്തെ തുടർന്ന് ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അജിത് പവാർ തിരികെയെത്തിയതോടെ മഹാ വികാസ് അഘാഡി (എംവിഎ) സർക്കാർ രൂപീകരണത്തിന് സാധ്യത തെളിഞ്ഞു.

ഇതിനിടെ, ശിവസേന പിളർത്തി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഒരു വിഭാഗം ഒപ്പമെത്തിയതോടെ ബിജെപി വീണ്ടും സർക്കാർ രൂപീകരിച്ചു. ഈ സർക്കാരിന് കൂടുതൽ സ്ഥിരതയും ബലവും നൽകിയാണ് എൻസിപിയിൽനിന്ന് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എംഎൽഎമാർ കൂടി സർക്കാരിന്റെ ഭാഗമാകുന്നത്.

അജിത് പവാർ പാർട്ടി വിടുമെന്ന് നേരത്തെയും അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. എന്നാൽ എൻസിപി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നായിരുന്നു അന്നെല്ലാം അജിത് പവാറിന്റെ പ്രതികരണം. അടുത്തിടെ പാർട്ടിയിൽ വീണ്ടും പ്രശ്നങ്ങൾ ഉടലെടുത്തപ്പോൾ അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെക്കുന്നുവെന്ന് ശരത് പവാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പാർട്ടി നേതാക്കൾ രാജിവെക്കരുതെന്ന് ആവശ്യപ്പെട്ടതോടെ നീക്കം പവാർ ഉപേക്ഷിച്ചു. ഇതിനുപിന്നാലെ മകൾക്ക് ഉൾപ്പെടെ പാർട്ടിയിൽ സ്ഥാനമനങ്ങൾ നൽകി. എന്നാൽ അജിത് പവാറിന് സ്ഥാനം നൽകിയിരുന്നില്ല. മഹാരാഷ്ട്ര സംസ്ഥാന അധ്യക്ഷനാകണമെന്ന താത്പര്യം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറിനിൽക്കാമെന്നും അജിത് പവാർ പറഞ്ഞിരുന്നു. എന്നാൽ, ഇതൊന്നും അംഗീകരിക്കാൻ ശരത് പവാർ തയ്യാറായിരുന്നില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP