Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

പ്ലസ് ടുവിൽ 98.5% മാർക്കോടെ വിജയിച്ച ഐശ്വര്യ വാശിയോടെ പഠിച്ചത് ഐഎഎസുകാരിയാവാൻ; ലോക്ഡൗണിൽ കുടുംബത്തിന് വരുമാനമില്ലാതായതോടെ പഠിക്കാൻ സാധിക്കാത്തതിന്റെ മനോ വിഷമത്തിൽ ആത്മഹത്യ: പഠനം തുടരാൻ നടന്റെ സഹായത്തിന് കാത്തു നിൽക്കാതെ ഐശ്വര്യ വിടവാങ്ങി

പ്ലസ് ടുവിൽ 98.5% മാർക്കോടെ വിജയിച്ച ഐശ്വര്യ വാശിയോടെ പഠിച്ചത് ഐഎഎസുകാരിയാവാൻ; ലോക്ഡൗണിൽ കുടുംബത്തിന് വരുമാനമില്ലാതായതോടെ പഠിക്കാൻ സാധിക്കാത്തതിന്റെ മനോ വിഷമത്തിൽ ആത്മഹത്യ: പഠനം തുടരാൻ നടന്റെ സഹായത്തിന് കാത്തു നിൽക്കാതെ ഐശ്വര്യ വിടവാങ്ങി

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: നിർധന കുടുംബത്തിലെ അംഗമായിരുന്നെങ്കിലും നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു ഐശ്വര്യ. ഐഎഎസുകാരിയാവാൻ നോമ്പുനോറ്റ ഐശ്വര്യ വാശിയോടെയാണ് പഠിച്ചത്. എന്നാൽ കോവിഡ് പ്രതിസന്ധിയിൽ പഠനം മുടങ്ങിയതിന്റെ മനോവിഷമത്തിൽ കോളജ് വിദ്യാർത്ഥിനിയായ ഐശ്വര്യ ആത്മഹത്യ ചെയ്തു. പഠിക്കാൻ സാധിച്ചില്ലെങ്കിൽ ജീവിക്കാനും സാധിക്കില്ലെന്ന് എഴുതി വെച്ച ശേഷമായിരുന്നു ഐശ്വര്യയുടെ ആത്മഹത്യ.

ഡൽഹി ലേഡി ശ്രീ റാം വനിതാ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്നു മിടുമിടുക്കിയായ ഐശ്വര്യ റെഡ്ഡി. ഈ മാസം 2നാണ് തെലങ്കാനയിലെ ഷാദ്‌നഗറിലെ വീട്ടിനുള്ളിലാണ് ഐശ്വര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ കുടുംബം സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്നെന്നും താനും തന്റെ വിദ്യാഭ്യാസവും മാതാപിതാക്കൾക്ക് ബാധിതയാണെന്നും ഐശ്വര്യ ആത്മഹത്യക്കുറിപ്പിൽ പറഞ്ഞു.

ലോൗക്ഡൗണിൽ കുടുംബ്തതിന് വരുമാനമില്ലാതായതും ഓൺലൈൻ പഠനത്തിന് ലാപ്‌ടോപ് പോലെ പഠന സാമഗ്രികൾ വാങ്ങാനുള്ള പണമില്ലാതായതുമാണ് ഐശ്വര്യയെ തളർത്തിയത്. ബാങ്കിൽ നിന്നും രണ്ട് ലക്ഷം രൂപ ലോണെടുത്താണ് ഡൽഹിയിലെ എൽആർഎം കോളജിൽ ബിഎസ്സി മാത്സ് (ഹോണേഴ്സ്) പഠിക്കാനായി ചേർന്നത്. ഇത് തന്നെ കുടുംബത്തിന് വൻ ബാധ്യത ആയിരിക്കെയാണ് ലോക്ഡൗണിൽ വരുമാനമില്ലാതായതും പഠനം നിലച്ചതും. കോവിഡ് പ്രതിസന്ധിയെ തുടർന്ന് വായ്പ് തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുകയായിരുന്നു.

മെക്കാനിക്കായ ശ്രീനിവാസ റെഡ്ഡിയുടേയും തയ്യൽ ജോലി ചെയ്യുന്ന സുമതിയുടേയും ഇളയമകളാണ് ഐശ്വര്യ റെഡ്ഡി. സാമ്പത്തിക ബാധ്യതയെ തുടർന്ന് മൂത്ത മകൾ സ്‌കൂളിൽവച്ചു തന്നെ പഠനം നിർത്തിയിരുന്നു. ഐഎഎസുകാരിയാകണമെന്ന് മോഹിച്ച ഐശ്വര്യ, പ്ലസ് ടുവിൽ 98.5% മാർക്കോടെ വിജയിച്ചതുകൊണ്ടാണ് തുടർന്നും പഠിപ്പിക്കാൻ തീരുമാനിച്ചതെന്ന് ശ്രീനിവാസ റെഡ്ഡി പറഞ്ഞു.

ലോക്ഡൗണിനെ തുടർന്ന് വീട്ടിലെത്തിയ ഐശ്വര്യ, മൊബൈൽ ഫോണിലൂടെയാണ് ഓൺലൈൻ ക്ലാസിൽ പങ്കെടുത്തിരുന്നത്. സെക്കൻഡ് ഹാൻഡ് ലാപ്ടോപ് വാങ്ങിക്കുന്നതിനായി ഒരുപാട് ശ്രമിച്ചെങ്കിലും നടക്കാതിരുന്നതിൽ ഐശ്വര്യ വളരെയധികം വിഷമിച്ചിരുന്നതായി പിതാവ് പറഞ്ഞു. ഓഗസ്റ്റിൽ കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ 'ഇൻസ്‌പെയർ സ്‌കോളർഷിപ്പിന്' ഐശ്വര്യയെ തിരഞ്ഞെടുത്തിരുന്നെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ പണം നൽകാനാവില്ലെന്നാണ് അധികൃതർ അറിയിച്ചതെന്നും ശ്രീനിവാസ റെഡ്ഡി പറഞ്ഞു.

അതിനിടെ, സഹായം അഭ്യർത്ഥിച്ച് സെപ്റ്റംബർ 14ന് ബോളിവുഡ് നടൻ സോനു സൂദിന് ഐശ്വര്യ ഇമെയിൽ അയച്ചിരുന്നതായും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. നിർധനരായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടുള്ള നടന്റെ ട്വീറ്റിന് മറുപടിയായിട്ടായിരുന്നു ഐശ്വര്യയുടെ ഇമെയിൽ. 'എനിക്ക് ലാപ്‌ടോപ് ഇല്ല, പ്രാക്ടിക്കൽ പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കില്ല. പരീക്ഷയിൽ തോൽക്കുമെന്ന് ഭയപ്പെടുന്നു. ഞങ്ങളുടെ കുടുംബം പൂർണമായും കടക്കെണിയിലാണ്. അതിനാൽ ലാപ്‌ടോപ് വാങ്ങാൻ ഒരു വഴിയുമില്ല. കോഴ്സ് പൂർത്തിയാക്കാൻ കഴിയുമോയെന്ന് എനിക്ക് ഉറപ്പില്ല.' - ഇമെയിലിൽ പറയുന്നു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ ഐശ്വര്യ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP