Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202112Saturday

എട്ട് മണിക്കൂറോളം കൊടിയ പീഡനം; ക്രൂരമായും കൊലയും; മാനസിക വെല്ലുവിളി നേരിടുന്ന 30കാരനെ മോഷണക്കുറ്റം ചുമത്തി കൊല ചെയ്ത സംഭവം; തിരുവല്ലം അജേഷ് കൊലക്കേസിൽ തമ്പാനൂർ സ്റ്റാന്റിലെ 6 ഒട്ടോറിക്ഷാ ഡ്രൈവർമാരടക്കം 7 പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവ്

പി നാഗരാജ്

തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന നിരപരാധിയായ 30 കാരനെ ബാഗ് മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ട കൊലപാതകം നടത്തിയ കേസിൽ ഏഴു പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവ്. യാതൊരു തുകയുമില്ലാത്ത ബാഗ് തമ്പാനൂർ പബ്ലിക് കംഫർട്ട് സ്റ്റേഷൻ ലോക്കറിൽ പൂട്ടി വച്ച ശേഷം ഏതോ വിധത്തിൽ നഷ്ടപ്പെട്ട മൊബൈൽ ഫോൺ കിട്ടാനായി തുകയും മൊബൈലും അടങ്ങുന്ന ബാഗ് വീണ്ടെടുക്കണമെന്നാവശ്യപ്പെട്ട് പരീക്ഷണാർത്ഥം ബാഗുടമ ക്വട്ടേഷൻ നൽകിയതിന്റെ അടിസ്ഥാനത്തിൽ സദാചാര പൊലീസ് ചമഞ്ഞ് ആൾക്കൂട്ട കൊലപാതകം നടത്തിയ കേസിൽ തലസ്ഥാനത്തെ തമ്പാനൂർ ബസ്റ്റാന്റിന് സമീപത്തെ റിക്ഷാ സ്റ്റാന്റിലെ ആറ് ഓട്ടോറിക്ഷാ ഡ്രൈവർമാരടക്കം ഏഴു പ്രതികളെ ഹാജരാക്കാനാണുത്തരവ്. ഓഗസ്റ്റ് 10ന് എല്ലാ പ്രതികളെയും ഹാജരാക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയാണ് ഉത്തരവിട്ടത്. 

തിരുവല്ലം പാപ്പാൻചാണി സ്വദേശി അജേഷിനെ ( 30 ) യാണ് ക്രൂരമായി മർദ്ദിച്ചും ജനനേന്ദ്രിയത്തിൻ പൊള്ളലേൽപ്പിച്ചും 8 മണിക്കൂറോളം കൊടിയ പീഡനമേൽപ്പിച്ച് ചെയ്യാത്ത കുറ്റത്തിന് കൊലപ്പെടുത്തിയത്.തമ്പാനൂർ ബസ്സ്റ്റാന്റിൽ ഉറങ്ങവേ തന്റെ ബാഗും ബാഗിലുണ്ടായിരുന്ന 45,000 രൂപയും മൊബൈൽ ഫോണും അജേഷ് മോഷ്ടിച്ചുവെന്നും വീണ്ടെടുത്ത് തന്നാൽ പകുതി തുക പാരിതോഷികം നൽകാമെന്നും വാഗ്ദാനം നൽകി പരീക്ഷണാർത്ഥം ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് ക്വട്ടേഷൻ നൽകിയ നെയ്യാർഡാം കള്ളിക്കാട് മരുതുംമൂട് ഗംഗാ സ്മാരകത്തിന് സമീപം ഉത്രാടം നിവാസിൽ സജി എന്ന സജിമോൻ ( 35 ) , ഓട്ടോ റിക്ഷാ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവർമാരായ ശംഖുമുഖം ലെനാ റോഡ് റോസ് ഹൗസിൽ ജിനേഷ് വർഗ്ഗീസ് ( 28 ) , കരമന മിത്രാ നഗർ മാടൻ കോവിലിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഷഹാബുദീൻ എന്ന നസീർ ( 43 ) , നേമം മനുകുലാദിച്ച മംഗലം ജെ.പി. ലെയ്‌നിൽ വാടകയ്ക്ക് താമസിക്കുന്ന അരുൺ ( 29 ) , അസിം ( 35 ) , ചെറിയതുറ ഫിഷർമെൻ കോളനിയിൽ സജൻ ( 33 ) , റോബിൻസൺ എന്ന കുഞ്ഞുമോൻ ( 33 ) എന്നിവരാണ് ആൾക്കൂട്ട കൊലപാതക കേസിലെ ഒന്നു മുതൽ ഏഴു വരെയുള്ള പ്രതികൾ.

2019 ഡിസംബർ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അജേഷിനെ ഡ്രൈവർമാർ ഓട്ടോയിൽ ചെന്ന് വണ്ടിത്തടം ജംഗ്ഷന് സമീപത്തു നിന്നും പിടികൂടി പാപ്പാൻചാണിയിലെ പണി പൂർത്തിയാകാത്ത വീട്ടിലെത്തിച്ചു. തുടർന്ന് തുകയും മൊബൈലുമടങ്ങുന്ന '' മോഷ്ടിച്ച '' ബാഗ് ആവശ്യപ്പെട്ട് 8 മണിക്കൂറോളം ക്രൂരമായും മൃഗീയമായും മർദ്ദിച്ചും വെട്ടുകത്തി കൊണ്ട് പൊള്ളിച്ചും കൊലപ്പെടുത്തുകയായിരുന്നു.

അടുക്കള മുറിയിലെത്തിച്ച അജേഷിന്റ കൈകൾ പിന്നിൽ കെട്ടിയ ശേഷം അവിടെയുണ്ടായിരുന്ന സ്ലാബിന് മുകളിലിരുത്തി. തുടർന്ന് നെഞ്ചിലും തലയിലുമായി ജിനേഷ് വർഗ്ഗീസ് ഇടിക്കുകയായിരുന്നു. ഇടിയേറ്റ് തറയിൽ വീണ അജേഷിനെ മറ്റു പ്രതികൾ ഉയർത്തി നിർത്തി. അരുണും ജിനേഷും ചേർന്ന് ചുള്ളിക്കമ്പ് വെട്ടാനെന്ന് പറഞ്ഞ് അയൽ വീട്ടിൽ ചെന്ന് വെട്ടു കത്തി വാങ്ങിച്ചു. തുടർന്ന് വീട്ടു വളപ്പിലുണ്ടായിരുന്ന മുളങ്കൂട്ടത്തിൽ നിന്ന് കമ്പുകൾ വെട്ടിയ ശേഷം അജേഷിനെ മൂന്നു മണിക്കൂറോളം തല്ലി.

അടിയേറ്റ് അവശനായ അജേഷിനെ അടുക്കളയിലെ സ്ലാബിൽ കിടത്തി. ബാഗ് എവിടെയെന്ന് ചോദിച്ചിട്ടും മറുപടി പറയാതിരുന്നപ്പോൾ അവിടെയുണ്ടായിരുന്ന വസ്ത്രങ്ങളും ഓലച്ചൂട്ടും തീയിട്ട് വെട്ടുകത്തിയെടുത്ത് ചൂടാക്കി സ്ലാബിന് മുകളിൽ കിടക്കുകയായിരുന്ന അജേഷിന്റെ ജനനേന്ദ്രിയത്തിലും മുതുകിലും അടിവയറിലും ജിനേഷ് പൊള്ളിച്ചു. പിന്നാലെ മറ്റുള്ളവരും പൊള്ളലേൽപ്പിച്ചു. വേദന സഹിക്ക വയ്യാതെ മോഷ്ടിച്ച ബാഗ് വണ്ടിത്തടത്തുള്ള കൂട്ടുകാരൻ മുകേഷിന്റെ പക്കലുണ്ടെന്ന് പറഞ്ഞു. ഇതോടെ അജേഷിനെ വലിച്ച് താഴെയിട്ട ശേഷം പ്രതികൾ മുകേഷിനെ അന്വേഷിച്ചു പോയി.

അവിടെയെത്തിയെങ്കിലും മുകേഷിനെ കാണാത്തതിനാൽ തിരിച്ചു പോയി.അവശ നിലയിലായ അജേഷിനെ പരിസരവാസികൾ വൈകിയാണ് ആശുപത്രിയിലെത്തിച്ചത്. 16 ന് അജേഷ് മരിച്ചു. അജേഷിനെ വണ്ടിത്തടത്ത് വച്ച് പിടികൂടി മർദ്ദിക്കുന്ന രംഗങ്ങൾ ചിലർ മൊബൈലിൽ പകർത്തിയതാണ് കേസിന് തുമ്പുണ്ടാക്കിയത്. സജിമോനെ അറസ്റ്റ് ചെയ്ത് പൊലീസ് നടത്തിയ തെളിവെടുപ്പിൽ അജേഷ് മോഷ്ടിച്ചുവെന്ന് ആരോപിക്കപ്പെട്ട ബാഗ് ഉടമയായ ഇയാൾ തന്നെ പൊലീസിന് കാണിച്ചു കൊടുത്തു.

ഡിസംബർ 17ന് ഉച്ചക്ക് രണ്ട് മണിയോടെ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ബാഗ് കംഫർട്ട് സ്റ്റേഷനിലുണ്ടെന്ന് ഇയാൾ പറഞ്ഞത്. തമ്പാനൂർ ബസ് സ്റ്റാന്റിനോട് ചേർന്നുള്ള പബ്ലിക് കംഫർട്ട് സ്റ്റേഷനിലെ ലോക്കറിൽ നിന്നാണ് പൊലീസ് ബാഗ് കണ്ടെത്തിയത്. സജിമോൻ ബാഗ് ഇവിടെ കൊണ്ടു വച്ച ശേഷം ഏതോ വിധത്തിൽ നഷ്ടപ്പെട്ട മൊബൈലിന് വേണ്ടി കള്ളക്കഥയുണ്ടാക്കുകയായിരുന്നു. ബാഗിൽ 45000 ഇല്ലെന്നതിനാലാണ് ബോധപൂർവ്വം ഓട്ടോക്കാർക്ക് തുക വീണ്ടെടുത്തു നൽകിയാൽ 20,000 രൂപ വ്യാജ വാഗ്ദാനം നൽകിയത്. ഇല്ലാത്ത തുക ഒരിക്കലും വീണ്ടെടുക്കാനാവില്ലെന്ന ഉറപ്പുള്ളതിനാലാണ് വ്യാജ വാഗ്ദാനം ഓട്ടോക്കാർക്ക് നൽകിയത്.

2020 മാർച്ച് 13 നാണ് അന്വേഷണം പൂർത്തിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 143 ( ന്യായവിരുദ്ധമായി സംഘം ചേരൽ),147(ലഹളയുണ്ടാക്കൽ),148 (മാരകായുധങ്ങളുപയോഗിച്ച് ലഹളയുണ്ടാക്കൽ), 149 (ന്യായവിരുദ്ധ സംഘത്തിലെ അംഗമാകൽ), 114 (കുറ്റകൃത്യം നടക്കുമ്പോൾ പ്രേരകൻ സന്നിഹിതനാകൽ),449 (വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയുള്ള ഭവന കൈയേറ്റം), 342(അന്യായ തടങ്കലിൽ വയ്ക്കൽ), 364(കൊലപ്പെടുത്തുന്നതിലേക്കായുള്ള തട്ടിക്കൊണ്ടു പോകൽ) ,323(സേ്വേച്ഛയാ ദേഹോപദ്രവമേൽപ്പിക്കൽ),324 (മാരകായുധമുപയോഗിച്ച് ദേഹോപദ്രവമേൽപ്പിക്കൽ ) , 302 ( കൊലപാതകം ) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP