Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കാനം സഖാവേ, താങ്കൾ ആദ്യം പാർട്ടി മുഖപത്രത്തിലെ ജീവനക്കാർക്ക് മാന്യമായി കഞ്ഞി കുടിക്കാനുള്ള ശമ്പളമെങ്കിലും നൽകൂ..! എന്നിട്ടു പോരെ തൊഴിലാളി ക്ഷേമത്തിന് വേണ്ടിയുള്ള ഈ സമരനാടകം; തൊഴിലാളികളുടെ കുറഞ്ഞ വേതനം 18,000 രൂപ ആക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ സംഘടന സത്യാഗ്രഹ സമരം ചെയ്യുമ്പോൾ ജനയുഗം ദിനപത്രത്തിലെ വേതനം വെറും 8000 രൂപ മാത്രം!

കാനം സഖാവേ, താങ്കൾ ആദ്യം പാർട്ടി മുഖപത്രത്തിലെ ജീവനക്കാർക്ക് മാന്യമായി കഞ്ഞി കുടിക്കാനുള്ള ശമ്പളമെങ്കിലും നൽകൂ..! എന്നിട്ടു പോരെ തൊഴിലാളി ക്ഷേമത്തിന് വേണ്ടിയുള്ള ഈ സമരനാടകം; തൊഴിലാളികളുടെ കുറഞ്ഞ വേതനം 18,000 രൂപ ആക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ സംഘടന സത്യാഗ്രഹ സമരം ചെയ്യുമ്പോൾ ജനയുഗം ദിനപത്രത്തിലെ വേതനം വെറും 8000 രൂപ മാത്രം!

എം എസ് സനിൽകുമാർ

തിരുവനന്തപുരം: സിപിഐയുടെ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സി ഒരു നല്ല തുടക്കത്തിലാണ്. സെക്രട്ടറിയേറ്റിന് മുന്നിൽ അവർ അഞ്ച് ദിവസത്തെ സത്യാഗ്രഹ സമരം ആരംഭിച്ചു. തൊഴിലാളികൾക്ക് ക്ഷേമകരമായ ചില ആവശ്യങ്ങളുന്നയിച്ചു കൊണ്ടാണ് സമരം. തൊഴിലാളികളുടെ കുറഞ്ഞ ശമ്പളം 18,000 രൂപയായി സർക്കാർ പ്രഖ്യാപിക്കുക, കരാർ, കാഷ്വൽ, ദിവസവേദന തൊഴിലാളികളെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് എ.ഐ.ടി.യു.സി സമരം ആരംഭിച്ചിരിക്കുന്നത്. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ ആശീർവാദത്തോടെയാണ് സമരം. സമരത്തെ ആരും ചോദ്യം ചെയ്യുമെന്ന് തോന്നുന്നില്ല. കാരണം, അതിന്റെ ഉദ്ദേശലക്ഷ്യം നല്ലതായതുകൊണ്ടാണ്. എന്നാൽ, എ.ഐ.ടി.യു.സി സമരം ചെയ്യുമ്പോൾ ചില പിന്നാമ്പുറ കാഴ്ചകൾ കാണാതിരിക്കാനാവില്ല.

സിപിഐയുടെയും എ.ഐ.ടി.യു.സിയുടെയുമൊക്കെ മുഖപത്രമായ ജനയുഗത്തിലെ അവസ്ഥകൾകൂടി ഈ സമരത്തിന്റെ പശ്ചാത്തലത്തിൽ അനാവരണം ചെയ്യേണ്ടിയിരിക്കുന്നു. കടുത്ത തൊഴിലാളി ദ്രോഹ നടപടികൾ നിലനിൽക്കുന്ന സ്ഥാപനമാണ് സിപിഐയുടെ പത്രമായ ജനയുഗം. പത്രം തുടങ്ങിയപ്പോൾ മുതൽ ഇതുതന്നെയാണ് അവസ്ഥ. തൊഴിലാളികളുടെ കുറഞ്ഞവേതനം 18,000 രൂപ ആക്കണമെന്നാണ് എ.ഐ.ടി.യു.സിയുടെ പ്രധാന ആവശ്യം. എന്നാൽ ജനയുഗത്തിലെ അവസ്ഥ നോക്കൂ. ജനയുഗത്തിലെ റിപ്പോർട്ടർ/സബ് എഡിറ്റർക്ക് കിട്ടുന്ന പ്രതിമാസ ശമ്പളം 8000 രൂപ മാത്രമാണ്. ദിവസം 300 രൂപ പോലും ലഭിക്കുന്നില്ല. ജീവനക്കാർ പലതവണ ശമ്പളവർദ്ധന ആവശ്യപ്പെട്ടിട്ടും അതൊന്നും ചെവിക്കൊള്ളാൻ സിപിഐയോ ജനയുഗമോ തയ്യാറായിട്ടില്ല.

അതുകൂടാതെ, കരാർ തൊഴിലാളികൾ ധാരാളമുള്ള സ്ഥാപനമാണ് ജനയുഗം. ഇവരെയൊന്നും സ്ഥിരപ്പെടുത്താനുള്ള യാതൊരു നടപടിയും ജനയുഗം സ്വീകരിച്ചിട്ടില്ല. എന്തിന് പറയുന്നു ജോലി ചെയ്യുന്നതിന് തെളിവായി പലതൊഴിലാളികൾക്കും ഒരു രേഖയും നൽകാൻ മാനേജ്മെന്റ് തയ്യാറായിട്ടില്ല. രണ്ട് വർഷം മുമ്പ് ഏതാനും ജീവനക്കാർ സ്ഥാപനത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ജോലി ചെയ്യുന്നതിന് മതിയായ ശമ്പളം നൽകുക, ജോലി ചെയ്യുന്നു എന്നതിന് തെളിവായി മതിയായ രേഖകൾ നൽകുക. തുടങ്ങിയ കാര്യങ്ങളാണ് ജീവനക്കാർ ഉന്നയിച്ചത്. അന്ന് മാനേജ്മെന്റ് ജീവനക്കാർക്ക് വാക്ക് നൽകിയത്. രണ്ട് വർഷം കൊണ്ട് തൊഴിലാളി പ്രശ്നങ്ങൾ പരിഹരിക്കാമെന്നാണ്. എന്നാലിപ്പോൾ രണ്ടുവർഷം കഴിഞ്ഞിട്ടും തൊഴിലാളികളുടെ ക്ഷേമത്തിന് ഒരു നടപടിയും സ്വീകരിക്കാൻ ജനയുഗം മാനേജ്മെന്റ് തയ്യാറായിട്ടില്ല.

നിരന്തരമായ സമ്മർദ്ദത്തെത്തുടർന്ന് ഏതാനും ജീവനക്കാർക്ക് മാധ്യമപ്രവർത്തകർക്കുള്ള വേജ്ബോർഡ് അനുസരിച്ചുള്ള ശമ്പളം നൽകാൻ മാനേജ്മെന്റ് തയ്യാറായി. എന്നാൽ വേജ്ബോർഡ് അനുസരിച്ച് ഏറ്റവും കുറഞ്ഞ ശമ്പളമാണ് ഇവർക്ക് നൽകിക്കൊണ്ടിരിക്കുന്നത്. 15000 രൂപയോ അതിൽ താഴെയോ ആണ് ഇവർക്ക് ശമ്പളമായി നൽകുന്നത്. രണ്ട് വർഷത്തിനിടെ തൊഴിലാളി ദ്രോഹ നടപടികൾ കാരണം. വൻതോതിലുള്ള ജീവനക്കാരുടെ കൊഴിഞ്ഞുപോക്കാണ് ജനയുഗത്തിലുണ്ടായത്. പലരും പിരിഞ്ഞുപോകുമ്പോൾ ജനയുഗത്തിൽ ജോലി ചെയ്തു എന്നത് തെളിയിക്കുന്ന ഒരു രേഖയും കൈയിലില്ലാത്ത അവസ്ഥയിലായിരുന്നു. നിയമനങ്ങൾ നടത്തുമ്പോൾ നിയമനോത്തരവ് നൽകണമെന്ന ചട്ടംപോലും ജനയുഗത്തിൽ പാലിക്കാറില്ല. ജീവനക്കാർ പ്രശ്നമുണ്ടാക്കിയപ്പോൾ ഒരു കോൺട്രാക്ട് മാനേജ്മെന്റ് തയ്യാറാക്കിയിരുന്നു. എന്നാൽ കോൺട്രാക്ടിലെ വ്യവസ്ഥകൾ തികച്ചും ഏകപക്ഷീയമായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു. ഏതാനുംപേർക്ക് മാത്രമാണ് ഈ കോൺട്രാക്ട് രേഖകൾ ലഭിച്ചത്.

ഭൂരിപക്ഷംപേർക്കും ജോലിചെയ്യുന്നത് തെളിയിക്കാൻ ഒരുരേഖയും നൽകാൻ ജനയുഗം മാനേജ്മെന്റ് തയ്യാറായിട്ടില്ല. ഇങ്ങനെ സ്വന്തം സ്ഥാപനത്തിൽ കടുത്ത തൊഴിലാളി ദ്രോഹ നടപടികൾ നടത്തിക്കൊണ്ടിരിക്കുകയാണ് തൊഴിലാളികൾക്കുവേണ്ടി എ.ഐ.ടി.യു.സി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടങ്ങിയത് എന്നതാണ് രസകരം.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് എ.ഐ.ടി.യു.സിയുടെ സമരം സെക്രട്ടറിയേറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്തത്. തൊഴിൽ നിയമങ്ങൾ അനുശാസിക്കുന്ന സംരക്ഷണം തൊഴിലാളികൾക്ക് ലഭിക്കണമെന്നും സ്ഥിരം തൊഴിലാളികൾ എന്നത് സങ്കൽപം മാത്രമായി മാറാൻ പാടില്ലെന്നും സമരം ഉദ്ഘാടനം ചെയ്ത കാനംരാജേന്ദ്രൻ പറഞ്ഞു. തൊഴിൽമേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങൾപോലും നിഷേധിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് തൊഴിലാളികൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

ജോലി ചെയ്യുന്നവർക്ക് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനുവേണ്ടിയാണ് അവരെ സ്ഥിരപ്പെടുത്താൻ കമ്പനികൾ തയ്യാറാകത്തത് എന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. സർക്കാർ സ്ഥാപനങ്ങളിൽപ്പോലും ഇത്തരം തൊഴിലാളികൾ പണിയെടുക്കുന്നുണ്ട് എന്നത് ആശങ്ക ഉളവാക്കുന്നു. സാങ്കേതിക വിദ്യയിൽ വന്ന മാറ്റവും തൊഴിലാളി ഉടമ ബന്ധത്തിൽ വന്ന മാറ്റവും തൊഴിലാളികളെ ചൂഷണം ചെയ്യാൻ വേണ്ടിയാകരുത്. തൊഴിലാളികളുടെ കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഗൗരവമായ ചിന്തയും ചർച്ചകളും വേണമെന്നും കാനം പറഞ്ഞു.

തൊഴിലാളികളുടെ കാര്യത്തിൽ ഇത്രയും ആശങ്കപ്പെടുന്ന സിപിഐയും എ.ഐ.ടി.യു.സിയും സ്വന്തം സ്ഥാപനത്തിലെ തൊഴിലാളി പീഡനം സൗകര്യപൂർവ്വം മറന്നിരിക്കുകയാണ്. സമരത്തിൽ സംസാരിച്ച സിപിഐ നേതാക്കളെല്ലാം തൊഴിലാളി പീഡനത്തിന്റെ കഥകൾ നിരത്തി. ആഗോളവത്കരണത്തിന്റെ പ്രത്യാഘാതം എന്ന വിഷയത്തിൽ സമരപ്പന്തലിൽ നടന്ന സെമിനാർ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ്ബാബുവാണ് ഉദ്ഘാടനം ചെയ്തത്. ആഗോളവത്കരണത്തിന്റെ കെടുതികൾ ഏറ്റവുംകൂടതൽ അനുഭവിക്കുന്നവരാണ് തൊഴിലാളികളെന്ന് അദ്ദേഹം പറഞ്ഞു. നവ ലിബറൽ നയങ്ങൾമൂലം തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ബാങ്ക്, റെയിൽവേ തുടങ്ങിയ മേഖലകളിൽ നിന്നും നിരവധിപേരെ പിരിച്ചുവിടുകയാണെന്നും പ്രകാശ് പറഞ്ഞു.

കാനവും പ്രകാശ്ബാബുവും ഒരിക്കലെങ്കിലും ജനയുഗത്തിലെ ജീവനക്കാരുടെ പ്രശ്നങ്ങളോട് അനുഭാവപൂർവ്വമായ നിലപാട് സ്വീകരിച്ചതായി അറിവില്ല. തുച്ഛമായ ശമ്പളംകൊടുത്ത് ജീവനക്കാരെ പട്ടിണിക്കിടുകയാണ് പാർട്ടി മുഖപത്രമായ ജനയുഗം. ചോദ്യം ചെയ്ത ജീവനക്കാരോട് വിദ്വേഷപരമായ സമീപനവും മാനേജ്മെന്റ് പുലർത്തുന്നു. തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ മുഖപത്രത്തിലെ അവസ്ഥയാണിത്. തൊഴിലാളി ക്ഷേമത്തിനുവേണ്ടി ഘോരംവാദിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സ്ഥാപനങ്ങളുടെ പൊതുവായ ഒരു ചിത്രംകൂടിയാണ് ഇതെന്ന് പറയാം.

സിപിഎമ്മിന്റെ ടെലിവിഷൻ ചാനലായ കൈരളിയുടെ അവസ്ഥപോലും വ്യത്യസ്തമല്ല. ജീവനക്കാർക്ക് കുറഞ്ഞ ശമ്പളം 18000 രൂപ ആക്കണമെന്ന് ആവശ്യമുയരുമ്പോൾ കൈരളി ടി.വിയിൽ ഒരു റിപ്പോർട്ടറിന്റെ ശമ്പളം 12,000 രൂപയാണ്. പാർട്ടി സ്ഥാപനങ്ങളിലെയും പാർട്ടി ഓഫീസുകളിലെയും ജീവനക്കാരുടെ അവസ്ഥയും വ്യത്യസ്തമല്ല. കുറഞ്ഞ ശമ്പളത്തിൽ പാർട്ടിയെ സേവിക്കേണ്ട അവസ്ഥയിലാണ് ഇവരെല്ലാവരും. ഒരുവശത്ത് തൊഴിലാളി ക്ഷേമം പറയുമ്പോൾ തന്നെ മറുവശത്ത് തൊഴിലാളിദ്രോഹ നടപടികൾ സ്വീകരിക്കുകയാണ് ഈ സംഘടനകളെല്ലാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP